#ദിനസരികള്‍ 199


            രാവിലെ കാണാന്‍ വന്ന ഒരമ്മ , ബന്ധുക്കള്‍ കൂടോത്രം ചെയ്ത് തന്റെ മകനെ തന്നില്‍ നിന്ന് അകറ്റി നിറുത്തിയിരിക്കുന്നതിനെക്കുറിച്ച് വളരെ സങ്കടത്തോടെ വിവരിച്ചു. തെക്കെങ്ങാണ്ടുള്ള കൊടിയ മന്ത്രവാദിയാണത്രേ. അതും ദുര്‍മന്ത്രവാദി. അയാളുടെ സഹായത്തോടെ ദുര്‍മന്ത്രവാദം നടത്തി എന്തൊക്കെയോ സാധനങ്ങള്‍ തങ്ങളുടെ പുരയുടെ നാലുഭാഗത്തും കുഴിച്ചിട്ടിരിക്കുകയാണത്രേ.അതോടെ മകന് അമ്മയോട് വെറുപ്പായി. കാര്യങ്ങള്‍ അന്വേഷിക്കാതെയായി.മരുന്നു മേടിക്കുവാനുള്ള സഹായം പോലും കൊടുക്കാതെയായി.അമ്മയുടെ പേരിലുള്ള വീടും പറമ്പും തട്ടിപ്പുകള്‍ പറഞ്ഞ് മകന്റെ പേരിലേക്ക് മാറ്റാന്‍ അവന്‍ ശ്രമിക്കുകയാണ്. ഇങ്ങനെ നിരവധി പരാതികളുടെ ഭാണ്ഡക്കെട്ട് അമ്മ തുറന്നുവെച്ചു.മകന്റെ കല്യാണത്തിന് വന്ന ബന്ധുക്കളാണ് കൂടോത്രം ചെയ്തതെന്നാണ് അമ്മ പറയുന്നത്. ഇതൊക്കെ ഇത്ര കൃത്യമായി എങ്ങനെ അറിഞ്ഞു എന്നു ചോദിച്ചപ്പോള്‍ അവര്‍ മറ്റൊരു മന്ത്രവാദിയെ കണ്ടിരുന്നു എന്നാണ് മറുപടി പറഞ്ഞത്.മകന് കല്യാണത്തിനുശേഷമുണ്ടായ മാറ്റങ്ങളെക്കുറിച്ചും പുതിയ പെണ്ണിന്റെ സ്വഭാവങ്ങളെക്കുറിച്ചുമൊക്കെ ചോദിച്ചു മനസ്സിലാക്കി മകനോട് സംസാരിച്ച് എല്ലാം ശരിയാക്കാമെന്നും വേണമെങ്കില്‍ ബന്ധുക്കള്‍ നടത്തിയ ഉഗ്രകര്‍മങ്ങള്‍ക്ക് മറ്റേതെങ്കിലും മന്ത്രവാദിയെ സമീപിച്ച് പ്രതിക്രിയ ചെയ്യിപ്പിക്കാമെന്നുമൊക്കെപ്പറഞ്ഞ് ആയമ്മയെ ഒരുവിധം സമാധാനിപ്പിച്ച് പറഞ്ഞുവിട്ടു.തനിക്കെതിരെ മന്ത്രവാദം ചെയ്തയാള്‍ ഒരു പുലയമന്ത്രവാദിയാണെന്നും , തിരിച്ച് മന്ത്രവാദം ചെയ്യിപ്പിക്കുന്നുണ്ടെങ്കില്‍ അതേതെങ്കിലും നമ്പൂതിരി മന്ത്രവാദിയെക്കൊണ്ടു ചെയ്യിപ്പിക്കണമെന്നും അതിനെ ഫലമുണ്ടാകൂ എന്നുമുള്ള ആയമ്മയുടെ ആവശ്യം കൂടി പരിഗണിക്കാമെന്നു സമ്മതിക്കേണ്ടിവന്നുവെന്നുമാത്രം.
            കല്യാണത്തിനു വന്ന ബന്ധുക്കള്‍ ആയമ്മയ്ക്ക് ഇനി കൂടുതല്‍ ശ്രദ്ധിക്കേണ്ടതിനെപ്പറ്റി എന്തെങ്കിലും ഉപദേശം നല്കിയിട്ടുണ്ടാവാം.അല്ലെങ്കില്‍ ഇനി അവന്‍ അമ്മയെ നോക്കുന്നതു കുറയും എന്നോ മറ്റോ പറയുന്നതു അവര്‍ കേട്ടിട്ടുണ്ടാവാം.പുതിയ പെണ്ണിന്റെ ഭാഗത്തുനിന്നും അസ്വാഭാവികമായ എന്തെങ്കിലും സമീപനമുണ്ടായേക്കാം. മകന്‍ അമ്മയെ കൂട്ടാതെ ഭാര്യയുമൊത്ത് പുറത്തുപോകുകയും നേരം വൈകി തിരിച്ചെത്തുകയും ചെയ്തിട്ടുണ്ടാവാം. മകന്റെ ഭാഗത്തുനിന്നും എന്തെങ്കിലും കാരണത്താല്‍ അമ്മയോട് എന്നത്തേയും പോലെ അഭിപ്രായവ്യത്യാസമുണ്ടായെന്നു വരാം. ഇങ്ങനെയുള്ള ചെറിയ ചെറിയ അസ്വാരസ്യങ്ങള്‍ കൂട്ടിവായിച്ച് അമ്മ ഒരു കഥ മെനഞ്ഞെടുത്തിട്ടുണ്ട് .അക്കഥയില്‍ ബന്ധുക്കള്‍ ശത്രുക്കളായി . മകനെ തന്നില്‍ നിന്നകറ്റുന്നതിനായി കൂടോത്രം ചെയ്യുന്നവരായി.മരുമകള്‍ അവരുടെ കൂടെക്കൂടി തനിക്കെതിരെ പ്രവര്‍ത്തിക്കുന്നവളായി.തന്റെ സ്വത്തു തട്ടിയെടുക്കാന്‍ അവര്‍ ശ്രമിക്കുന്നു. അതിന് ദുര്‍മന്ത്രവാദിയുടെ സഹായങ്ങള്‍ തേടുന്നു.ഇങ്ങനെ സ്വയം സങ്കല്പിച്ചെടുത്ത ഒരു കഥയുടെ കുടുക്കില്‍ അമ്മ പെട്ടുപോയിരിക്കുന്നു. വാര്‍ദ്ധക്യസഹജമായ സങ്കടങ്ങളും ബുദ്ധിമുട്ടുകളും വയസ്സായ ആ അമ്മയുടെ മനസ്സില്‍ തീ നിറയ്ക്കുന്നു.മകനേയും മരുകളേയും ബന്ധുക്കളേയും നിയന്ത്രിക്കാനും അനുസരിപ്പിക്കാനും ദുര്‍ബലയും വൃദ്ധയുമായ തനിക്കിനി സാധിക്കില്ലെന്നും അതിന് പുറത്തു നിന്നൊരു സഹായം ആവശ്യമാണെന്നും ചിന്തിക്കുന്നതോടുകൂടിയാണ് മറ്റൊരു മന്ത്രവാദിയെ തേടുക എന്ന ആശയം അമ്മയുടെ മനസ്സിലേക്ക് വന്നു കയറുന്നത്.ജാതി ശ്രേണിയില്‍ നമ്പൂതിരി ഉയര്‍ന്നതായതുകൊണ്ട് നമ്പൂതിരി തന്നെയാകട്ടെ എന്നും വിചാരിച്ചുവെന്നു മാത്രം.
            ദൈവവും പിശാചും മന്ത്രവാദവും മറ്റ് ആചാരങ്ങളും അനുഷ്ഠാനങ്ങളുമൊക്കെ നമ്മിലേക്ക് വന്നുകയറി സ്ഥാനം പിടിക്കുന്നത് മനുഷ്യന്റെ മനസ്സില്‍ നിലനില്ക്കുന്ന ദൌര്‍ബല്യത്തിന്റെ സഹായത്തോടെയാണ്.ദുര്‍ബലനായ മനുഷ്യന്‍ ഇവകളുടെ സഹായത്തോടെ ശക്തനാകാന്‍ ശ്രമിക്കുന്നു. എതിരാളികളെ വിജയിച്ച് തന്റെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ ദൈവവും മന്ത്രവാദികളുമടക്കമുള്ളവര്‍ക്ക് തന്നെ സഹായിക്കാന്‍ കഴിയും എന്ന വിശ്വാസം വേരുറപ്പിക്കുന്നത് ദൌര്‍ബല്യത്തിലൂടെയാണ്.മനുഷ്യന്‍ എത്രമാത്രം ദുര്‍ബലനാകുന്നുവോ അഭൌതികശക്തികളുടെ പിന്തുണക്കുവേണ്ടി നാം അത്രമാത്രം ആഗ്രഹിച്ചുകൊണ്ടിരിക്കും.അങ്ങനെയാണ് ആയിരത്താണ്ടുകളായി ദൈവവിശ്വാസവും മന്ത്രവാദവുമൊക്കെ ശക്തമായി നമ്മുടെ സമൂഹത്തില്‍ നിലനില്ക്കുന്നത്.

            

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം