#ദിനസരികള്‍ 263

നേരെ ചോദിക്കട്ടെ, നിങ്ങള്‍ വൈലോപ്പിള്ളിയുടെ ഓണപ്പാട്ടുകാ‍ര്‍ എന്ന കവിത വായിച്ചിട്ടുണ്ടോ? ഇല്ല എന്നാണെങ്കില്‍ മലയാള കവിത നാളിതുവരെ അനുഭവിപ്പിച്ചതില്‍ ഏറ്റവും ഉദാത്തമായ , മഹനീയമായ ഒരാവിഷ്കാരത്തെ  നിങ്ങള്‍ക്ക് നഷ്ടമായിട്ടുണ്ട് എന്നുറപ്പിക്കാം. എന്തുകൊണ്ടാണെന്നോ? ഏതു തലം വരെയാണോ ഒരു കവിതക്ക് കയറി നില്ക്കാനാകുക ആ തലത്തിലാണ് ഓണപ്പാട്ടുകാരുടെ നില്പ്. ഏതു ഭാവത്തെയാണോ ഒരു ഭാഷകൊണ്ട് അടയാളപ്പെടുത്താനാകുക ആ ഭാവത്തിന്റെ പരകോടിയെയാണ് ഓണപ്പാട്ടുകാര്‍ പാടിത്തരുന്നത്. ഗതകാലചരിത്രത്തിന്റെ ഈടുവെയ്പുകളിലൂടെ വര്‍ത്തമാനത്തിന്റെ അടരുകളിലേക്ക് ഒരു തൂവല്‍ കൂടി പൊഴിച്ചിട്ടുകൊണ്ട് , വരുംകാലത്തിന്റെ സുപ്രഭാതങ്ങളെ സ്വാഗതം ചെയ്യുവാന്‍ തുനിഞ്ഞിറങ്ങിയ ഈ പാട്ടുകാരുടെ മുന്നില്‍ കസേര വലിച്ചിട്ടിരിക്കാന്‍ കെല്പുള്ള ഒരു കവിത ഇനിയും മലയാളത്തില്‍ പിറക്കേണ്ടിയിരിക്കുന്നു എന്നു പറയുന്നത് ഒട്ടും അതിശയോക്തിയാവില്ല.
            ഏതേതു ഭാഷയില്‍ , ഏതേതു സംസ്കാരങ്ങളില്‍ , ഏതേതു ദേശങ്ങളില്‍ അധിവസിച്ചാലും മാനവസത്ത , വെച്ചുകെട്ടലുകളുടെ ടിപ്പണികളൊഴിവാക്കിയെടു ത്താല്‍ ഏകവും അവിച്ഛിന്നവുമായിരിക്കുമെന്നും അതൊരു ഓണക്കാലത്തിന്റെ ഏറ്റക്കുറച്ചിലുകളില്ലാത്ത ജീവിതദര്‍ശനങ്ങളുടെ തനിപ്പകര്‍പ്പായിരിക്കുമെന്നുമുള്ള പ്രഖ്യാപനം , ലോകത്തിന്റെ ഏതു കോണിലുള്ള മനുഷ്യന്റെ ഏതു തരത്തിലുള്ള വികാരങ്ങളോടും സാത്മ്യപ്പെടുവാനുള്ള സാധ്യതയാണ് തുറന്നിടുന്നത്.രാജ്യത്തിന്റെ അതിര്‍ത്തികളോ , ദേശത്തിന്റെ വൈവിധ്യങ്ങളോ ആ സാര്‍വ്വലൌകികതയെ ബാധിക്കുന്നില്ല.
            പല ദേശത്തില്‍ പല വേഷത്തില്‍
                        പ്പലപല ഭാഷയില്‍ ഞങ്ങള്‍ കഥിപ്പൂ
            പാരിതിലാദിയിലുദയം കൊണ്ടു പൊ
                        ലിഞ്ഞൊരു പൊന്നോണത്തിന്‍ ചരിതം കവി പറയുന്ന പൊന്നോണത്തിനെ പ്രാദേശികമായ കെട്ടുപാടുകളില്‍ നിന്നും വേര്‍‌പെടുത്തിയെടുത്ത് സര്‍വ്വലോകത്തിന്റേയും പൂമുറ്റത്തേക്കാനയിക്കുക.നമ്മുടെ ചെറിയ ചെറിയ കുശുമ്പുകള്‍ ,കുന്നായ്മകള്‍ , സംഗരത്തോളമെത്തുന്ന സംവാദങ്ങള്‍ - എല്ലാത്തിനും അവധി പ്രഖ്യാപിക്കുക.ഒരു പൂവു പൊഴിഞ്ഞു വീഴുന്നതു കണ്ടു നില്ക്കാന്‍ സഹിയാത്ത , ഒരു പിഞ്ചുകുഞ്ഞ് വാവിട്ടു നിലവിളിക്കുമ്പോള്‍ ഓടിച്ചെന്നെടുത്ത് മാറോടു ചേര്‍ക്കുന്ന ആദിമാനവനോളം വലുതാകുക. യന്ത്രവത്കൃതസംസ്കാരത്തിന്റെ പൊലിമകളെ എത്രമാത്രം നിങ്ങള്‍ അനുഭവിച്ചു സുഖിക്കുന്നുവെങ്കിലും മാനത്തേക്കു നോക്കുമ്പോള്‍ കാണുന്ന മഴവില്ലിനോട് അയ്യട എന്നു പ്രതികരിക്കാത്തവരുണ്ടോ ? ആ നിമിഷത്തിലാണ് നിങ്ങള്‍ മനുഷ്യനാകുന്നത് , നിങ്ങള്‍ ബോധപൂര്‍വ്വം കരുപ്പിടിപ്പിച്ചു കൊണ്ടുവന്നിരിക്കുന്ന ആലഭാരങ്ങള്‍ അഴിഞ്ഞു വീഴുന്നത് , നിങ്ങള്‍ ആത്മാവില്‍ നഗ്നനാകുന്നത്.
            ഞങ്ങടെ പാട്ടിനു കൂട്ടു കുടം തുടി കിണ്ണം തംബുരുവോടക്കുഴലും എന്നത് വെറുതെ നിര്‍മിച്ചെടുത്തിരിക്കുന്ന ഒരു കൂട്ടല്ല. പരുവപ്പെടുത്തി വച്ചിരിക്കുന്ന   ഓടക്കുഴലിന്റേയും തംബുരുവിന്റേയും ക്ലാസ്സിക്കല്‍ പെരുമകളോടൊപ്പം, കിണ്ണത്തിന്റെ അപാരമ്പര്യമായ ഊര്‍ജ്ജം കൂടി പ്രവഹിക്കുമ്പോഴാണ് താളം പൂര്‍ണമാകുന്നതെന്ന ബോധ്യത്തില്‍ നിന്നാണ് കവി ഈ വരികളിലേക്കെത്തുന്നത്. വൈവിധ്യങ്ങളുടെ , രുചിഭേദങ്ങളുടെ കൂടിച്ചേരലുകള്‍ നിര്‍മിച്ചെടുക്കുന്ന പുതുഭാവങ്ങളെപ്പോലെ ഏകതയിലേക്ക് കുതികുതിച്ചെത്തുന്ന ഒരു മാനവസത്തയെ കവി പ്രതീക്ഷിക്കുന്നു
            ഭൂഖണ്ഡങ്ങളാകെയും ഒരോണക്കാലത്തേക്കു നിവരുക. ഏതുതരം ഓണക്കാലം?
            അലിഖിതമായൊരു ധര്‍മ്മം പാലി
            ച്ചുന്നത വിസ്തൃതചിന്താകര്‍മ്മ
            പ്പൊലിമയിലന്നു പരസ്പരമൊത്തു പു
            ലര്‍ന്ന  മനുഷ്യരുടേതാണ് അക്കാലം.അക്കാലത്തിന്റെ വാഴ്ത്തുപാട്ടുകള്‍ക്ക് അവസാനമില്ല.കുടിലതകളെ തീണ്ടാത്ത ധിഷണകളുടെ തീക്ഷ്ണങ്ങളായ വ്യാപാരങ്ങള്‍ക്ക് സാക്ഷ്യംവഹിക്കുന്നവര്‍ക്കിടയില്‍ പക്ഷേ , ദിവ്യതയെ, മനുഷ്യത്വത്തിന് അപ്പുറത്തേക്ക് മറ്റൊരു ഭാവനയെ , ആരാധിക്കുക എന്നത് അസംഭവ്യം തന്നെയായിരുന്നു.കേവലമായ പ്രതീക്ഷകള്‍ നല്ക്കുക എന്നതിനപ്പുറം അത്തരം ദിവ്യത്വങ്ങള്‍ക്ക് മാനവജീവിതത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുന്നതിന് അഭൌമികമായ എന്തെങ്കിലും ശക്തിവിശേഷങ്ങളുണ്ടെന്ന് അവര്‍ ചിന്തിച്ചിരുന്നില്ല. ആരാധിക്കേണ്ടത് , പക്ഷേ മനുഷ്യനെയാണ് എന്ന ഉത്തമബോധ്യം അവര്‍ക്കുണ്ടായിരുന്നു താനും.ഇവിടെയാണ് വൈലോപ്പിള്ളി , ദൈവത്തിന്റെ സ്ഥാനത്തേക്ക് മനുഷ്യനെ മാറ്റി നിറുത്തുന്നത്.ആ മാറ്റിനിറുത്തല്‍ ഒരു നിമിഷത്തിന്റെ വൈകാരികമായ പ്രകടനമല്ല, മറിച്ച് മാനവകുലത്തിന്റെ ചരിത്രം നല്കിയ പാഠങ്ങളുടെ ആകെത്തുകയാണ്.
            ദിവ്യത പൂജിക്കായ്കിലുമവരുടെ
            ജീവിതമൊക്കെയൊരാരാധനയായ്
            ഉര്‍വ്വിയലവരുടെ യുഗമോ? സുകൃത
            പ്പൂക്കളൊടുങ്ങാത്തിരുവോണവുമായ് നേരിന്റെ വിന്യാസങ്ങള്‍ കൊണ്ട് പുതുമയാര്‍ന്ന പരിമളങ്ങളെ ആരചിച്ചുകൊണ്ടിരുന്ന അക്കാലത്തെയാണ്, വാമനന്‍ തന്റെ മൂന്നടികളുമായി വന്നു കേറുന്നത്.പിന്നീട് കെട്ടകാലത്തിന്റെ തെരുവുകാഴ്ചകളായി ജീവിതം വെറുങ്ങലിക്കാന്‍ തുടങ്ങി.ഏതേതു മൂല്യങ്ങളാണോ ഒരു കാലത്ത് ശ്രേയസ്സിനേയും പ്രേയസ്സിനേയും നിര്‍വചിക്കുകയും നിശ്ചയിക്കുകയും ചെയ്തത് അതാതു മൂല്യങ്ങള്‍തന്നെ ലോകത്തിന്റെ തിരുമുറ്റത്തുനിന്നും നിഷ്കാസിതരായി.
            പൃത്ഥിയിലന്നു മനുഷ്യര്‍ നടന്ന പ
            ദങ്ങളിലിപ്പൊധോമുഖവാമനര്‍
            ഇത്തിരിവട്ടം മാത്രം കാണ്മവര്‍
            ഇത്തിരിവട്ടം ചിന്തിക്കുന്നവര്‍ - മനുഷ്യര്‍ എന്ന പദം ഇത്ര തീവ്രതയോടെ മറ്റെവിടേയും അവതരിപ്പിച്ചതായി കണ്ടിട്ടില്ല.ഒരേ സമയം ഈശ്വരീയതയെ നിരസിക്കുകയും അതേസമയം അമാനവീകരിക്കപ്പെട്ട , ആകൃതികൊണ്ടു മനുഷ്യനെന്ന് വിളിക്കപ്പെടുന്ന കോലങ്ങളെ മാറ്റി നിറുത്തുകയും ചെയ്യുന്ന ജൈവികമായ ഒരു ശക്തി ഈ പദത്തിന് നല്കിയിരിക്കുന്ന സവിശേഷമായ ഊന്നലിലൂടെ സാധിച്ചെടുക്കുന്നുണ്ട് , വൈലോപ്പിള്ളി.
            ചരിത്രത്തിന്റെ ഇടതടവില്ലാത്ത കുത്തൊഴുക്കില്‍ , ഓണക്കാലത്തിന്റെ നേരനുഭവങ്ങള്‍ മറഞ്ഞു കഴിഞ്ഞിരിക്കുന്നു. എന്നോ കേട്ട മനോഹരമായ ഒരു ഗാനശകലത്തിന്റെ ചീളുകള്‍ പോലെ അക്കാലം പക്ഷേ വിദൂരമായ ഒരു ഭൂതകാലത്തില്‍ നിന്നും മാടിവിളിക്കുന്നുണ്ടെന്ന് കവി തിരിച്ചറിയുന്നുണ്ട്.  അക്കാലം സത്യമോ നുണയോ എന്നു വ്യവച്ഛേദിച്ചറിയാന്‍ കഴിയാത്ത ഈ അന്തരാളഘട്ടത്തില്‍ ഓണക്കാലത്തിന്റെ ഓര്‍‌മകള്‍ പോലും മധുരോദാരമാണ്.
            അവകള്‍ കിനാവുകളെന്നാം ശാസ്ത്രം
            കളവുകളെന്നാം ലോക ചരിത്രം
            ഇവയിലുമേറെ യഥാര്‍ത്ഥം ഞങ്ങടെ
            ഹൃദയ നിമന്ത്രിത സുന്ദരതത്ത്വം എന്ന പ്രഖ്യാപനം ഓണക്കാലത്തിന്റെ ഓര്‍മകള്‍ക്കുമുകളില്‍ പടര്‍ന്നു പന്തലിച്ചിരിക്കുന്ന യാന്ത്രികമായ പടര്‍പ്പുകളോടുള്ള പ്രതിഷേധവും വെല്ലുവിളിയുമാണ് ; മനുഷ്യന്‍ വിജയിയായി നിന്ന അക്കാലത്തിന്റെ ഓര്‍‌മകളെ എങ്കിലും താലോലിച്ചു കൊള്ളട്ടെ എന്ന യാചനയും.
            ലോകത്തിന്റെ തിരുമുറ്റം എല്ലാവര്‍ക്കുമുള്ളതാണ്. അവിടെ കള്ളികള്‍ തിരിച്ചുള്ള വീതംവെപ്പുകള്‍ അശ്ലീലമാകുന്നു.അതിര്‍ത്തികളുടെ വളവുതിരിവുകളാല്‍‌ മനുഷ്യനെ വേര്‍തിരിക്കുന്നത് അസംഗതമാകുന്നു.ഞാനും നീയും എന്ന സ്വാര്‍ത്ഥങ്ങളില്‍ നിന്ന് നിന്ന് നമുക്ക് എന്ന നിസ്വാര്‍ത്ഥതയിലേക്ക് മാറുന്നില്ലയെങ്കില്‍ മനുഷ്യന്‍ എന്ന പദം നമുക്ക് ചേരാത്തതാകുന്നു.അതുകൊണ്ട് , ലോകത്തിന്റെ തിരുമുറ്റത്ത് മനുഷ്യനെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ചേര്‍ന്നു നില്ക്കുക എന്ന ആവശ്യത്തിന് എക്കാലത്തും പ്രസക്തിയുണ്ട്.സമതയുടെ അക്കാലം വരേണ്ടതാണെന്നും വരും എന്നുമുള്ള പ്രതീക്ഷകളുടെ നാമ്പിനെയെങ്കിലും നാം കാത്തുവെക്കുക.
            കാണുക ദേവകള്‍തന്‍ പരിഹാസം 
            പോലെ നിലാവൊളി ചിന്നിയ പാരിന്‍
            സാനു തലങ്ങളിലൂടെ നിവര്‍ന്നു
            നടന്നു വരുന്നൊരു തേജോരൂപം
            ആ വരവിങ്കലുണര്‍ന്നു ചിരിപ്പൂ
            പൂവുകള്‍ - ഞങ്ങടെ സാക്ഷികളത്രേ
            പൂവുകള്‍ - പോവുക നാമെതിരേല്ക്കുക
            നമ്മളൊരുക്കുക നാളെയൊരോണം.
           


ാനശകലത്തിന്റെ ചീളുകള്‍ പോലെ അക്കാലം പക്ഷേ വിദൂരമായ ഒരു ഭൂതകാലത്തില്‍ നിന്നും മാടിവിളിക്കുന്നുണ്ടെന്ന് കവി തിരിച്ചറിയുന്VG. ഉണ്
           

            

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1