Sunday, December 31, 2017

#ദിനസരികള്‍ 263

നേരെ ചോദിക്കട്ടെ, നിങ്ങള്‍ വൈലോപ്പിള്ളിയുടെ ഓണപ്പാട്ടുകാ‍ര്‍ എന്ന കവിത വായിച്ചിട്ടുണ്ടോ? ഇല്ല എന്നാണെങ്കില്‍ മലയാള കവിത നാളിതുവരെ അനുഭവിപ്പിച്ചതില്‍ ഏറ്റവും ഉദാത്തമായ , മഹനീയമായ ഒരാവിഷ്കാരത്തെ  നിങ്ങള്‍ക്ക് നഷ്ടമായിട്ടുണ്ട് എന്നുറപ്പിക്കാം. എന്തുകൊണ്ടാണെന്നോ? ഏതു തലം വരെയാണോ ഒരു കവിതക്ക് കയറി നില്ക്കാനാകുക ആ തലത്തിലാണ് ഓണപ്പാട്ടുകാരുടെ നില്പ്. ഏതു ഭാവത്തെയാണോ ഒരു ഭാഷകൊണ്ട് അടയാളപ്പെടുത്താനാകുക ആ ഭാവത്തിന്റെ പരകോടിയെയാണ് ഓണപ്പാട്ടുകാര്‍ പാടിത്തരുന്നത്. ഗതകാലചരിത്രത്തിന്റെ ഈടുവെയ്പുകളിലൂടെ വര്‍ത്തമാനത്തിന്റെ അടരുകളിലേക്ക് ഒരു തൂവല്‍ കൂടി പൊഴിച്ചിട്ടുകൊണ്ട് , വരുംകാലത്തിന്റെ സുപ്രഭാതങ്ങളെ സ്വാഗതം ചെയ്യുവാന്‍ തുനിഞ്ഞിറങ്ങിയ ഈ പാട്ടുകാരുടെ മുന്നില്‍ കസേര വലിച്ചിട്ടിരിക്കാന്‍ കെല്പുള്ള ഒരു കവിത ഇനിയും മലയാളത്തില്‍ പിറക്കേണ്ടിയിരിക്കുന്നു എന്നു പറയുന്നത് ഒട്ടും അതിശയോക്തിയാവില്ല.
            ഏതേതു ഭാഷയില്‍ , ഏതേതു സംസ്കാരങ്ങളില്‍ , ഏതേതു ദേശങ്ങളില്‍ അധിവസിച്ചാലും മാനവസത്ത , വെച്ചുകെട്ടലുകളുടെ ടിപ്പണികളൊഴിവാക്കിയെടു ത്താല്‍ ഏകവും അവിച്ഛിന്നവുമായിരിക്കുമെന്നും അതൊരു ഓണക്കാലത്തിന്റെ ഏറ്റക്കുറച്ചിലുകളില്ലാത്ത ജീവിതദര്‍ശനങ്ങളുടെ തനിപ്പകര്‍പ്പായിരിക്കുമെന്നുമുള്ള പ്രഖ്യാപനം , ലോകത്തിന്റെ ഏതു കോണിലുള്ള മനുഷ്യന്റെ ഏതു തരത്തിലുള്ള വികാരങ്ങളോടും സാത്മ്യപ്പെടുവാനുള്ള സാധ്യതയാണ് തുറന്നിടുന്നത്.രാജ്യത്തിന്റെ അതിര്‍ത്തികളോ , ദേശത്തിന്റെ വൈവിധ്യങ്ങളോ ആ സാര്‍വ്വലൌകികതയെ ബാധിക്കുന്നില്ല.
            പല ദേശത്തില്‍ പല വേഷത്തില്‍
                        പ്പലപല ഭാഷയില്‍ ഞങ്ങള്‍ കഥിപ്പൂ
            പാരിതിലാദിയിലുദയം കൊണ്ടു പൊ
                        ലിഞ്ഞൊരു പൊന്നോണത്തിന്‍ ചരിതം കവി പറയുന്ന പൊന്നോണത്തിനെ പ്രാദേശികമായ കെട്ടുപാടുകളില്‍ നിന്നും വേര്‍‌പെടുത്തിയെടുത്ത് സര്‍വ്വലോകത്തിന്റേയും പൂമുറ്റത്തേക്കാനയിക്കുക.നമ്മുടെ ചെറിയ ചെറിയ കുശുമ്പുകള്‍ ,കുന്നായ്മകള്‍ , സംഗരത്തോളമെത്തുന്ന സംവാദങ്ങള്‍ - എല്ലാത്തിനും അവധി പ്രഖ്യാപിക്കുക.ഒരു പൂവു പൊഴിഞ്ഞു വീഴുന്നതു കണ്ടു നില്ക്കാന്‍ സഹിയാത്ത , ഒരു പിഞ്ചുകുഞ്ഞ് വാവിട്ടു നിലവിളിക്കുമ്പോള്‍ ഓടിച്ചെന്നെടുത്ത് മാറോടു ചേര്‍ക്കുന്ന ആദിമാനവനോളം വലുതാകുക. യന്ത്രവത്കൃതസംസ്കാരത്തിന്റെ പൊലിമകളെ എത്രമാത്രം നിങ്ങള്‍ അനുഭവിച്ചു സുഖിക്കുന്നുവെങ്കിലും മാനത്തേക്കു നോക്കുമ്പോള്‍ കാണുന്ന മഴവില്ലിനോട് അയ്യട എന്നു പ്രതികരിക്കാത്തവരുണ്ടോ ? ആ നിമിഷത്തിലാണ് നിങ്ങള്‍ മനുഷ്യനാകുന്നത് , നിങ്ങള്‍ ബോധപൂര്‍വ്വം കരുപ്പിടിപ്പിച്ചു കൊണ്ടുവന്നിരിക്കുന്ന ആലഭാരങ്ങള്‍ അഴിഞ്ഞു വീഴുന്നത് , നിങ്ങള്‍ ആത്മാവില്‍ നഗ്നനാകുന്നത്.
            ഞങ്ങടെ പാട്ടിനു കൂട്ടു കുടം തുടി കിണ്ണം തംബുരുവോടക്കുഴലും എന്നത് വെറുതെ നിര്‍മിച്ചെടുത്തിരിക്കുന്ന ഒരു കൂട്ടല്ല. പരുവപ്പെടുത്തി വച്ചിരിക്കുന്ന   ഓടക്കുഴലിന്റേയും തംബുരുവിന്റേയും ക്ലാസ്സിക്കല്‍ പെരുമകളോടൊപ്പം, കിണ്ണത്തിന്റെ അപാരമ്പര്യമായ ഊര്‍ജ്ജം കൂടി പ്രവഹിക്കുമ്പോഴാണ് താളം പൂര്‍ണമാകുന്നതെന്ന ബോധ്യത്തില്‍ നിന്നാണ് കവി ഈ വരികളിലേക്കെത്തുന്നത്. വൈവിധ്യങ്ങളുടെ , രുചിഭേദങ്ങളുടെ കൂടിച്ചേരലുകള്‍ നിര്‍മിച്ചെടുക്കുന്ന പുതുഭാവങ്ങളെപ്പോലെ ഏകതയിലേക്ക് കുതികുതിച്ചെത്തുന്ന ഒരു മാനവസത്തയെ കവി പ്രതീക്ഷിക്കുന്നു
            ഭൂഖണ്ഡങ്ങളാകെയും ഒരോണക്കാലത്തേക്കു നിവരുക. ഏതുതരം ഓണക്കാലം?
            അലിഖിതമായൊരു ധര്‍മ്മം പാലി
            ച്ചുന്നത വിസ്തൃതചിന്താകര്‍മ്മ
            പ്പൊലിമയിലന്നു പരസ്പരമൊത്തു പു
            ലര്‍ന്ന  മനുഷ്യരുടേതാണ് അക്കാലം.അക്കാലത്തിന്റെ വാഴ്ത്തുപാട്ടുകള്‍ക്ക് അവസാനമില്ല.കുടിലതകളെ തീണ്ടാത്ത ധിഷണകളുടെ തീക്ഷ്ണങ്ങളായ വ്യാപാരങ്ങള്‍ക്ക് സാക്ഷ്യംവഹിക്കുന്നവര്‍ക്കിടയില്‍ പക്ഷേ , ദിവ്യതയെ, മനുഷ്യത്വത്തിന് അപ്പുറത്തേക്ക് മറ്റൊരു ഭാവനയെ , ആരാധിക്കുക എന്നത് അസംഭവ്യം തന്നെയായിരുന്നു.കേവലമായ പ്രതീക്ഷകള്‍ നല്ക്കുക എന്നതിനപ്പുറം അത്തരം ദിവ്യത്വങ്ങള്‍ക്ക് മാനവജീവിതത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുന്നതിന് അഭൌമികമായ എന്തെങ്കിലും ശക്തിവിശേഷങ്ങളുണ്ടെന്ന് അവര്‍ ചിന്തിച്ചിരുന്നില്ല. ആരാധിക്കേണ്ടത് , പക്ഷേ മനുഷ്യനെയാണ് എന്ന ഉത്തമബോധ്യം അവര്‍ക്കുണ്ടായിരുന്നു താനും.ഇവിടെയാണ് വൈലോപ്പിള്ളി , ദൈവത്തിന്റെ സ്ഥാനത്തേക്ക് മനുഷ്യനെ മാറ്റി നിറുത്തുന്നത്.ആ മാറ്റിനിറുത്തല്‍ ഒരു നിമിഷത്തിന്റെ വൈകാരികമായ പ്രകടനമല്ല, മറിച്ച് മാനവകുലത്തിന്റെ ചരിത്രം നല്കിയ പാഠങ്ങളുടെ ആകെത്തുകയാണ്.
            ദിവ്യത പൂജിക്കായ്കിലുമവരുടെ
            ജീവിതമൊക്കെയൊരാരാധനയായ്
            ഉര്‍വ്വിയലവരുടെ യുഗമോ? സുകൃത
            പ്പൂക്കളൊടുങ്ങാത്തിരുവോണവുമായ് നേരിന്റെ വിന്യാസങ്ങള്‍ കൊണ്ട് പുതുമയാര്‍ന്ന പരിമളങ്ങളെ ആരചിച്ചുകൊണ്ടിരുന്ന അക്കാലത്തെയാണ്, വാമനന്‍ തന്റെ മൂന്നടികളുമായി വന്നു കേറുന്നത്.പിന്നീട് കെട്ടകാലത്തിന്റെ തെരുവുകാഴ്ചകളായി ജീവിതം വെറുങ്ങലിക്കാന്‍ തുടങ്ങി.ഏതേതു മൂല്യങ്ങളാണോ ഒരു കാലത്ത് ശ്രേയസ്സിനേയും പ്രേയസ്സിനേയും നിര്‍വചിക്കുകയും നിശ്ചയിക്കുകയും ചെയ്തത് അതാതു മൂല്യങ്ങള്‍തന്നെ ലോകത്തിന്റെ തിരുമുറ്റത്തുനിന്നും നിഷ്കാസിതരായി.
            പൃത്ഥിയിലന്നു മനുഷ്യര്‍ നടന്ന പ
            ദങ്ങളിലിപ്പൊധോമുഖവാമനര്‍
            ഇത്തിരിവട്ടം മാത്രം കാണ്മവര്‍
            ഇത്തിരിവട്ടം ചിന്തിക്കുന്നവര്‍ - മനുഷ്യര്‍ എന്ന പദം ഇത്ര തീവ്രതയോടെ മറ്റെവിടേയും അവതരിപ്പിച്ചതായി കണ്ടിട്ടില്ല.ഒരേ സമയം ഈശ്വരീയതയെ നിരസിക്കുകയും അതേസമയം അമാനവീകരിക്കപ്പെട്ട , ആകൃതികൊണ്ടു മനുഷ്യനെന്ന് വിളിക്കപ്പെടുന്ന കോലങ്ങളെ മാറ്റി നിറുത്തുകയും ചെയ്യുന്ന ജൈവികമായ ഒരു ശക്തി ഈ പദത്തിന് നല്കിയിരിക്കുന്ന സവിശേഷമായ ഊന്നലിലൂടെ സാധിച്ചെടുക്കുന്നുണ്ട് , വൈലോപ്പിള്ളി.
            ചരിത്രത്തിന്റെ ഇടതടവില്ലാത്ത കുത്തൊഴുക്കില്‍ , ഓണക്കാലത്തിന്റെ നേരനുഭവങ്ങള്‍ മറഞ്ഞു കഴിഞ്ഞിരിക്കുന്നു. എന്നോ കേട്ട മനോഹരമായ ഒരു ഗാനശകലത്തിന്റെ ചീളുകള്‍ പോലെ അക്കാലം പക്ഷേ വിദൂരമായ ഒരു ഭൂതകാലത്തില്‍ നിന്നും മാടിവിളിക്കുന്നുണ്ടെന്ന് കവി തിരിച്ചറിയുന്നുണ്ട്.  അക്കാലം സത്യമോ നുണയോ എന്നു വ്യവച്ഛേദിച്ചറിയാന്‍ കഴിയാത്ത ഈ അന്തരാളഘട്ടത്തില്‍ ഓണക്കാലത്തിന്റെ ഓര്‍‌മകള്‍ പോലും മധുരോദാരമാണ്.
            അവകള്‍ കിനാവുകളെന്നാം ശാസ്ത്രം
            കളവുകളെന്നാം ലോക ചരിത്രം
            ഇവയിലുമേറെ യഥാര്‍ത്ഥം ഞങ്ങടെ
            ഹൃദയ നിമന്ത്രിത സുന്ദരതത്ത്വം എന്ന പ്രഖ്യാപനം ഓണക്കാലത്തിന്റെ ഓര്‍മകള്‍ക്കുമുകളില്‍ പടര്‍ന്നു പന്തലിച്ചിരിക്കുന്ന യാന്ത്രികമായ പടര്‍പ്പുകളോടുള്ള പ്രതിഷേധവും വെല്ലുവിളിയുമാണ് ; മനുഷ്യന്‍ വിജയിയായി നിന്ന അക്കാലത്തിന്റെ ഓര്‍‌മകളെ എങ്കിലും താലോലിച്ചു കൊള്ളട്ടെ എന്ന യാചനയും.
            ലോകത്തിന്റെ തിരുമുറ്റം എല്ലാവര്‍ക്കുമുള്ളതാണ്. അവിടെ കള്ളികള്‍ തിരിച്ചുള്ള വീതംവെപ്പുകള്‍ അശ്ലീലമാകുന്നു.അതിര്‍ത്തികളുടെ വളവുതിരിവുകളാല്‍‌ മനുഷ്യനെ വേര്‍തിരിക്കുന്നത് അസംഗതമാകുന്നു.ഞാനും നീയും എന്ന സ്വാര്‍ത്ഥങ്ങളില്‍ നിന്ന് നിന്ന് നമുക്ക് എന്ന നിസ്വാര്‍ത്ഥതയിലേക്ക് മാറുന്നില്ലയെങ്കില്‍ മനുഷ്യന്‍ എന്ന പദം നമുക്ക് ചേരാത്തതാകുന്നു.അതുകൊണ്ട് , ലോകത്തിന്റെ തിരുമുറ്റത്ത് മനുഷ്യനെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ചേര്‍ന്നു നില്ക്കുക എന്ന ആവശ്യത്തിന് എക്കാലത്തും പ്രസക്തിയുണ്ട്.സമതയുടെ അക്കാലം വരേണ്ടതാണെന്നും വരും എന്നുമുള്ള പ്രതീക്ഷകളുടെ നാമ്പിനെയെങ്കിലും നാം കാത്തുവെക്കുക.
            കാണുക ദേവകള്‍തന്‍ പരിഹാസം 
            പോലെ നിലാവൊളി ചിന്നിയ പാരിന്‍
            സാനു തലങ്ങളിലൂടെ നിവര്‍ന്നു
            നടന്നു വരുന്നൊരു തേജോരൂപം
            ആ വരവിങ്കലുണര്‍ന്നു ചിരിപ്പൂ
            പൂവുകള്‍ - ഞങ്ങടെ സാക്ഷികളത്രേ
            പൂവുകള്‍ - പോവുക നാമെതിരേല്ക്കുക
            നമ്മളൊരുക്കുക നാളെയൊരോണം.
           


ാനശകലത്തിന്റെ ചീളുകള്‍ പോലെ അക്കാലം പക്ഷേ വിദൂരമായ ഒരു ഭൂതകാലത്തില്‍ നിന്നും മാടിവിളിക്കുന്നുണ്ടെന്ന് കവി തിരിച്ചറിയുന്VG. ഉണ്
           

            

Saturday, December 30, 2017

#ദിനസരികള്‍ 262

സംഭാഷണങ്ങള്‍ എന്ന പേരില്‍ കെ എന്‍ പണിക്കരുമായി നടത്തിയ അഭിമുഖങ്ങള്‍ മാതൃഭൂമി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ അഭിമുഖങ്ങള്‍ സമാഹരിച്ചിരിക്കുന്നത് പി എസ് മനോജ് കുമാറാണ്. വര്‍ഗ്ഗീയതയും ഫാസിസവും എന്ന വിഷയത്തിലുള്ള  പ്രസ്തുത സംഭാഷണത്തില്‍ നിന്നും പ്രസക്തമായ ചില ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും പകര്‍ത്തട്ടെ.
ചോദ്യം :- വര്‍ഗ്ഗീയത ഒരു പ്രത്യയശാസ്ത്രമാണോ? ആണെങ്കില്‍ പ്രതിരോധ സാധ്യതകളെന്താണ് ?
ഉത്തരം : അതെ.അതുകൊണ്ടാണത് മനസ്സുകളെ സ്വാധീനിക്കുന്നത്.ഇതിനെതിരെ നിരന്തരമായ അവബോധ രൂപവത്കരണമുണ്ടാകണം.ഇതില്‍ പങ്കെടുക്കുന്നവരുടെ ജീവിതവുമായി ബന്ധപ്പെട്ടുവേണം ബോധവത്കരണം നടത്താന്‍.എല്ലാ ജനവിഭാഗങ്ങളില്‍ നിന്നുള്ളവരും കലാപകാരികളുടെ ഇടയിലുണ്ടാകാം.എന്നാല്‍ കലാപങ്ങളില്‍ പങ്കാളികളാകുന്നത് മിക്കവാറും തൊഴിലില്ലാത്ത ചെറുപ്പക്കാരും ചേരിനിവാസികളുമാണ്.ഇത് മനസ്സിലാക്കിയുള്ള നിരന്തരമായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ വര്‍ഗ്ഗീയതയെ ചെറുക്കാനാകൂ.സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങളാണ് വര്‍ഗ്ഗീയതയുടെ ശക്തി.രാഷ്ട്രീയ പ്രവര്‍ത്തനം അതിന്റെ പ്രകടമായ രൂപം മാത്രമാണ്.
ചോദ്യം :- ഇന്ത്യന്‍ മണ്ണില്‍ ഫാസിസത്തിന് വേരുറപ്പിക്കാന്‍ സഹായകമായ ചരിത്രപരമായ എന്തെങ്കിലും അംശമുണ്ടോ?
ഉത്തരം :- വളരെ സങ്കീര്‍ണമായ ഒരു ചോദ്യമാണ് ഇത്.നേരിട്ട് ബന്ധം സ്ഥാപിക്കുക എന്നത് വളരെ വിഷമമുള്ള കാര്യമാണ്.പക്ഷേ ഫാസിസത്തെക്കുറിച്ചുള്ള അത്തരം പഠനങ്ങളുണ്ട് പ്രത്യേകിച്ചും മനശാസ്ത്രത്തില്‍.
            ഇന്ത്യന്‍ സമൂഹം പുരുഷ മേധാവിത്വത്തിലൂന്നുന്ന ഒരു സമൂഹമാണ്.പുരഷ മേധാവിത്വം ഒരു അധികാരപ്രവണതയാണ്.സമൂഹത്തിലെ പുരുഷമേധാവിത്വ പ്രവണത ഫാഷിസത്തിന്റെ അടിസ്ഥാപരമായ അക്രമാസക്തിയുമായി ബന്ധപ്പെടാന്‍ സാധ്യതയുള്ളതാണ്.അതുമായി ബന്ധപ്പെടുന്നുമുണ്ട്.
            ചരിത്രപരമായി നോക്കിയാല്‍ ഇന്ത്യയില്‍ പുറമേനിന്നുള്ള ആക്രമണങ്ങള്‍ നിരവധിയുണ്ടായിട്ടുണ്ട്.അതേപോലെ പുറമേനിന്ന് നിരവധി ജനവിഭാഗങ്ങള്‍ ഇന്ത്യയിലേക്ക് വന്നിട്ടുമുണ്ട്.അത് ഇന്ത്യയിലെ ചരിത്രപ്രക്രിയയാണ്.ഈ പ്രക്രീയയെ വികലമായ വിശദീകരണങ്ങള്‍ നല്കി വര്‍ഗ്ഗീയതക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞേക്കും.ഉദാഹരണത്തിന് ഇന്ത്യന്‍ മതങ്ങള്‍ എന്ന സങ്കല്പം, പുറമേ നിന്നു വന്നവരെയാകെ അന്യരെന്നു മുദ്രകുത്തുന്നു.ഈ അന്യര്‍ രാഷ്ട്രത്തിന്റെ ശത്രുക്കളായി മുദ്രകുത്തപ്പെടുന്നു.ഇന്ത്യയുടെ എല്ല ദുരന്തത്തിനും അന്യരില്‍ പഴിചാരുന്നു.ഈ ചരിത്രാഖ്യാനം ഫാസിസത്തെ സഹായിക്കാന്‍ സാധ്യതയുണ്ട്.
            ഫാസിസം വരുന്ന വഴികളെ വളരെ കൃത്യമായി കെ എന്‍ പണിക്കര്‍ അടയാളപ്പെടുത്തുന്നു.പ്രത്യേകിച്ചും ഇതരമതവിഭാഗങ്ങളെയാകമാനം അന്യരായി പരിഗണിച്ചുകൊണ്ട് , അവര്‍ നാടിന്റെ ശത്രുക്കളാണെന്നു പ്രഖ്യാപിക്കുന്ന വര്‍ഗ്ഗീയ താല്പര്യങ്ങളെ നാം നേരിട്ടു കണ്ടിട്ടുമുണ്ടല്ലോ.അന്യവത്കരിച്ചും അതിര്‍ത്തികള്‍ പുന ക്രമീകരിച്ചും ചരിത്ര സംഭവങ്ങള്‍ക്ക് പുതിയ അര്‍ത്ഥങ്ങള്‍  വ്യാഖ്യാനിച്ചെടുക്കുന്ന ഫാസിസത്തിന്റെ സമകാലിക മുഖങ്ങള്‍ക്ക് ധാരാളം  ഉദാഹരണങ്ങള്‍ ലഭ്യമാണല്ലോ. താജ്മഹലല്ല നിന്നും തേജോമഹാലയയാണ് എന്ന വാദം അത്തരം  നടപ്പുരീതികളിലേക്കുള്ള ചൂണ്ടു പലകയാണ്.കെ എന്‍ പണിക്കര്‍ വര്‍ഗ്ഗിയത . സംസ്കാരം , ചരിത്രം എന്നീ വിഷയങ്ങളില്‍ കനത്ത ഉള്‍ക്കാഴ്ച നല്കുന്നുണ്ട് , ആ അഭിമുഖങ്ങളിലൂടെ.

            

Friday, December 29, 2017

#ദിനസരികള്‍ 261

അസാധാരണമായ ഭാഷാപ്രയോഗം കൊണ്ട് നിങ്ങളെ അത്ഭുതപ്പെടുത്തിയ മലയാളത്തിലെ എഴുത്തുകാര്‍ ആരൊക്കെയാണ്? ചോദ്യത്തിനു മുന്നില്‍ ഒരു നിമിഷം ആലോചിക്കേണ്ടിവന്നു. എഴുത്തച്ഛനില്‍ തുടങ്ങി കുമാരനാശാനിലൂടെ ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ വന്നുതൊട്ടു നില്ക്കുന്ന ഒരു സംഘം എഴുത്തുകാര്‍ ആ ഒരു നിമിഷത്തിനുള്ളില്‍ എന്റെ മനസ്സിലേക്ക് തിക്കിക്കയറി. അവരിലാരൊക്കെയാണ് എന്നെ ഭാഷ കൊണ്ട് വിസ്മയിപ്പിച്ചത്? അന്ധാളിപ്പിച്ചത്? ഭാവനയുടെ ദിവ്യപ്രപഞ്ചത്തിലേക്കുള്ള രഹസ്യമാര്‍ഗ്ഗങ്ങള്‍ തുറന്നിടുകയും പുതുലോകങ്ങളുടെ ആശ്ചര്യപ്പെടുത്തുന്ന അധിത്യകകളിലേക്ക് ആനയിക്കുകയും ചെയ്ത രസമര്‍മ്മജ്ഞരായ സാഹിത്യകുലപതികളില്‍ എത്രപേരുടെ ഭാഷ എന്നെ സ്വാധീനിച്ചിട്ടുണ്ട് ?
            എഴുത്തച്ഛന്‍? തീര്‍ച്ചയായും എഴുത്തച്ഛന്‍ ഒരത്ഭുത പ്രകാശഗോപുരം തന്നെയാണ്. അധ്യാത്മരാമായണവും പ്രത്യേകിച്ച് സുന്ദരകാണ്ഡവും ഭാഷാപ്രയോഗസാമര്‍ത്ഥ്യത്തിന്റെ ഉദാത്തമായ ഉദാഹരണവുമാണ്. ജീവിതഗന്ധികളായ നിരവധി സന്ദര്‍ഭങ്ങളെ ആവിഷ്കരിച്ച് അനുഭവിപ്പിക്കുവാന്‍ അദ്ദേഹത്തിന് സവിശേഷമായ സാമര്‍ത്ഥ്യമുണ്ട്. എങ്കിലും പ്രചോദിപ്പിക്കുന്നു എന്നതിനപ്പുറത്തേക്ക് ആത്മാവിനെ ചെന്നുതൊടുന്നുവെന്ന് എഴുത്തച്ഛനെക്കുറിച്ച് പറയുക വയ്യ.ഭാഷാപിതാവില്‍ നിന്ന് കുമാരനാശാന്റെ തിരുസന്നിധിയിലേക്കാണ് പിന്നീടെത്തുക. ആശാന്‍ ആനന്ദിപ്പിച്ചിട്ടുണ്ട്. പ്രചോദിപ്പിച്ചിട്ടുണ്ട്. ആഹ്ലാദിപ്പിച്ചിട്ടുണ്ട്.ആത്മാവിനൊപ്പം നിന്നുകൊണ്ട് അനുഭവിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ആശാന്‍‌ എന്റെ ആത്മാവിന്റെ അയല്‍ക്കാരനാകുന്നു. തട്ടിവീണു മുട്ടുപൊട്ടിക്കരയുമ്പോള്‍ ഉപ്പുകെട്ടിത്തരുന്ന നല്ല ശമരിയക്കാരനാകുന്നു!
            ആശാനില്‍ അവസാനിച്ചുവോ? ഭാവനയുടെ സൂക്ഷ്മസ്ഥലികളെ തൊട്ടുണര്‍ത്താനുള്ള എംടി വാസുദേവന്‍ നായരുട പാടവം വിസ്മരിക്കുന്നതെങ്ങനെ? മഞ്ഞിനെ മറന്നാലും രണ്ടാമൂഴത്തെ മറക്കുന്നതെങ്ങനെ? അഭിമന്യൂ മരിച്ചതറിഞ്ഞ് കരുവാളിച്ച മുഖവുമായിരിക്കുന്ന കൃഷ്ണനെ കണ്ടപ്പോള്‍ ഭീമന്‍ , ജീര്‍ണ്ണവസ്ത്രങ്ങളുടെ ഉപമ സ്വന്തം ചോരയാകുമ്പോള്‍ മറന്നുകളയുന്നു ( പുസ്തകം കൈയ്യിലില്ല. ഓര്‍മയില്‍ നിന്നു കുറിക്കുന്നു. തെറ്റാകാം.തിരുത്തുക ) എന്ന പ്രയോഗത്തിന്റെ അര്‍ത്ഥതലങ്ങള്‍ ഏറെ ഘോഷിക്കപ്പെടുന്ന ഭഗവത് ഗീതയുടെ കടക്കല്‍ പോലും കത്തിവെക്കുന്നതാണല്ലോ.എംടി അസാധാരണന്‍ തന്നെ.
            ബാലചന്ദ്രന്‍ ചുള്ളിക്കാടിനെക്കുറിച്ച് പ്രത്യേകിച്ച് പരാമര്‍ശിക്കേണ്ടതില്ലല്ലോ. സ്വന്തം ഭാഷാരീതിയില്‍ സ്വയം കുരുങ്ങിപ്പോയ ഒരാളാണ് അദ്ദേഹം. ആ ഭാഷയുടെ സവിശേഷമായ സ്വഭാവം അധികകാലം അതേപോലെ കൊണ്ടുനടക്കാന്‍ കഴിയാത്തതുകൊണ്ടുതന്നെയാകണം എഴുത്തിനെപ്പോലും ആ ഭാഷ പ്രതികൂലമായി ബാധിച്ചത്.   ഇപ്പോള്‍ ബോധപൂര്‍വ്വം ആ ഭാഷയില്‍ നിന്ന് മുക്തനാകാനുള്ള ശ്രമമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഞാന്‍ വിചാരിക്കുന്നു.
            ഇനിയും എത്ര പേര്‍ ? സുകുമാര്‍ അഴീക്കോട് , ജി എന്‍ പിള്ള , ഡോക്ടര്‍ കെ ഭാസ്കരന്‍ നായര്‍ , പി കുഞ്ഞിരാമന്‍ നായര്‍ തുടങ്ങി എത്രയോ പേര്‍ ഇനിയും ഈ പട്ടികയിലേക്ക് വന്നുചേരാനുണ്ട്.വൈദ്യുതാലിംഗനംപോല്‍ നിമിഷനേരത്തിനുള്ളില്‍ നാഡികളെ തൊട്ടുണര്‍ത്തുന്ന , അതിസൂക്ഷ്മമായ വികാരങ്ങളെ പ്രോജ്ജ്വലിപ്പിക്കുന്ന , അസാമാന്യരായ അത്തരക്കാരുടെ പട്ടികയിലേക്ക് ഞാന്‍ പക്ഷേ അവസാനമായി ചേര്‍ക്കുന്നത് ഒ.വി വിജയന്‍ എന്ന പേരായിരിക്കും.


Thursday, December 28, 2017

#ദിനസരികള്‍ 260

ചന്ദനചര്ച്ചിതനീലകളേബര,പീതവസനവനമാലീ 
കേളിചലന്മണി കുണ്ഡല മണ്ഡിതഗണ്ഡയുഗസ്മിതശാലീ 
ഹരിരിഹ മുഗ്ധവധൂനികരേഹ വിലാസിനി വിലസതി കേളിപരേ 

പീനപയോധരഭാരഭരേണ ഹരിം പരിരഭ്യ സരാഗം 
ഗോപവധൂരനുഗായതി കാ ചിദുദഞ്ചിതപഞ്ചമരാഗം 

കാപി വിലാസവിലോലവിലോചനഖേലനജനിതമനോജം 
ധ്യായതി മുഗ്ധവധൂരധികം മധുസൂദനവദനസരോജം 

കാപി കപോലതലേ മിളിതാലപിതും കിമപി ശ്രുതിമൂലേ 
ചാരു ചുചുംബ നിതംബവതീദയിതം പുളകൈരനുകൂലേ 

കേളികലാകുതുകേന കാചിദമും യമുനാവനകൂലേ 
മഞ്ജുളവഞ്ചുളകുഞ്ജഗതം വിചകര് കരേണ ദുകൂലേ 

കരതലതാളതരളവലയാവലികലിതകളസ്വനവംശേ 
രാസരസേ സ-നൃത്തപരാ ഹരിണാ യുവതി: പ്രശശംസേ 

ശ്ലിഷ്യതി കാമപി ചുംബതി കാമപി കാമപി രമയതി രാമാം 
പശ്യതി സസ്മിതചാരുപരാമപരാമനുഗച്ഛതി വാമാം: 

ശ്രീജയദേവഭണിതമിദമദ്ഭുതകേശവകേളിരഹസ്യം 
വിപിനവിനോദകലാബലിതം വിതനോതു ശുഭാനി യശസ്യം 
            മലയാളത്തിലേക്കു മൊഴിമാറ്റുന്നില്ല.ഗീതാഗോവിന്ദമാണ്.ജയദേവകൃതം. ഹരിപരിരംഭണവലിതവികാരാ , കുചകലശോപരി തരളിത ഹാരാ , തദധരപാനരഭസകൃതതന്ദ്രാ വിചലദളകലളിതാനന ചന്ദ്രാ എന്നും ഭുജബന്ധനം ഘടയ രദഖണ്ഡനം ജനയ യേന വാ സുഖജാതംഭവതി എന്നുമൊക്കെ ഇനി എത്ര കാലം ചൊല്ലാന്‍ കഴിയുമെന്ന് അറിയില്ല.ഇവയൊക്കെ ദൈവനിന്ദയാണ് ,സാസ്കാരികവിരുദ്ധമാണ് എന്നു പ്രഖ്യാപിച്ച് നിരോധിക്കാന്‍ അധികംതാമസമില്ല എന്നൊരവസ്ഥ സംജാതമായിരിക്കുന്നു.
            ഗീതാഗോവിന്ദത്തിലെ രാസക്രീഡ കവിഭാവന മാത്രമാണ് എന്നു വാദിക്കുന്നവരുണ്ട്.സന്താനങ്ങളേയും ഭര്‍ത്താക്കന്മാരേയും പിന്നില്‍ തള്ളി സ്ത്രീകള്‍ കൂട്ടമായി ശ്രീകൃഷ്ണനെ സമീപിച്ചുവത്രേ !ഭര്‍തൃപരിചരണത്തിനിടയില്‍ മുറ്റത്തു വന്നു ചൂളമടിക്കുന്ന കാമുകന്റെ മുമ്പിലേക്ക് ഒരു സ്ത്രീ ഓടിപ്പോകുന്ന കഥ ഭാവന കാടുകയറിയ പുതുനോവലിസ്റ്റുകള്‍ പോലും ഇന്നുവരെ വര്‍ണിച്ചിട്ടില്ലഎന്ന് ഗീതാഗോവിന്ദത്തെക്കുറിച്ച് സി വി വാസുദേവഭട്ടതിരി എഴുതുന്നുണ്ട്.ഇനി കവിഭാവന എന്ന വാദത്തെ , വാദത്തിനു വേണ്ടി അംഗീകരിക്കാമെങ്കിലും ഇക്കാലത്ത് അത്തരമൊരു കൃതി എഴുതപ്പെട്ടാലുണ്ടാകുന്ന ഭവിഷ്യത്ത് എന്തായിരിക്കും എന്നൊരു ചോദ്യം കൂടി ഉന്നയിക്കേണ്ടതുണ്ട്.

            ശാഖോപശാഖകളേയും മുഴകളേയുമൊക്കെ ചെത്തിമിനുക്കി ഏകശിലാധാരമായ ഒരു സംസ്കാരവൃക്ഷത്തെ വാര്‍‌ത്തെടുക്കാനുള്ള ശ്രമങ്ങള്‍ സജീവമാണെന്നതുകൊണ്ടുതന്നെ വാത്സ്യായനനും അദ്ദേഹത്തിന്റെ കാമസൂത്രവും വിവിധങ്ങളായ ക്ഷേത്രങ്ങളിലെ രതിശില്പങ്ങളുമൊക്കെ അഭാരതീയമായ ഒരു പൈതൃകത്തെയാണ് മുന്നോട്ടുവക്കുന്നതെന്ന പ്രചാരണത്തിന് ആളുകള്‍ വര്‍ദ്ധിക്കുന്നുണ്ട്.മുഖ്യധാരക്കൊപ്പംതന്നെ ചാര്‍വാകനേയും ലോകായതത്തേയും മാനിച്ചു പോന്ന ഒരു ജനത എങ്ങനയൊണ് ഇത്രമാത്രം സങ്കുചിതമായ ചിന്തകളെ ആശ്ലേഷിക്കുക എന്ന് അത്ഭുതപ്പെടുക. സ്വയം പ്രതിരോധിക്കുന്നവരായി വ്യക്തികള്‍ രൂപപ്പെടുക എന്നുള്ളതാണ് ഈ സന്ദിഗ്ദതക്ക് മറുപടിയായി നിര്‍‌ദ്ദേശിക്കാനുള്ളത്.

Wednesday, December 27, 2017

#ദിനസരികള്‍ 259


സരതുഷ്ട്രയുടെ വചനങ്ങള്‍ - 2

മലയിറങ്ങിക്കഴിയുന്നതുവരെ സരതുഷ്ട്രക്ക് ആരേയും കണ്ടെത്താന്‍ കഴിഞ്ഞില്ല.എന്നാല്‍ കാട്ടിലേക്ക് കടന്നതോടെ തന്റെ ആശ്രമത്തിലേക്ക് കനികള്‍ ശേഖരിക്കാന്‍ ഇറങ്ങിയ ഒരു വൃദ്ധനെ കണ്ടു. അദ്ദേഹം സരതുഷ്ട്രയോട് പറഞ്ഞു :-
വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതിലേ കടന്നുപോയ ഈ സഞ്ചാരിയെ എനിക്കറിയാം.സരതുഷ്ട്ര എന്ന് വിളിക്കപ്പെടുന്ന ഇവനില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നുവല്ലോ.
ആ യാത്രയില്‍ നീ ചാരമായിരുന്നു കൊണ്ടുപോയിരുന്നത്. ഇപ്പോള്‍ താഴ്‌വാരങ്ങളിലേക്ക് നീ തീയാണോ കൊണ്ടുവരുന്നത് ? വീടുകത്തിക്കുന്നവന് ലഭിക്കുന്ന ശിക്ഷയെ നീ ഭയപ്പെടുന്നില്ലയോ?
എനിക്കു സരതുഷ്ട്രയെ മനസ്സിലാകുന്നു.തെളിഞ്ഞ കണ്ണുകള്‍. കാലുഷ്യത്തിന്റെ ലാഞ്ചനയില്ലാത്ത ചുണ്ടുകള്‍.ഒരു നര്‍ത്തകനെപ്പോലെയോ അവന്റെ സഞ്ചാരം ?
സരതുഷ്ട്ര മാറിയിരിക്കുന്നു . സരതഷ്ട്ര ഒരു കുഞ്ഞിനെപ്പോലെ നിഷ്കളങ്കനായിരിക്കുന്നു.സരതുഷ്ട്ര സത്യം അറിഞ്ഞിരിക്കുന്നു.ഇപ്പോള്‍ എന്തിനാണ് നീ ഉറങ്ങുന്നവരെ തേടി വന്നത്? അപാരമായ ഏകാന്തതയുടെ കടലിലാണ് നീ ജീവിച്ചത്.ആ കടല്‍ നിന്നെ ആവോളം മൂടിയിരുന്നു. ഇപ്പോള്‍ എന്തിനാണ് നീ തീരങ്ങള്‍ തേടുന്നത്?ഇനിയും നിന്റെ ശരീരത്തെ വലിച്ചിഴച്ച് പീഢിപ്പിക്കുന്നത് ?
സരതുഷ്ട്ര പ്രതിവചിച്ചു :- ഞാന്‍ മനുഷ്യകുലത്തെ സ്നേഹിക്കുന്നു.
എന്തിന് വിശുദ്ധന്‍ ചോദിച്ചു.ഞാന്‍ കാടുകളിലേക്കും ഏകാന്തതകളിലേക്കും ഊളിയിടാതെ മനുഷ്യനൊപ്പം നിന്നു. കാരണം അവനെ ഞാന്‍ നന്നായി സ്നേഹിച്ചിരുന്നു.എന്നാല്‍ ഇപ്പോള്‍ ഞാന്‍ മനുഷ്യനെക്കാള്‍ ദൈവത്തെ സ്നേഹിക്കുന്നു.ഏറ്റവും അപൂര്‍ണനായ മനുഷ്യനെ സ്നേഹിക്കുകയെന്നാല്‍ മരണത്തെ പുല്കുക എന്നാണര്‍ത്ഥം.
സരതുഷ്ട്ര പറഞ്ഞു മഹാനുഭാവാ , ഞാന്‍ സ്നേഹത്തെപ്പറ്റി സംസാരിച്ചുകൊള്ളട്ടെയോ ? ഞാന്‍ മനുഷ്യവംശത്തിനാകെയും ഒരു സമ്മാനം കൊണ്ടുവന്നിരിക്കുന്നു.
അവര്‍‌ക്കൊന്നും കൊടുക്കേണ്ടതില്ലവൃദ്ധന്‍ പറഞ്ഞു.നിനക്കു അനുയോജ്യമാകുമെങ്കില്‍ അവരില്‍ നിന്നും എന്തെങ്കിലുമൊക്കെ നീ എടുക്കുന്നതാണ് ഉത്തമം.അതാണ് അവര്‍ക്കു നല്കേണ്ടത്.ഇനിയും എന്തെങ്കിലും കൊടുത്തേ തീരൂ എന്നുണ്ടെങ്കില്‍ അവര്‍ക്കത് ഭിക്ഷയായി കൊടുക്കൂ, അതിനുവേണ്ടി യാചിക്കാനായി പഠിപ്പിക്കൂ
സരതുഷ്ട്ര പറഞ്ഞു :- “ഇല്ല , ഞാന്‍ ഭിക്ഷ കൊടുക്കാറില്ല.ഞാന്‍ അത്രക്കും ദരിദ്രനല്ല
വിശുദ്ധന്‍ ചിരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു :- “നിന്റെ കനികളെ അവര്‍ സ്വീകരിക്കുന്നതുകാണാന്‍ എനിക്കും കൌതുകമുണ്ട്. കാരണം അവര്‍ വിശുദ്ധന്മാരേയും അവര്‍ വരുന്ന വഴികളേയും അവിശ്വസിക്കുന്നു.
നാം ഈ തെരുവീഥികളില്‍ കൂടുതല്‍ ഏകാന്തരാകുന്നു. സൂര്യനുദിക്കുന്നതിനുമുമ്പേ ഏതെങ്കിലും  മനുഷ്യന്‍ നടക്കുന്ന ശബ്ദം കേട്ടാല്‍ ഈ കള്ളനെവിടെയാണ് പോകുന്നതെന്നാണ് സാധാരണയായി ഇവര്‍ ചോദിക്കുക.
കാടുകളില്‍ തന്നെ തുടരുക.മനുഷ്യരിലേക്കുള്ള സഞ്ചാരം അവസാനിപ്പിക്കുക.മനുഷ്യരെക്കാള്‍ നമുക്ക് മൃഗങ്ങളെപ്പോലും വിശ്വസിക്കുവാന്‍ കഴിയും
എന്തുകൊണ്ട് നീ എന്നെ അനുകരിക്കുന്നില്ല. എന്നെ നോക്കൂ. ഞാന്‍ കരടികളുടെയിടയില്‍ കരടിയായി ജീവിക്കുന്നു.പക്ഷികള്‍ക്കിടയില്‍ പക്ഷിയായും.
വിശുദ്ധന് വനാന്തരങ്ങളെന്തിന് ?” സരതുഷ്ട്ര ചോദിച്ചു
വിശുദ്ധന്‍ പറഞ്ഞു ഞാന്‍ പാട്ടുകള്‍ പാടുന്നു, ആരചിക്കുന്നു. ആ സമയത്ത് ഞാന്‍ ചിരിക്കുകയും, കരയുകയും, മൂളിപ്പാട്ടുപാടുകയും ചെയ്തുകൊണ്ട് ഈശ്വരനെ സ്തുതിക്കുന്നു
എന്റെ ദൈവത്തെ സ്തുതിക്കുന്നതിന് വേണ്ടി ഞാന്‍ ചിരിക്കുകയും കരയുകയും മൂളുകയുമൊക്കെ ചെയ്യുന്നു.താങ്കള്‍ ഞങ്ങള്‍ക്കായി എന്തുസമ്മാനമാണ് കൊണ്ടുവന്നത് ?”
സരതുഷ്ട്ര , വിശുദ്ധന്റെ വാക്കുകളോട് പ്രതികരിച്ചു :- “ഞാന്‍ അങ്ങേക്ക് എന്തു നല്കുവാനാണ് ? മാത്രവുമല്ല , ഇവിടെ നിന്നും എത്രയും പെട്ടെന്ന് താങ്കളെന്നെ പറഞ്ഞയച്ചിട്ടില്ലയെങ്കില്‍ താങ്കള്‍ എനിക്കെന്തെങ്കിലും സമ്മാനം തരേണ്ടിവരും
രണ്ടു കുട്ടികളെപ്പോലെ ചിരിച്ചു കൊണ്ട് അവര്‍ പിരിഞ്ഞു.
വീണ്ടും തന്നെ ചൂഴ്ന്ന ഏകാന്തതയില്‍ സരതുഷ്ട്ര സ്വയം പറഞ്ഞു :- “ ദൈവം മരിച്ചുവെന്ന് കാട്ടില്‍ ജീവിക്കുന്ന ഈ വയോവൃദ്ധന്‍ കേട്ടിട്ടില്ല എന്നത് അവിശ്വസനീയമാണ് . അസംഭവ്യവുമാണ്


Tuesday, December 26, 2017

#ദിനസരികള്‍ 258

തുപ്പാനോ ഇറക്കാനോ ആകാതെ
വേവാത്ത ഒരു മാംസക്കഷണം
വായില്‍ വിലങ്ങനെ കിടക്കുന്നു വീരാന്‍ കുട്ടിയുടെ നാവടക്കം എന്ന കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്.നാവ് , രസക്കൂട്ടുകളുടെ രുചിഭേദങ്ങളെ അറിയുന്ന കവാടം എന്ന പ്രാഥമിക ധര്‍മ്മത്തില്‍ നിന്നും അകന്നുമാറി , നീതിനിഷേധങ്ങള്‍‌ക്കെതിരെ പ്രതിഷേധിക്കുമ്പോള്‍ മാത്രമാണ് അതിന്റെ  സാമൂഹികധര്‍മ്മം നിര്‍വഹിക്കുക എന്ന ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്.സമൂഹത്തില്‍ ഇത്തരത്തിലുള്ള സ്വതന്ത്രനാവുകളുടെ വിളയാട്ടങ്ങളെ അധീശത്വങ്ങള്‍ അംഗീകരിക്കുന്നില്ല.അരുതുകളുടെ വേലിക്കെട്ടുകളില്‍ കൊരുത്തിട്ട ഒരു കഷണം മാംസമായി മാത്രം പരുവപ്പെട്ടു കിടക്കുന്ന നാവുകളെയാണ് അവര്‍ ഇഷ്ടപ്പെടുന്നത്.അതുകൊണ്ട് പാടുന്ന , അലറുന്ന , തെറി പറയുന്ന നാവുകളെ അവര്‍ മെരുക്കിയെടുക്കാന്‍ പ്രയത്നിക്കുന്നു.
            ക്ലാസ്സില്‍ മിണ്ടുന്നവരുടെ പേരെഴുതി വച്ച്
            തല്ലുകൊള്ളിച്ചു
            നിശ്ശബ്ദത പാലിക്കുക എന്ന് എവിടെക്കണ്ടാലും
            വാ പൊത്തിനിന്നു
            ഒച്ചവെക്കരുത് എന്ന താക്കീതില്‍
            അച്ചടക്കമുള്ളവനായി നിസ്സാരമായ നിയന്ത്രണങ്ങളായിട്ടാണ് ആദ്യമാദ്യം നിര്‍‌ദ്ദേശങ്ങള്‍ കടന്നുവരുന്നത്.പോകെപ്പോകെ അവ ജീവിതത്തിന്റെ സമസ്തമണ്ഡലങ്ങളിലേക്കും അച്ചടക്കത്തിന്റെ വാളുവീശുന്നു.അപ്പോഴേക്കും വഴങ്ങിക്കൊടുക്കുക എന്നത് നമുക്ക് ശീലമായി മാറുന്നു.
            നാവടക്കൂ പണിയെടുക്കു എന്ന് കല്പിച്ചവരുടെ
            പടം ചുവരില്‍ തൂക്കി
            നാവുവഴക്കത്തിനുള്ള പ്രത്യേക യോഗ
            പതിവാക്കി , മൌനവ്രതം ശീലിച്ചു
            ഇപ്പോള്‍ എന്തു കണ്ടാലും കേട്ടാലും
            കമാന്നൊരക്ഷരം മിണ്ടാതിരിക്കുവാനുള്ള
            ക്ഷമ നാവിനു സ്വന്തം ഈ മിനുസ്സപ്പെടുത്തലുകളെ നാം ദേശസ്നേഹമെന്നും പൌരബോധമെന്നുമൊക്കെയുള്ള ഓമനപ്പേരുകളില്‍ പെടുത്തി സ്വയം കബളിപ്പിക്കുന്നു.അച്ചടക്കമുള്ളവന്‍ എന്നു കേള്‍ക്കുമ്പോള്‍ നാം അതെടുത്ത് അലങ്കാരമായി തലയില്‍ ചൂടുന്നു.
            ഇനിയെങ്കിലും നാം തെറി പറയാന്‍ പരിശീലിക്കണം.മിനുസ്സങ്ങളെ ഉരച്ച് പരുക്കനാക്കിയെടുക്കാന്‍ പഠിക്കണം.ഏകതാനമായ സംഗീതങ്ങളെ കൂവി താളം തെറ്റിക്കണം.അടങ്ങലല്ല ആളിക്കത്തേണ്ടതാണ് ജീവിതമെന്ന് ഉച്ചത്തില്‍ പ്രഖ്യാപിക്കണം.ഏറ്റുവിളിക്കുന്നവനെയല്ല , തിരുത്തുന്നവനെയാണ് നമുക്കിനി വേണ്ടതെന്ന തിരിച്ചറിവുണ്ടാകണം.സമൂഹത്തെ സര്‍ഗ്ഗാത്മകമായി തച്ചുടക്കുന്ന തെമ്മാടികളേയും വഴിപിഴച്ചവരേയുമാണ് ഇനി നമുക്ക് വേണ്ടത്.
                        ഒരു കുടം താറുമായ് ഒരു കുറ്റിച്ചൂലുമായ്
                        ഉണരും വെറുപ്പിന്റെ ശീലുമായി
                        ഓടയിലോടുമഴുക്കിന്റെ ചാലില്‍ നി
                        ന്നീ മണിമേട ഞാന്‍‌ താറടിക്കും
                        നഗ്നചിത്രങ്ങള്‍ കരിയിലെഴുതിയീ
                        മുഗ്ദഭാവങ്ങളെ മായ്ചുവെക്കും
                        വര്‍ണപ്പകിട്ടുകള്‍ കണ്ണാടിയിട്ടൊരീ
                        ചില്ലുശില്പങ്ങള്‍ ഞാന്‍ തച്ചുടക്കും
                        വെണ്‍കളി പൂശിയ വെണ്മുകില്‍ ഭിത്തിമേല്‍

                        കാര്‍മഷികൊണ്ടു കളം വരയ്ക്കും (കടമ്മനിട്ട) എന്നു പ്രഖ്യാപനത്തിന് നാം പിന്തുണ നല്കുക.അല്ലെങ്കില്‍ മനുഷ്യനായി ഇവിടെ ജീവിക്കുവാനുള്ള അവസാന അവസരമായിരിക്കും നാം നഷ്ടപ്പെടുത്തുന്നത്.

Monday, December 25, 2017

#ദിനസരികള്‍ 257

വടക്കന്‍ പാട്ടിന്റെ സ്വാഭാവികമായ പശ്ചാത്തലത്തില്‍നിന്നടര്‍ത്തിമാറ്റി ചതിയന്‍ ചന്തുവിനെ വീരനായകനായി പുന:സൃഷ്ടിച്ചപ്പോള്‍ എം ടി ചിന്തിച്ചിരുന്നതെന്തു തന്നെയായിരുന്നാലും വീരഗാഥയിലെ ചന്തു , ദുര്‍ബലനായ ഒരു കഥാപാത്രമാണ്.എംടി എഴുതിവെച്ചുകൊടുത്തിരിക്കുന്ന വീര്യം തുളുമ്പുന്ന വാങ്മയങ്ങളുടെ സഹായത്താല്‍ ചന്തു പേറുന്ന നായകപരിവേഷമാകട്ടെ , ഉള്ളുറപ്പില്ലാത്തവന്റെ പിത്തലാട്ടം മാത്രവുമാണ്. എന്തൊക്കെ തരത്തിലും തലത്തിലുമുള്ള ന്യായീകരണങ്ങള്‍ വീരഗാഥയിലെ ചന്തുവിനു വേണ്ടി നിരത്തപ്പെട്ടാലും ചന്തുവിന്റെ ആത്മഹത്യയോടെ അതെല്ലാം അസ്ഥാനത്താകുകയും വടക്കന്‍ പാട്ടിലെ പ്രതിനായകനായ കഥാപാത്രം, ഒരു കഥാപാത്രം എന്ന നിലയില്‍ നേടിയെടുത്തിരിക്കുന്ന വിജയംപോലും വീരഗാഥയിലെ ചന്തുവിന് ലഭിക്കാതെ പോകുകയും ചെയ്യുന്നു.പറഞ്ഞുവരുന്നത് , ചന്തുവിനെ ആത്മഹത്യ ചെയ്യിച്ചത് , എംടി ചെയ്ത വലിയ പിഴവായിരുന്നു എന്നുതന്നെയാണ്.
            ചന്തുവിനെ കൊല്ലാന്‍ എം ടി ഉന്നയിക്കുന്ന ന്യായങ്ങള്‍ പരിശോധിക്കുക.വടക്കന്‍ വീരഗാഥ എന്ന തിരക്കഥയുടെ ആമുഖലേഖനത്തില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു ചന്തുവിന്റെ തലവെട്ടി വന്ന് നാടുവാഴിയില്‍ നിന്നും ദേശവാഴിയില്‍ നിന്നുമൊക്കെ സമ്മാനം വാങ്ങി ചെറുപ്പക്കാര്‍ എന്ന് പാട്ടിലുണ്ട്.അമ്മമാരും മുത്തശ്ശനും നാടുവാഴി ദേശവാഴികളുമൊക്കെ അവരെ വാഴ്ത്തിയിരിക്കും.ചന്തു അവര്‍ക്കതിനുള്ള അവസരം ഉണ്ടാക്കിക്കൊടുത്തതായി സങ്കല്പിക്കാനാണ് എനിക്ക് താല്പര്യം തോന്നിയത്.ഒരുപാടു കയ്പുകള്‍ ചവച്ചിറക്കി എല്ലാവരില്‍ നിന്നും അകന്നു കഴിയുന്ന അയാള്‍ക്ക് അസ്തിത്വം ദാരുണമായ ഒരു പീഢനമാണ്.അതവസാനിപ്പിക്കാന്‍ പറ്റിയ ഒരു മുഹൂര്‍ത്തമാണ് മുമ്പിലെത്തിയത്.തനിക്ക് പിറക്കാതെ പോയ മക്കളാണ് മുന്നില്‍.അവരെ തോല്പിച്ചതുകൊണ്ടോ കൊന്നതുകൊണ്ടോ തനിക്കിനി ഒന്നും നേടാനില്ല.വെട്ടിയെടുത്ത തന്റെ തല കണ്ട് ഉണ്ണിയാര്‍ച്ചയടക്കം പുളകംകൊള്ളുന്ന നിമിഷം അയാള്‍ രോഷത്തോടെ പകയോടെ മനസ്സില്‍ കണ്ടിരിക്കും.ശരി, അവര്‍ സന്തോഷിക്കട്ടെ ആഘോഷിക്കട്ടെ എന്ന് ചിന്തിച്ചുപോയാല്‍ അത്ഭുതപ്പെടേണ്ടതില്ല. ചന്തുവിനെ ആത്മഹത്യക്ക് എം ടി കളമൊരുക്കുന്നത് ഇങ്ങനെയാണ്.ആത്മനാശം വരുത്തിക്കൊണ്ട് എതിരാളികള്‍ക്ക് മറുപടി കൊടുക്കുന്നവരുണ്ടാകാം.അതും മാനുഷികമാണ്. പക്ഷേ വടക്കന്‍ പാട്ടുകളിലെ ചന്തു അത്രത്തോളം ദുര്‍ബലനോ , അല്ലെങ്കില്‍ നിരാശ ബാധിച്ചവനോ അല്ല.കരുതിക്കൂട്ടി ആരോമലിനെ ചതിക്കുകയും അതിനുവേണ്ടി തട്ടാനെ സ്വാധീനിക്കുകയും ചെയ്തവനാണ്. നിറകൊണ്ട പാതിരാനേരത്ത് പരസ്ത്രീയുടെ അറയില്‍ ഒളിച്ചു കടന്നവനുമാണ്.പ്രതിനായകന്റെ മുഴുവന്‍ വൈകൃതങ്ങളേയും ആവാഹിച്ചെടുത്തിരിക്കുന്ന ചതിയന്‍ ചന്തുവിനെ ന്യായീകരിക്കാന്‍ എംടിക്ക് ആയുധങ്ങളുടെ അപര്യാപ്തത ഉണ്ട് എന്നുതന്നെയാണ് എന്റെ പക്ഷം.
            ആരോമല്‍ ജയിക്കേണ്ടത് ചന്തുവിന്റെ തന്നെ ആവശ്യമായിരുന്നുവെന്ന് എംടി വാദിക്കുന്നത് ,
            ആങ്ങള അങ്കം ജയിച്ചു വന്നാല്‍
            നിങ്ങള്‍ക്ക് പെണ്ണായി ഇരിയ്ക്കാം ഞാനും
            കളരി പരമ്പര അച്ഛനാണേ
            എന്റേയും വാക്കതു സത്യമാണേ എന്ന ഉണ്ണിയാര്‍ച്ചയുടെ സത്യത്തെ പിന്‍പറ്റിയാണ്.ആര്‍ച്ചയുടെ വാക്കുകള്‍ ചന്തു മുഖവിലക്കെടുക്കും എന്നു കരുതുക വയ്യ. കാരണം തനിക്ക് വിധിച്ച പെണ്ണെന്ന് വിശ്വസിച്ച് ചന്തു കൊണ്ടുനടന്നിരുന്ന ഉണ്ണിയാര്‍ച്ച , ആറ്റുംമണമ്മേലില്‍ കുഞ്ഞിരാമന്റെ പണം കണ്ടപ്പോള്‍ ചന്തുവിനെ മറന്നതാണല്ലോ.ആ ദേഷ്യം ജീവിതകാലം മുഴുവന്‍തന്നെ ചന്തുവില്‍ നിലനില്ക്കുന്നതുമാണ്.അപ്പോള്‍പ്പിന്നെ കാര്യം കാണാന്‍ തരാതരം പോലെ വാക്കുപറയുന്ന ആര്‍ച്ചയെ ചന്തു വിശ്വസിച്ചുവെന്നും അക്കാരണത്താല്‍ ആരോമല്‍ ജയിച്ചു വരുന്നതു മറ്റാരേയുംകാള്‍ ചന്തുവിന്റെ ആവശ്യമായിരുന്നുവെന്നും എംടി വാദിക്കുന്നതിന്റെ യുക്തിയെന്ത് ? എന്നുമാത്രവുമല്ല , ആര്‍ച്ചക്ക് ഇത്രയും പ്രിയപ്പെട്ടവനായ , തനിക്ക് ആര്‍ച്ചയെ കിട്ടാതിരിക്കാന്‍ കാരണക്കാരനായ ആരോമലിനെതിരെ പ്രതികാരം ചെയ്യാന്‍ കിട്ടിയ ഒരവസരം ചന്തു വേണ്ടെന്നു വയ്ക്കുമോ? അതുവഴി ആര്‍ച്ചക്കും മറുപടി കൊടുക്കാനുള്ള ഒരവസരമാണല്ലോ ചന്തുവിന്റെ മുമ്പില്‍ തെളിഞ്ഞു നില്ക്കുന്നത് . ആ അവസരം ഉപയോഗിച്ചുകൊണ്ട് ചന്തുതന്നെയാണ് ആരോമലിനെ അപായപ്പെടുത്തിയത് എന്നു ചിന്തിക്കുന്നതല്ലേ മാനുഷികമായ യുക്തി ?
            ചന്തുവിനെ ഒരിക്കലും ആരോമലും വിശ്വസിച്ചിരുന്നില്ലല്ലോ. ആര്‍ച്ചയെ ചന്തുവിനു കൊടുക്കാത്തിന് താനും കാരണമാണെന്നും അക്കാരണംകൊണ്ടുതന്നെ ചന്തു തന്നെ ചതിക്കുമെന്നും അദ്ദേഹം വ്യക്തമായി പറയുന്നുമുണ്ട്. അത് കേവലമായ ഒരു ധാരണയില്‍ നിന്നുമുണ്ടാകുന്ന തിരിച്ചറിവല്ല , മറിച്ച് അനുഭവങ്ങളുടെ വെളിച്ചതിലുണ്ടാകുന്നതാണ്.തനിക്ക് ഭാര്യയായി വരേണ്ട തുമ്പോലാര്‍ച്ചയെ ആരോമലുണ്ണി വശത്താക്കിയത് , ചന്തുവിന് ആരോമലോടുള്ള വൈരത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചിരിക്കാവുന്ന സംഗതിയാണ്.ഇങ്ങനെ ചന്തുവിനെ ബോധപൂര്‍വ്വംതന്നെ ആരോമലും സംഘവും പരാജയപ്പെടുത്താന്‍ പരിശ്രമിച്ചിട്ടും ചന്തു അതെല്ലാം മറന്നുകൊണ്ട് ആര്‍ച്ചയുടെ വിളികേട്ടു മയങ്ങി പാതിരാപ്പുഴ താണ്ടി അറയില്‍ ഒളിച്ചു കടന്നു എന്നു എംടി പറയുന്നത് വിശ്വസിക്കുന്നതിനെക്കാള്‍ , ആര്‍ച്ചയോടുള്ള പ്രതികാരം ഏതുവിധേനയും നടപ്പിലാക്കണം എന്ന് നിശ്ചയിച്ചുറപ്പിച്ച് അവളെ കളങ്കപ്പെടുത്തുവാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നു എന്ന് പാട്ടുപറയുന്നതിലല്ലേ കൂടുതല്‍ സത്യസന്ധമായിട്ടുള്ളത് ? ഇക്കാര്യത്തിലും എംടിയുടെ വാദഗതികള്‍ക്ക് തക്കതായ അടിസ്ഥാനമുണ്ടെന്ന് കരുതുന്നില്ല.
            അരിങ്ങോടരുടെ ശിഷ്യത്വം എം ടി ഉണ്ടാക്കിയെടുക്കുന്നത് പാട്ടിലെ ഒറ്റവരിയില്‍ നിന്നാണെന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്. ചന്തുവിനോട് പകരം വീട്ടാനിറങ്ങിയ ആരോമുണ്ണിയോട് കണ്ണപ്പച്ചേകവരുടെ ഉപദേശം നോക്കുക.
                        വെറുതെ മരിപ്പിനു പോണ്ട നിങ്ങള്‍
                        അമ്മാവന്‍ ശരിയൊത്തെ അടവുണ്ടല്ലോ                
                        അരിങ്ങോടര്‍ തന്റെ ചതിയുണ്ടല്ലോ ഈ വരികളിലെ അരിങ്ങോടര്‍ തന്റെ ചതിയുണ്ടല്ലോ എന്നതില്‍ നിന്നാണ് ചന്തു അരിങ്ങോടരുടെ ശിഷ്യത്വം സ്വീകരിച്ചു എന്ന നിഗമനത്തിലേക്ക് എം ടി എത്തുന്നത്.പക്ഷേ ഈ വരികളുടെ അര്‍ത്ഥം , അന്നത്തെക്കാലത്തെ കള്ളക്കോലിന് പ്രസിദ്ധനായ അരിങ്ങോടരെപ്പോലെതന്നെ , ചന്തുവും ചതിക്കുമെന്നു മാത്രമാണ്.അങ്ങനെയല്ലയെങ്കില്‍ അമ്മാവന് ശരിയൊത്ത അടവുണ്ടല്ലോ എന്ന വരികളില്‍ നിന്ന് ചന്തു ആരോമലിന്റെ ശിഷ്യനാണെന്നും വ്യാഖ്യാനിക്കാമല്ലോ? പാട്ടിലെവിടേയും ചന്തു അരിങ്ങോടരുടെ ശിഷ്യനാണെന്ന് പറയുന്നുമില്ല.
            ജീവിതത്തോടുള്ള ആസക്തി കൈമോശം വരാതെയാണ് ചന്തു ജീവിച്ചു പോന്നത്. പതിനെട്ടു കളരിയുടെ നാഥനായി തെളിഞ്ഞു വിളങ്ങുന്ന ചന്തുവിന് അത്തരമൊരു വ്യസനം അസ്ഥാനത്തുമായിരിക്കും. എന്നിട്ടും ചിരവൈരികളായ , തന്റെ ജീവിതത്തിന്റെ സ്വപ്നങ്ങളെയെല്ലാം ചവിട്ടി മെതിച്ച ഒരു വംശത്തിന്റെ പ്രതിനിധികളായ രണ്ടുപേര്‍ പടവെട്ടാനൊരുങ്ങി വന്നപ്പോള്‍ ചന്തു തളര്‍ന്നുപോയി എന്നു എം ടി വാദിക്കുന്നത് , ന്യായമല്ല.എന്നുമാത്രവുമല്ല , എംടി ഇക്കഥയിലെഴുതിയ ഏറ്റവും മോശം സംഭാഷണങ്ങളിലൊന്ന് , എനിക്ക് പിറക്കാതെ പോയ മകനാണ് നീ എന്ന് ആരോമുണ്ണിയോട് ചന്തു പറയുന്നതാണ്.അതിതീവ്രവും വൈകാരികവുമായ ഒരന്തരീക്ഷം സൃഷ്ടിച്ചെടുക്കാന്‍ ഈ വാക്കുകള്‍ ഉപകരിക്കപ്പെടുമെങ്കിലും കഥാതന്തുവിനോടും കഥാപാത്രത്തിന്റെ സ്വാഭാവസവിശേഷതകളോടും നീതിപുലര്‍ത്തുന്നില്ല.

            പ്രതിനായകന്റെ സര്‍വ്വലക്ഷണങ്ങളും തികഞ്ഞ ഒരു കഥാപാത്രത്തോട് , ആ കഥാപാത്രത്തിന്റെ പൂര്‍ണതയില്‍ അവമതിപ്പുണ്ടാക്കിക്കൊണ്ട് എംടി ചെയ്തത് അഭിനന്ദനീയമല്ലെന്നു മാത്രമല്ല , ആശാസ്യവുമല്ല. കൂടെയുണ്ടെന്ന് കരുതിയവരൊക്കെ വഞ്ചിച്ചിട്ടും കാലിടറാതെ പിടിച്ചു നിന്ന ചന്തുവിന്റെ തിളക്കം അയാളുടെ പ്രതികാരബുദ്ധി തന്നെയായിരുന്നു. ഒരു സാഹിത്യകൃതി എന്ന നിലയില്‍ വടക്കന്‍ പാട്ടുകളുടെ പ്രസക്തിയെക്കൂടി ഈ വ്യതിചലനം മലിനപ്പെടുത്തുമെന്ന് പറയാതെ വയ്യ.ചുരുക്കത്തില്‍ പ്രതിനായകനായി തിളങ്ങി നിന്ന ചന്തുവിനെ നായകസ്ഥാനത്തേക്ക് മാറ്റി പ്രതിഷ്ഠിക്കുക വഴി , ചതിയന്‍ ചന്തുവിന്റെ ആത്മാവിന് ക്ഷതം സംഭവിക്കുകതന്നെയാണുണ്ടായത്.

Sunday, December 24, 2017

#ദിനസരികള്‍ 256

അജ്ജാതി രക്തത്തിലുണ്ടോ?-അസ്ഥി
മജ്ജ ഇതുകളിലുണ്ടോ?
ചണ്ഡാലിതന്മെയ് ദ്വിജന്റെ-ബീജ-
പിണ്ഡത്തിനൂഷരമാണോ? – നവോത്ഥാന കേരളം കേട്ട ഏറ്റവും മാനവികമായ ഈ ചോദ്യമുയരുന്നതിനും മുമ്പ് 1915 ല്‍ പഞ്ചമി എന്ന പുലയക്കുട്ടിയുടെ സ്കൂള്‍ പ്രവേശനത്തിനുവേണ്ടി അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന മുന്നേറ്റം , അധ:കൃതവര്‍ഗ്ഗത്തിന്റെ ചരിത്രത്തിലെ ജ്വലിക്കുന്ന ഒരേടാണ്.അയ്യങ്കാളിയുടെ ശ്രമഫലമായി 1910 ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് ഈഴവര്‍ പഠിക്കുന്ന വിദ്യാലയങ്ങളിലെല്ലാം പുലയര്‍ക്കും പ്രവേശനം അനുവദിക്കണമെന്ന ഉത്തരവു പുറപ്പെടുവിച്ചു.1907 ല്‍ രൂപം കൊണ്ട സാധുജനപരിപാലന സംഘത്തിന്റെ നേതൃത്വത്തിലുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ സവര്‍ണപ്രമാണിമാരെ അരിശംകൊള്ളിച്ചു.ദളിതവിഭാഗത്തിന്റെ വിദ്യാലയപ്രവേശനത്തിനെതിരെ ഒളിവിലും തെളിവിലും അവര്‍ പ്രതികൂലമായ നിലപാടെടുത്തു.തങ്ങളുടെ കുട്ടികള്‍ പഠിക്കുന്ന സ്കൂളുകളില്‍ പുലയന്റേയും പറയന്റേയും കുട്ടികള്‍ ഒപ്പമിരുന്ന് പഠിക്കുന്നത് അവര്‍ക്ക് സഹിച്ചില്ല.സര്‍ക്കാര്‍ ഉത്തരവിനെപ്പോലും തൃണവത്ഗണിച്ചുകൊണ്ട് അവരെടുത്ത നിലപാട് വ്യാപകമായ പ്രതിഷേധത്തിന് വഴിമരുന്നിട്ടു.
            ഈ സമയത്താണ് അയ്യനെന്ന ദളിതന്റെ മകളായ പഞ്ചമിയെ  തിരുവനന്തപുരത്തുള്ള ഊരൂട്ടമ്പലത്തെ സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ക്കണമെന്ന ആവശ്യവുമായി അയ്യങ്കാളി പ്രധാനാധ്യാപകനെ സമീപിക്കുന്നത്.ശ്രീമൂലം പ്രജാസഭയുടെ മെമ്പറായിരുന്ന അയ്യങ്കാളിയുടെ ആവശ്യം അധ്യാപകന്‍ അംഗീകരിച്ചില്ല.പുലയക്കുട്ടിയെ സ്കൂളില്‍ പ്രവേശിപ്പിക്കാന്‍ സാധിക്കില്ല എന്നാണ് അദ്ദേഹം പ്രതികരിച്ചത്.അയ്യങ്കാളി ഈ ആവശ്യമുന്നയിച്ച് സ്കൂളിലേക്ക് വരുന്നുണ്ടെന്നറിഞ്ഞ് അവിടെ കൂടിനിന്ന സവര്‍ണരെ പ്രധാനാധ്യാപകന്റെ മറുപടി സന്തോഷിപ്പിച്ചു. എന്നാല്‍ പഞ്ചമിയെ വിദ്യാലയത്തില്‍ ചേര്‍‌ത്തേ തീരൂവെന്ന അയ്യങ്കാളിയുടെ നിലപാട് പ്രധാനാധ്യാപകനുമായുള്ള വാക്കേറ്റത്തിലേക്കെത്തി.ഈ വിഷയത്തില്‍ അവിടെയുണ്ടായിരുന്ന സവര്‍ണപ്രമാണിമാര്‍ ഇടപെടുകയും അവര്‍ അയ്യങ്കാളിയേയും കൂട്ടരേയും ബലമായി പുറത്താക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതു സംഘര്‍ഷത്തിനു കാരണമായി.ഈ സംഭവം നടന്ന രാത്രി സവര്‍ണപക്ഷപാതികളായവര്‍ ഊരൂട്ടമ്പലം സ്കൂളിന് തീവെച്ചു.ആ കുറ്റം അവര്‍ണരുടെ തലയിലേക്കിടുക എന്നതായിരുന്നു ഉദ്ദേശം.  നിയമപരമായി ലഭിക്കേണ്ടതും ന്യായയുക്തവുമായി ഒരാവശ്യത്തിന്റെ നിരാകരണം അങ്ങനെ ഏകദേശം ഒരു കൊല്ലക്കാലം നീണ്ടു നിന്ന കലാപത്തിലേക്ക് കൂപ്പുകുത്തി.
            പാടത്തും പറമ്പിലും പണിയെടുക്കുവാന്‍ മാത്രമുള്ള ഒരു വിഭാഗമായി സവര്‍ണര്‍ കരുതിപ്പോന്നിരുന്ന അധ:കൃതരെ, അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കുകയും തങ്ങള്‍ക്ക് അര്‍ഹതപ്പെട്ടത് ചോദിച്ചു വാങ്ങുവാനുള്ള ധൈര്യമുണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്നതില്‍ , പില്ക്കാലത്ത് പുലയ ലഹള അഥവാ ഊരൂട്ടമ്പലം ലഹള എന്നൊക്കെ അറിയപ്പെടുന്ന ഈ മുന്നേറ്റത്തിന് വലിയ പങ്കുവഹിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.സത്യത്തില്‍ സവര്‍ണരാണ് ഈ കലാപമുണ്ടാക്കിയതെങ്കിലും അതിന്റെ ഫലത്തില്‍ ഗുണകരമായി വന്നത് പുലയവിഭാഗത്തിനാണ്. അനീതിക്കെതിരെ എഴുന്നേറ്റു നേരെ നില്ക്കുവാന്‍ ഈ സമരം അവരെ ഒരുപാട് സഹായിച്ചിട്ടുണ്ട്. സവര്‍ണരോടൊപ്പം , ഈഴവരും പുലയരെ അടിച്ചമര്‍ത്തുവാന്‍ രംഗത്തിറങ്ങി എന്നത് , ശ്രീനാരായണന്റെ പോലും എതിര്‍പ്പിന് കാരണമായ സംഗതിയാണ്.
           


Saturday, December 23, 2017

#ദിനസരികള്‍ 255

ഈ മനുഷ്യന്‍ വായിച്ചറിഞ്ഞതിന്റെ പകുതി വായിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ലോകം കീഴടക്കിയേനെഎന്ന് ഇ എം എസ് , പി ഗോവിന്ദപ്പിള്ളയെക്കുറിച്ച് പറഞ്ഞിട്ടുണ്ടത്രേ! അവാസ്തവമാകാനാണ് സാധ്യത. എങ്കിലും പി ജിയുടെ വായനാശീലത്തെക്കുറിച്ച് അത്ഭൂതം തോന്നാത്തവര്‍ വിരളമായിരിക്കും. ആ മഹാമനീഷിയെക്കുറിച്ച് മകന്‍ എംജി രാധാകൃഷ്ണന്‍ , എഴുതിയ പുസ്തകമാണ് വായിച്ചു തീരാത്ത അച്ഛന്‍ .കാഴ്ച വായന എഴുത്ത് എന്ന പേരിലെഴുതിയിരിക്കുന്ന ഒന്നാമത്തെ ലേഖനത്തെക്കുറിച്ച് ഞാനൊന്നും പറയുന്നില്ല. നിങ്ങള്‍ വായിച്ച് അനുഭവിക്കുക തന്നെ വേണം. പലപ്പോഴും ആ ലേഖനം വായിച്ച് പൂര്‍ത്തിയാക്കാന്‍ വിഷമിച്ചിട്ടുണ്ടെന്നു മാത്രം സൂചിപ്പിക്കട്ടെ.
            ദില്ലി റയില്‍‌വേ സ്റ്റേഷനിലെ ഒരു പുസ്തകക്കടയില്‍ അച്ഛനോടൊപ്പം പോയെ അനുഭവം രാധാകൃഷ്ണന്‍ പങ്കുവെക്കുന്നുണ്ട്.പുസ്തകക്കടയില്‍ കയറിയ പി ജി സ്വന്തം മകന്‍ കൂടെയുണ്ടായിരുന്ന കാര്യം മറന്നു പോയി.തിരക്കിനിടയില്‍ അച്ഛനെ കാണാതായപ്പോള്‍ ആകെ വലഞ്ഞ കുട്ടി കരയാന്‍ തുടങ്ങി. കരച്ചില്‍ കണ്ട് അടുത്തെത്തിയ പോലീസുകാരന്‍ കൂട്ടിക്കൊണ്ടുപോയി അനൌണ്‍സ് ചെയ്യാന്‍ ശ്രമിക്കുമ്പോഴേക്കും ഓടിക്കിതച്ച് അച്ഛനെത്തുന്ന കാഴ്ച എംജി മനോഹരമായി വിവരിക്കുന്നുണ്ട്.  മറ്റൊരനുഭവം സകുടുംബം ഒരു നാടകം കാണാന്‍ പോയ കഥയാണ്.നാടകം നടക്കുമ്പോള്‍ ഉറക്കെ കരയാനാരംഭിച്ച മകള്‍ പാര്‍വതിയേയും കൊണ്ട് അച്ഛന്‍ പുറത്തുപോയി.മണിക്കൂര്‍ രണ്ടു കഴിഞ്ഞ് നാടകം തീര്‍ന്നപ്പോഴും അച്ഛനേയും കുട്ടിയേയും കാണാനില്ല.തിയ്യേറ്ററിന് പുറത്തും ഇല്ല.നാടകം കാണാനെത്തിയവര്‍ ഒന്നൊന്നായി സ്ഥലം വിട്ടു തുടങ്ങി.അമ്മയും ഞാനും ശേഷിച്ചു.ഞങ്ങള്‍ അന്തം വിട്ടു നില്ക്കുന്നതുകണ്ട് നാടകം കാണാനെത്തിയ അച്ഛന്റെ സുഹൃത്തക്കളും സഖാക്കളും കാര്യം തിരക്കി.മണിക്കൂറുകള്‍ക്കു ശേഷം അവസാനം ടാക്സി പിടിച്ച് ഞങ്ങള്‍ വീട്ടിലെത്തിയപ്പോള്‍ ഒന്നും സംഭവിക്കാത്ത മട്ടില്‍ അച്ഛന്‍ വായനയില്‍ മുഴികിയിരിക്കുന്നു.നാടം കഴിയുമ്പോഴേക്കും എത്തിയാല്‍മതിയല്ലോ എന്നു കരുതി പാര്‍വ്വതിയെ വീട്ടില്‍ കൊണ്ടു വന്നു കിടത്തി പുസ്തകം എടുത്തതായിരുന്നത്രേ.വായനക്കിടയില്‍ ഞങ്ങളുടെ കാര്യം അച്ഛന്‍ മറന്നുപോയിരുന്നു

            വായനയെ, പുസ്തകങ്ങളെ അത്രമാത്രം സ്നേഹിച്ചിരുന്ന മറ്റൊരാള്‍ നമ്മുടെ ഇടയില്‍ ജീവിച്ചിരുന്നോ? സംശയമാണ്. വായിക്കുക മാത്രമല്ല , മലയാളത്തിലെ എക്കാലത്തേയും മികച്ച എത്രയോ പുസ്തകങ്ങള്‍ പി ജിയുടേതായി നമുക്കു ലഭിക്കുകയും ചെയ്തു.കേരള  നവോത്ഥാനം ഒരു മാര്‍ക്സിസ്റ്റ് വീക്ഷണം (നാലു ഭാഗം ), മാര്‍ക്സിസ്റ്റു സൌന്ദര്യശാസ്ത്രം ഉത്ഭവവും വളര്‍ച്ചയും, ഇസങ്ങള്‍ക്കിപ്പുറം എന്നിങ്ങനെ നിരവധി പ്രൌഢോജ്ജ്വല ഗ്രന്ഥങ്ങള്‍ അദ്ദേഹത്തില്‍ നിന്നും നമുക്കു ലഭിച്ചു.കൂടാതെ മലയാളത്തിലെ തന്നെ എക്കാലത്തേയും മികച്ച വൈജ്ഞാനിക വിപ്ലവം ഒരു സാംസ്കാരിക ചരിത്രം എന്ന പുസ്തകത്തെ പ്രത്യേകം പരാമര്‍ശിക്കുക തന്നെ വേണം. പല വിധ കാരണങ്ങള്‍‌കൊണ്ടും നമ്മുടെ പരിഗണന വേണ്ടത്ര അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടോ എന്ന സംശയം അസ്ഥാനത്തല്ലെങ്കിലും പുസ്തകങ്ങളെ സ്നേഹിച്ച, ആശയങ്ങള്‍ക്കു വേണ്ടി ജീവിച്ച പി ഗോവിന്ദപ്പിള്ളയുടെ ജീവിതം നമുക്കെന്നും മാതൃകാപരമാണ്.

Friday, December 22, 2017

#ദിനസരികള്‍ 254

ഇടശ്ശേരിയുടെ കുറ്റിപ്പുറം പാലം എന്ന കവിത , പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ട് മുന്നോട്ട് കുതികുതിക്കുന്ന മനുഷ്യവംശത്തിന്റെ മുഖത്തേക്ക് ഒരു ചോദ്യം തുപ്പുന്നുണ്ട്.ഏതുകാലത്തും പ്രസക്തമാകുന്ന അച്ചോദ്യത്തിന്റെ ഉള്ളുറപ്പില്‍ വായനക്കാരനെ ഉലയ്ക്കുക എന്ന കര്‍ത്തവ്യം ഈ കവിത ഭംഗിയായി നിറവേറ്റുന്നുമുണ്ട്.മനുഷ്യന്‍ മനുഷ്യനല്ലാതാകുകയും വികസനമെന്ന മഹാമന്ത്രത്തിന്റെ പതാകാവാഹകരായി മാത്രം മാറുകയും ചെയ്യുന്ന ഒരു കാലഘട്ടത്തില്‍ മൂല്യങ്ങളൊക്കെയും തച്ചു തകര്‍ക്കപ്പെടുകയും ഘനമാനങ്ങളില്‍ കെട്ടിയുയര്‍ത്തപ്പെട്ടിരിക്കുന്ന മണിമന്ദിരങ്ങളുടെ ശീതീകരിച്ച ഉള്‍ത്തടങ്ങളില്‍ അരുളിമരുവുന്ന മഹാപ്രഭൂക്കന്മാരുടെ അമാനവികമായ ഇച്ഛകള്‍ മാത്രം നടപ്പിലാക്കപ്പെടുകയും ചെയ്യുന്ന ഇക്കാലങ്ങളില്‍ ഈ ചോദ്യത്തിന്റെ പ്രാധാന്യം എടുത്തു പറയേണ്ടതുതന്നെയാണ്.
                        കളിയും ചിരിയും കരച്ചിലുമായി
                        ക്കഴിയും നരനൊരു യന്ത്രമായാല്‍
                        അംബ , പേരാറേ നീ മാറിപ്പോമോ?
                        ആകുലയാമൊരഴുക്കു ചാലായ് ? ഈ നാലുവരികളില്‍ ഉപയോഗിച്ചിരുന്ന പദങ്ങളില്‍ കളി , ചിരി , കരച്ചില്‍  എന്നിവ മനുഷ്യന്റെ അടിസ്ഥാന വികാരങ്ങളോടു ചേര്‍ന്നു നില്ക്കുന്നവയാണ്.അവയില്‍ത്തന്നെ ചിരിയും കരച്ചിലുമാണ് മനുഷ്യനെ മനുഷ്യനായി വേറിട്ടു നിലനിറുത്തുന്ന രണ്ടു പ്രധാന ഘടകങ്ങള്‍. യാന്ത്രികമായ സംസ്കൃതിയുടെ കടന്നു കയറ്റം ജൈവികമായ നമ്മുടെ അടിസ്ഥാനഭാവങ്ങളെ മരവിപ്പിക്കുയും ചിരിയുടേയും കരച്ചിലിന്റേയും അവയുടെ സ്വാഭാവികമായ വന്നുപോകലുകളെ തടയുകയും ചെയ്യും.ഇത് മനുഷ്യനെ മനുഷ്യനല്ലാതെയാക്കും എന്ന കാര്യം അവിതര്‍ക്കിതവും നാം സമകാലികമായ അനുഭവിച്ചുകൊണ്ടിരിക്കുയും ചെയ്യുന്ന വസ്തുതയാണ്.
            നഗരം ഗ്രാമങ്ങളിലേക്ക് ചെന്നു കയറുകയും ഗ്രാമങ്ങളുടെ ഉമ്മറത്ത് ഇളംവെറ്റിലയുടെ ഞരമ്പുകള്‍ നുള്ളി മാറ്റി ചവച്ചു തുപ്പി രസംകൊണ്ടിരുന്ന പച്ചമനുഷ്യരെ വലിച്ചു പുറത്തെറിയുകയും യന്ത്രവത്കൃതമായ ഒരു നഗരജീവിതത്തെ സ്ഥാപിച്ചെടുക്കുകയും ചെയ്തപ്പോള്‍ നമുക്ക് ഇല്ലാതായത് എന്തെല്ലാമാണെന്നുള്ള കണക്കെടുപ്പിന് ഒരു പ്രസക്തിയുണ്ടോ? ഉണ്ടെന്നാണ് ഇടശ്ശേരിയുടെ പക്ഷം ; എന്റേയും. തടംകുത്തിത്തകര്‍ത്തു പാഞ്ഞൊഴുകുന്ന പേരാറിന് കുറുകെ പാലമുണ്ടാകേണ്ടതുതന്നെ. പക്ഷേ അതുവഴി കടന്നു വരുന്ന അവസാനമില്ലാത്ത മറ്റു വിപത്തുകളെ നാം നേരിടേണ്ടതെങ്ങനെ?അമ്പരപ്പോടെ ആ വരവിനെ കണ്ടു നില്ക്കുക എന്ന ദയനീയതയാണ് കവി വരച്ചിടുന്നത്.
            അലരിന്മേല്‍ വാഴ്ച തുടങ്ങുകയായ്
            ശിലയും കരിയും സിമന്റുരുക്കും
            അലറിക്കുതിച്ചിങ്ങു പായുകയായി
            ടയറും പെട്രോളും പകലിരവും
            ഇവിടെച്ചമരുകളുയരുകയാ
            യിടയറ്റിവും വലവും ,മെങ്ങും
            കടുതരം പകലെങ്ങും ശബ്ദുപൂരം
            കടുതരമിരവിലും ശബ്ദപൂരം
            മുറുകിടും ശബ്ദങ്ങളെങ്ങുമിങ്ങും
            മുറുകിടും ചലനങ്ങളങ്ങുമെങ്ങും
            അറിയാത്തോര്‍ തമ്മിലടിപിടികള്‍
            അറിയാത്തോര്‍ തമ്മില്‍ പിടിച്ചു പൂട്ടല്‍
അറിയാത്തോര്‍ തമ്മിലയല്‍പക്കക്കാര്‍
            അറിയുന്നോരെല്ലാരുമന്യനാട്ടാര്‍ - എല്ലാമെല്ലാം കണക്കില്‍‌പ്പെടുത്തി മെഴുക്കിട്ട് ചലിക്കുന്ന യാന്ത്രികമായ ഒരന്തരീക്ഷത്തില്‍ നിങ്ങളുടെ മൃദുവില്‍ മൃദുവായ ലോലവികാരങ്ങളെ താലോലിക്കാന്‍ ആര്‍ക്കാണു നേരം? മനുഷ്യനെ മാനവികതെ കേന്ദ്രസ്ഥാനത്തുനിറുത്തുന്ന വികസനചിന്തകളെ സ്വീകരിക്കുവാന്‍ നമുക്കെന്നാണ് കഴിയുക?
            ആടപത്തോടിവള്‍ പേമഴയി
            ലാകെത്തടം കുത്തിപ്പാഞ്ഞു നിന്നു
            ഒരു തോണി പോലും വിലങ്ങിടാതെ
            ഗരുഡനും മേലില്‍ പറന്നിടാതെ
            ഇനിയും നീളേ നീയിരച്ചുപൊന്തും
            ഇനിയും തടംതല്ലിപ്പാഞ്ഞണയും
            ചിരി വരുന്നുണ്ടതു ചിന്തിക്കുമ്പോ
            ളിനി നീയ്യിപ്പാലത്തില്‍ നാട്ടനൂഴും -  സ്വന്തം വിധിയോട് ഏറ്റുമുട്ടി നാട്ട നൂഴാന്‍ വിധിക്കപ്പെട്ടത് കേവലമൊരു നദിയല്ല മനുഷ്യകുലമാകെത്തന്നെയുമാണ് എന്ന തിരിച്ചറിവ് എന്നുണ്ടാകുന്നോ അന്നേ കവി ഉന്നയിക്കുന്ന ചോദ്യങ്ങളെ അഭിമുഖീകരിക്കുവാനുള്ള ധൈര്യം നാം കൈവരിക്കൂ. അതുകൊണ്ട് മനുഷ്യനായിരിക്കുക എന്ന വലിയ വെല്ലുവിളി ഏറ്റെടുക്കുന്നതിന് ആരൊക്കെയാണ് മുന്നിട്ടിറങ്ങുക എന്നതാണ് ചോദ്യം.