#ദിനസരികൾ 41


ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്ന് ഒരു വർഷം പൂർത്തിയാക്കുന്ന ഈ സാഹചര്യത്തിൽ നമ്മുടെ മാധ്യമങ്ങൾ സർക്കാറിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുവാൻ  ശ്രമിക്കുന്നുണ്ട്. സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളെക്കാൾ വിവാദങ്ങളോട് മാധ്യമങ്ങൾക്കുള്ള  പ്രണയം നമുക്കറിയാമെന്നതുകൊണ്ട് അവർ എന്താണ് എഴുതുക എന്ന് ഊഹിക്കാവുന്നതേയുള്ളു. വഴി ശരിയോ എന്ന തലക്കെട്ടിൽ സർക്കാറിന്റെ  കാലത്ത് ഉടലെടുത്തിരിക്കുന്ന വിവാദങ്ങളെ ചിത്ര സഹിതം രേഖപ്പെടുത്താൻ മാതൃഭൂമി കാണിച്ച വ്യഗ്രത പ്രത്യേകം എടുത്തു പറയേണ്ടതാണ്. എഡിറ്റോറിയൽ പേജ് ആകമാനം ഇതിനായി മാറ്റി വെച്ചിട്ടുണ്ട് , മാതൃഭൂമി.
സർക്കാറിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച് വായിച്ചവയിൽ  സുഗതകുമാരി ടീച്ചറുടെ “ പ്രതീക്ഷ നല്കുന്ന ഭരണം “ എന്ന ലേഖനം പ്രത്യേക പരിഗണന  അർഹിക്കുന്നുണ്ട്.. മലയാള ഭാഷ നിർബന്ധമാക്കുന്നതിലുണ്ടായ പിന്നോട്ടടി വേദനാജനകമാണെന്നും മൂന്നാറിലെ കൈയേറ്റം നിർബന്ധമായും ഒഴിപ്പിക്കപ്പെടേണ്ടതാണെന്നും ടീച്ചർ എഴുതുന്നു. ഇനി ചെയ്യേണ്ട കാര്യങ്ങള്‍ എന്ന നിർദ്ദേശത്തോടെ ടീച്ചർ അക്കമിട്ട് സർക്കാറിന് നല്കിയ ഉപദേശങ്ങൾ നടപ്പിലാക്കുവാൻ ഇടതുപക്ഷ സർക്കാർ മനസ്സു വെക്കണം . കാരണം ആ നിർദ്ദേശങ്ങൾ നടപ്പിലാക്കുവാൻ ഇടതു പക്ഷത്തിന് മാത്രമേ കഴിയൂ എന്നതാണ് വസ്തുത. സുഗതകുമാരി നല്കിയ നിർദ്ദേശങ്ങൾ താഴെ എടുത്തെഴുതട്ടെ :-

1. പാറമടകള്‍ പശ്ചിമഘട്ടത്തിന് ഹാനികരമാണ്. അവയുടെ എണ്ണം കര്‍ശനമായി നിയന്ത്രിക്കണം.
2. ഒരുവിധ കൈയേറ്റവും ഇനിമേലില്‍ വനമേഖലകളില്‍ അനുവദിക്കരുത്.
3. ഉറവകളുടെയും നദികളുടെയും പ്രഭവസ്ഥാനങ്ങള്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കണം.
4. വന്യമൃഗസംരക്ഷണ നിയമം കര്‍ശനമായി നടപ്പാക്കണം. കുറ്റവാളികള്‍ക്ക് കഠിനശിക്ഷ നല്‍കണം.
5. അതിരപ്പിള്ളി പോലുള്ള പദ്ധതികള്‍ക്ക് ഇനിമേലില്‍ കേരളത്തിന് താങ്ങാനാകുകയില്ല. ജലവൈദ്യുത പദ്ധതികള്‍ ഇനി വേണ്ടെന്ന് വയ്ക്കണം
6. സൂര്യോര്‍ജ പദ്ധതികള്‍ വ്യാപകമാക്കാനുള്ള പണവും പ്രോത്സഹാനവും നല്‍കണം.
7. കുന്നിടിക്കലും മലയിടിക്കലും നിരോധിക്കണം.
8. തണ്ണീര്‍ത്തടങ്ങള്‍, നെല്‍വയലുകള്‍ എന്നിവയുടെ ഡാറ്റാ ബാങ്ക് ഉടന്‍ പ്രസിദ്ധീകരിക്കണം.
9. തരിശിട്ട നെല്‍പ്പാടങ്ങളില്‍ കൂട്ടുകൃഷി സമ്പ്രദായത്തില്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ വീണ്ടും കൃഷിയിറക്കണം.
10. വികേന്ദ്രീകൃത മാലിന്യനിര്‍മാര്‍ജന പദ്ധതികള്‍ മെച്ചപ്പെടുത്തണം.
11. അനിയന്ത്രിതമായ ഭൂഗര്‍ഭജല ചൂഷണം കര്‍ശനമായി തടയണം.
12. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കണം
13. മാനസിക രോഗികള്‍, ബുദ്ധിമാന്ദ്യമുള്ളവര്‍, വൃദ്ധജനങ്ങള്‍ എന്നിവര്‍ക്കുവേണ്ടി സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ 'ശ്രദ്ധാഭവനങ്ങള്‍' ആരംഭിക്കണം.
14. ആദിവാസി മേഖലയ്ക്ക് സശ്രദ്ധ പരിചരണം നല്‍കണം.
15. കാര്‍ഷികോല്‍പ്പന്നങ്ങളിലെ കീടനാശിനി പ്രയോഗം കര്‍ശനമായി തടഞ്ഞ് ജൈവക്കൃഷി പ്രോത്സാഹിപ്പിക്കണം.
16. സംസ്ഥാനത്തെ 44 നദികളും മാലിന്യവാഹിനികളാണ്. നദികളെയും ജലാശയങ്ങളെയും ജാഗ്രതയോടെ ശുദ്ധീകരിച്ച്, പുനരുജ്ജീവിപ്പിച്ച് സംരക്ഷിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം.
17. കണ്ണൂരിന്റെ മണ്ണില്‍ ഇനിയും ചോര വീണുകൂടാ. വിഷയത്തില്‍ മുഖ്യമന്ത്രി മുന്‍കൈയെടുക്കണം. ഒരു വര്‍ഷത്തിനിടെയുണ്ടായ 14 കൊലപാതകത്തിലും ഞങ്ങള്‍ ലജ്ജിക്കുന്നു, ദുഃഖിക്കുന്നു.
18. മുഖ്യമന്ത്രി മാധ്യമങ്ങളുമായി കൂടുതല്‍ ബന്ധം പുലര്‍ത്തേണ്ടതുണ്ട്.
സുഗതകുമാരി ടീച്ചറുടെ ആവശ്യങ്ങൾക്ക് ഈ നാടിന്റെ കൂടി പിന്തുണയുണ്ട് എന്ന തിരിച്ചറിവ് സർക്കാറിന് ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം