#ദിനസരികള്‍ 266

എനിക്കേറെ പ്രിയപ്പെട്ട ഈസ്റ്റ് വുഡിന്റെ ഇന്‍വിക്ടസ് എന്ന സിനിമയില്‍ മോര്‍ഗന്‍ ഫ്രീമാന്‍ , ജനതക്കു തെറ്റു പറ്റുമ്പോള്‍ അവരെ ശരിയായ വഴിക്കു നയിക്കുന്നവനാണ് നേതാവ് എന്നു പറയുന്നുണ്ട്. തെറ്റാണ് ഭൂരിപക്ഷത്തിന്റേതെങ്കില്‍ അത് ചൂണ്ടിക്കാണിക്കുകയും അവരെ നേര്‍വഴിക്കു നടത്തുകയും ചെയ്യുക എന്ന ബാധ്യത ഏറ്റെടുക്കുന്നതില്‍ ഒരു യഥാര്‍ത്ഥ നേതാവ് അമാന്തം കാണിച്ചുകൂട. അതിനു തയ്യാറാകുന്നില്ലെങ്കില്‍ താല്കാലികമായ ഒരു വിജയത്തിനുശേഷം ചരിത്രത്തിന്റെ ചവറ്റു കുട്ടയിലായിരിക്കും അദ്ദേഹത്തിന്റെ സ്ഥാനം. എന്തുകൊണ്ടോ ഈ ബോധ്യം നമ്മുടെ നേതാക്കന്മാര്‍ക്ക് ഉണ്ടാവാറില്ല. പലപ്പോഴും നമ്മുടെ അവര്‍ ഭൂരിപക്ഷത്തിന്റെ ശരികളിലേക്ക് കൂപ്പുകുത്തി വീണുപോയിട്ടുണ്ട്.ജനത ചിന്തിക്കുന്നത് തെറ്റാണെന്ന് വിളിച്ചു പറയാനും അവരെ നേര്‍വഴിക്ക് നടത്താനും അസാമാന്യമായ ധൈര്യശാലികള്‍‌ക്കേ കഴിയുകയുള്ളു. നാടിന് ആവശ്യം അത്തരക്കാരെയാണ്.എന്നാല്‍ ബഹുജനഹിതത്തിന്റെ ആവേശത്തില്‍ നേതാക്കന്മാര്‍ക്കുണ്ടാകുന്ന വഴുക്കല്‍ നമുക്ക് മനസ്സിലാക്കാമെങ്കിലും നമ്മുടെ എഴുത്തുകാരെന്തിനാണ് ഭൂരിപക്ഷത്തിന്റെ പിന്നാലെ പോകുന്നത് എന്ന ചോദ്യം അതിലേറെ പ്രസക്തവും പ്രാധാന്യവുമുള്ളതാണ്.
            നാണപ്പന്‍ എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന എം പി നാരായണപിള്ളയുടെ ആര്‍ക്കാണ് ഭ്രാന്ത് എന്ന പുസ്തകം ഈ വിഷയം തന്മയത്വത്തോടെ ചര്‍ച്ച ചെയ്യുന്നുണ്ട്.ഇവിടെ അദ്ദേഹം ചോദിക്കുന്ന ഒരു ചോദ്യം നേതാക്കന്മാര്‍ ജനങ്ങളുടെ പിന്തുണക്കുവേണ്ടി ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിനെ പലപ്പോഴും പിന്തുണച്ചുവെന്നു വരാം.എങ്കില്‍ക്കൂടി നാട്ടിലെ എഴുത്തുകാരെന്തിനാണ് ആ ഭൂരിപക്ഷത്തിന് പിന്നാലെ പോയി സത്യം വിളിച്ചു പറയാതിരിക്കുന്നത് എന്നാണ്.അദ്ദേഹം എഴുതുന്നു :- ഞാന്‍ പൊതു പ്രവര്‍ത്തകനല്ല.ഞാന്‍ എഴുത്തുകാരനാണ്.എന്റെ തൊഴില്‍ ജനങ്ങളുടെ താല്ക്കാലി വികാരങ്ങളെ പ്രോത്സാഹിപ്പിക്കലല്ല.അവര്‍ക്കില്ലാത്ത മറ്റെങ്ങും കിട്ടാത്ത വെളിച്ചം കൊടുക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.ആയിരം സൂര്യനുദിച്ചാലും കണ്ണടച്ചിരുട്ടാക്കാനുള്ള സ്വാതന്ത്ര്യ ജനങ്ങള്‍ക്കുണ്ട്.എന്നാല്‍ ആചന്ദ്രതാരം ആര്‍ക്കും കണ്ണടച്ചിരിക്കാന്‍ പറ്റില്ല.അവര്‍ക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും വെളിച്ചം അവരുടെ കണ്ണുകളില്‍ കയറും.വളരെ ആലോചിച്ചുവേണം പൊതുജനങ്ങളുടെ വികാരത്തെ തലയിലേറ്റാന്‍.എത്രയെത്ര ഭീതിദമായ പാഠങ്ങള്‍ ചരിത്രത്തിന് പഠിപ്പിക്കാനുണ്ട്.നാത്സി ജര്‍മനി , ഫാസിസ്റ്റ് ഇറ്റലി , തോജോയുടെ ജപ്പാന്‍, ഖൊമൈനിയുടെ ഇറാന്‍,വിഭജനകാലത്തെ ഇന്ത്യ.ജനങ്ങളുടെ സ്നേഹത്തിനു വേണ്ടി ദാഹിക്കുന്ന കൊടിച്ചിപ്പട്ടികളാകരുത് എഴുത്തുകാര്‍.ജനാഭിപ്രായം പ്രതിഫലിപ്പിക്കുന്ന കണ്ണാടിയോ ദേശത്തിന്റെ ആത്മാവോ ആകാന്‍ എഴുത്തുകാര്‍ ശ്രമിക്കരുത്

            എംപി നാരായണപിള്ളയുടെ നിലപാടിനോട് വിയോജിക്കുക വയ്യ. ജനതയോട് ഉത്തരവാദിത്തമുള്ള എഴുത്തുകാരന്‍ സത്യം പറയാന്‍ ബാധ്യസ്ഥനാണ്.എന്നാല്‍ ഇക്കാലങ്ങളില്‍ സംഭവിക്കുന്നത് ജനതയുടെ അഭിപ്രായത്തിന് പിന്നാലെ എഴുത്തുകാരന്‍ പോകുകയാണ് എന്നതാണ്.അതോടൊപ്പം ചൂണ്ടിക്കാണിക്കേണ്ടത് നമ്മുടെ എഴുത്തുകാരില്‍ ഭൂരിപക്ഷവും സ്വീകരിക്കുന്ന മിണ്ടാനയമാണ്.വിവാദമായ ഒരു വിഷയത്തില്‍ നാടിന് ശരി പറഞ്ഞു കൊടുക്കേണ്ട സന്ദര്‍ഭത്തില്‍ മിണ്ടാതിരിക്കുക എന്നതും കുറ്റകരമായ അനാസ്ഥയാണ്.എഴുത്തുകാരന്‍ സംസാരിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. എത്ര ഉച്ചത്തില്‍ കഴിയുമോ അത്രയും ഉച്ചത്തില്‍.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം