#ദിനസരികള്‍ 267

ഇന്നലെ ഒരു യാത്രക്കിടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ആ ഹോട്ടലിലെ മുഴുവന്‍ ജീവനക്കാരും അന്യസംസ്ഥാന തൊഴിലാളികളാണല്ലോ എന്ന് കൂടെയുള്ള ഒരാള്‍ അഭിപ്രായപ്പെട്ടത്. ഭക്ഷണത്തിനുശേഷം ഒന്നു കൂടി ശ്രദ്ധിച്ചു. വെക്കുന്നതും വിളമ്പുന്നതും അടക്കമുള്ള മുഴുവന്‍ ജോലികളും ചെയ്യുന്നത് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. മാനേജര്‍ മലയാളിയാണെന്നതുകൊണ്ട് ഞങ്ങള്‍ അദ്ദേഹത്തോടു സംസാരിച്ചു. ഇവിടെ എല്ലാവരും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണെന്നും അവര്‍ നന്നായി ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവരിവിടെത്തന്നെയാണ് താമസിക്കുന്നതെന്നുകൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അവര്‍ക്കു കൊടുക്കുന്ന കൂലിയെക്കുറിച്ചുള്ള അന്വേഷണത്തിന് കുഴപ്പമില്ലാത്ത കൂലി കൊടുക്കുന്നുണ്ട് എന്നുമാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അന്യസംസ്ഥാനതൊഴിലാളികളുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ ശ്രദ്ധിക്കുന്ന ഒരാളെന്ന നിലയില്‍ കുഴപ്പമില്ലാത്ത കൂലി എന്ന മറുപടിയില്‍ എന്റെ മനസ്സുടക്കി.
            മലയാളികളായ തൊഴിലാളികളുടെ ഇടയില്‍ അന്യസംസ്ഥാനക്കാരെപ്പറ്റി അനുകൂലമല്ലാത്ത അഭിപ്രായം കൂടുതല്‍ ശക്തമായ തോതില്‍ ഉയര്‍ന്നു വരുവാന്‍ തുടങ്ങിയിരിക്കുന്നു. അവര്‍ തങ്ങളുടെ തൊഴില്‍ അപഹരിക്കുന്നവരാണെന്നും , തങ്ങളുടെ ജീവിതമാര്‍ഗ്ഗം ഇക്കൂട്ടര്‍ കാരണം ഇല്ലാതാക്കപ്പെടുകയാണെന്നുമാണ് തദ്ദേശീയരായ തൊഴിലാളികള്‍ ചിന്തിക്കുന്നത്.പല സ്ഥലങ്ങളിലും സംഘര്‍ഷങ്ങളോളമെത്തുന്ന വാഗ്വാദങ്ങളിലേക്കും പോലീസ് കേസുകളിലേക്കും ഈ അഭിപ്രായഭിന്നത ചെന്നെത്തിയിട്ടുണ്ട്. കൃത്യവും വ്യക്തവുമായ ഇടപെടലുകള്‍ അധികാരികളില്‍ നിന്നുമുണ്ടായില്ലെങ്കില്‍ വരുംകാലങ്ങളില്‍ ഈ സംഘര്‍ഷം കൂടിവരികതന്നെ ചെയ്യും.
            ഈ മേഖലയിലെ പ്രധാന പ്രശ്നങ്ങളിലൊന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ കുറഞ്ഞ കൂലിക്ക് പണിയെടുക്കുന്നു എന്നതാണ്.അതുകൊണ്ടാണ് ഹോട്ടല്‍ മാനേജര്‍ കൂലി പറയാതെ ഒഴിഞ്ഞുമാറിയത്. മലയാളികളായ തൊഴിലാളികള്‍ ഉന്നയിക്കുന്ന ഈ ആരോപണം പലപ്പോഴും ശരിയുമാണ്. കുറഞ്ഞ കൂലിക്ക് തൊഴിലെടുക്കുവാന്‍ ആളുകളെ ലഭിക്കുമ്പോള്‍ തൊഴിലുടമകള്‍ അവരെ ആശ്രയിക്കുന്നു എന്നതും വസ്തുതയാണ്.പക്ഷേ മലയാളികളായ തൊഴിലാളികള്‍ ആവശ്യപ്പെടുന്ന കൂലി അവര്‍ എടുക്കുന്ന ജോലിക്ക് ന്യായമായും ലഭിക്കേണ്ട പ്രതിഫലത്തെക്കാള്‍ കൂടുതലാണോ എന്നതും പരിശോധിക്കേണ്ടിയിരിക്കുന്നു. കൂലിയിലെ അന്യായമായ വര്‍ദ്ധനവ് മറ്റു സാധ്യതകള്‍ തേടാന്‍ തൊഴില്‍ ദായകരെ പ്രേരിപ്പിക്കുന്നു. സ്വാഭാവികമായും അഡ്ജസ്റ്റ് ചെയ്യുന്ന മറുനാടന്‍ തൊഴിലാളികളിലേക്ക് അവരെത്തിപ്പെടുകയും ചെയ്യുന്നു. കുറഞ്ഞ ജീവിതനിലവാരത്തില്‍ കുറഞ്ഞ കൂലിക്ക് ജോലിയെടുത്തുകൊണ്ടിരുന്ന അവര്‍ക്ക് കേരളത്തിലെ ഉയര്‍ന്ന ജീവിതനിലവാരത്തോടൊപ്പം ജീവിക്കുന്ന തൊഴിലാളികള്‍ക്കു തുല്യമായ വേതനം ലഭിക്കുന്നു എന്നത് ആകര്‍ഷണീയമായ ഘടകമാണ്.
            അന്യസംസ്ഥാന തൊഴിലാളികളെ ഇവിടെ എത്തിച്ച് തൊഴിലാളികളില്‍ നിന്നും തൊഴില്‍ ദായകരില്‍ നിന്നും ഒരേ സമയം കമ്മീഷന്‍ വാങ്ങി പതിനായിരം രൂപ വരെ ദിവസവും ഉണ്ടാക്കുന്ന മലയാളികളായ ഇടനിലക്കാരും നിലവിലുണ്ട്.കുപ്പായം ചുളിയാതെ പണമുണ്ടാക്കുന്ന ഈ വിദ്യയുടെ പ്രയോക്താക്കള്‍ സ്വാഭാവികമായും ധാരാളം അന്യസംസ്ഥാനതൊഴിലാളികളെ ഇറക്കുമതിചെയ്യുന്നു.ഇങ്ങനെ കേരളത്തില്‍ വന്നടിയുന്ന അന്യസംസ്ഥാന തൊഴിലാളികളുണ്ടാക്കുന്ന ആരോഗ്യ സാമൂഹ്യ സാമ്പത്തിക പ്രശ്നങ്ങളും പഠിക്കപ്പെടേണ്ടതുതന്നെ.
            എന്താണ് പ്രതിവിധി? ഒരു കാരണവശാലും അന്യസംസ്ഥാനത്തു നിന്നും എത്തുന്ന തൊഴിലാളികളെ മടക്കിയയക്കാനോ തൊഴിലെടുക്കുന്നതില്‍ നിന്നും തടയുവാനോ പാടില്ലെന്നു മാത്രവുമല്ല സത്യസന്ധമായി തൊഴിലെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുവാന്‍ നാം ശ്രദ്ധിക്കുകയും ചെയ്യേണ്ടതാണ്.പക്ഷേ തൊഴില്‍ നഷ്ടപ്പെടുന്നു എന്നു ചിന്തിക്കുന്ന തദ്ദേശീയരായ തൊഴിലാളികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും കഴിയേണ്ടതുണ്ട്.അതൊടൊപ്പം തൊഴില്‍ കാര്‍ഡുകള്‍ ഫലമപ്രദമായി വിതരണം ചെയ്തും , അന്യസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലെ സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചും , ആരോഗ്യ പരിപാലനത്തില്‍ കര്‍ശനമായ നിയമങ്ങള്‍ നടപ്പിലാക്കി ബോധവത്കരിച്ചുമൊക്കെ വേണം നാം അവരെ സ്വീകരിക്കുവാന്‍.ക്രിമിനല്‍ സംഘങ്ങളുടെ അഴിഞ്ഞാട്ടങ്ങള്‍ക്കും ഒരിക്കല്‍ നാം നിര്‍മാര്‍ജ്ജനം ചെയ്ത പകര്‍ച്ച വ്യാധികളുടെ തിരിച്ചുവരവിനുമൊക്കെ നാം സാക്ഷിയായി കഴിഞ്ഞു.ഇനിയും കര്‍ശനമായ നിയമവ്യവസ്ഥകളാല്‍ ഈ മേഖലയെ നിയന്ത്രിക്കുവാന്‍ നമുക്ക് കഴിയുന്നില്ലയെങ്കില്‍ കേരളം വലിയ വില കൊടുക്കേണ്ടിവരും.

            

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1