#ദിനസരികള്‍ 268
ആദിവാസികളുടെ കോളനി
ജീവിതം അവസാനിപ്പിക്കുകയും അവരെ ഒറ്റയൊറ്റയായി പൊതുസമൂഹത്തിലേക്ക്
പറിച്ചു നടുകയും ചെയ്താല്‍ എന്താണ് കുഴപ്പം എന്ന ചോദ്യത്തിന് “ അയ്യോ
അവരതിനെ അതിജീവിക്കില്ല , അവരുടെ വിശ്വാസം , സംസ്കാരം എന്നിവയൊക്കെ നഷ്ടപ്പെടും.
കൂടാതെ കൂട്ടമായി ജീവിക്കുന്ന സ്വഭാവമുള്ള അവര്‍ക്ക് ആ ജീവിതത്തിന്റെ
സുഖമില്ലാതാകും. കാടുമായി ഇഴുകിച്ചേര്‍ന്ന് ജീവിക്കുവാനുള്ള അവരുടെ ആഗ്രഹത്തിനും
ആദിമചോദനക്കും അത് തടസ്സമാകും.അങ്ങനെയാണ് അവര്‍ ചെറുപ്പം മുതല്‍ ശീലിച്ചു
പോന്നിരിക്കുന്നത്. അതില്‍ നിന്നും നാമ്മള്‍ അവരെ വേര്‍പെടുത്താന്‍ ശ്രമിച്ചാല്‍
അത് അവരെ നശിപ്പിക്കുന്നതിന് തുല്യമായിരിക്കും” എന്നാണ് ആദിവാസികളോട് ആഭിമുഖ്യമുള്ള
ഒരു സുഹൃത്ത് മറുപടി പറഞ്ഞത്.സുഹൃത്തിന്റെ ആശങ്കകളെ അങ്ങനെത്തന്നെ
വിട്ടുകൊടുത്തുകൊണ്ട് ഞാന്‍ ആ സംഭാഷണം അവസാനിപ്പിക്കുകയാണ് ചെയ്തത്.
ആദിവാസികളുടെ കോളനി ജീവിതം അവസാനിപ്പിച്ചുകൊണ്ട് അവരെ
പൊതുസമൂഹത്തിന്റെ ഇടയിലേക്ക് ഒറ്റയൊറ്റ കുടുംബങ്ങളായി മാറ്റിപാര്‍പ്പിക്കണമെന്ന
അഭിപ്രായത്തിന് സാംഗത്യമുണ്ട്.സ്വയം പര്യാപ്തത കൈവരിക്കുന്ന കോണനികളെ
ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സര്‍ക്കാറുകള്‍ നടത്തിയ /
നടത്തുന്ന ക്ഷേമപ്രവര്‍ത്തനങ്ങളെക്കുറിച്ച് നമുക്കറിയാം. സംസ്ഥാനം
നിലവില്‍ വന്നതുമുതല്‍ നാളിതുവരെ കോടിക്കണക്കിനു തുക ഈയിനത്തില്‍ ചിലവാക്കിക്കഴിഞ്ഞു.എന്നിട്ടും
കോളനികളുടെ ദയനീയമായ അവസ്ഥ തുടരുകതന്നെയാണ്. വീടുകളെ സംബന്ധിച്ച് മാത്രമുള്ള ഒരു കണക്കില്‍
ആദിവാസികളുടെ ഭൂരിഭാഗം വീടുകളും കേവലം 200 -
500 ച.അടിക്ക് ഇടയില്‍ മാത്രമാണെന്നത് ഒരു കുടുംബം എത്ര വിശാലമായിട്ടാണ് ആ
മുറികളില്‍ കഴിയുന്നത് എന്നതിന്റെ സൂചന നല്കുന്നു.
ആദിവാസികള്‍ കൂട്ടായും കോളനികളിലും ജീവിച്ചു പോന്നവരാണ്.
അവരെ പറിച്ചു മാറ്റുന്നത് ഫലപ്രദമായിരിക്കില്ല എന്നൊരു വാദമുണ്ടല്ലോ. അതും
പരിഗണിക്കേണ്ടതുതന്നെ. ഈ പറയുന്ന രീതികളിലുള്ള ജീവിതം ഇന്ന് മുഖ്യധാരയിലൂടെ കടന്നു
പോകുന്ന മനുഷ്യവര്‍ഗ്ഗത്തിന്റെ ചരിത്രത്തിലാകെയുമുള്ളതാണ്. ഒരു പത്തോ അഞ്ഞൂറോ
കൊല്ലം മുമ്പ് അല്ലെങ്കില്‍ ആയിരമോ രണ്ടായിരമോ കൊല്ലംമുമ്പ് ഇവരൊക്കെ
കൂട്ടുകുടുംബങ്ങളായും കോളനികളായും ഗുഹാമനുഷ്യരായും നായാടികളായുമൊക്കെ
ജീവിച്ചവരാണ്. അനുകൂലമായ പരിതസ്ഥിതികളില്‍ അവയെയൊക്കെ കൈവെടിഞ്ഞ് പുരോഗമനം
ചെയ്തവരുമാണ്.അല്ലാതെ അഞ്ഞൂറു വര്‍ഷം മുമ്പുള്ള സംസ്കാരത്തെ സംരക്ഷിക്കാന്‍ വേണ്ടി
ഗുഹാമനുഷ്യനായിത്തന്നെ ജീവിച്ചുപോകണം എന്ന വാദത്തിന്റെ പൊരുളെന്താണ്?നാം
ഇപ്പോള്‍ ആദിവാസികളിലൂടെ സംരക്ഷിക്കണം എന്ന് അലമുറയിടുന്ന അതേ സംസ്കാരങ്ങളെത്തന്നെ
പിന്തള്ളിയാണ് നാമിന്ന് പരിഷ്കൃതരായി പുരപ്പുറത്തു കയറി നില്ക്കുന്നത്. എന്നിട്ട്
മറ്റുള്ളവരെ കൂടെ കയറാന്‍ സമ്മതിക്കാതെ നിങ്ങളവിടെയിരുന്ന് നിങ്ങളുടെ സംസ്കാരം
സംരക്ഷിക്കു എന്ന് നിര്‍ദ്ദേശിക്കുന്നത് എത്ര അസംബന്ധമാണ്!
അതുകൊണ്ട്
ആദിവാസികളുടെ കോളനിവത്കരണം അവസാനിപ്പിച്ചുകൊണ്ട് അവരെ കുടുംബങ്ങളായി
പൊതുസമൂഹത്തിന്റെ ഇടയിലേക്ക് പറിച്ചു നടണം.ആ പറിച്ചു നടലിന്റെ വിഷമങ്ങള്‍
ചിലപ്പോള്‍ ഇപ്പോഴത്തെ ഒരു തലമുറയെ ബാധിച്ചുവെന്നു വരാം. എന്നാല്‍ വരാനിരിക്കുന്ന
നിരവധി തലമുറകള്‍ക്ക് അത് ഗുണകരമാകും.സര്‍ക്കാര്‍ ജോലിയൊക്കെ ലഭിച്ച് കോളനി
ജീവിതം അവസാനിപ്പിച്ച് സമൂഹത്തില്‍ നന്നായി ഇടപെട്ടുജീവിക്കുന്ന എത്രയോ ആദിവാസി
കുടുംബങ്ങളെ ഉദാഹരിക്കുവാന്‍ കഴിയും ? മദ്യപാനാസക്തിയടക്കമുള്ള പലരോഗങ്ങളേയും
ഒരു പരിധിവരെ നമുക്ക് നിയന്ത്രിക്കാനും കഴിയും.ഈ വിഷയത്തില്‍ കുലങ്കഷമായ ഒരു ചര്‍ച്ച
സാമൂഹ്യശാസ്ത്രജ്ഞന്മാരും പൊതുസമൂഹവും നടത്തേണ്ടതുണ്ട്.
Comments