#ദിനസരികള്‍ 194
സമകാലികതയോട് ഫലപ്രദമായി സംവദിക്കുന്ന മലയാള കവികളില്‍ സച്ചിദാനന്ദന്‍ മുന്നിട്ടു നില്ക്കുന്നു.അദ്ദേഹത്തെ സംബന്ധിച്ച് അങ്ങനെയാകാതെ തരമില്ലായിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് നടവഴിയില്‍ നാലുകെട്ടില്‍ നാട്ടിലെല്ലാം നടപ്പൂദീനം നാട്ടമ്മ നല്ല തേവി കോട്ടയില്‍ നിന്നരുള്‍ ചെയ്തു തട്ടകത്തെ നാവെല്ലാം കെട്ടിയിട്ടു കുരുതി ചെയ്യാന്‍ എന്നെഴുതിയ കവി , ഒരു കാലത്തും അധികാരങ്ങളോടൊട്ടിനിന്നു കൊണ്ട് ജനാധിപത്യവിരുദ്ധചിന്തകളെ താലോലി ച്ചിരുന്നില്ല.എന്നുമാത്രവുമല്ല , ഫാസിസം പുതിയ പുതിയ ആകര്‍ഷണങ്ങളുമായി നമ്മുടെ പടിവാതിലുകളില്‍ മുട്ടിവിളിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഓരോരുത്തരും സ്വയം പ്രതിരോധം തീര്‍ക്കേണ്ടതിനെക്കുറിച്ചും ഈ കവി ബോധവാനാണ്.ഫാസിസം തീണ്ടിപ്പോയാല്‍പ്പിന്നെ മനുഷ്യനില്‍ നിന്നുള്ള കീഴിറക്കമാണ് സംഭവിക്കുക എന്ന ബോധം എക്കാലത്തേയുംകാള്‍ ഒരു ജനത എന്ന നിലയില്‍ നമ്മളില്‍ ജ്വലിച്ചുയരേണ്ടതുണ്ടെന്ന് കവി അറിയുന്നു.അധികാരഘടനകളോടുള്ള വിപ്രതിപത്തിയും മനുഷ്യനെ ചേര്‍ത്തു പിടിക്കാനുള്ള പ്രതിപത്തിയും സച്ചിദാനന്ദനെ നയിക്കുന്ന രണ്ടു വികാരങ്ങളാണ്. നമ്മുടെ ജാഗ്രതകളില്‍ വിള്ളലുകളുണ്ടാകുകയും ആ വിള്ളലുകളിലൂടെ വിരുദ്ധശക്തികള്‍ നുഴഞ്ഞുകയറുകയും നമ്മുടെ സ്വസ്ഥതകളെ പതിയെപ്പതിയെ സംഘര്‍ഷാത്മകമാക്കുകയും ചെയ്തതിന്റെ നേര്‍രേഖയാണ് മുട്ടാളന്മാര്‍ എന്ന കവിതയിലൂടെ സച്ചിദാനന്ദന്‍ വരച്ചിടുന്നത്. അവര്‍ വന്നു കയറുന്നതും നമ്മെ കീഴടക്കുന്നതും നാം അറിഞ്ഞില്ല. കാരണം നാം ചിന്തിച്ച വഴിയെ ആയിരുന്നില്ല അവരുടെ വരവ്. ആ അപ്രവചനീയതയില്‍ അവരെ പ്രതിരോധിക്കാന്‍ നാം പരാജയപ്പെട്ടു. നമ്മുടെ തന്നെ വിഗ്രഹങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് നമ്മുടെ പതാകയെ വന്ദിച്ച് നമ്മുടെ വസ്ത്രങ്ങളണിഞ്ഞ് നമ്മുടെ നിയമപുസ്തകം കൈയ്യിലേന്തി നമ്മുടെ തന്നെ മന്ത്രങ്ങളുരുക്കഴിച്ച് നമ്മുടെ ഭാഷ സംസാരിച്ച് രാജസഭയുടെ കല്പടവുകള്‍ തൊട്ടു വന്ദിച്ച് അവര്‍ കടന്നു വന്നപ്പോള്‍ അവരെയാണ് കാത്തിരിക്കുന്നതെന്ന് നാം അറിഞ്ഞില്ല.നമ്മളില്‍ നിന്ന് ഒരു വ്യത്യാസവും പ്രകടമായി പ്രദര്‍ശിപ്പിക്കാതെ ആദ്യമാദ്യം നമ്മളിലൊരാളായി അവര്‍ അഭിനയിച്ചു.പക്ഷേ അവര്‍ വഴിയൊരുക്കുകയായിരുന്നു എന്ന് നാം അറിഞ്ഞില്ല.പതിയെപ്പതിയെ അവര്‍ ഒതുക്കുകള്‍ കയറി ഉമ്മറത്ത് കസേര വലിച്ചിടുകയും “അകത്തമ്മ”യുടെ കുത്തിനു കൈവെക്കുകയും ചെയ്തപ്പോഴാണ് നമുക്കു പലതും മനസ്സിലാകുന്നതുതന്നെ.അപ്പോഴേക്കും സര്‍വ്വതും തകിടം മറിഞ്ഞു കഴിഞ്ഞിരുന്നു. ഇപ്പോള്‍ അവര്‍ നമ്മുടെ കിണറുകളില്‍ വിഷം കലക്കാനും കുഞ്ഞുങ്ങളുടെ ഭക്ഷണം തട്ടിപ്പറിക്കാനും ചിന്തകളുടെ പേരില്‍ മനുഷ്യരെ എയ്തുവീഴ്ത്താനും തുടങ്ങിയപ്പോഴാണ് നമുക്കു മനസ്സിലായത് അവര്‍ നമുക്കിടയില്‍ നമുക്കുള്ളില്‍ തന്നെയായിരുന്നു എന്ന്. ഇപ്പോള്‍ നാം അങ്ങോട്ടുമിങ്ങോട്ടും നോക്കി സംശയത്തോടെ ചോദിക്കുന്നു “നീയാണോ മുട്ടാളന്‍ ?” പരസ്പരം സംശയങ്ങള്‍ ഉണ്ടാക്കുകയും ആ സംശയങ്ങളുടെ പിന്‍ബലത്തില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുക എന്ന നയം സ്വീകരിച്ചതോടെ ശത്രുവിനേയും മിത്രത്തേയും തിരിച്ചറിയാനാകാതെ നാം കുഴങ്ങി. അധികാരത്തിന്റെ വെള്ളിക്കോല് അവരുടെ കൈപ്പിടിയിലേക്കൊതുക്കാന്‍ അന്ധാളിപ്പിന്റേതായ ആ നിമിഷങ്ങള്‍ അവര്‍ക്ക് ധാരാളമായിരുന്നു. വാജ്പേയിയുടെ കാലവും അതിനുശേഷം മോഡി വരേയും ബിജെപിയുടെ ഭരണം അത്ര അപകടകരമല്ല എന്നൊരു ധാരണ പൊതുസമൂഹത്തില്‍ ഉണ്ടാക്കിയെടുത്തിരുന്നു.ബി ജെ പി വന്നാല്‍ ഇവിടെ മതരാഷ്ട്രം ഉണ്ടാക്കുമെന്ന് പറഞ്ഞിട്ട് ഒന്നും നടന്നില്ലല്ലോ എന്ന് ചില മതേതരന്മാരൊക്കെ ഒറ്റക്കും കൂട്ടായും അയവിറക്കുന്നതു കേട്ടിട്ടുണ്ട്. എന്നാല്‍ അക്കാലത്തുതന്നെ ഇതു വെറും വഴിമരുന്നുമാത്രമാണെന്നും വെടിക്കെട്ട് വരാനിരിക്കുന്നതേയുള്ളു എന്നും ദാര്‍ശനീകമായ ഉള്‍ക്കാഴ്ചയോടെ പ്രവചനം നടത്തിയവരുണ്ടായിരുന്നു.പക്ഷേ അതു വിശ്വസിക്കാത്ത ജനം ഇനി സംഘപരിവാരം ഭരിക്കട്ടെ എന്ന് നിശ്ചയിക്കുമ്പോള്‍ പരിപൂര്‍ണമായ ഒരു ഫാസിസ്റ്റ് രാഷ്ട്രത്തിലേക്കുള്ള വാതായനങ്ങളാണ് തുറക്കുന്നത് എന്ന് തിരിച്ചറിഞ്ഞില്ല. ഇപ്പോള്‍ ജനങ്ങള്‍ നല്കിയ അധികാരദണ്ഡിനാല്‍ അവര്‍ ഭീഷണിപ്പെടുത്തി തങ്ങളുടെ അധികാരത്തെ നിലനിര്‍ത്തുന്നു.ഭയവും അവിശ്വാസവും കൊടികുത്തിവാഴുന്ന ഒരു സമൂഹത്തില്‍ നാംതന്നെയാണ് നമ്മുടെ രക്ഷകരെന്ന ബോധമുണ്ടാകാതെ കാത്തിരിക്കുകയാണ്.സച്ചിദാനന്ദന്‍ പറയുന്നതുപോലെ നഗര ചത്വരത്തില്‍ ഇപ്പോള്‍ നാം രക്ഷകരേയും കാത്തിരിക്കുന്നു അവരും മറ്റാരോ ആണെന്ന പോലെ . (കവിത ഈ ലക്കം മാതൃഭൂമിയില്‍ 2017-10-24 )
Comments