#ദിനസരികള്‍ 40


മുദ്രാവാക്യങ്ങള്‍ ചരിത്ര രേഖകളാണ്. കഴിഞ്ഞ കാലത്ത് ഒരു ജനത എങ്ങനെ യൊക്കെ ചിന്തിച്ചുവെന്നും , എന്തിനുവേണ്ടി പ്രയത്നിച്ചു എന്നുമൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് അവര്‍ ഉന്നയിച്ച മുദ്രാവാക്യങ്ങള്‍ ഉത്തരമാകുന്നു.നാട്ടുകാരുടെ നാവിന്‍ത്തുമ്പത്തുനിന്നും ഉയിര്‍‌നേടി പിടഞ്ഞുണര്‍ന്ന അത്തരം വായ്ത്താരികളിലൂടെയുള്ള അന്വേഷണം ഒരു ജനതയുടെ മൂല്യബോധത്തിന്റെ അളവെടുക്കല്‍ കൂടിയാകുന്നു.
            ഗൌരിയമ്മയുടെ ഇടതുപക്ഷക്കാലത്ത് കേരളം കേട്ട ഒരു മുദ്രാവാക്യമുണ്ട്.
കേള്‍ക്കുക
                                    ഗൌരിച്ചോത്തിയെ മടിയിലിരുത്തി
                                    നാടുഭരിക്കും നമ്പൂരീ
                                    ഗൌരിച്ചോത്തീടെ കടിമാറ്റാന്‍
                                    കാച്ചിയതാണീ മുക്കൂട്ട്   എത്രമാത്രം അധപതിച്ച ചിന്തയായിരിക്കും ഇങ്ങനെയൊരു മുദ്രാവാക്യം കെട്ടിയുണ്ടാക്കിയവരുടെ മനസ്സിലുണ്ടായിരുന്നത് ? ആരാ നിങ്ങടെ നേതാവ് എന്താ നിങ്ങടെ പരിപാടി എന്ന ചോദ്യത്തിന് , നെഹ്രുജി ഞങ്ങടെ നേതാവ് , രാജ്യക്ഷേമം പരിപാടി എന്ന് മറുപടി പറഞ്ഞവരാണ് ആ മുദ്രാവാക്യം ഉണ്ടാക്കിയത് എന്നു കാണാതെ പോകരുത്.
            ഒരു കളക്ടീവ് ഹിസ്റ്റീരിയയുടെ ഭാഗമായി പൊടുന്നനെ ഉന്നയിക്കപ്പെട്ടവയായിരുന്നില്ല ആ മുദ്രാവാക്യങ്ങള്‍. സാദൃശ്യമുള്ളതും ആഭാസഭരിതവുമായ വേറെയും മുദ്രാവാക്യങ്ങളുണ്ട് .നോക്കുക.
                                    വിക്കാ , ചട്ടാ , മച്ചിപ്പെണ്ണേ
                                    വിക്കന്റെ തലയിലെ മച്ചിച്ചോത്തി എന്നും ,ഗൌരിച്ചോത്തിയെ വേളി കഴിച്ചൊരു റൌഡിത്തൊമ്മാ സൂക്ഷിച്ചോ എന്നും ഗൌരിച്ചോത്തി പെണ്ണല്ലേ പുല്ലുപറിക്കാന്‍ പൊയ്ക്കൂടേ എന്നുമൊക്കെ ആവേശം കൊണ്ടവരാണ് ത്രിവര്‍ണക്കൊടിയേന്തിയ പഴമക്കാര്‍.
            കമ്യൂണിസ്റ്റുകള്‍‌ക്കെതിരെ ജാതിമതസംഘടനകളും രാഷ്ട്രീയകക്ഷി കളുമടക്കം കേന്ദ്രസര്‍ക്കാര്‍ വരെ അണി നിരന്ന , നുണയുടെ പെരുവെള്ളച്ചാട്ടമുണ്ടായ വിമോചനസമരക്കാലം കേരളം മറന്നിട്ടില്ല. അന്ന് ഇടതുപക്ഷം ഉയര്‍ത്തിയ ഒരു മുദ്രാവാക്യം വിമോചനസമരത്തിന്റെ രഹസ്യം വെളിപ്പെടുത്തി.
                                                ജയ് ജയ് കോണ്‍ഗ്രസ്
                                                വെയ് വെയ് രണ്ടര രൂപ എന്നായിരുന്നു അത്. വിമോചന സമരത്തില്‍ പങ്കാളിത്തം കൂട്ടുവാന്‍ രണ്ടരരൂപ കൂലി കൊടുത്ത് ആളെക്കൂട്ടിയ കോണ്‍ഗ്രസിനെ കണക്കിന് കളിയാക്കുന്നതായിരുന്നു ഈ മുദ്രാവാക്യം.
                        പാളേക്കഞ്ഞി കുടിപ്പിക്കും

                        തമ്പ്രാനെന്നു വിളിപ്പിക്കും എന്ന മുദ്രാവാക്യം മാത്രം മതി വിമോചനസമരക്കാര്‍ ആര്‍ക്കുവേണ്ടിയാണ് സമരം നടത്തിയതെന്ന് മനസ്സിലാക്കാന്‍. സവര്‍ണമേധാവിത്തങ്ങള്‍ക്ക് കുഴലൂതിക്കൊണ്ടാണ് മന്നത്തപ്പനും കൂട്ടരും , അധകൃതര്‍ക്കും അവശത അനുഭവിക്കുന്നവര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ച ഒരു സര്‍ക്കാറിനെ അട്ടിമറിച്ചത്. നുണപ്രചാരണങ്ങളുടെ വേലിയേറ്റമുണ്ടായ അക്കാലത്തുനിന്നും കേരളത്തിലെ ഇടതുപക്ഷം പാഠങ്ങള്‍ പഠിച്ചുകൊണ്ടേയിരിക്കണം.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം