#ദിനസരികള്‍ 269
പ്രണയത്തിന്റെ ലോലലോലമായ
സ്പര്‍ശനങ്ങളെ നെഞ്ചേറ്റുവാന്‍ കൊതിക്കാത്തവരാരുണ്ട് ഈ ഭൂലോകത്തില്‍ ? കേട്ടുപഴകിയ
ഒരു പല്ലവി ആവര്‍ത്തിച്ചാല്‍ യാചകനും രാജാവും ഒരേപോലെ കണ്ണിചേരുന്നത്
പ്രണയത്തിന്റെ ചങ്ങലകളില്‍ മാത്രമാണ്. ആ പ്രണയത്തിന്റെ തീവ്രത വാക്കുകളിലൂടെ
അവതരിപ്പിക്കുന്ന എന്നത് അതിസഹസമാണെന്ന് മാത്രവുമല്ല അസാധ്യവുമാണ്.പ്രണയം ഒരു
പ്രവാഹമാണ്. പോകുന്ന വഴികളൊക്കെ തന്നിലേക്ക് ഉരുക്കിച്ചേര്‍ക്കുന്ന ലാവാപ്രവാഹം
പോലെ , പ്രണയം എന്തിനേയും തന്നിലേക്ക് ആവാഹിക്കുന്നു. ലോകം മുഴുവന്‍ സുന്ദരവും
പ്രണയത്തിന്റെ പര്യായവും മാത്രമായി ചുരുങ്ങുന്നു. കാള്‍ മാര്‍ക്സ് തന്റെ കാമുകിയായ
ജന്നിക്കെഴുതിയ കത്തുകളില്‍ പ്രണയത്തിന്റെ ആര്‍ത്തലച്ചുള്ള ഈ പ്രവാഹത്തെ നമുക്ക്
അനുഭവിക്കാം. നോക്കുക
ജന്നിയെന്നൊരേ പദം മാത്രമോയോരോവരി
എന്നിലും കുറിച്ചിട്ടൊരായിരം പ്രബന്ധങ്ങള്‍
പൂര്‍ത്തിയാക്കുവാനെനിക്കായിടുമതിലൂടെ
ഗുപ്തമായൊരു ചിന്താലോകം ശാശ്വത കര്‍മ്മം
വായിക്കാമെനിക്കന്നു ദൂര നക്ഷത്രങ്ങളില്‍
പശ്ചിമാനിലനില്‍ നിന്നുച്ചണ്ഡോര്‍മികളുടെ
നിര്‍ഘോഷങ്ങളില്‍ നിന്നുമെന്നിലേക്കതെത്തുന്നു
വരുന്ന നൂറ്റാണ്ടുകള്‍ സാക്ഷിയാവട്ടെ ഞാന
തൊരു പല്ലവിയായിവിടെ കുറിച്ചിടാം
സ്നേഹം താന്‍ ജന്നി , ജന്നിയെന്നതു സ്നേഹത്തിന്‍
പേര്‍ (വിവര്‍ത്തനം
ഒ എന്‍ വി )
സ്നേഹത്തിന്റെ , പ്രണയത്തിന്റെ പര്യായമായി തന്റെ പ്രണയിനി
രൂപാന്തരംകൊള്ളുന്നതിന്റെ മാസ്മരികത നാം അനുഭവിക്കുന്നു.അനുഭവിക്കുന്നു എന്ന
ബോധപൂര്‍വ്വമായ പ്രക്രിയക്കുപകരം അറിയാതെതന്നെ അതങ്ങനെയായിത്തീരുകയാണ് എന്നുവേണം
പറയാന്‍.
പണ്ടെപ്പോഴോ എഴുതിത്തുടങ്ങി ഇപ്പോഴും പൂര്‍ത്തിയാക്കാന്‍
ശ്രമിക്കാറുള്ള ഒരു കവിതയുണ്ട് എന്റെ വകയായി. അതു തുടങ്ങുന്നത് ഇങ്ങനെയാണ്.
പുലരിക്കാറ്റിന്നൊപ്പം
തൊടിയില്‍ ചുറ്റി നടക്കവേ
എന്നെത്തൊട്ടു വിളിക്കുന്നു
കണ്‍ തുറക്കുന്ന കുഞ്ഞു പൂ :-
“പ്രിയന്‍
പ്രണയം തേങ്ങു
മെന്‍ മനം കാണ്‍മതില്ലയോ
നിന്നെ നിത്യം തപം ചെയ്യും
എന്നെ മാത്രം വരിക്കുമോ?” അവിടെ
അവസാനിക്കുന്നു ആ കവിത. ആ കുഞ്ഞു പൂവിനോട് എനിക്കു പറയേണ്ട മറുപടി , ‘ഈ
ലോകമാകെത്തന്നെ എന്റെ പ്രണയത്തിന് കാത്തിരിക്കുമ്പോള്‍ ഞാന്‍ നിന്നെ മാത്രമായി
പ്രണയിക്കുന്നതെങ്ങനെ? എന്റെ പ്രണയം ഈ വിശാലമായ പ്രപഞ്ചത്തിലെ
ഓരോ പൂക്കളേയും പുല്കളേയും പുഴുക്കളേയും പ്രണയിക്കുന്നു. ആയതുകൊണ്ട്
നിന്നിലേക്ക് മാത്രം ഒതുങ്ങുക എന്നത് അസാധ്യമാണ്’ എന്നാണ്. പല
രീതിയിലും ഇതു പൂര്‍ത്തിയാക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞിട്ടില്ല. ഇപ്പോള്‍
എനിക്കു മനസ്സിലാകുന്നുണ്ട് എന്തുകൊണ്ടാണ് ആ കവിത പൂര്‍ത്തിയാക്കാന്‍
കഴിയാത്തതെന്ന്.
Comments