Saturday, April 29, 2017

#ദിനസരികള്‍ 17


പശുഭക്തി പരമാവധിയിലെത്തിയിരിക്കുന്നു.രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പശുസംരക്ഷണത്തിന്റെ പേരില്‍ ഉയരുന്ന തെമ്മാടിത്തരങ്ങളുടെ കഥകള്‍ അനുദിനം വര്‍ദ്ധിച്ച അളവില്‍ നാം കേട്ടുകൊണ്ടിരിക്കുന്നു. പശുക്കടത്ത് ആരോപിച്ച് തല്ലിക്കൊല്ലലും കെട്ടിത്തൂക്കലും നിരന്തരം നടപ്പിലാകുന്നു. റോഡില്‍ നിന്ന പശു മാറുന്നതിന് വേണ്ടി ഹോണ്‍ മുഴക്കിയ ആളുകള്‍‌പോലും ക്രൂരമായി ആക്രമിക്കപ്പെടുന്നു. ഭ്രാന്തായി മാറിയ ഈ നീക്കത്തിന്റെ പിന്നില്‍ കൃത്യമായ ഒരു അജണ്ടയുണ്ട്. സംഘപരിപവാര്‍ സംഘടനകളുടെ സമകാലിക മുദ്രാവാക്യങ്ങളില്‍ പ്രാമാണ്യം സിദ്ധിച്ചിട്ടുള്ള പശുസംരക്ഷണം എന്ന മുദ്രാവാക്യത്തിന് പിന്നില്‍ വിശ്വാസത്തിന്റെ സമസ്ത സാധ്യതകളേയും രാഷ്ട്രീയമായ ഏകീകരണത്തിന് എങ്ങനെ ഉപയോഗപ്പെടുത്താം എന്ന അന്വേഷണമുണ്ട്. കേവലമായ ഒരു വിശ്വാസപ്രഘോഷണം എന്നതിലുപരി രാഷ്ട്രീയമായ ഒരു സാധ്യതാന്വേഷണം കൂടിയായി പശുസംരക്ഷണം മാറുന്നു. അത് പശുവിനെ മുന്നില്‍ നിറുത്തിയുള്ള പുതിയ ഒരു രാഷ്ട്രീയ ആയുധം തേടലാണ്. അതുകൊണ്ടാണ് സാധാരണക്കാരന്റെ ദൈനന്ദിന ജീവിതത്തിനുള്ള ഉപാധി എന്ന നിലയില്‍ പശുവിനോടുള്ള പ്രകടനങ്ങള്‍ക്കപ്പുറം വിശ്വാസപരമായ ഒരു പരിവേഷം കൂടി അതിന് ചാര്‍ത്തിക്കൊടുക്കുവാന്‍ വര്‍ഗ്ഗീയതയുടെ പ്രയോക്താക്കള്‍ മുന്നിട്ടിറങ്ങിയത്.

            ഇങ്ങനെ പശുവിന് ചാര്‍ത്തിക്കിട്ടുന്ന ദൈവീകത്വംമൂലം സാധാരണക്കാരനായ ഒരു ഹിന്ദു വിശ്വാസിക്ക് പ്രത്യേകിച്ച് ലാഭമൊന്നുമില്ല എന്ന കാര്യം സ്പഷ്ടമാണ്. മാത്രവുമല്ല , ഇറച്ചിയും തോലുമൊക്കെ നല്കുന്ന വിപണനസാധ്യത ഇല്ലാതാകുകയും ചെയ്യുന്നുണ്ട്. പ്രായമായതും രോഗം വന്നതും പ്രജനനശേഷി നഷ്ടപ്പെട്ടതുമൊക്കെയായ പശുക്കള്‍ കര്‍ഷകന് ഭാരമാകുക കൂടി ചെയ്യുന്നു. അപ്പോള്‍ ഹിന്ദുവായ പശുപാലകര്‍ക്കുപോലും ഇത്തരം കുഴപ്പങ്ങളുണ്ടാകുമ്പോഴും അഭിനവസംരക്ഷകര്‍ ഗോമാതാ മുദ്രാവാക്യം കൂടുതല്‍ ശക്തിയോടെ ഉയര്‍ത്തുന്നതിന്റെ രഹസ്യമെന്ത് ? സ്വാമി വിവേകാനന്ദന്‍ പോലും ഒരു കാലത്ത് ബ്രാഹ്മണര്‍ ഗോമാംസം ഭക്ഷിച്ചിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്.ഗോമാംസം കഴിക്കാത്തവരെ ബ്രാഹ്മണരായി കരുതാതിരുന്ന ഒരു കാലഘട്ടത്തെക്കുറിച്ച് അദ്ദേഹം എഴുതുന്നു. അപ്പോള്‍ ഹിന്ദുവിന്റേ ക്ഷേമമോ പശുവിന്റെ സംരക്ഷണമോ അല്ല സംഘപരിവാറസംഘടനകളുടെ ലക്ഷ്യമെന്ന് വ്യക്തം.കന്നുകാലി വ്യാപാരത്തിലൂടെ ഉപജീവനമാര്‍ഗ്ഗം തേടുന്ന ലക്ഷക്കണക്കായ മുസ്ലിം മതവിഭാഗത്തില്‍‍പ്പെട്ട‍‌ സാധാരണക്കാരുടെ ജീവിതോപാധിയെ തകര്‍ക്കുക എന്ന ഒരൊറ്റ ലക്ഷ്യമേ പശുസംരക്ഷണം എന്ന മുദ്രാവാക്യത്തിന് ഉളളു. കുടിലബുദ്ധികളുടെ കുപ്രചാരണങ്ങള്‍ക്ക് വിശ്വാസത്തെ മുന്‍നിര്‍ത്തുക വഴി സത്യമെന്തെന്ന് തിരിച്ചറിയാന്‍ കഴിയാത്ത ഒരു ചുരുങ്ങിയ ഹിന്ദുസമൂഹത്തെ കുറച്ചു കാലത്തേക്ക് കൂടെ നിറുത്തുവാന്‍ കഴിഞ്ഞേക്കുമെങ്കിലും അത് ശാശ്വതമായിരിക്കില്ല. പശു ഒരു രാഷ്ട്രീയ സാധ്യതമാത്രമാണെന്നും വിവിധ സമുദായങ്ങളുടെ ഇടയില്‍ സ്പര്‍ദ്ധ വളര്‍ത്താനുള്ള ഒരുപകരണം മാത്രമാണെന്നും തിരിച്ചറിയുന്നതുവരെ വര്‍ഗ്ഗീയ നീക്കങ്ങള്‍ സാധാരണക്കാരായ ഹിന്ദുവിശ്വാസികളെ ആകര്‍ഷിച്ചേക്കാം. പക്ഷേ അത്തരമൊരു മതാതീത അന്തരീക്ഷം ഉണ്ടാക്കിയെടുക്കുവാനും , ഗോസംരക്ഷണമുദ്രാവാക്യമുയര്‍ത്തു ന്നതിന്റെ പിന്നിലുള്ള വര്‍ഗ്ഗീയ അജണ്ട തുറന്നു കാണിക്കുവാനും നാം കൂടുതല്‍ കരുത്തോടെ , നിരന്തരം ഇടപെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. 

Friday, April 28, 2017

#ദിനസരികള്‍ 16
­­കിം കി ഡുക്ക്.മലയാളികള്‍ക്ക് ആമുഖമാവശ്യമില്ലാത്ത ചിരപരിചിതമായ നാമധേയം. ഈ ലോകോത്തര കൊറിയന്‍ സിനിമ സംവിധായകനെക്കുറിച്ച് ഡോക്ടര്‍ ബിജു എഴുതിയ പുസ്തകമാണ് കിം കി ഡുക്ക് സിനിമയും ജീവിതവും. ഡുക്കിന്‍റെ സിനിമകള്‍ക്ക് കേരളത്തില്‍ ധാരാളം ആസ്വാദകരുണ്ടെങ്കിലും അദ്ദേഹത്തെക്കുറിച്ച് മലയാളത്തില്‍ ഇത്തരം പഠനങ്ങള്‍ വിരളമാണ്. ഡുക്കിന്റെ സംഭാവനകളെക്കുറിച്ച്  ഈ പുസ്തകത്തിലുള്ള പരാമര്‍ശങ്ങള്‍ സമഗ്രമെന്നോ സമ്പൂര്‍ണമെന്നോ വിവക്ഷിക്കുവാന്‍ കഴിയുകയില്ലെങ്കിലും ഈ മേഖലയിലേക്കുള്ള ഭാവനാപൂര്‍ണമായ ഒരു കാല്‍വയ്പായി തുടക്കക്കാര്‍ക്ക് സഹായകമാകും എന്ന കാര്യത്തില്‍ സംശയമില്ല.
            മുപ്പത്തിയാറാമത്തെ വയസ്സില്‍ തന്റെ ആദ്യ സിനിമ സംവിധാനം ചെയ്ത ഡുക്ക് , കേവലം തന്റെ മുപ്പത്തിയൊന്നാമത്തെ വയസ്സില്‍ മാത്രമാണ് ഒരു സിനിമ ആദ്യമായി കാണുന്നത് എന്ന വിവരം ആരെയാണ് ഞെട്ടിക്കാതിരിക്കുക ? 1996 ല്‍ അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ദ ക്രൊക്കഡൈല്‍ എന്ന സിനിമ , കൊറിയയിലെ  ആഭ്യന്തര പ്രേക്ഷകരുടെ ശ്രദ്ധയില്‍ പെട്ടില്ലെങ്കിലും അന്താരാഷ്ട്രചലച്ചിത്ര മേളകളില്‍ സവിശേഷ ശ്രദ്ധ നേടിയത് ഡുക്കിന്റെ പില്ക്കാല സിനിമാ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമായി.പിന്നീട് അദ്ദേഹത്തിന്റേതായി വന്ന  വിഖ്യാതമായ നിരവധി ചലച്ചിത്രങ്ങള്‍ അത്ഭുതത്തോടെയാണ് ലോകം നെഞ്ചേറ്റിയത്. അദ്ദേഹത്തിന്റെ സിനിമകള്‍ക്കായി ആരാധകര്‍ എപ്പോഴും കാത്തിരിക്കുന്നു.
            എന്താണ് കിമ്മിന്റെ സിനിമയുടെ സവിശേഷത? സാധാരണ നാം കണ്ടുപരിചയിച്ച സിനിമസങ്കല്പങ്ങളില്‍ നിന്ന് എന്താണ് അതിനെ വ്യതിരിക്തമാക്കുന്നത് ? ഈ ചോദ്യങ്ങള്‍ക്ക് ഓരോ അനുവാചകരും ഓരോ ഉത്തരമായിരിക്കും കണ്ടെത്തുക. എന്റെ സിനിമകളില്‍ ഞാന്‍ കാണുന്നത് , വേദനകളിലും വളരെ മോശമായ സാഹചര്യങ്ങളിലും മനുഷ്യന്‍ ജീവിക്കുവാന്‍ വിധിക്കപ്പെടുമ്പോഴും അവര്‍ ജീവിക്കുന്നു എന്നതാണ്. എന്റെ സിനിമകളില്‍ കള്ളന്മാരുണ്ട്. വേശ്യകളുണ്ട്. കൊലപാതകികളുണ്ട്. അതൊന്നുമല്ല പ്രധാനം. അവര്‍ ജീവീതത്തോട് പ്രതികരിക്കുന്ന വഴികളാണ് എന്ന് കിം പ്രഖ്യാപിക്കുന്ന ഒരു അഭിമുഖം ഈ പുസ്തകത്തില്‍ എടുത്തു ചേര്‍ത്തിരിക്കുന്നു. ജീവിതത്തിന്റെ പ്രഭാപൂര്‍ണമായ ഉപരിമണ്ഡലങ്ങള്‍ മാത്രമല്ല , തമോഭരിതമായ അധസ്ഥലികളുമുണ്ട് എന്നും അവര്‍ക്കും ജീവിതമുണ്ട് എന്നും ഈ കലാകാരന്‍ കാണിച്ചുതരുന്നു.
           


Thursday, April 27, 2017

#ദിനസരികള്‍ 15
 “ വെള്ളത്തിന് വേണ്ടിയാണ് നാമുണരേണ്ടത് “ എന്ന തലക്കെട്ടില്‍ ഇന്നത്തെ മാതൃഭൂമിയുടെ മുഖപ്രസംഗം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ജലദൌര്‍ലഭ്യത്തെ ക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു. തിരുവനന്തപുരം മുതല്‍ കാസര്‍‌കോഡുവരെയുള്ള ജില്ലകളിലെ അണക്കെട്ടുകളും കിണറുകളും മറ്റ് ജലസംഭരണികളും വറ്റിക്കൊണ്ടിരിക്കുന്നു. മൂലമറ്റം വൈദ്യുതി ഉത്പാദനം നിലക്കുമെന്ന ഘട്ടത്തിലെത്തി. “പരമാവധി ഇരുപത്തിയെട്ടു ദിവസം കൂടി വൈദ്യുതിയുണ്ടാക്കാനുള്ള വെള്ളമേ അണക്കെട്ടിലുള്ളു “ എന്ന വൈദ്യൂതി വകുപ്പിന്റെ മുന്നറിയിപ്പ് ആരേയും പേടിപ്പെടുത്തുന്നതാണ്.അറുപതിനായിരത്തോളം ആളുകള്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ശൌചാലയങ്ങള്‍ പൂട്ടിക്കഴിഞ്ഞതായി മാതൃഭൂമി ചൂണ്ടിക്കാണിക്കുന്നു.വറ്റില്ല എന്ന് നാം അഭിമാനംകൊണ്ടിരുന്ന പല ജലസ്രോതസ്സുകളും വറ്റിക്കഴിഞ്ഞു. വനനശീകരണങ്ങളും തെറ്റായ ഉപയോഗശീലങ്ങളും നമ്മെത്തന്നെ തിരിഞ്ഞുകൊത്തിത്തുടങ്ങിയിരിക്കുന്നു.
ഇനിയെങ്കിലും അലസമായ ജലനയത്തില്‍ നിന്ന് ജലവിവേകത്തിലേക്ക് നാം ഉണരണം.പ്രകൃതിയുടെ മുകളിലുള്ള നമ്മുടെ തെറ്റായ കടന്നുകയറ്റങ്ങള്‍ക്ക് നാം വലിയ വില പകരം കൊടുക്കേണ്ടിവരും. ഏംഗല്‍സ് , അധ്വാനത്തിന്റെ പങ്ക് എന്ന ലേഖനത്തില്‍ “കീഴടക്കപ്പെട്ട രാജ്യങ്ങളിലെ പ്രജകളെയെന്ന പോലെ പ്രകൃതിയെ നമുക്ക് ഭരിക്കാനാവില്ല.നമ്മുടെ രക്തവും മാംസവും തലച്ചോറും എല്ലാം പ്രകൃതിയുടെ ഭാഗമാണ്, പ്രകൃതിയിലാണ് നാം നിലകൊള്ളുന്നത് “ ആര്‍ജ്ജവമുള്ള ഈ വാക്കുകളെ നമ്മുടെ ജനത മനസ്സിലാക്കിയില്ല.നാളെ വരുന്ന തലമുറക്ക് ഇന്നലെയുടെ സമ്മാനമായി കരുതിവെക്കേണ്ട പ്രകൃതിവിഭവങ്ങളെ നാം മൂച്ചൂടും കൊള്ളയടിച്ചു, ഊറ്റിയെടുത്തു. എന്നിട്ടും,  Water Wars എന്ന പുസ്തകത്തില്‍ ഇനി വരുന്ന യുദ്ധം ജലത്തിനു വേണ്ടിയായിരിക്കും എന്ന വീക്ഷണത്തെ അവതരിപ്പിക്കുന്ന വന്ദനശിവ ഈ അടുത്ത കാലത്ത് ഉയര്‍ത്തിയ മുന്നറിയിപ്പുകളും ,നാം മുഖവിലക്കെടുത്തില്ല. ഇപ്പോഴും വരള്‍ച്ച വരുമ്പോള്‍ അയ്യോ വരള്‍ച്ച എന്ന് പരിതപിക്കുകയും പരക്കം പായുകയും ചെയ്യുകയല്ലാതെ , എങ്ങനെ സ്ഥായിയായി ഈ വെല്ലുവിളിയെ അതിജീവിക്കാം എന്ന് ആത്മാര്‍ത്ഥമായി നാം അന്വേഷിക്കുന്നില്ല. വരള്‍ച്ച മാറുമ്പോള്‍ മറ്റെല്ലാം മറന്ന് നാം വീണ്ടും ജലധാരാളിത്തത്തിലേക്ക് കൂപ്പൂകുത്തുന്നു. നമ്മുടെ , മനുഷ്യകുലത്തിന്റെ അവസരവാദപരമായ ഈ സമീപനത്തിനപ്പുറം സ്ഥിരമായ ഒരു ജലവിവേകം ഉണ്ടായിട്ടില്ലെങ്കില്‍ സമീപഭാവിയില്‍ ഉണ്ടാകുന്ന ജലദൌര്‍ലഭ്യത്തെ അതിജീവിക്കുവാന്‍ നമുക്ക് കഴിയില്ല. അതുകൊണ്ട് താല്ക്ലാലിക ലാഭത്തിലധിഷ്ടിതമായ വ്യാപാരങ്ങള്‍ക്കപ്പുറം നാളെയുടെ കുഞ്ഞുങ്ങളെക്കൂടി നാം കണക്കിലെടുത്തുകൊണ്ട് ഇന്നിനെ പരുവെപ്പെടുത്താന്‍ കഴിയണം. അത്തരത്തിലുള്ള മാനവികമായ ഒരിടപെടലിനെക്കുറിച്ചാണ് ഏംഗല്‍സ് അക്കാലത്തിലിരുന്നും ജോണ്‍ ബെല്ലാമി ഫോസ്റ്ററും പി സായ് നാഥും വന്ദന ശിവയുമൊക്കെ ഇക്കാലത്തിലിരുന്നും നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. ആ ഓര്‍മ്മപ്പെടുത്തലുകള്‍ നമുക്ക് പാഠങ്ങളാകുന്നില്ലെങ്കില്‍ വന്നുവീഴാന്‍ പോകുന്ന ഇരുളിനെ കാത്തിരിക്കുക എന്നതു മാത്രമേ ഇനി ചെയ്യാനുള്ളു.

Wednesday, April 26, 2017

#ദിനസരികള്‍ 14
“Do you believe in God?”
“No, Not at all”
“What ! You are a Swamy and you don’t believe in God”
“I don’t believe in anything”
“If you don’t believe in God ,on whom do you meditate?”
“On Chu-Chi”
“Chu-Chi ! What is that?”
“When people say God , I don’t understand ; When I say Chu-Chi , they don’t understand”
ഈശ്വരവിശ്വാസത്തെക്കുറിച്ച് ചോദിച്ച ഒരാള്‍ക്ക് നിത്യ ചൈതന്യയതി നല്കിയ മറുപടിയാണ് മുകളില്‍ കൊടുത്തത് . പൊതുധാരണകള്‍‌ക്കതിരെ ഇത്രയും സൌമ്യമായി പ്രകടിപ്പിക്കപ്പെട്ട ഒരു നിഷേധം ഉയര്‍ത്തുന്ന അര്‍ത്ഥപരിസരങ്ങളെക്കുറിച്ച് സൂക്ഷ്മമായ ഒരു അവലോകനം നടത്തുകതന്നെ വേണം. വിശ്വാസികള്‍ കല്പിച്ചു നല്കിയിരിക്കുന്ന വിശേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈശ്വരന്‍ അഥവാ ദൈവം എന്ന സങ്കല്പം നിലനില്ക്കുന്നത്. കരുണാമയന്‍ , സര്‍വ്വത്തിന്റേയും നാഥന്‍ , സര്‍വ്വവും സൃഷ്ടിച്ച് പാലിച്ച് സംഹരിച്ച് പോരുന്നവന്‍ - ഇങ്ങനെ എണ്ണിയാല്‍ത്തീരാത്ത വിശേഷണങ്ങളുണ്ട് ഈശ്വരന്. ഏതൊരു മതത്തിലേയൂം ദൈവസങ്കല്പങ്ങള്‍ക്ക് ഈ വിശേഷണങ്ങളെ ചാര്‍ത്തിക്കൊടുക്കുവാന്‍ നാം മടിക്കാറില്ല.സ്നേഹം കരുണ ദയ തുടങ്ങിയ മാനവികത കുടികൊള്ളുന്ന സര്‍വ്വ സാധ്യതകളേയും കൂട്ടത്തില്‍ നാം ഈശ്വരന് പതിച്ചുനല്കുന്നു. ദൈവം സ്നേഹമാണ് കരുണയാണ് ദയയാണ് എന്നൊക്കെ വാദിക്കാറുമുണ്ട്. പൊതുവായ ഈ മുഖമുദ്രകളെ നാം അംഗീകരിക്കുന്നുവെങ്കിലും എന്റെ ദൈവത്തേയും നിങ്ങളുടെ നിങ്ങളുടെ ദൈവത്തേയും പരസ്പരം മാറിയാലോ എന്നൊരു ചോദ്യം ഈ വിശേഷണങ്ങളെ ഉയര്‍ത്തിപ്പിടിച്ച് ദൈവത്തിന്റെ സാര്‍വലൌകികത്വത്തിന് വേണ്ടി വാദിക്കുന്ന ഒരു വിശ്വാസിയോട് ഒന്ന് ചോദിച്ചു നോക്കുക. എല്ലാ വിശേഷണങ്ങളും എല്ലാ ദൈവങ്ങള്‍ക്കുമിണങ്ങുമെങ്കിലും , ദൈവം സ്നേഹമാണ് കരുണയാണ് , എല്ലാ ദൈവവും ഒന്നാണ് എന്നൊക്കെ പരസ്യമായും രഹസ്യമായും നാം വാദിക്കുമെങ്കിലും പരസ്പരമുള്ള വിശ്വാസപരമായ ഒരു മാറ്റത്തെക്കുറിച്ച് ചോദിച്ചാല്‍ ഈ വിശ്വാസികളുടെ പ്രതികരണം വിസ്മയാവഹമായിരിക്കും. ഇവിടെയാണ് എല്ലാ ദൈവവും ഒന്നുതന്നെ എന്ന് വാദിക്കുന്ന വിശ്വാസികളെ നാം വിലയിരുത്തുന്നത്.
മതം എന്ന സങ്കുചിതത്തിനപ്പുറമുള്ള ദൈവസങ്കല്പത്തിന് അസ്തിത്വമില്ലാത്തതിനാല്‍ ദൈവം എപ്പോഴും ആപേക്ഷികമായ ഒരു സാധ്യതയാണ്.അതുകൊണ്ടാണ് ചു ചി എന്ന സാധ്യതയെ നമുക്കു തിരിച്ചറിയാനും ചൂ ചിയുടെ മുമ്പില്‍ വിളക്കുകത്തിക്കാനും കഴിയാതെ പോകുന്നത്.ദൈവത്തെ മതത്തിനുപരിയായി കാണുന്നവരുണ്ടെങ്കില്‍ ഈ ചിന്തകളിലെ ഒരു വരിപോലും അവരെ ബാധിക്കുന്നതേയല്ല എന്ന ധാരണ കൂടി ഉന്നയിക്കപ്പെടുമ്പോഴേ വിശാലമായ അര്‍ത്ഥത്തിലുള്ള ദൈവം എന്താണ് എന്ന് നമുക്കു മനസ്സിലാക്കാന്‍ കഴിയൂ. അപ്പോള്‍ മാത്രമേ അസാധ്യമായ ഒരു സാധ്യതയെയാണ് നാം സങ്കുചിതമായ ഒരു കൂട്ടിലേക്ക് ആനയിച്ച് അടച്ചിട്ടിരിക്കുന്നത് എന്ന് തിരിച്ചറിയാന്‍ കഴിയൂ. ഈ തിരിച്ചറിവിനെയാണ് ദൈവം എന്ന് വിളിക്കേണ്ടത്.
#ദിനസരികള്‍ 13
ജീവിതം. അവസ്ഥാന്തരങ്ങളുടെ ഘോഷയാത്ര. വിഭ്രമങ്ങളുടെ മായക്കാഴ്ച.മാറിയും മറിഞ്ഞും വരുന്ന അനുഭൂതികളുടെ രഥോത്സവം ! പിടികിട്ടി എന്ന തോന്നലുണ്ടാക്കി ഓടിമറയുന്ന മായാമൃഗം. ഈ സ്ഥിതിവിശേഷങ്ങളുടെ മാസ്മരികതയെ വാഴ്ത്തിപ്പാടാന്‍ മത്സരിച്ചിട്ടുള്ള കവികളെത്ര ? ഓരോ നൂലിഴയും ചികഞ്ഞുമാറ്റി രഹസ്യം തേടിയ തത്ത്വവേദികളെത്ര? അറിഞ്ഞതൊന്നും അറിവല്ലെന്നും അതിനുമപ്പുറത്താണ് അറിവിന്റെ അനന്തമായ ആനന്ദമെന്നും ഓരോ കണ്ടെത്തലുകള്‍ക്കുശേഷവും വെളിപ്പെടുമ്പോള്‍ ശരിയെന്ന് വാദിച്ചിരുന്നവയൊക്കെ കെട്ടുപോയ ഭക്ഷണപ്പൊതിപോലെ പാതവക്കുകളിലേക്ക് ഉപേക്ഷിക്കപ്പെടുന്നു. അപ്പോള്‍ ശരിയേത് തെറ്റേത് എന്ന് തിരിച്ചറിയാനാകാതെ അവനവന്റെ ശരികളെ സര്‍വ്വരുടേയും ശരികളിലേക്കെത്തിക്കാന്‍ വാദിച്ചുല്ലസിക്കുന്നവരുടെ - വാദിച്ച് രസിക്കുന്നവരുടേയും - ജീവിതവും നളിനിദളഗതജലംതന്നെ ! സര്‍വ്വതലസ്പര്‍ശിയായ ഒരു കാഴ്ച ജീവിതത്തിനുമുകളില്‍ അസംഭവ്യംതന്നെ.അതുകൊണ്ടായിരിക്കണം അനന്തമജ്ഞാതമവര്‍ണനീയം എന്നൊരു കൂടുപണിത് കവി അതിനുള്ളില്‍ അഭയം പ്രാപിച്ചത്. അതുകൊണ്ടായിരിക്കണം സര്‍വ്വം ഖല്വിദം ബ്രഹ്മ എന്ന് പുരാണ പ്രസിദ്ധരായ ഋഷിവര്യന്മാര്‍ ഉദ്‌ഘോഷിച്ചത്. അതുകൊണ്ടുതന്നെയായിരിക്കണം മാനവിക ജീവിതം പരമാവധി അല്ലലില്ലാതേയും അലട്ടില്ലാതേയും ജീവിച്ചുതീര്‍ക്കാനുത കണമെന്ന താല്പര്യത്താല്‍ സമതയുടെ തത്വശാസ്ത്രം പ്രഘോഷിക്കപ്പെട്ടത്.
 എത്രയോ തത്വചിന്തകള്‍ ! എത്രയോ പരീക്ഷണോന്മുഖമായ എത്രയോ ജീവിതങ്ങള്‍ ! മനുഷ്യന്‍ അവന്റെ ജീവിതം ജീവിക്കാന്‍ തുടങ്ങുന്നതിന് മുമ്പേതന്നെ ഉരുവം കൊണ്ട ദര്‍ശനങ്ങള്‍ ! ദര്‍ശനഭദേങ്ങള്‍ ! സര്‍വ്വതും , സര്‍വ്വരും അന്വേഷിക്കുന്നത് ഒന്നുതന്നെ. ജീവിതത്തെ എങ്ങനെ കൂടുതല്‍ കൂടുതല്‍ സുഖകരമാക്കാം ? തത്വവേദി എന്ന് പരിപൂര്‍ണമായും ചൂണ്ടിക്കാണിക്കുവാന്‍ ഒരാളില്ല. സുഖം സ്വന്തം മനസ്സിന്റെ അവസ്ഥ കൂടിയാണെന്നതിനാല്‍ ഇനി ഉണ്ടാകാനുമിടയില്ല. കൂടുതല്‍ അടുത്തേക്ക് ചേര്‍ന്നു നില്ക്കുന്നതിനെ കൂടുതല്‍ അമര്‍ത്തിപ്പിടിക്കുക എന്നതിനുപരി മറ്റൊരു മാനദണ്ഡവും സുഖാന്വേഷികള്‍ക്കില്ല. അനുവര്‍ത്തിച്ചു പോന്ന ശീലങ്ങളുടെ സ്വാധീനത്താല്‍ പ്രതിലോമകരമായതും സുഖമെന്ന് തെറ്റിദ്ധരിക്കുന്നവരുണ്ടാകാം. തിരുത്തേണ്ടതായിരുന്നു എന്ന തിരിച്ചറിവുണ്ടാകുമ്പോഴേക്കും , ചിലപ്പോള്‍ ജീവിതം തന്നെ പകരം കൊടുക്കേണ്ടതായി വന്നേക്കാം.
അപ്പോള്‍ അവസാനമായി, ഒരു നിര്‍വചനം വേണമെങ്കില്‍ , വേണമെങ്കില്‍ മാത്രം , “അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്ന് സുഖത്തിനായി വരേണം “ എന്ന ഗുരുവാക്യത്തെ ഉദാഹരിക്കാം .

Monday, April 24, 2017

#ദിനസരികള്‍ 12

ലോകത്തിലെ മറ്റേതൊരു രാജ്യത്തിലെ സുപ്രിംകോടതിയെക്കാളും അധികാരം കൈയ്യാളുന്നത് ഇന്ത്യയുടെ സുപ്രീംകോടതിയാണ് എന്ന് അല്ലാഡി കൃഷ്ണസ്വാമി അയ്യര്‍. ഫെഡറല്‍ സ്വഭാവത്തിലധിഷ്ഠിതമായ ഒരു ഭരണഘടനയും ജനാധിപത്യഭരണക്രമവും നിലനില്ക്കുന്നുവെന്ന് നാം ഊറ്റംകൊള്ളുന്ന ഇന്ത്യപോലൊരു രാജ്യത്ത് അത് ആശാവഹവും അഭികാമ്യവും തന്നെ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഈ പറഞ്ഞ രണ്ടു സവിശേഷതകളേയും സംരക്ഷിച്ചുകൊണ്ട് ഭരണഘടനയുടെ കാവലാളാവുക എന്ന ദൌത്യം നടപ്പിലാക്കുന്നതിനുവേണ്ടി അധികാരത്തിന്റെ ഏതറ്റംവരേയും പോകാന്‍ ഇന്ത്യയിലെ ജനങ്ങള്‍ പരമോന്നതകോടതിക്ക് നല്കിയിക്കുന്ന അനുവാദം യാതൊരു സാഹചര്യത്തിലും സംശയത്തിന്റെ മുള്‍മുനയിലാകരുത് എന്ന കാര്യം നിസ്തര്‍ക്കമാണ്.ഫെഡറല്‍ സ്വഭാവത്തിന്റെ അന്തസ്സ് ഇടിച്ചു താഴ്ത്തുന്ന തരത്തിലുള്ള ഇടപെടലുകള്‍ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന സമകാലിക രാഷ്ട്രീയപരിതോവസ്ഥകളില്‍ , പ്രത്യേകിച്ചും
            കേരളസര്‍ക്കാറും സെന്‍കുമാറും തമ്മിലുള്ള കേസില്‍ സുപ്രിംകോടതി പുറപ്പെടുവിച്ച വിധി (24-05-2017) ഒരു ജനാധിപത്യപരമാധികാരഭരണവ്യവ സ്ഥയില്‍ തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാറിന്റെ അവകാശങ്ങളെ നിഹനിക്കുന്നുവോ എന്ന സംശയം , രാഷ്ട്രീയപ്രേരിതമായ താല്പര്യങ്ങള്‍ക്കപ്പുറം നിന്ന് ചിന്തിക്കുന്നവരില്‍ സംജാതമായിരിക്കുന്നു. വ്യക്തമായ നയപരിപാടികള്‍ ജനങ്ങളുടെ മുന്നില്‍ വെച്ച് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് അധികാരത്തിലെത്തിയ ഒരു സര്‍ക്കാറിന് , അതേതു പാര്‍ട്ടി നേതൃത്വം കൊടുക്കുന്നതുമാകട്ടെ , തങ്ങളുടെ നയപരിപാടികള്‍ നടപ്പിലാക്കുന്നതിന് വേണ്ടി വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥന്മാരുടെ സേവനം അനുപേക്ഷണീയമാണ്. അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തുവാനുള്ള അധികാരം ലഭിക്കുന്നില്ലെങ്കില്‍ ഉത്തരവാദിത്തമില്ലാത്ത ഒരു ഉദ്യോഗസ്ഥഭരണമായിരിക്കും ഫലം. അതിനുമപ്പുറം ജനാധിപത്യത്തിന്റെ അന്തസ്സും ഭരണഘടനാദത്തമായ ഫെഡറല്‍ അവകാശങ്ങളുടെ ലംഘനവുമാണ് ഉണ്ടാവുക. ഒരു ഉദ്യോഗസ്ഥന്‍ കാരണം പൊതുജനങ്ങളുടെ ഇടയില്‍ സര്‍ക്കാറിന്റെ സത്‌പേരിന് കളങ്കം ചാര്‍ത്തപ്പെട്ടു എന്ന സര്‍ക്കാറിന്റെ വാദം അംഗീകരിച്ച കേരള ഹൈക്കോടതിയുടേയും , സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റേയും വിധികളെ ഈ അവസരത്തില്‍ ഓര്‍മിക്കുക. ഉദ്യോഗസ്ഥരെ നിയന്ത്രിക്കുവാനുള്ള അധികാരം സര്‍ക്കാറില്‍ നിക്ഷിപ്തമല്ലെങ്കിലുണ്ടാവുന്ന അരാജകത്വത്തിന് ആരാണ് ഉത്തരവാദിയാകുക? ഈ പറഞ്ഞ ഉദ്യോഗസ്ഥന് ആരോടാണ് ഉത്തരവാദിത്തമുണ്ടാവുക? മാത്രവുമല്ല സ്വന്തം കീഴുദ്യോഗസ്ഥന്റെ കുപ്പായത്തില്‍ കുത്തിപ്പിടിച്ച് സസ്പെന്റ് ചെയ്യാന്‍ ഓര്‍ഡറിട്ട  ഒരാള്‍ക്ക് നീതിബോധം എത്രക്കുണ്ടാവും ? വിധിയെത്തുടര്‍ന്നുണ്ടാകുന്ന സങ്കീര്‍ണമായ സാഹചര്യം ഉദ്യോഗസഥമേല്‍ക്കോയ്മക്ക് നേട്ടവും , സര്‍ക്കാറിന്റെ ജനാധിപത്യ അവകാശങ്ങള്‍ ക്ക് കോട്ടവുമാകും.
 ഈ കേസില്‍ നിക്ഷിപ്തതാല്പര്യങ്ങളുണ്ട് എന്ന് സൂചിപ്പിക്കുകയല്ല മറിച്ച് കോടതിയുടെ ചില പരാമര്‍ശങ്ങള്‍ സര്‍ക്കാറിന്റെ ദൈനന്ദിന പ്രവര്‍ത്തനങ്ങളെപ്പോലും ബാധിക്കുന്നവയായിരുന്നില്ലേ എന്ന് സന്ദേഹിക്കുകയാണ്. ഉദാഹരണത്തിന് കേസിന്റെ വിധി എന്താവും എന്ന വ്യക്തമായ സൂചനയായിരുന്നു സെന്‍കുമാറിനെ മാറ്റിയപോലെയാണെങ്കില്‍ ലോക് നാഥ് ബെഹ്റയേയും സര്‍ക്കാറിന് മാറ്റേണ്ടി വരുമെന്ന കോടതിയുടെ പരാമര്‍ശം. ഈ പരാമര്‍ശത്തോടു കൂടി ഒരു സംസ്ഥാനത്തിന്റെ ആഭ്യന്തരഭരണത്തിന് ചുക്കാന്‍ പിടിക്കുന്ന സേനയുടെ തലവനെ ദുര്‍ബലപ്പെടുത്തുകയായിരുന്നില്ലേ ? അവസാനമായി , ഈ ജനാധിപത്യഭരണത്തില്‍ സംരക്ഷിക്കപ്പെടേണ്ടത് തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാറിനെയാണ്. അതേതു രാഷ്ട്രീയ പാര്‍ട്ടി നേതൃത്വം കൊടുക്കുന്നതുമാകട്ടെ സര്‍ക്കാര്‍ എന്ന സംവിധാനം ഒരു തുടര്‍ച്ചയാണ് എന്ന ധാരണയോടെ വേണം ഏതു വിഷയത്തേയും  സമീപിക്കേണ്ടത്. ആ ധാരണയിലാണ് ജനാധിപത്യത്തിന്റെ അന്തസ്സ് കുടികൊള്ളുന്നത്.ആ അന്തസ്സിനെ സംരക്ഷിക്കുവാന്‍ ഈ വിധിക്കെതിരെ ആവശ്യമായ മുഴുവന്‍‌ നടപടികളും സ്വീകരിക്കുക എന്നത് ജനാധിപത്യം തങ്ങളിലര്‍പ്പിച്ച ചുമതലയാണ് എന്ന് കേരളസര്‍ക്കാര്‍ തിരിച്ചറിയണം


Sunday, April 23, 2017

#ദിനസരികള്‍ 11
ഔപനിഷദികമായ ഒരു സന്ദര്‍ഭത്തെ കവി വിഷ്ണുനാരായാണന്‍ നമ്പൂതിരി ആവിഷ്കരിക്കുന്നത് , ചിത്തത്തില്‍ വാക്കുറക്കട്ടെ വാക്കില്‍ ചിത്തവുമങ്ങനെ എന്നാണ്. എന്നുവെച്ചാല്‍ ഉച്ചരിക്കപ്പെടുന്ന വാക്കുകള്‍ നാം ആര്‍ജിച്ചു വെച്ചിരിക്കുന്ന സംസ്കാരത്തിന്റെ സത്തയാണ്.ആ സത്തയില്‍ നിന്നുണ്ടാവുന്ന വാക്കുകള്‍ ഏതു തരത്തിലുള്ള സംസ്കാരമാണ് നാം മനസ്സില്‍ ശേഖരിച്ചു വെച്ചിരിക്കുന്നത് എന്ന സൂചന നല്കുന്നു.പരസ്പരം വളഞ്ഞു പിടിക്കാല്‍ ത്രസിക്കുന്ന ഇവ രണ്ടും പൂരകങ്ങളായതുകൊണ്ട് , സംസ്കാരം വാക്കിനേയും വാക്ക് സംസ്കാരത്തേയും പോഷിപ്പിക്കട്ടെ എന്നാണ് കവിയുടെ അര്‍ത്ഥന. ഇങ്ങനെ പരിപോഷിപ്പിക്കപ്പെടുന്ന വാക്കുകള്‍ ആരുടെ പ്രേരണകൊണ്ടാണ് നാം ഉച്ചരിക്കപ്പെടുന്നത് എന്നും ഉപനിഷത്ത് അന്വേഷിക്കുന്നുണ്ട് ( കേനേഷിതാം വാചമി മാം വദന്തി കേനം 1 ) എന്നുള്ളത് കൂടി പരിഗണിക്കുമ്പോള്‍ മനസ്സില്‍ ചിന്തിച്ചാല്‍ മാത്രം പോര അത് ഉച്ചരിക്കപ്പെടണം എന്നു കൂടി കണക്കാക്കണം. ഉച്ചരിച്ചാല്‍ മാത്രം മതിയോ ? ഉച്ചരിക്കപ്പെട്ടു എന്നുള്ളതുകൊണ്ട് യാതൊരു വിധ ക്ലേശങ്ങള്‍ക്കും കാരണമാകരുതെന്നും ഉപനിഷത്ത് ശഠിക്കുന്നു. (തന്മാവവതു ,തദ്വക്താരമവതു , അവതു വക്താരം . എന്ന് ഐതരേയം.) കാര്യം വ്യക്തമാണ്. വാക്കുകള്‍ ഉണ്ടാകുന്നത് ആര്‍ജ്ജിത സംസ്കാരത്തില്‍ നിന്നാണ്. സംസ്കാരം എപ്പോഴും സംസ്കരിച്ചെടുക്കുന്നതാണ്. ഇങ്ങനെ സംസ്കരിച്ച് പുടപാകം ചെയ്തെടുക്കുന്നതിനെ ഫ്രോയിഡ് സബ്ലിമേഷന്‍ അഥവാ ഉദാത്തീകരണം എന്നാണ് വിളിക്കുക്കുന്നത്. നാഗരികതയുടേയും പക്വതപ്പെടലിന്റേയും ലക്ഷണമായിട്ടാണ് ഈ ഉദാത്തീകരണത്തെ ഫ്രോയിഡ് കണ്ടത്.
            വായില്‍ നിന്നു പുറത്തുവരുന്ന ദുഷിച്ച വാക്കുകള്‍ അയാളുടെ ചിന്തയുടെ ഫലമാണ്.ഇതൊരുവനെ അശുദ്ധനാക്കുന്നു എന്ന് ബൈബിള്‍ പറയുന്നു. പക്ഷേ ബൈബിള്‍ അവിടേയും നിര്‍ത്തുന്നില്ല . സര്‍പ്പസന്തതികളേ , നിങ്ങള്‍ ദൂഷ്ടരായിരിക്കേ നല്ലതു സംസാരിപ്പാന്‍ എങ്ങനെ കഴിയും ? ഹൃദയം നിറഞ്ഞു കവിയുന്നതില്‍ നിന്നല്ലോ വായ സംസാരിക്കുന്നത് ? നല്ല മനുഷ്യന്‍ തന്റെ നിക്ഷേപത്തില്‍ നിന്ന് നല്ലതു സംസാരിക്കുന്നു.ദുഷ്ടമനുഷ്യന്‍ ദുര്‍നിക്ഷേപത്തില്‍ നിന്ന് തീയതു പുറപ്പെടുവിക്കുന്നു.എന്നാല്‍ മനുഷ്യന്‍ പറയുന്ന ഏതു വാക്കിനും ന്യായവിധി ദിവസത്തില്‍ കണക്കു ബോധിപ്പിക്കേണ്ടിവരും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.നിന്റെ വാക്കുകളാല്‍ നീ നീതികരിക്കപ്പെടുകയും നിന്റെ വാക്കുകളാല്‍ നിനക്കു കുറ്റം വിധിക്കപ്പെടുകയും ചെയ്യുംപരങ്ങളിലെ ശിക്ഷാവിധികളെക്കാള്‍ ഇഹത്തിലെ സാധ്യതകള്‍ക്ക് കൂടുതല്‍ പ്രാധാന്യം കല്പിച്ചാല്‍ ഈ വാക്കുകളുണ്ടാക്കുന്ന അര്‍ത്ഥഗാംഭീര്യങ്ങള്‍ക്ക് പകരം വെക്കാന്‍ മറ്റെന്തുണ്ട് ?

            അതുകൊണ്ട് വാക്കുകളെക്കുറിച്ചും അതിന്റെ പ്രയോഗരീതികളെക്കുറിച്ചും നാം കൂടുതല്‍ക്കൂടുതല്‍ ബോധവാന്മാരാകേണ്ടതുണ്ട്. സംവാദങ്ങള്‍ക്ക് ഊര്‍ജ്ജം പകരേണ്ട വാക്കുകള്‍ വിവാദങ്ങള്‍ക്ക് ഹേതുവാകരുത്. വാക്കുകളുടെ അതിസൂക്ഷ്മമായ പ്രയോഗം കൊണ്ട് ലോകത്തെത്തന്നെ മാറ്റി മറിച്ച ചിന്തകന്മാര്‍ നമുക്കുണ്ട്.അക്രമാസക്തരായ ജനക്കൂട്ടത്തെ വാക്കിന്റെ ചാട്ടവാറിനാല്‍ അകറ്റിനിറുത്തിയ ജീസസിന്റെ ഒരു പ്രയോഗം ഏറ്റവും നന്നായി വാക്കുകളെ ഉപയോഗിച്ചതിന് ഉദാഹരണമാണ് . ആ പ്രയോഗം ഇതാണ്  “ നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ “