#ദിനസരികള്‍ 264
റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ
ഗോഡ് ഡെലൂഷന്‍ എന്ന വിഖ്യാത കൃതിയെ പുരസ്കരിച്ചുകൊണ്ട് രവിചന്ദ്രന്‍ സി എഴുതിയ
പുസ്തകമാണ് നാസ്തികനായ ദൈവം. ഡോക്കിന്‍സിന്റെ ചിന്താപ്രപഞ്ചത്തെ
പരിചയപ്പെടുത്തുന്ന ഈ പുസ്തകം മലയാളഭാഷക്ക് കനപ്പെട്ട സംഭാവന തന്നെയാണ്. പക്ഷേ ആ
പുസ്തകത്തെക്കുറിച്ചല്ല, മറിച്ച് പുസ്തകത്തിന്റെ പേരിനെക്കുറിച്ചാണ് ഈ കുറിപ്പ്
ചര്‍ച്ച ചെയ്യുന്നത്.ഉള്ളടക്കത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാതെ കേവലമൊരു പേരിനു
പിന്നാലെ പോകുന്നത് അക്ഷന്തവ്യമായ അപരാധമാണെന്ന ആരോപണത്തെ ആദ്യമേതന്നെ അസാധുവായി
പ്രഖ്യാപിക്കുന്നതെന്തുകൊണ്ടാണെന്ന് പിന്നീട് മനസ്സിലാകും
നാസ്തികനായ ദൈവം എന്നു കേള്‍ക്കുമ്പോള്‍ നിരീശ്വരനായ ദൈവം
എന്ന അര്‍ത്ഥം ലഭിച്ചുകൊള്ളും എന്ന ഉദ്ദേശത്തോടെയാണ് ഗ്രന്ഥകാരന്‍ ഈ പേര്
സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്.ഇക്കാലങ്ങളില്‍ പൊതുവായി നാസ്തികനേയും
നിരീശ്വരനേയും പര്യായങ്ങളായി പരിഗണിക്കുന്ന ഒരു കാഴ്ചപ്പാട്
നിലവിലുണ്ട്.പോരാത്തതിന് ശ്രീകണ്ഠേശ്വരം ഈ പൊതുബോധത്തില്‍ കുരുങ്ങി
നാസ്തിവാദത്തിന് ഈശ്വരനില്ലെന്നുള്ള വാദം എന്ന് അര്‍ത്ഥവും
പറയുന്നുണ്ട്.അക്കാരണങ്ങള്‍കൊണ്ടുതന്നെ ഗ്രന്ഥകര്‍ത്താവ് പ്രസ്തുത
പേരുകൊണ്ടുദ്ദേശിക്കുന്ന അര്‍ത്ഥം സ്വാഭാവികമായും വന്നു ചേരുമെന്നാണ് അദ്ദേഹത്തിന്റെ
ചിന്ത.ഭാരതീയ തത്ത്വചിന്താപദ്ധതികളില്‍ അടിസ്ഥാന ധാരണയുള്ളവര്‍ പോലും നാസ്തികന്‍
എന്ന പദത്തിന് നിരീശ്വരവാദി എന്ന അര്‍ത്ഥം അനുവദിച്ചുകൊടുക്കുമെന്ന്
കരുതുന്നില്ല.കാരണം , നാസ്തികന്‍ എന്നു പറഞ്ഞാല്‍ വേദത്തിന്റെ പ്രാമാണ്യം
അംഗീകരിക്കാത്തവന്‍ എന്നാണ് അര്‍ത്ഥം.
ഭാരതത്തിലെ ദാര്‍ശനീക പദ്ധതികളില്‍ വേദത്തിന്റെ
അപ്രമാദിത്വം അംഗീകരിക്കാത്ത സാംഖ്യം , ന്യായം, വൈശേഷികം ,യോഗം ( ഇവയിലൊക്കെ
പിന്നീട് വേദത്തെ അംഗീകരിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട് )
എന്നിവയെ നാസ്തികദര്‍ശനങ്ങളെന്നാണ് വിളിക്കുന്നത്.ബൌദ്ധ – ജൈന
ദര്‍ശനങ്ങളും നാസ്തികങ്ങള്‍ തന്നെ.വേദം അപൌരുഷേയമാണെന്നും വേദവാക്യങ്ങള്‍ക്ക്
മറ്റു തെളിവുകളാവശ്യമില്ലാത്തതുകൊണ്ട് സ്വതപ്രാമാണ്യമുള്ളവയാണെന്നും
വിശ്വസിക്കുന്ന ദര്‍ശനങ്ങളാണ് ആസ്തികങ്ങള്‍. വേദപ്രാമാണ്യം അംഗീകരിക്കാത്തവരെയാണ്
നാസ്തികരെന്ന് വിളിക്കുന്നതെന്ന് വിഖ്യാതരായ പല പണ്ഡിതന്മാരും ഈ അടുത്ത
കാലത്തുപോലും എഴുതിയിട്ടുണ്ട്.മാക്സ് മ്യൂളറുടെ സിക്സ് സിസ്റ്റംസ് ഓഫ് ഇന്ത്യന്‍
ഫിലോസഫി ( പേജ് 98 ) , കെ ദാമോദരന്റെ
ഭാരതീയ ചിന്ത പേജ് (143 ) , സി വി വാസുദേവഭട്ടതിരിയുടെ ഭാരതീയ ദര്‍ശനങ്ങള്‍ (പേജ്
12 , 303 ) , പ്രൊഫസര്‍ എം ഹിരിയണ്ണയുടെ ഔട്ട് ലൈന്‍സ് ഓഫ് ഇന്ത്യന്‍ ഫിലോസഫി,
ദേബീ പ്രസാദ് ചതോപാധ്യായയുടെ പ്രാചീന ഭാരതത്തിലെ ഭൌതികവാദം (പേജ് 210 – 211)
, സുരേന്ദ്രനാഥ് ദാസ് ഗുപ്തയുടെ ഇന്ത്യന്‍ ഫിലോസഫി ( പേജ് 67 ) ഡോ. രാധാകൃഷ്ണന്റെ
ഭാരതീയ ദര്‍ശനങ്ങള്‍ എന്നിങ്ങനെ നിരവധി പുസ്തകങ്ങളില്‍ നാസ്തികരെ വേദത്തെ
നിഷേധിക്കുന്നവര്‍ എന്നാണ് പറയുന്നത്.
അങ്ങനെയൊക്കെയാണെങ്കിലും ഇതിലെന്താണ് തെറ്റ് എന്ന്
ചോദിക്കുന്നവരുണ്ടാകം.നാളിതുവരെ രവിചന്ദ്രന്‍ സ്വീകരിച്ചുപോന്ന മുഴുവന്‍
നിലപാടുകളേയും ഒറ്റയടിക്ക് അസാധുവാക്കുന്ന ഒരു പ്രയോഗമാണിത്. ഫലത്തില്‍ വേദങ്ങളെ
അംഗീകരിക്കാത്തവനായ ഒരു ദൈവമുണ്ടെന്ന് സമ്മതിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. അങ്ങനെയാണെങ്കില്‍ വാക്കുകളുടെ സൂക്ഷ്മമായ
അര്‍ത്ഥങ്ങളെ അറിഞ്ഞുകൊണ്ട് പ്രയോഗിക്കേണ്ട , തീക്ഷ്ണബുദ്ധിയായ ഒരു യുക്തിവാദിക്ക് എങ്ങനെ ഈ
അബദ്ധം പിണഞ്ഞു ? കാരണം
മറ്റൊന്നുമല്ല , ശ്രീകണ്ഠേശ്വരം പോയപോലെ അദ്ദേഹവും സൂക്ഷ്മാര്‍ത്ഥമെന്തെന്ന്
അന്വേഷിക്കാതെ ഉപയോഗിച്ചുപോയി എന്നതാണ് വസ്തുത.
ഇപ്പോള്‍ പ്രചാരത്തിലിരിക്കുന്ന അര്‍ത്ഥത്തെയാണ്
സ്വീകരിച്ചത് എന്ന വാദം അസംബന്ധമാണ്. മേലുദ്ധരിച്ച പുസ്തകങ്ങളാകെത്തന്നേയും
ഇപ്പോഴും പഠിപ്പിക്കപ്പെടുകയും പഠിക്കപ്പെടുകയും ചെയ്യുന്നവ തന്നെയാണ്.ആദ്യകാലത്ത്
ഉപയോഗിച്ചിരുന്ന അര്‍ത്ഥത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ രീതിയില്‍
പില്ക്കാലത്ത് പദങ്ങളുടെ അര്‍ത്ഥം മാറിയേക്കാം. പഴയ അര്‍ത്ഥത്തിന്
സാധുതയില്ലാതെയിരിക്കുന്ന അത്തരം സന്ദര്‍ഭങ്ങളില്‍ നമുക്ക് പുതിയ അര്‍ത്ഥത്തെ
സ്വീകരിച്ചുകൊണ്ട് മുന്നോട്ടു പോകാവുന്നതുമാണ്.എന്നാല്‍ ഇവിടെ അത്തരമൊരു
സാഹചര്യമില്ലതന്നെ.നാസ്തികനെ വേദപ്രാമാണ്യം അംഗീകരിക്കാത്തവന്‍ എന്ന അര്‍ത്ഥത്തില്‍
ഇക്കാലത്തും ഉപയോഗിക്കുന്നുവെന്നതിനാല്‍ രവിചന്ദ്രന്‍ ഈ പേരു സ്വീകരിക്കുക വഴി
തന്റെ സൂക്ഷ്മതക്കുറവാണ് വ്യക്തമാക്കുന്നത്.എന്നുമാത്രവുമല്ല തത്ത്വചിന്താപരമായ
അധിഷ്ഠാനങ്ങളുള്ള പദങ്ങള്‍ക്ക് കാലികമായി അര്‍ത്ഥം കല്പിച്ചുകൊടുത്താല്‍പ്പിന്നെ
സംവാദം അസാധ്യമാകും. ഉദാഹരണത്തിന് ഇന്ത്യന്‍ ചിന്തയിലെ നാസ്തിക ആസ്തിക വാദങ്ങള്‍
തന്നെയെടുക്കുക. ആ പദങ്ങളുടെ യഥാര്‍ത്ഥമായ അര്‍ത്ഥത്തെ സ്വീകരിക്കാതെ ഇന്ത്യന്‍
ഫിലോസഫി നമുക്ക് ചര്‍ച്ച ചെയ്യാനാകില്ല.യഥേഷ്ടം മാററുകയാണെങ്കില്‍ സാംഖ്യന്മാരോടും
വൈശേഷികന്മാരോടും എന്തിന് വേദജ്ഞരോടുതന്നെ സംവദിക്കാന്‍ കഴിയില്ല. അതുകൊണ്ട് നാസ്തികനായ ദൈവം എന്ന
പ്രയോഗം ഏതര്‍ത്ഥത്തിലാണോ ഉപയോഗിക്കപ്പെട്ടത് , ആ അര്‍ത്ഥത്തെ ദുര്‍ബലപ്പെടുത്തുന്നു.
Comments