#ദിനസരികള്‍ 195


മാനന്തവാടിയിലെ ഗാന്ധിപാര്‍ക്കില്‍ പൊതുയോഗം നടത്തുന്നതിന് കുറച്ചു വര്‍ഷങ്ങളായി ആര്‍.ഡി.ഒ രാവിലെ പത്തു മണിമുതല്‍ വൈകുന്നേരം അഞ്ചുമണിവരെ ഏര്‍‌പ്പെടുത്തിയിരിക്കുന്ന  നിയന്ത്രണം എടുത്തുമാറ്റണമെന്ന ആവശ്യത്തിന് നിരോധനത്തിന്റെ അത്രതന്നെ പഴക്കമുണ്ട്.എത്രയോ കാലം എത്രയോ ജനകീയ മുന്നേറ്റങ്ങള്‍ക്ക് ഈ പാര്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ളതാണണെന്ന് പഴമക്കാരോട്  ചോദിച്ചാല്‍ അറിയം.കേരളത്തിലെ പ്രഗല്ഭരായ നേതാക്കന്മാര്‍ പങ്കെടുത്തുകൊണ്ട് മഹാസമ്മേളനങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്.രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള ജനകീയ മുന്നേറ്റങ്ങള്‍ക്ക് ഇവിടെ വേദിയായിട്ടുണ്ട്.മതജാതി സംഘടനകളും സാമൂഹ്യപ്രസ്ഥാനങ്ങളും ഇവിടെ കേന്ദ്രീകരിച്ച് പരിപാടികള്‍ നടത്തിയിട്ടുണ്ട്.മാനന്തവാടി നഗരസഭയില്‍ത്തന്നെ ആശയ വിനിമയത്തിന് ഇത്ര നല്ലൊരു വേദി കിട്ടാനില്ല എന്നിരിക്കെ ചില ഉദ്യോഗസ്ഥന്മാരുടെ താല്പര്യം സംരക്ഷിക്കുന്നതിന് വേണ്ടി ഓഫീസ് സമയത്ത് ആര്‍ ഡി ഒ കോടതിയുടെ പേരുപറഞ്ഞു പൊതുപരിപാടി നിരോധിച്ചത് ശരിയായ നടപടിയാണോ എന്ന് പുനപരിശോധിക്കേണ്ടിയിരിക്കുന്നു. ജനാധിപത്യ സംവിധാനത്തില്‍ രാഷ്ട്രിയപാര്‍ട്ടികള്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യമുണ്ട്.പുരോഗമനോന്മുഖമായ ആശയ പ്രചാരണത്തിന് മത്സരസ്വഭാവമുള്ള ഇടപെടലുകള്‍ ആശാസ്യവുമാണ്. അതുകൊണ്ട് ഉത്തരവാദിത്തബോധമുള്ള സമൂഹം ചെയ്യേണ്ടത്, ആരോഗ്യകരമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ പിന്താങ്ങുക എന്നതാണ്. എന്നാല്‍ അതിനു പകരം അരാഷ്ട്രീയ വാദം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പറ്റം ആളുകളുടെ ചെയ്തികള്‍ക്കും വാദങ്ങള്‍ക്കും ചെവികൊടുക്കുകയും അതാണ് ശരി എന്ന നിഗമനത്തിലെത്തിച്ചേരുകയും ചെയ്യുന്നത് അഭികാമ്യമല്ല.
            വാഹന ഗതാഗതം തടസ്സപ്പെടുന്നു എന്ന വാദം ഇതോടൊപ്പം ഉന്നയിക്കപ്പെടുന്നുണ്ട്.തീര്‍ത്തും തെറ്റായ ഒരു വാദമാണ് അത്. റോഡില്‍ നിന്നും മീറ്ററുകളോളം മാറി നിലനില്ക്കുന്ന സ്റ്റേജിലാണ് പരിപാടികള്‍ നടക്കുന്നത്.മാത്രവുമല്ല സ്റ്റേജിന് ഇരുവശത്തുകൂടിയും വാഹനങ്ങളെ കടത്തി വിടാവുന്നതുമാണ്. വാഹനഗതാഗതത്തിന്റെ കാര്യം ഈ വിഷയത്തില്‍ ഉന്നയിക്കുന്നതുതന്നെ വ്യക്തിപരമായ താല്പര്യത്തിനപ്പുറം ഈ നിരോധനത്തിന് ഒരു സാമൂഹികപ്രാധാന്യം കൂടി ഉണ്ടെന്ന് വരുത്തിത്തീര്‍ക്കുന്നതിനു വേണ്ടിയാണ്. ആ വാദത്തില്‍ എന്തെങ്കിലും കഴമ്പുണ്ടായിരുന്നെങ്കില്‍ ഓഫീസ് സമയം കണക്കാക്കിയായിരുന്നില്ല ഈ നിരോധനം ഏര്‍‌പ്പെടുത്തേണ്ടത് എന്ന കാര്യം ശ്രദ്ധിക്കുക. കൂടാതെ സര്‍ക്കാര്‍ അവധി ദിവസങ്ങളിലൊന്നും നിയന്ത്രണം ബാധകമല്ല എന്നുള്ളതുകൊണ്ട് വാഹനഗതാഗത്തിന് തടസ്സമുണ്ടാകുന്നതുകൊണ്ടാണ് നിയന്ത്രണം എന്ന വാദം നിലനില്ക്കുന്നതല്ല. ആകെപ്പാടെ പറയാനുള്ള ഒരേയൊരു കാര്യം ആര്‍ ഡി ഒ കോടതി പ്രവര്‍ത്തിക്കുന്നു എന്നതുമാത്രമാണ്.

            പിന്നെ എപ്പോഴത്തേയും പോലെ അരാഷ്ട്രീയ വാദികളും ജനകീയരായി കൈയ്യടി നേടാന്‍ ശ്രമിക്കുന്നവരുമൊക്കെ ഒരു പാടു ന്യായങ്ങള്‍ ഉന്നയിക്കും എന്നുള്ളത് സ്വാഭാവികമാണ്.അതിനെ അ‍വഗണിക്കുക എന്നല്ലാതെ മറ്റൊരു വഴി തേടേണ്ടതില്ല. പക്ഷേ കോടതിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു എന്ന വാദത്തെ വെറുതെ തള്ളിക്കളയാനാവില്ല. അതില്‍ കഴമ്പുണ്ടെങ്കില്‍ കോടതിയുടെ പ്രവര്‍ത്തനങ്ങളെ മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റിക്കൊണ്ട് കൂടുതല്‍ സൌകര്യം ഏര്‍‌പ്പെടുത്താന്‍ അധികാരികള്‍ക്ക് കഴിയും. പ്രവര്‍ത്തനം ആരംഭിച്ചിട്ട് വര്‍ഷങ്ങളായി എങ്കിലും മിനി സിവില്‍ സ്റ്റേഷനില്‍ ഇപ്പോഴും ആവശ്യത്തിന് സ്ഥലമുണ്ട്.ജനാധിപത്യത്തില്‍ വിശ്വാസമുള്ള ഉദ്യോഗസ്ഥരും ഇച്ഛാശക്തിയുള്ള രാഷ്ട്രീയ നേതൃത്വവും ഒന്നിച്ചു നിന്നാല്‍ ഇക്കാര്യങ്ങള്‍ വളരെ എളുപ്പത്തില്‍ സാധിച്ചെടുക്കാവുന്നതേയുള്ളു. 

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1