Saturday, May 27, 2017

#ദിനസരികള്‍ 45


ഇ.എം.എസ്. ആമുഖമാവശ്യമില്ലാത്ത ത്രൃക്ഷരി. മലയാളികളുടെ ചരിത്രത്തേയും വര്ത്തമാനത്തേയും നിര്മിച്ചെടുക്കുകവഴി , നാളെ നമ്മള്എന്തായിരിക്കണം എന്ന് നിര്ണയിച്ച ഇ.എം.എസ് , പതിനെട്ടാമത്തെ വയസ്സിലാണ് തന്റെ എഴുത്തു സപര്യ സമാരംഭിക്കുന്നത്. 1927 ജൂണ്22 ന്റെ യോഗക്ഷേമത്തില്എഴുതിയ സാമുദായിക വിപ്ലവവും നമ്പൂതിരിസമുദായവും എന്ന ലേഖനത്തിലൂടെ ആരംഭിച്ച എഴുത്തിന്റെ  യാത്ര പര്യവസാനിക്കുന്നത് എണ്പത്തിഎട്ടാമത്തെ വയസ്സില്അദ്ദേഹം നമ്മോടു വിടപറയുമ്പോള്മാത്രമാണ്. ഇക്കാലയളവില്അദ്ദേഹം എഴുതിയതിന്റെ വിസ്മയാവഹമായ ബാഹുല്യം , ചിന്ത പബ്ലിഷേഴ്സ് നൂറു വോള്യങ്ങളായി പ്രസിദ്ധീകരിച്ച ഇ.എം എസിന്റെ സമ്പൂര്ണകൃതികള് നമ്മെ ബോധ്യപ്പെടുത്തും. നൂറു സഞ്ചികകളിലായി നാലായിരത്തോളം പേജുകളില്‍ ഇ.എം എസിന്റെ  ബഹുഭൂരിപക്ഷം വരുന്ന കൃതികളും പ്രസിദ്ധീകരിക്കാനായെങ്കിലും പരമ്പരയില്ഉള്പ്പെടുത്താന്‍  കഴിയാതെപോയ നിരവധി കൃതികള്വേറെയുമുണ്ട്. അക്കാര്യത്തെക്കുറിച്ച് നൂറാമത്തെ വോള്യത്തില്പ്രസാധകന്ഇങ്ങനെ എഴുതുന്നു ആദ്യം കരുതിയത് എം എസിന്റെ പുസ്തകങ്ങളും ലഘുലേഖകളും പ്രസംഗങ്ങളും പ്രസ്ഥാവനകളും കത്തുകളും നൂറു സഞ്ചികകളില്സമാഹരിക്കാന്‍  കഴിയുമെന്നായിരുന്നു. എന്നാല്ഇതിനുമുമ്പ് വായനക്കാരെ ഓര്മപ്പെടുത്തിയതുപോലെ നൂറു സഞ്ചികകള്അതിനു തികയാതെ വന്നിരിക്കുന്നു.നൂറാമത്തെ സഞ്ചികയില്, ഇക്കാരണംകൊണ്ട് പ്രസിദ്ധീകരിക്കാന്‍  കഴിയാതെ പോയ ഇരുപത്തിയൊന്ന് പുസ്തകങ്ങളുടേയും എഴുപത് ലഘുപുസ്തകങ്ങളുടേയും തൊണ്ണൂറ്റിയഞ്ച് ലേഖനങ്ങളുടേയും ഇ.എം എസ് ഡയറിയിലെ എഴുപത്തിമൂന്ന് ലേഖനങ്ങളുടേയും വിവരങ്ങള്ഉള്പ്പെടുത്തിയിട്ടുണ്ട്.
ഇ.എം.എസ് തന്റെ ആത്മകഥയില്ആദ്യലേഖനം1926 ന്റെ അവസാനമോ 1927 ന്റെ ആദ്യമോ എഴുതപ്പെട്ടു എന്നാണ് പറയുന്നത്. എന്നാല്ഇതുവരെ അതു കണ്ടുകിട്ടിയിട്ടില്ല എന്ന് നൂറു വാല്യങ്ങളുടെ  അവതാരികാകാരനായ പി ഗോവിന്ദപ്പിള്ള ചൂണ്ടിക്കാണിക്കുന്നുണ്ട്. എഴുത്തിന്റെ ആദ്യകാലത്ത് ഇ.എം.എസ് കവിതകളും കഥകളും എഴുതിയിട്ടുള്ളതായി സൂചനയുണ്ട്.സമാഹരിക്കപ്പെടാന്ഇനിയൊരു സാധ്യതയുമില്ലാത്തവിധം അവ നഷ്ടപ്പെട്ടുപോയിരിക്കുന്നു എന്നതാണ് ഖേദകരമായ വസ്തുത.എങ്കിലും ഉത്പതിഷ്ണുവായ ഒരു കമ്യൂണിസ്റ്റുകാരനിലേക്കുള്ള വികാസങ്ങളുടെ പ്രാഗ്രൂപങ്ങള്‍ പ്രതിബിംബിക്കുന്ന തരത്തിലാണ് ആദ്യകാലങ്ങളില്ത്തന്നെ ഇം.എം.എസ് എഴുതിയിട്ടുള്ളത് എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.
കേരളത്തിന്റെ ദൃശ്യകലാപാരമ്പര്യത്തിന്റേതായ ഒരു സമാന്തരചരിത്രവും പുസ്തകപരമ്പരക്കൊപ്പം വികാസം പ്രാപിക്കുന്നുണ്ട്. ചിത്രകലയുടെ വിവിധകാലഘട്ടങ്ങളെ പ്രതിനിധീകരിക്കുന്ന വിഖ്യാതരചനകളെയാണ് നൂറു പുസ്തകങ്ങളുടേയും മുഖചിത്രമാക്കിയിരിക്കുന്നത്. പുസ്തകത്തിന്റെ കലാസംവിധായകാനായ പ്രസിദ്ധ ചിത്രകാരന്എ. രാമചന്ദ്രന് ആശയത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു.കേരളത്തിലെ പ്രശസ്തരായ കലാകാരന്മാരുടെ ചിത്രരചനകള്, ശില്പങ്ങള്‍, രാഷ്ട്രീയകാര്ട്ടൂണുകള്, ചലച്ചിത്രങ്ങളില്നിന്നുള്ള നിശ്ചലദൃശ്യങ്ങള്തുടങ്ങിയവയാകും ഓരോ സഞ്ചികയുടേയും മുഖചിത്രമായി ചേര്ക്കുക. അങ്ങനെ ഇ.എം.എസിന്റെ കൃതികളുടെ നൂറു സഞ്ചികകളും പൂര്ത്തിയായിക്കഴിയുമ്പോള്മാറിക്കൊണ്ടിരിക്കുന്ന കാലത്തിനനുസൃതമായ നൂതനവാഗര്ത്ഥങ്ങള്ക്കുവേണ്ടിയുള്ള കേരളകലാകാരന്മാ രുടെ അന്വേഷണത്തിന്റെ ഒരു സമഗ്രരേഖകൂടി സഞ്ചിതമാകും അക്ഷരാര്ത്ഥ ത്തില്തന്നെ സാര്ത്ഥകമായ ഒരു പ്രസ്ഥാവനയാണ് കലാസംവിധായകന്നടത്തി യത്. നൂറുവോള്യങ്ങളിലൂടെ ഒരു സിംഹാവലോകനം നടത്തുന്ന ഒരാള്ക്ക് നമ്മുടെ ദൃശ്യകലാചരിത്രത്തിന്റെ സമഗ്രമായ ദര്ശനം സാധ്യമാകുന്നുണ്ട്.1927 മുതല്കേരളത്തിന്റെ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക ധാരണകളോട് സംവദിച്ചുവരുന്ന ഇ.എം.എസിന്റെ കൃതികള്മലയാളിക്ക് കനപ്പെട്ട ഈടുവെപ്പാണ്.


Friday, May 26, 2017

#ദിനസരികള്‍ 44


നൃശംസതക്ക് പേരുകേട്ടവര്‍ പശുപരിപാലനത്തില്‍ ബദ്ധശ്രദ്ധരാണെന്ന് വന്നാല്‍ അതല്ലേ ശരിക്കും മൃഗീയമായ തമാശ? മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ ഇറക്കിയിട്ടുള്ള നിയമത്തിലൂടെ മഹാഭാരതത്തിലെ ജനസഹസ്രങ്ങള്‍ ആ തമാശ നേരിട്ട് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.  പശുസംരക്ഷണത്തിനുള്ള ജാഗ്രതയാണ് നിയമനിര്‍മാണത്തിന് പിന്നില്‍ എന്ന് തെറ്റിദ്ധരിക്കുന്നവരുണ്ട്.ബാബറി മസ്ജിദ് പള്ളിയെ വിവാദത്തിലാക്കുകയും പൊളിച്ചു മാറ്റുകയും ചെയ്തതോടെ സംഘപരിവാരം ഉണ്ടാക്കിയെടുത്തത് രാഷ്ടീയമായ മുന്നേറ്റമായിരുന്നങ്കില്‍ , കന്നുകാലി സംരക്ഷണനിയമം 2017 ലൂടെ ഉന്നം വെക്കുന്നത് ആറെസ്സെസ്സ് മുന്നോട്ടു വക്കുന്ന ഹിന്ദു രാഷ്ട്രത്തിന്റെ സ്ഥാപനം എന്ന ലക്ഷ്യമാണ്.അതിവേഗം ഹൈന്ദവവല്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ അന്തരീക്ഷത്തിന് ഗതിവേഗം കൂട്ടുന്നതിന് കേന്ദ്രനിയമം സഹായകമാകും എന്ന കാര്യത്തില്‍ സംശയമില്ല.
            ഈ നിയമം നിലവില്‍ വന്നത് തന്നെ കേന്ദ്രസര്‍ക്കാറും സംഘപരിവാരസംഘടനകളും തമ്മില്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായിട്ടാണ്. കഴിഞ്ഞ കുറച്ചു കാലമായി പശുസംരക്ഷണത്തിന്റേ പേരില്‍ ഇന്ത്യയുടെ നാനാഭാഗത്തും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കു കയാണല്ലോ. ഗോക്കളുടെ പേരില്‍ നടത്തിയ ഈ അഴിഞ്ഞാട്ടങ്ങള്‍ക്ക് നേരെ കേന്ദ്രസര്‍ക്കാറും അനുബന്ധസ്ഥാപനങ്ങളും കണ്ണടച്ചിരിക്കുകയായിരുന്നു. മൃഗങ്ങള്‍ക്കെതിരെ വ്യാപകമായ അക്രമങ്ങള്‍ നടക്കുന്നുവെന്നും അതിന് തടയിടാന്‍ ഒരു പുതിയ നിയമസംവിധാനം ആവശ്യമുണ്ടെന്നും വരുത്തിത്തീര്‍ക്കുന്നതിനുള്ള ശ്രമമായിരുന്നു അത്തരം നീക്കങ്ങള്‍ക്ക് പിന്നിലുണ്ടായിരുന്നത്. അതിന്റെ ഫലപ്രദമായ പരിസമാപ്തി കുറിക്കുന്നതാണ് പ്രസ്തുത നിയമം.
            ഗോസംരക്ഷണത്തിന്റെ പേരില്‍ അടിച്ചു കൊല്ലപ്പെടുകയും , ഓടിച്ചിട്ട് പിടിച്ച് കെട്ടിത്തൂക്കപ്പെടുകയും , ജീവനോടെ ചുട്ടുകരിക്കുകയും ചെയ്യപ്പെട്ട നിരപരാധികളുടെ ചോരയില്‍ ചവിട്ടി നിന്നുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ജനവിരുദ്ധമായ ഇത്തരമൊരു നിയമത്തിന് രൂപം കൊടുത്തത്.മനുഷ്യനെ സംരക്ഷിക്കാനും അവന്റെ അവകാശങ്ങള്‍ക്ക് കോട്ടം തട്ടാതിരിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ട സര്‍ക്കാര്‍ മനുഷ്യത്വത്തിന് പകരം മതത്ത്വത്തെ സ്ഥാപിച്ചെടുക്കാന്‍ പ്രയത്നിക്കുന്നത് അപകടകരമാണ്.സ്വന്തം ജനതയെ നായാടി ചുട്ടുതിന്നുന്ന ഒരു ഫാസിസ്റ്റ് ഭരണക്രമത്തിനല്ലാതെ ഇങ്ങനെയൊക്കെ ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ കഴിയില്ല.വിഭിന്നങ്ങളും വിശാലങ്ങളുമായ സാംസ്കാരികധാരകളുടെ സര്‍ഗ്ഗാത്മകമായ മേളനമാണ് രാജ്യത്തിന്റെ പുരോഗമനത്തിന് നിദാനമായിരിക്കുന്നത് എന്ന ആശയമാണ് നമ്മുടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നത്.
ജനാധിപത്യത്തിലെ ഭരണാധികാരികളുടേയും അവര്‍ നിര്‍മിക്കുന്ന നിയമങ്ങളുടേയും മാറ്റുരക്കേണ്ടത് നിലനില്ക്കുന്ന ഭരണഘടനയുമായി തട്ടിച്ചുനോക്കിയാണ്. ആ ഉരച്ചു നോക്കലുകള്‍ക്ക് നമ്മുടെ കോടതികള്‍ തയ്യാറാകും എന്നൊരു പ്രതീക്ഷ മാത്രമാണ് ഇനി ആശ്രയം


Thursday, May 25, 2017

#ദിനസരികള്‍ 43


പ്രണയം എല്ലാ മുറിവുകളേയും ഉണക്കുന്നു.മറക്കാനും പൊറുക്കാനും പ്രേരിപ്പിക്കുന്നു. തന്റെ കൈപിടിക്കാന്‍ ഒരാളുണ്ട് എന്ന ചിന്ത , ജീവിതത്തിലെ ഇരുളടഞ്ഞതും ഭയകരവുമായ മുഹൂര്‍ത്തങ്ങളുടെ മുഖത്തുനോക്കി ലാഘവത്തോടെ ചിരിക്കുന്നതിനുള്ള ധൈര്യം നല്കുന്നു. പ്രണയിനികളുടെയില്‍ ഞാനും നീയും എന്ന നിലയിലേക്ക് പ്രപഞ്ചം പോലും ചുരുങ്ങുന്നു. പ്രണയിക്കാതിരിക്കുക എന്നു പറഞ്ഞാല്‍ ജീവിക്കാതിരിക്കുക എന്നു തന്നെയാണ്. ജനിച്ചെന്ന തെറ്റിന്ന് ജീവിക്കുകെന്നേ വിധിക്കപ്പെടുന്ന മനുജകുലത്തിന് ആശ്വാസവും അഭയവും പ്രണയംതന്നെയാണ്.
            ഞാന്‍ പറയുന്നത് യഥാര്‍ത്ഥപ്രണയത്തെക്കുറിച്ചാണ്. പ്രണയത്തിന് ലക്ഷ്യങ്ങളില്ല.വിവാഹം പ്രണയത്തിന്റെ പ്രധാനലക്ഷ്യമാണ് എന്ന ധാരണയുണ്ട്.പക്ഷേ ജീവിതകാലം മുഴുവന്‍ തന്നെ വിട്ടു പോകാതെ എതിരാളിയെ കെട്ടിയിടുന്ന കൌശലമാണ് വിവാഹം.യഥാര്‍ത്ഥപ്രണയം ഇല്ലാത്തിടത്ത് വിവാഹം ഉടലെടുക്കുന്നു.ബാധ്യതകളോ ഉടമ്പടികളോ ഇല്ലാത്ത പ്രണയത്തിന് മാത്രമേ അതിന്റെ പരിപൂര്‍ണമായ സൌരഭ്യത്തെ പ്രസരിപ്പിക്കുവാന്‍ കഴിയുകയുള്ളു. പ്രണയങ്ങള്‍ വിവാഹത്തില്‍ അവസാനിക്കണം എന്ന സാമ്പ്രാദായിക സങ്കല്പത്തെ കടപുഴക്കുകയും പ്രണയത്തെ അതിന്റെ സ്വച്ഛതയില്‍ , ഊഷ്മളതയല്‍, അനന്യതയില്‍ ,    അനുഭവിക്കുകയും ആഘോഷിക്കുകയും ചെയ്യപ്പെടണം. മറിച്ചുള്ളതെല്ലാം പ്രയോജനത്തെ ലക്ഷ്യം വെച്ചുള്ള അഭിനയങ്ങള്‍ മാത്രമാണ്.
            ആഴത്തെ സ്നേഹിച്ച്
            അടിത്തട്ടു കാണുംമുമ്പേ
മുങ്ങിമരിച്ചവന്
കടലെന്നാല്‍ വെറും ഉപ്പുരസം മാത്രം - എന്ന കവിവചനം ഇവിടെ സ്മരണീയമാണ്. ആഴത്തെ പ്രണയിക്കുന്നവന് ആഴം തന്നെയാണ് അഭയമരുളേണ്ടത്. ഇടയില്‍ക്കുരുങ്ങിയാല്‍ ആഴത്തിന്റെ അനുഭവം അപ്രാപ്യമാകുന്നു.
ചേതനാസ്പര്‍ശമേല്ക്കാത്ത
വേഴ്ചതാന്‍ വീഴ്ചയല്ലയോ ?
ദേഹമാത്രകൃതം ഭോഗം
മിഥ്യാചാരണമല്ലയോ ? എന്ന ചോദ്യത്തിന്റെ അര്‍ത്ഥതലങ്ങള്‍ അനവധിയാണ്.

അതുകൊണ്ട് ഓരോരുത്തരം ഉപാധിരഹിതമായ പ്രണയങ്ങളെയാണ് തേടേണ്ടത്. 

Wednesday, May 24, 2017

#ദിനസരികള്‍ 42


എം ടി ക്കെതിരെ സംഘപരിവാരം സജീവമായിത്തന്നെ നിലകൊള്ളുന്നു എന്ന് വ്യക്തമാക്കിക്കൊണ്ട് രണ്ടാമൂഴത്തിനെതിരെ ഹിന്ദു ഐക്യവേദിയുടെ നേതാവ് ശ്രീ ശശികല രംഗത്തിറങ്ങിയിരിക്കുന്നു.മഹാഭാരതം എന്ന പേരില്‍ രണ്ടാമൂഴം സിനിമയാക്കാന്‍ അനുവദിക്കില്ല എന്നും അഥവാ അങ്ങനെ സിനിമയാക്കിയാല്‍ അത് തീയ്യറ്റര്‍ കാണില്ല എന്നുമാണ് ഭീഷണി.മാത്രവുമല്ല , ഹിന്ദുക്കളുടെ വിശ്വാസവുമായി ബന്ധപ്പെട്ടതാണ് മഹാഭാരതമെന്നും ചരിത്രത്തേയും വിശ്വാസത്തേയും വികലമാക്കുന്ന കൃതിയാണ് രണ്ടാമൂഴമെന്നും അവര്‍ കണ്ടെത്തുന്നു. കൂടാതെ മഹാഭാരതത്തെ തലകീഴായി അവതരിപ്പിക്കുകയാണ് രണ്ടാമൂഴം ചെയ്തതെന്നും അവര്‍ ആരോപിക്കുന്നു.
            ഐക്യവേദിയുടെ നേതാവിന്റെ പ്രഖ്യാപനം അവിചാരിതവും ആകസ്മികവുമായി ഒരു പ്രസംഗമധ്യേ വെറുതെ വന്നുവീണതല്ല. അത് വളരെ സൂക്ഷ്മതയോടെ ആലോചിച്ചുറപ്പിച്ച് ഉന്നയിച്ചതാണ്. വെറും എംടി വിരോധം എന്നതിനപ്പുറം രണ്ടാമൂഴത്തെ മറയാക്കി മഹാഭാരതത്തെ ഹിന്ദുക്കളുടെ വിശ്വാസവുമായി കൂട്ടിക്കെട്ടുകയും , അതുവഴി വൈകാരികമായ പിന്തുണ നേടിയെടുക്കാനുമുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്. എന്നുമാത്രമല്ല ഹൈന്ദവം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഏതൊന്നിന്റേയും ഉടമകളും അവകാശികളും തങ്ങളാണന്ന് കൂടി അവര്‍ പറയാതെ പറയുന്നു. ഇത് അനുവദിച്ചുകൊടുത്താല്‍ മനുഷ്യവംശത്തിന്റെ മഹത്തായ ഈടുവെപ്പുകളായ രാമായണവും മഹാഭാരതവുമൊക്കെ ചുരുക്കം ചില തീവ്രവാദസംഘടനകളുടെ കൈകളിലേക്ക് ഒതുങ്ങും. പിന്നീട് ഒരു സാരോപദേശകഥ പോലും അവയെ ഉപജീവിച്ച് എഴുതുക എന്നതിന് ഈ വര്‍ഗ്ഗീയ സംഘടനകളുടെ അച്ചാരം വാങ്ങേണ്ടിവരും.
            രണ്ടാമൂഴം എന്ന നോവല്‍ മഹാഭാരതത്തെ വികലമാക്കി എന്നാരും ഇതുവരെ ആക്ഷേപിച്ചു കണ്ടിട്ടില്ല. എന്നു മാത്രവുമല്ല , മഹാഭാരതത്തിന്റെ പരിസരത്തുനിന്നും പുന:സൃഷ്ടിക്കപ്പെട്ട കഥാസന്ദര്‍ഭങ്ങള്‍ ഭാരതത്തിന് കൂടുതല്‍ ശോഭ ഇണക്കിച്ചേര്‍ക്കുകയാണ് ചെയ്തിട്ടുള്ളത്. അഭൌതികപരിവേഷങ്ങളുടെ  ആലക്തികപ്രഭകളില്‍ മാത്രമേ വിശ്വാസങ്ങള്‍ക്ക് ഇരിപ്പിടമുണ്ടാകൂ എന്ന് വാദിക്കുന്നവര്‍ പോലും രണ്ടാമൂഴത്തെ തള്ളിപ്പറഞ്ഞിട്ടില്ല. സംഘപരിവാരത്തിന്റെ അജണ്ട പക്ഷേ മഹാഭാരതത്തെ ചാരിനിന്നുള്ള വര്‍ഗീയ ധ്രൂവീകരണമാകുമ്പോള്‍ സത്യവും യുക്തിബോധവും കളത്തിന് പുറത്താവുക സ്വാഭാവികമാണല്ലോ.അതുശരിയാണല്ലോ.. രണ്ടാമൂഴത്തിന് മഹാഭാരതം എന്ന് എന്തിനാണ് പേരിടുന്നതെന്ന് നിഷ്കളങ്കരായ ഹിന്ദുവിശ്വാസികളെക്കൊണ്ട് ചോദിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് ശശികലയുടേയും കൂട്ടരുടേയും വിജയം.അഭിപ്രായവ്യത്യാസമില്ലാത്തതിടത്ത് അതുണ്ടാക്കുകയും പക്ഷംതിരിയാന്‍ ഇടവരുത്തുകയും ചെയ്തുകൊണ്ടാണ് എക്കാലത്തും ഫാസിസ്റ്റ് സംഘടനകള്‍ അവര്‍ക്കുള്ള ഇടങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്.ആ തന്ത്രം ഇവിടേയും പരീക്ഷിക്കാന്‍ മുതിര്‍ന്നതോടെ ശശികലയെ എതിര്‍ത്തുകൊണ്ടും അനുകൂലിച്ചുകൊണ്ടും രണ്ടുപക്ഷക്കാരുണ്ടാകുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണല്ലോ.നിശ്ചലമായ കുളത്തിലേക്ക് വീണ കല്ലാണ് ഈ വിവാദം. ഓളങ്ങളടങ്ങിവരുമ്പോഴേക്കും കര ആവശ്യത്തിലധികം ഇടിഞ്ഞിട്ടുണ്ടാകും.

            ജയം എന്നാണ് മഹാഭാരതത്തിന്റെ ആദ്യ പേര്.പിന്നീടെപ്പോഴോ മഹാഭാരതം എന്ന് ചാര്‍ത്തപ്പെട്ടതാണ്. ഗ്രന്ഥത്തിന് സ്വന്തമായിട്ടുണ്ടായിരുന്ന പേരിനുപോലും മാറ്റമുണ്ടായിരിക്കുന്നു.ജയത്തിന് വേണ്ടി വാദിക്കാത്തതും മഹാഭാരതത്തിന് വേണ്ടി വാദിക്കുന്നതും മറ്റൊരു അജണ്ടയുടെ ഫലമാണെന്നുകൂടി നാം മനസ്സിലാക്കണം.

Tuesday, May 23, 2017

#ദിനസരികൾ 41


ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്ന് ഒരു വർഷം പൂർത്തിയാക്കുന്ന ഈ സാഹചര്യത്തിൽ നമ്മുടെ മാധ്യമങ്ങൾ സർക്കാറിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുവാൻ  ശ്രമിക്കുന്നുണ്ട്. സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളെക്കാൾ വിവാദങ്ങളോട് മാധ്യമങ്ങൾക്കുള്ള  പ്രണയം നമുക്കറിയാമെന്നതുകൊണ്ട് അവർ എന്താണ് എഴുതുക എന്ന് ഊഹിക്കാവുന്നതേയുള്ളു. വഴി ശരിയോ എന്ന തലക്കെട്ടിൽ സർക്കാറിന്റെ  കാലത്ത് ഉടലെടുത്തിരിക്കുന്ന വിവാദങ്ങളെ ചിത്ര സഹിതം രേഖപ്പെടുത്താൻ മാതൃഭൂമി കാണിച്ച വ്യഗ്രത പ്രത്യേകം എടുത്തു പറയേണ്ടതാണ്. എഡിറ്റോറിയൽ പേജ് ആകമാനം ഇതിനായി മാറ്റി വെച്ചിട്ടുണ്ട് , മാതൃഭൂമി.
സർക്കാറിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച് വായിച്ചവയിൽ  സുഗതകുമാരി ടീച്ചറുടെ “ പ്രതീക്ഷ നല്കുന്ന ഭരണം “ എന്ന ലേഖനം പ്രത്യേക പരിഗണന  അർഹിക്കുന്നുണ്ട്.. മലയാള ഭാഷ നിർബന്ധമാക്കുന്നതിലുണ്ടായ പിന്നോട്ടടി വേദനാജനകമാണെന്നും മൂന്നാറിലെ കൈയേറ്റം നിർബന്ധമായും ഒഴിപ്പിക്കപ്പെടേണ്ടതാണെന്നും ടീച്ചർ എഴുതുന്നു. ഇനി ചെയ്യേണ്ട കാര്യങ്ങള്‍ എന്ന നിർദ്ദേശത്തോടെ ടീച്ചർ അക്കമിട്ട് സർക്കാറിന് നല്കിയ ഉപദേശങ്ങൾ നടപ്പിലാക്കുവാൻ ഇടതുപക്ഷ സർക്കാർ മനസ്സു വെക്കണം . കാരണം ആ നിർദ്ദേശങ്ങൾ നടപ്പിലാക്കുവാൻ ഇടതു പക്ഷത്തിന് മാത്രമേ കഴിയൂ എന്നതാണ് വസ്തുത. സുഗതകുമാരി നല്കിയ നിർദ്ദേശങ്ങൾ താഴെ എടുത്തെഴുതട്ടെ :-

1. പാറമടകള്‍ പശ്ചിമഘട്ടത്തിന് ഹാനികരമാണ്. അവയുടെ എണ്ണം കര്‍ശനമായി നിയന്ത്രിക്കണം.
2. ഒരുവിധ കൈയേറ്റവും ഇനിമേലില്‍ വനമേഖലകളില്‍ അനുവദിക്കരുത്.
3. ഉറവകളുടെയും നദികളുടെയും പ്രഭവസ്ഥാനങ്ങള്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കണം.
4. വന്യമൃഗസംരക്ഷണ നിയമം കര്‍ശനമായി നടപ്പാക്കണം. കുറ്റവാളികള്‍ക്ക് കഠിനശിക്ഷ നല്‍കണം.
5. അതിരപ്പിള്ളി പോലുള്ള പദ്ധതികള്‍ക്ക് ഇനിമേലില്‍ കേരളത്തിന് താങ്ങാനാകുകയില്ല. ജലവൈദ്യുത പദ്ധതികള്‍ ഇനി വേണ്ടെന്ന് വയ്ക്കണം
6. സൂര്യോര്‍ജ പദ്ധതികള്‍ വ്യാപകമാക്കാനുള്ള പണവും പ്രോത്സഹാനവും നല്‍കണം.
7. കുന്നിടിക്കലും മലയിടിക്കലും നിരോധിക്കണം.
8. തണ്ണീര്‍ത്തടങ്ങള്‍, നെല്‍വയലുകള്‍ എന്നിവയുടെ ഡാറ്റാ ബാങ്ക് ഉടന്‍ പ്രസിദ്ധീകരിക്കണം.
9. തരിശിട്ട നെല്‍പ്പാടങ്ങളില്‍ കൂട്ടുകൃഷി സമ്പ്രദായത്തില്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ വീണ്ടും കൃഷിയിറക്കണം.
10. വികേന്ദ്രീകൃത മാലിന്യനിര്‍മാര്‍ജന പദ്ധതികള്‍ മെച്ചപ്പെടുത്തണം.
11. അനിയന്ത്രിതമായ ഭൂഗര്‍ഭജല ചൂഷണം കര്‍ശനമായി തടയണം.
12. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കണം
13. മാനസിക രോഗികള്‍, ബുദ്ധിമാന്ദ്യമുള്ളവര്‍, വൃദ്ധജനങ്ങള്‍ എന്നിവര്‍ക്കുവേണ്ടി സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ 'ശ്രദ്ധാഭവനങ്ങള്‍' ആരംഭിക്കണം.
14. ആദിവാസി മേഖലയ്ക്ക് സശ്രദ്ധ പരിചരണം നല്‍കണം.
15. കാര്‍ഷികോല്‍പ്പന്നങ്ങളിലെ കീടനാശിനി പ്രയോഗം കര്‍ശനമായി തടഞ്ഞ് ജൈവക്കൃഷി പ്രോത്സാഹിപ്പിക്കണം.
16. സംസ്ഥാനത്തെ 44 നദികളും മാലിന്യവാഹിനികളാണ്. നദികളെയും ജലാശയങ്ങളെയും ജാഗ്രതയോടെ ശുദ്ധീകരിച്ച്, പുനരുജ്ജീവിപ്പിച്ച് സംരക്ഷിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം.
17. കണ്ണൂരിന്റെ മണ്ണില്‍ ഇനിയും ചോര വീണുകൂടാ. വിഷയത്തില്‍ മുഖ്യമന്ത്രി മുന്‍കൈയെടുക്കണം. ഒരു വര്‍ഷത്തിനിടെയുണ്ടായ 14 കൊലപാതകത്തിലും ഞങ്ങള്‍ ലജ്ജിക്കുന്നു, ദുഃഖിക്കുന്നു.
18. മുഖ്യമന്ത്രി മാധ്യമങ്ങളുമായി കൂടുതല്‍ ബന്ധം പുലര്‍ത്തേണ്ടതുണ്ട്.
സുഗതകുമാരി ടീച്ചറുടെ ആവശ്യങ്ങൾക്ക് ഈ നാടിന്റെ കൂടി പിന്തുണയുണ്ട് എന്ന തിരിച്ചറിവ് സർക്കാറിന് ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു.

Monday, May 22, 2017

#ദിനസരികള്‍ 40


മുദ്രാവാക്യങ്ങള്‍ ചരിത്ര രേഖകളാണ്. കഴിഞ്ഞ കാലത്ത് ഒരു ജനത എങ്ങനെ യൊക്കെ ചിന്തിച്ചുവെന്നും , എന്തിനുവേണ്ടി പ്രയത്നിച്ചു എന്നുമൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് അവര്‍ ഉന്നയിച്ച മുദ്രാവാക്യങ്ങള്‍ ഉത്തരമാകുന്നു.നാട്ടുകാരുടെ നാവിന്‍ത്തുമ്പത്തുനിന്നും ഉയിര്‍‌നേടി പിടഞ്ഞുണര്‍ന്ന അത്തരം വായ്ത്താരികളിലൂടെയുള്ള അന്വേഷണം ഒരു ജനതയുടെ മൂല്യബോധത്തിന്റെ അളവെടുക്കല്‍ കൂടിയാകുന്നു.
            ഗൌരിയമ്മയുടെ ഇടതുപക്ഷക്കാലത്ത് കേരളം കേട്ട ഒരു മുദ്രാവാക്യമുണ്ട്.
കേള്‍ക്കുക
                                    ഗൌരിച്ചോത്തിയെ മടിയിലിരുത്തി
                                    നാടുഭരിക്കും നമ്പൂരീ
                                    ഗൌരിച്ചോത്തീടെ കടിമാറ്റാന്‍
                                    കാച്ചിയതാണീ മുക്കൂട്ട്   എത്രമാത്രം അധപതിച്ച ചിന്തയായിരിക്കും ഇങ്ങനെയൊരു മുദ്രാവാക്യം കെട്ടിയുണ്ടാക്കിയവരുടെ മനസ്സിലുണ്ടായിരുന്നത് ? ആരാ നിങ്ങടെ നേതാവ് എന്താ നിങ്ങടെ പരിപാടി എന്ന ചോദ്യത്തിന് , നെഹ്രുജി ഞങ്ങടെ നേതാവ് , രാജ്യക്ഷേമം പരിപാടി എന്ന് മറുപടി പറഞ്ഞവരാണ് ആ മുദ്രാവാക്യം ഉണ്ടാക്കിയത് എന്നു കാണാതെ പോകരുത്.
            ഒരു കളക്ടീവ് ഹിസ്റ്റീരിയയുടെ ഭാഗമായി പൊടുന്നനെ ഉന്നയിക്കപ്പെട്ടവയായിരുന്നില്ല ആ മുദ്രാവാക്യങ്ങള്‍. സാദൃശ്യമുള്ളതും ആഭാസഭരിതവുമായ വേറെയും മുദ്രാവാക്യങ്ങളുണ്ട് .നോക്കുക.
                                    വിക്കാ , ചട്ടാ , മച്ചിപ്പെണ്ണേ
                                    വിക്കന്റെ തലയിലെ മച്ചിച്ചോത്തി എന്നും ,ഗൌരിച്ചോത്തിയെ വേളി കഴിച്ചൊരു റൌഡിത്തൊമ്മാ സൂക്ഷിച്ചോ എന്നും ഗൌരിച്ചോത്തി പെണ്ണല്ലേ പുല്ലുപറിക്കാന്‍ പൊയ്ക്കൂടേ എന്നുമൊക്കെ ആവേശം കൊണ്ടവരാണ് ത്രിവര്‍ണക്കൊടിയേന്തിയ പഴമക്കാര്‍.
            കമ്യൂണിസ്റ്റുകള്‍‌ക്കെതിരെ ജാതിമതസംഘടനകളും രാഷ്ട്രീയകക്ഷി കളുമടക്കം കേന്ദ്രസര്‍ക്കാര്‍ വരെ അണി നിരന്ന , നുണയുടെ പെരുവെള്ളച്ചാട്ടമുണ്ടായ വിമോചനസമരക്കാലം കേരളം മറന്നിട്ടില്ല. അന്ന് ഇടതുപക്ഷം ഉയര്‍ത്തിയ ഒരു മുദ്രാവാക്യം വിമോചനസമരത്തിന്റെ രഹസ്യം വെളിപ്പെടുത്തി.
                                                ജയ് ജയ് കോണ്‍ഗ്രസ്
                                                വെയ് വെയ് രണ്ടര രൂപ എന്നായിരുന്നു അത്. വിമോചന സമരത്തില്‍ പങ്കാളിത്തം കൂട്ടുവാന്‍ രണ്ടരരൂപ കൂലി കൊടുത്ത് ആളെക്കൂട്ടിയ കോണ്‍ഗ്രസിനെ കണക്കിന് കളിയാക്കുന്നതായിരുന്നു ഈ മുദ്രാവാക്യം.
                        പാളേക്കഞ്ഞി കുടിപ്പിക്കും

                        തമ്പ്രാനെന്നു വിളിപ്പിക്കും എന്ന മുദ്രാവാക്യം മാത്രം മതി വിമോചനസമരക്കാര്‍ ആര്‍ക്കുവേണ്ടിയാണ് സമരം നടത്തിയതെന്ന് മനസ്സിലാക്കാന്‍. സവര്‍ണമേധാവിത്തങ്ങള്‍ക്ക് കുഴലൂതിക്കൊണ്ടാണ് മന്നത്തപ്പനും കൂട്ടരും , അധകൃതര്‍ക്കും അവശത അനുഭവിക്കുന്നവര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ച ഒരു സര്‍ക്കാറിനെ അട്ടിമറിച്ചത്. നുണപ്രചാരണങ്ങളുടെ വേലിയേറ്റമുണ്ടായ അക്കാലത്തുനിന്നും കേരളത്തിലെ ഇടതുപക്ഷം പാഠങ്ങള്‍ പഠിച്ചുകൊണ്ടേയിരിക്കണം.

Sunday, May 21, 2017

#ദിനസരികള്‍ 39


            കാളിദാസന്റെ സിംഹാസനം എന്‍ വി എഴുതിയ കവിതയാണ്. വിക്രമാദിത്യന്‍ , തന്റെ വിദ്വല്‍സഭയില്‍ അംഗമായിരുന്ന കാളിദാസനെ പൌത്രന്റെ സ്വഭാവദൂഷ്യമകറ്റി നേരായ വഴി പഠിപ്പിക്കുവാന്‍ നിയോഗിക്കുന്നു. മാളവദേശത്തിന്റെ അധിപനായ പ്രവരസേനന്റെ അടുത്തേക്കാണ് വിക്രമാദിത്യന്‍ കാളിദാസകവിയെ പറഞ്ഞു വിടുന്നത്. അച്ഛനായ പ്രസേനജിത്തിന്റെ മരണശേഷം അധികാരമേറ്റെടുത്ത പ്രവരസേനനാകട്ടെ രാഷ്ട്രയോഗക്ഷേമചിന്ത വെടിഞ്ഞ് സുഖിമാനായി കാട്ടില്‍ മൃഗങ്ങളെ വേട്ടയാടിയും നാട്ടില്‍ വധുക്കളെ വേട്ടുകൊണ്ടും ജീവിച്ചുപോകുകയാണ്. രാജധര്‍മ്മം മറന്ന ഈ ജീവിതം പ്രവരസേനന്റെ അമ്മയിലും വിക്രമാദിത്യനിലും ദുഖമുണ്ടാക്കുന്നു.അതുകൊണ്ട് കവി മാളവത്തില്‍ പോയി പ്രവരസേനന് സദ്ബുദ്ധി ഉപദേശിച്ചു കൊടുക്കണമെന്നാണ് ചക്രവര്‍ത്തിയായ വിക്രമാദിത്യന്‍ ആവശ്യപ്പെടുന്നത്.
                                    അപ്രിയമെങ്കിലും പഥ്യം ഹൃദയത്തി
                                    ലുള്‍പ്പൂകുമാറു വിളക്കിയോതാന്‍
                                    മിത്രമേ ! വാഗര്‍ത്ഥവിജ്ഞന്‍ ഭവാന്‍ പോലെ
                                    മറ്റൊരാളീ മന്നിലില്ലയല്ലോ എന്നു പറഞ്ഞുകൊണ്ടാണ് കവിയെ യാത്രയാക്കുന്നത്.മിത്രമേ എന്ന സംബോധന നോക്കുക. തന്റെ സദസ്സിലെ ഒരംഗം മാത്രമായ കവിയെ തനിക്ക് തുല്യനായിത്തന്നെ പരിഗണിച്ചാണ് വിക്രമാദിത്യന്‍ പെരുമാറുന്നത്.
            മാളദേശത്തെത്തിയ കാളിദാസനെ ,
                        നര്‍മ്മദാനീരില്‍ നിതംബിനിമാരൊത്തു
                        നീന്തിത്തളര്‍ന്നു മിഴികള്‍ ചെങ്ങി
                        പച്ചിലപ്പന്തലില്‍ പട്ടുചാവട്ടമേല്‍
                        വിശ്രമിക്കുന്ന - പ്രവരസേനനാണ് സ്വാഗതം ചെയ്യുന്നത്.അദ്ദേഹം ചെന്നു പെട്ടിരിക്കുന്ന അവസ്ഥാവിശേഷത്തിന്റെ ഗൌരവം വെളിവാക്കുന്നതാണ് രംഗം. വിലാസിനികളായ നതാംഗികളുടെ പരിചരണത്താല്‍ ഉന്മത്തനായ ഭൂപാലന്‍. വീണയും വേണുവും മൃദംഗവും കുഴലും കുടവും തുടിയുമൊക്കെയായി സംഗീതനിര്‍ഭരമായ അന്തരീക്ഷം. ആ അന്തരീക്ഷത്തിലേക്കാണ് ദൂതനായ കാളിദാസന്‍ ആനയിക്കപ്പെടുന്നത്. കേളികള്‍ക്ക് വിഘാതമുണ്ടാകുന്നതില്‍ അക്ഷമനായ പ്രവരസേനന്‍ തന്റെ അതൃപ്തി മറച്ചു വെക്കാതെയാണ് ദൂതനോട് പെരുമാറുന്നത്. തന്റെ അടുത്ത് നിലത്ത് ഇരിക്കാന്‍ ദൂതനോട് ആവശ്യപ്പട്ട പ്രവരസേനന്‍
                        മധ്യാഹ്നസംഗീതനര്‍ത്തന കേളിക്കു
                        വിഘ്നം വരുന്നതിലക്ഷമനായ്
                        ദുത മുത്തച്ഛന്‍ പറവതെ? ന്തോതുക
                        വേഗം എന്ന് കല്പിക്കുന്നു.
            വിക്രമാദിത്യന്‍ അര്‍ദ്ധാസനം നല്കി ബഹുമാനിച്ച കവിയാണ്. ആ കവിയോടാണ് നിലത്തിരിക്കാന്‍ കല്പിച്ചിരിക്കുന്നത്.

            ഇവിടെ ഈ കവിതാവായന അവസാനിപ്പിക്കണം. കാളിദാസന്‍ മാളവത്തില്‍ പിന്നീട് എന്തു ചെയ്തുവെന്നും പ്രവരസേനന് എന്തു സംഭവിച്ചുവെന്നും കണ്ടെത്തല്‍ സഹൃദയര്‍ക്ക് വിടുന്നു.