#ദിനസരികള്‍ 198
ഇന്ത്യയുടെ പ്രഥമ പൌരന്‍
രാംനാഥ് കോവിദ് , കേരള സന്ദര്‍ശനത്തിനിടയില്‍ തിരുവനന്തപുരത്ത് അയ്യങ്കാളിയുടെ
പ്രതിമയില്‍ പൂഷ്പാര്‍ച്ചന ചെയ്യുന്ന ചിത്രവും വാര്‍ത്തയും ഇന്ന്
മാധ്യമങ്ങളിലുണ്ട്. കേരളം സന്ദര്‍ശിച്ച ഒരു രാഷ്ട്രപതിയും ഇതുവരെ ഇത്തരമൊരു വന്ദനത്തിന്
തയ്യാറായിട്ടില്ല എന്ന വസ്തുത കൂടി പരിഗണിക്കുമ്പോള്‍ ഈ അര്‍ച്ചനക്ക് സവിശേഷമായ
പ്രാധാന്യവും പ്രസക്തിയുമുണ്ട്. വെങ്ങാനൂരിലുള്ള ഒരു പുലയ കുടുംബത്തില്‍ 1863 ല്‍
ജനിച്ച് 1941 ല്‍ അന്തരിച്ച അയ്യങ്കാളി , മനുഷ്യനായി ജീവിക്കാനുള്ള അവകാശം പോലും
ഇല്ലാതിരുന്ന ഒരു ദളിത് ജനസമൂഹത്തെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് വേണ്ടി നിരന്തരം
സമരപോരാട്ടങ്ങള്‍ നടത്തി.സവര്‍ണമേല്ക്കോയ്മക്കെതിരെ പോരാട്ടങ്ങള്‍ സംഘടിപ്പിച്ചു. തൊട്ടുകൂടായ്മയും
തീണ്ടിക്കൂടായ്മയും നിലനിന്നിരുന്ന അക്കാലത്തെ അയ്യങ്കാളിയുടെ ഓരോ ഇടപെടലുകളും
ചരിത്രത്തിലെ സുവര്‍ണരേഖകളാണ്. അയ്യങ്കാളി ഉയര്‍ത്തിപ്പിടിച്ച ആ മുദ്രാവാക്യങ്ങളെ
പിന്നീട് നവോത്ഥാന കേരളം ഏറ്റെടുക്കുകയുണ്ടായി. ജാതി അടിസ്ഥാനമായി നിലനിന്നിരുന്ന ‘അരുതു’കളെ
കേരളം തള്ളിക്കളഞ്ഞു.പുലയനും പറയനുമൊക്കെ മനുഷ്യരാണെന്നും ഉയര്‍ന്ന ജാതിക്കാര്‍ക്കുള്ള
എല്ലാ അവകാശങ്ങളും അവര്‍ക്കും ഉണ്ടെന്ന് കേരളം തിരിച്ചറിഞ്ഞ് പ്രയോഗത്തില്‍
വരുത്തി.ആ സമരപോരാട്ടങ്ങള്‍ക്ക് വീര്യം പകര്‍ന്ന അയ്യങ്കാളിയെ രാംനാഥ് കോവിദിലൂടെ
രാജ്യം ആദരിച്ചത് പ്രശംസനീയം തന്നെ.
എന്നാല്‍ കേരളത്തില്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യകാലം വരെ
നിലനിന്നിരുന്ന ജാതി വ്യവസ്ഥ എന്താണോ അതിനു തുല്യമായ സ്ഥിതിയാണ് ഇന്ത്യയിലെ പല
സംസ്ഥാനത്തും , പ്രത്യേകിച്ചും രാംനാഥ് കോവിന്ദ് ജനിച്ച യൂപിയില്‍ നിലവിലുള്ളത്
എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ദളിതുവിഭാഗങ്ങളെ മൃഗീയമായി
പീഢിപ്പിക്കുകയും തല്ലിക്കൊല്ലുകയും ചെയ്യുന്ന വാര്‍ത്തകള്‍ നിരന്തരം ഉത്തര്‍പ്രദേശില്‍
നിന്ന് വന്നുകൊണ്ടിരിക്കുന്നു.യു പിയിലെ സഹറാന്‍ പൂര്‍ജില്ലയിലെ സബിര്‍പൂരില്‍
സവര്‍ണരായ താക്കൂര്‍മാര്‍ ദളിതുകളുടെ അറുപതോളം വീടുകള്‍ അഗ്നിക്കിരയാക്കിയ വാര്‍ത്തകള്‍
പുറത്തുവന്നിട്ട് അധികമായിട്ടില്ല.യു പി ഭരിക്കുന്ന മുഖ്യമന്ത്രിയെ കാണണമെങ്കില്‍
സോപ്പു് ഉപയോഗിച്ച് കുളിച്ചതിനുശേഷം പെര്‍ഫ്യൂം പുരട്ടി വരണം എന്ന നിര്‍ദ്ദേശം
ദളിതുവിഭാഗത്തിന് നല്കിയിട്ട് അധികകാലമായിട്ടില്ല.വണ്ടി തട്ടി വീണുപോയ ഗര്‍ഭിണിയായ
ഒരു സ്ത്രീയെ , വീണപ്പോള്‍ സവര്‍ണയായ ഒരുവളുടെ ബക്കറ്റില്‍ ഒന്നു തൊട്ടുപോയി എന്ന
കുറ്റത്തിന് പൈശാചികമായി തല്ലിക്കൊന്നത് ഈ അടുത്ത ദിവസമാണ്.ഇതുപോലെ എത്രയോ
സംഭവങ്ങള്‍ നമ്മുടെ ദേശീയ മാധ്യമങ്ങള്‍ നിരന്തരം റിപ്പോര്‍ട്ടു
ചെയ്യുന്നുണ്ട്.ഇത്രയും ചൂണ്ടിക്കാണിക്കാന്‍ കാരണം ശ്രീ രാംനാഥ് കോവിന്ദിന്റെ
സ്വന്തം സംസ്ഥാനമായ യൂപിയില്‍ ഇത്രയൊക്കെ ദളിതുപീഢനങ്ങള്‍ നടന്നിട്ടും ഇന്ത്യയുടെ
പ്രഥമപൌരനില്‍ നിന്ന് അതിനെതിരെയുള്ള ഒരു പ്രസ്ഥാവനയും ഇതുവരെ ഉണ്ടായിട്ടില്ല
എന്നതാണ്.
കേരളം പോലൊരു സംസ്ഥാനത്ത് വന്ന് , അയ്യങ്കാളിയെപ്പോലെയുള്ള
നേതാക്കന്മാര്‍ക്ക് അര്‍ച്ചനകള്‍ നടത്തുക എന്നത് വിഷമകരമായ കാര്യമൊന്നുമല്ല.
എന്നാല്‍ യു പി പോലെയുള്ള സംസ്ഥാനങ്ങളിലെ വ്യവസ്ഥിതികളോട് പ്രതികരിച്ചുകൊണ്ട്
ദളിതുപീഡനങ്ങളെ അപലപിക്കുക എന്നത് അധികാരത്തിലിരിക്കുന്നവര്‍ക്ക് വെല്ലുവിളിയാണ്.
ആ വെല്ലുവിളികളെ നേരിടാനുള്ള ആര്‍ജ്ജവമാണ് ഇക്കാലത്ത് അവരില്‍ നിന്നും പൊതുസമൂഹം
പ്രതീക്ഷിക്കുന്നത്.ശ്രീ രാം നാഥ് കോവിന്ദിനെപ്പോലെയുള്ളവര്‍ വിവിധ സംസ്ഥാനങ്ങളില്‍
നിലനില്ക്കുന്ന ജാതിയിലൂന്നിയ വ്യവസ്ഥകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കേണ്ട സമയം
സമാഗതമായിരിക്കുന്നു.
Comments