Wednesday, May 24, 2017

#ദിനസരികള്‍ 42


എം ടി ക്കെതിരെ സംഘപരിവാരം സജീവമായിത്തന്നെ നിലകൊള്ളുന്നു എന്ന് വ്യക്തമാക്കിക്കൊണ്ട് രണ്ടാമൂഴത്തിനെതിരെ ഹിന്ദു ഐക്യവേദിയുടെ നേതാവ് ശ്രീ ശശികല രംഗത്തിറങ്ങിയിരിക്കുന്നു.മഹാഭാരതം എന്ന പേരില്‍ രണ്ടാമൂഴം സിനിമയാക്കാന്‍ അനുവദിക്കില്ല എന്നും അഥവാ അങ്ങനെ സിനിമയാക്കിയാല്‍ അത് തീയ്യറ്റര്‍ കാണില്ല എന്നുമാണ് ഭീഷണി.മാത്രവുമല്ല , ഹിന്ദുക്കളുടെ വിശ്വാസവുമായി ബന്ധപ്പെട്ടതാണ് മഹാഭാരതമെന്നും ചരിത്രത്തേയും വിശ്വാസത്തേയും വികലമാക്കുന്ന കൃതിയാണ് രണ്ടാമൂഴമെന്നും അവര്‍ കണ്ടെത്തുന്നു. കൂടാതെ മഹാഭാരതത്തെ തലകീഴായി അവതരിപ്പിക്കുകയാണ് രണ്ടാമൂഴം ചെയ്തതെന്നും അവര്‍ ആരോപിക്കുന്നു.
            ഐക്യവേദിയുടെ നേതാവിന്റെ പ്രഖ്യാപനം അവിചാരിതവും ആകസ്മികവുമായി ഒരു പ്രസംഗമധ്യേ വെറുതെ വന്നുവീണതല്ല. അത് വളരെ സൂക്ഷ്മതയോടെ ആലോചിച്ചുറപ്പിച്ച് ഉന്നയിച്ചതാണ്. വെറും എംടി വിരോധം എന്നതിനപ്പുറം രണ്ടാമൂഴത്തെ മറയാക്കി മഹാഭാരതത്തെ ഹിന്ദുക്കളുടെ വിശ്വാസവുമായി കൂട്ടിക്കെട്ടുകയും , അതുവഴി വൈകാരികമായ പിന്തുണ നേടിയെടുക്കാനുമുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്. എന്നുമാത്രമല്ല ഹൈന്ദവം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഏതൊന്നിന്റേയും ഉടമകളും അവകാശികളും തങ്ങളാണന്ന് കൂടി അവര്‍ പറയാതെ പറയുന്നു. ഇത് അനുവദിച്ചുകൊടുത്താല്‍ മനുഷ്യവംശത്തിന്റെ മഹത്തായ ഈടുവെപ്പുകളായ രാമായണവും മഹാഭാരതവുമൊക്കെ ചുരുക്കം ചില തീവ്രവാദസംഘടനകളുടെ കൈകളിലേക്ക് ഒതുങ്ങും. പിന്നീട് ഒരു സാരോപദേശകഥ പോലും അവയെ ഉപജീവിച്ച് എഴുതുക എന്നതിന് ഈ വര്‍ഗ്ഗീയ സംഘടനകളുടെ അച്ചാരം വാങ്ങേണ്ടിവരും.
            രണ്ടാമൂഴം എന്ന നോവല്‍ മഹാഭാരതത്തെ വികലമാക്കി എന്നാരും ഇതുവരെ ആക്ഷേപിച്ചു കണ്ടിട്ടില്ല. എന്നു മാത്രവുമല്ല , മഹാഭാരതത്തിന്റെ പരിസരത്തുനിന്നും പുന:സൃഷ്ടിക്കപ്പെട്ട കഥാസന്ദര്‍ഭങ്ങള്‍ ഭാരതത്തിന് കൂടുതല്‍ ശോഭ ഇണക്കിച്ചേര്‍ക്കുകയാണ് ചെയ്തിട്ടുള്ളത്. അഭൌതികപരിവേഷങ്ങളുടെ  ആലക്തികപ്രഭകളില്‍ മാത്രമേ വിശ്വാസങ്ങള്‍ക്ക് ഇരിപ്പിടമുണ്ടാകൂ എന്ന് വാദിക്കുന്നവര്‍ പോലും രണ്ടാമൂഴത്തെ തള്ളിപ്പറഞ്ഞിട്ടില്ല. സംഘപരിവാരത്തിന്റെ അജണ്ട പക്ഷേ മഹാഭാരതത്തെ ചാരിനിന്നുള്ള വര്‍ഗീയ ധ്രൂവീകരണമാകുമ്പോള്‍ സത്യവും യുക്തിബോധവും കളത്തിന് പുറത്താവുക സ്വാഭാവികമാണല്ലോ.അതുശരിയാണല്ലോ.. രണ്ടാമൂഴത്തിന് മഹാഭാരതം എന്ന് എന്തിനാണ് പേരിടുന്നതെന്ന് നിഷ്കളങ്കരായ ഹിന്ദുവിശ്വാസികളെക്കൊണ്ട് ചോദിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് ശശികലയുടേയും കൂട്ടരുടേയും വിജയം.അഭിപ്രായവ്യത്യാസമില്ലാത്തതിടത്ത് അതുണ്ടാക്കുകയും പക്ഷംതിരിയാന്‍ ഇടവരുത്തുകയും ചെയ്തുകൊണ്ടാണ് എക്കാലത്തും ഫാസിസ്റ്റ് സംഘടനകള്‍ അവര്‍ക്കുള്ള ഇടങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്.ആ തന്ത്രം ഇവിടേയും പരീക്ഷിക്കാന്‍ മുതിര്‍ന്നതോടെ ശശികലയെ എതിര്‍ത്തുകൊണ്ടും അനുകൂലിച്ചുകൊണ്ടും രണ്ടുപക്ഷക്കാരുണ്ടാകുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണല്ലോ.നിശ്ചലമായ കുളത്തിലേക്ക് വീണ കല്ലാണ് ഈ വിവാദം. ഓളങ്ങളടങ്ങിവരുമ്പോഴേക്കും കര ആവശ്യത്തിലധികം ഇടിഞ്ഞിട്ടുണ്ടാകും.

            ജയം എന്നാണ് മഹാഭാരതത്തിന്റെ ആദ്യ പേര്.പിന്നീടെപ്പോഴോ മഹാഭാരതം എന്ന് ചാര്‍ത്തപ്പെട്ടതാണ്. ഗ്രന്ഥത്തിന് സ്വന്തമായിട്ടുണ്ടായിരുന്ന പേരിനുപോലും മാറ്റമുണ്ടായിരിക്കുന്നു.ജയത്തിന് വേണ്ടി വാദിക്കാത്തതും മഹാഭാരതത്തിന് വേണ്ടി വാദിക്കുന്നതും മറ്റൊരു അജണ്ടയുടെ ഫലമാണെന്നുകൂടി നാം മനസ്സിലാക്കണം.
Post a Comment