#ദിനസരികള്‍ 265

എ വര്‍ഗ്ഗീസ്. സഖാവ് എ വര്‍ഗീസ്. നക്സലൈററ് മുന്നേറ്റങ്ങളുടെ ചരിത്രത്തിലെ എക്കാലത്തേയും കരുത്തന്‍.ആശയപരമായി വര്‍ഗ്ഗീസിനോട് യോജിക്കുവാന്‍ കഴിയില്ല എങ്കിലും താന്‍ വിശ്വസിച്ചിരുന്ന സങ്കല്പങ്ങളുടെ വിജയത്തിനുവേണ്ടി ഏതു ത്യാഗവും സഹിക്കാന്‍ തയ്യാറായ ആ വിപ്ലവകാരിയുടെ ഉള്ളുറപ്പും പ്രതിബദ്ധതയും അംഗീകരിക്കാതെ വയ്യ.കേവലം മൂപ്പത്തിയൊന്നുവയസ്സുവരെ മാത്രം ജീവിച്ചിരുന്ന അദ്ദേഹം , ആ ചുരുങ്ങിയ കാലം കൊണ്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ അടങ്ങാത്ത വിപ്ലവീര്യത്തിന്റെ ഉത്തമോദാഹരണങ്ങളാണ്.ആദിവാസികളുടെ അടിച്ചമര്‍ത്തപ്പെട്ട ജീവിതങ്ങളുടെ വിമോചനത്തിന് എന്തു ത്യഗം സഹിക്കാനും തയ്യാറായ അദ്ദേഹം , ആദിവാസികളും മനുഷ്യരാണെന്നും അവര്‍ക്കും മനുഷ്യരെപ്പോലെ ജീവിക്കുവാന്‍ അവകാശമുണ്ടെന്നും ആ അവകാശത്തിന് വേണ്ടി പോരാടുക എന്നത് ചരിത്രപരമായ ദൌത്യമാണെന്നും കരുതി. ആ ദൌത്യം നിര്‍വഹിക്കുന്നതിന് വേണ്ടി മാവോ സേ തൂങ്ങിന്റെ ഇതിഹാസസമാനമായ ജീവിതത്താലും ചിന്തകളാലും പ്രചോദിപ്പിക്കപ്പെട്ട വര്‍ഗ്ഗീസ് ,തന്റെ ജീവിതം തന്നെ മാറ്റി വെച്ചു.പക്ഷേ മാവോയുടെ മാര്‍ഗ്ഗദര്‍ശനത്തില്‍ പ്രവര്‍ത്തനമാരംഭിച്ച് കേവലം ഒന്നരവര്‍ഷമായപ്പോഴേക്കും വയനാടിന്റെ മക്കള്‍‌ അമൂല്യമെന്ന് കരുതിയ ആ ജീവന്‍ ശത്രു ഏറ്റവും നീചമായി അപഹരിച്ചെടുത്തു.നക്സലൈറ്റുകളോട് അനുഭാവപൂര്‍വ്വം പെരുമാറണമെന്ന് ശഠിക്കുന്ന സി പി ഐ യുടെ അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്ന കാലമായിരുന്നു അത്.എന്ന് അജിത അനുസ്മരിക്കുന്നു.
മിത്രമെന്ന് കരുതിയ ഒരാളുടെ വീട്ടില്‍ എല്ലാം മറന്ന് ഉറങ്ങിക്കിടക്കുമ്പോഴാണ് വര്‍ഗീസിനെ പോലീസ് പിടിക്കുന്നത്.അവര്‍ അദ്ദേഹത്തോട് ചെയ്ത സമാനതകളില്ലാത്ത ക്രൂരതകളെക്കുറിച്ച് പലരും എഴുതുകയും പറയുകയും ചെയ്തിട്ടുണ്ട്.കണ്ണൂകള്‍ ചൂഴ്ന്നെടുത്ത് ആ സ്ഥാനത്ത് തിളച്ചവെള്ളമൊഴിച്ചു എന്നതുമാത്രം മതി ആ പീഢനത്തിന്റെ നേര്‍ച്ചിത്രം അടയാളപ്പെടുത്തുവാന്‍.അച്യുതമേനോന്റേയും ഡി വൈ എസ് പി ലക്ഷ്മണയുടേയും പോലീസ് അദ്ദേഹത്തെ കൊല്ലാക്കൊല ചെയ്തതിനുശേഷം വെടിവെച്ചുകൊന്നിട്ട് ഏറ്റുമുട്ടലിലാണെന്ന് കൊല്ലപ്പെട്ടതെന്ന് പ്രചരിപ്പിച്ചു. വെടിവെച്ച രാമചന്ദ്രന്‍ നായരിലൂടെ സത്യം പുറത്തു വരികയും ലക്ഷ്മണയടക്കമുള്ളവരെ കോടതി ശിക്ഷിക്കുകയും ചെയ്തു.

ഇത് സഖാവ് വര്‍ഗ്ഗീസിന്റെ കഥ. എല്ലാവര്‍ക്കും അറിയാവുന്ന ഇക്കഥ ഞാനിവിടെ പറയാനുള്ള കാരണം കൂടി പറയട്ടെ. സഖാവ് വര്‍ഗ്ഗീസിന്റെ രീതികളോടും സമീപനങ്ങളോടും കടുത്ത വിയോജിപ്പു രേഖപ്പെടുത്തുമ്പോള്‍ തന്നെ , നിസ്വവര്‍ഗ്ഗത്തിന് വേണ്ടി സ്വന്തം ജീവിതം ത്യജിച്ച ഒരു വിപ്ലവകാരി എന്ന നിലയില്‍ അദ്ദേഹത്തോട് നാം കുറച്ചുകൂടി ഉദാരമായി പെരുമാറേണ്ടതുണ്ട്. അദ്ദേഹത്തിന്റെ പിന്‍ഗാമികളാണെന്ന് അവകാശപ്പെടുന്നവര്‍ വിഭാഗീയതയുടെ പേരില്‍ വര്‍ഗ്ഗീസിനെ വീണ്ടും വീണ്ടും കീറിമുറിക്കുകയും അടിച്ചമര്‍ത്തപ്പെട്ടവന്റെ മോചനം എന്ന സ്വപ്നത്തിനു വേണ്ടി ജീവന്‍ കളഞ്ഞ അദ്ദേഹത്തിന്റെ ത്യാഗത്തെ   വിസ്മരിക്കുകയും ചെയ്യുന്നു. വ്യക്തിപരമായ താല്പര്യങ്ങള്‍ ഒരിക്കലും തൊട്ടുതീണ്ടാതിരുന്ന അദ്ദേഹത്തിന്റെ അനുയായികള്‍ തികച്ചും വ്യക്തിപരമായ താല്പര്യങ്ങളുടെ പേരിലാണ് ഇപ്പോള്‍ കൊണ്ടുനടക്കുന്നത്.വര്‍ഗ്ഗീസ് ഉയര്‍ത്തിപ്പിടിച്ച അടിച്ചമര്‍ത്തപ്പെട്ടവരുടെ വിമോചനം എന്ന മൂല്യത്തെ നെഞ്ചേറ്റുവാനും കൊണ്ടു നടക്കുവാനും അദ്ദേഹത്തിന്റെ പിന്‍ഗാമികളെന്ന് നടിക്കുന്നവര്‍ അശക്തരാണെന്ന് നമുക്കറിയാം.എങ്കിലും വര്‍ഗ്ഗീസിന്റെ അനനുകരണീയമായ ജീവിതത്തെ അടയാളപ്പെടുത്തിവെക്കുവാനാവശ്യമായ തരത്തിലുള്ള ചെറുസ്മാരകങ്ങളെങ്കിലും ഇവിടെ ഉണ്ടാകേണ്ടതല്ലേ?  ഇങ്ങനേയും ഒരു മനുഷ്യന്‍ ഇവിടെ ജീവിച്ചിരുന്നു എന്ന ഓര്‍മിക്കാനെങ്കിലും എന്തെങ്കിലും ? അല്ലെങ്കില്‍ അദ്ദേഹത്തെ നിഷ്ഠൂരമായി കൊലപ്പെടുത്തിയവരെ ജയിലിലടച്ചുകൊണ്ടാണ് ചരിത്രം പ്രതികരിച്ചതെങ്കില്‍ വര്‍ഗീസിനെ പോസ്റ്ററുകളാക്കി കൊണ്ടുനടക്കുന്നവരോട് ചരിത്രം എങ്ങനെ പ്രതികരിക്കുമെന്ന് ആര്‍ക്കറിയാം?

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1