#ദിനസരികള്‍ 39
“
കാളിദാസന്റെ സിംഹാസനം “ എന്‍
വി എഴുതിയ കവിതയാണ്. വിക്രമാദിത്യന്‍
, തന്റെ വിദ്വല്‍സഭയില്‍ അംഗമായിരുന്ന കാളിദാസനെ പൌത്രന്റെ സ്വഭാവദൂഷ്യമകറ്റി
നേരായ വഴി പഠിപ്പിക്കുവാന്‍ നിയോഗിക്കുന്നു. മാളവദേശത്തിന്റെ അധിപനായ പ്രവരസേനന്റെ
അടുത്തേക്കാണ് വിക്രമാദിത്യന്‍ കാളിദാസകവിയെ പറഞ്ഞു വിടുന്നത്. അച്ഛനായ
പ്രസേനജിത്തിന്റെ മരണശേഷം അധികാരമേറ്റെടുത്ത പ്രവരസേനനാകട്ടെ രാഷ്ട്രയോഗക്ഷേമചിന്ത
വെടിഞ്ഞ് സുഖിമാനായി കാട്ടില്‍ മൃഗങ്ങളെ വേട്ടയാടിയും നാട്ടില്‍ വധുക്കളെ
വേട്ടുകൊണ്ടും ജീവിച്ചുപോകുകയാണ്. രാജധര്‍മ്മം മറന്ന ഈ ജീവിതം പ്രവരസേനന്റെ
അമ്മയിലും വിക്രമാദിത്യനിലും ദുഖമുണ്ടാക്കുന്നു.അതുകൊണ്ട് കവി മാളവത്തില്‍ പോയി
പ്രവരസേനന് സദ്ബുദ്ധി ഉപദേശിച്ചു കൊടുക്കണമെന്നാണ് ചക്രവര്‍ത്തിയായ വിക്രമാദിത്യന്‍
ആവശ്യപ്പെടുന്നത്.
അപ്രിയമെങ്കിലും പഥ്യം ഹൃദയത്തി –
ലുള്‍പ്പൂകുമാറു വിളക്കിയോതാന്‍
മിത്രമേ ! വാഗര്‍ത്ഥവിജ്ഞന്‍
ഭവാന്‍ പോലെ
മറ്റൊരാളീ മന്നിലില്ലയല്ലോ –
എന്നു പറഞ്ഞുകൊണ്ടാണ് കവിയെ യാത്രയാക്കുന്നത്.മിത്രമേ എന്ന സംബോധന നോക്കുക. തന്റെ
സദസ്സിലെ ഒരംഗം മാത്രമായ കവിയെ തനിക്ക് തുല്യനായിത്തന്നെ പരിഗണിച്ചാണ്
വിക്രമാദിത്യന്‍ പെരുമാറുന്നത്.
മാളദേശത്തെത്തിയ കാളിദാസനെ ,
നര്‍മ്മദാനീരില്‍ നിതംബിനിമാരൊത്തു
നീന്തിത്തളര്‍ന്നു മിഴികള്‍ ചെങ്ങി
പച്ചിലപ്പന്തലില്‍ പട്ടുചാവട്ടമേല്‍
വിശ്രമിക്കുന്ന - പ്രവരസേനനാണ് സ്വാഗതം
ചെയ്യുന്നത്.അദ്ദേഹം ചെന്നു പെട്ടിരിക്കുന്ന അവസ്ഥാവിശേഷത്തിന്റെ ഗൌരവം
വെളിവാക്കുന്നതാണ് രംഗം. വിലാസിനികളായ നതാംഗികളുടെ പരിചരണത്താല്‍ ഉന്മത്തനായ
ഭൂപാലന്‍. വീണയും വേണുവും മൃദംഗവും കുഴലും കുടവും തുടിയുമൊക്കെയായി സംഗീതനിര്‍ഭരമായ
അന്തരീക്ഷം. ആ അന്തരീക്ഷത്തിലേക്കാണ് ദൂതനായ കാളിദാസന്‍ ആനയിക്കപ്പെടുന്നത്. കേളികള്‍ക്ക്
വിഘാതമുണ്ടാകുന്നതില്‍ അക്ഷമനായ പ്രവരസേനന്‍ തന്റെ അതൃപ്തി മറച്ചു വെക്കാതെയാണ്
ദൂതനോട് പെരുമാറുന്നത്. തന്റെ അടുത്ത് നിലത്ത് ഇരിക്കാന്‍ ദൂതനോട് ആവശ്യപ്പട്ട
പ്രവരസേനന്‍
മധ്യാഹ്നസംഗീതനര്‍ത്തന കേളിക്കു
വിഘ്നം വരുന്നതിലക്ഷമനായ്
‘ദുത മുത്തച്ഛന്‍ പറവതെ? ന്തോതുക
വേഗം ‘ എന്ന് കല്പിക്കുന്നു.
വിക്രമാദിത്യന്‍ അര്‍ദ്ധാസനം നല്കി ബഹുമാനിച്ച കവിയാണ്. ആ
കവിയോടാണ് നിലത്തിരിക്കാന്‍ കല്പിച്ചിരിക്കുന്നത്.
ഇവിടെ ഈ കവിതാവായന അവസാനിപ്പിക്കണം. കാളിദാസന്‍ മാളവത്തില്‍
പിന്നീട് എന്തു ചെയ്തുവെന്നും പ്രവരസേനന് എന്തു സംഭവിച്ചുവെന്നും കണ്ടെത്തല്‍
സഹൃദയര്‍ക്ക് വിടുന്നു.
Comments