#ദിനസരികള്‍ 12
ലോകത്തിലെ മറ്റേതൊരു
രാജ്യത്തിലെ സുപ്രിംകോടതിയെക്കാളും അധികാരം കൈയ്യാളുന്നത് ഇന്ത്യയുടെ
സുപ്രീംകോടതിയാണ് എന്ന് അല്ലാഡി കൃഷ്ണസ്വാമി അയ്യര്‍. ഫെഡറല്‍
സ്വഭാവത്തിലധിഷ്ഠിതമായ ഒരു ഭരണഘടനയും ജനാധിപത്യഭരണക്രമവും നിലനില്ക്കുന്നുവെന്ന്
നാം ഊറ്റംകൊള്ളുന്ന ഇന്ത്യപോലൊരു രാജ്യത്ത് അത് ആശാവഹവും അഭികാമ്യവും തന്നെ എന്ന
കാര്യത്തില്‍ തര്‍ക്കമില്ല. ഈ പറഞ്ഞ രണ്ടു സവിശേഷതകളേയും സംരക്ഷിച്ചുകൊണ്ട്
ഭരണഘടനയുടെ കാവലാളാവുക എന്ന ദൌത്യം നടപ്പിലാക്കുന്നതിനുവേണ്ടി അധികാരത്തിന്റെ
ഏതറ്റംവരേയും പോകാന്‍ ഇന്ത്യയിലെ ജനങ്ങള്‍ പരമോന്നതകോടതിക്ക് നല്കിയിക്കുന്ന
അനുവാദം യാതൊരു സാഹചര്യത്തിലും സംശയത്തിന്റെ മുള്‍മുനയിലാകരുത് എന്ന കാര്യം
നിസ്തര്‍ക്കമാണ്.ഫെഡറല്‍ സ്വഭാവത്തിന്റെ അന്തസ്സ് ഇടിച്ചു താഴ്ത്തുന്ന തരത്തിലുള്ള
ഇടപെടലുകള്‍ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന സമകാലിക രാഷ്ട്രീയപരിതോവസ്ഥകളില്‍
, പ്രത്യേകിച്ചും
കേരളസര്‍ക്കാറും സെന്‍കുമാറും തമ്മിലുള്ള കേസില്‍
സുപ്രിംകോടതി പുറപ്പെടുവിച്ച വിധി (24-05-2017) ഒരു ജനാധിപത്യപരമാധികാരഭരണവ്യവ
സ്ഥയില്‍ തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാറിന്റെ അവകാശങ്ങളെ നിഹനിക്കുന്നുവോ എന്ന
സംശയം , രാഷ്ട്രീയപ്രേരിതമായ താല്പര്യങ്ങള്‍ക്കപ്പുറം നിന്ന് ചിന്തിക്കുന്നവരില്‍
സംജാതമായിരിക്കുന്നു. വ്യക്തമായ നയപരിപാടികള്‍ ജനങ്ങളുടെ മുന്നില്‍ വെച്ച്
തിരഞ്ഞെടുപ്പില്‍ മത്സരിച്ച് അധികാരത്തിലെത്തിയ ഒരു സര്‍ക്കാറിന് , അതേതു പാര്‍ട്ടി
നേതൃത്വം കൊടുക്കുന്നതുമാകട്ടെ , തങ്ങളുടെ നയപരിപാടികള്‍ നടപ്പിലാക്കുന്നതിന്
വേണ്ടി വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥന്മാരുടെ സേവനം അനുപേക്ഷണീയമാണ്.
അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തുവാനുള്ള അധികാരം ലഭിക്കുന്നില്ലെങ്കില്‍
ഉത്തരവാദിത്തമില്ലാത്ത ഒരു ഉദ്യോഗസ്ഥഭരണമായിരിക്കും ഫലം. അതിനുമപ്പുറം
ജനാധിപത്യത്തിന്റെ അന്തസ്സും ഭരണഘടനാദത്തമായ ഫെഡറല്‍ അവകാശങ്ങളുടെ ലംഘനവുമാണ്
ഉണ്ടാവുക. ഒരു ഉദ്യോഗസ്ഥന്‍ കാരണം പൊതുജനങ്ങളുടെ ഇടയില്‍ സര്‍ക്കാറിന്റെ സത്‌പേരിന്
കളങ്കം ചാര്‍ത്തപ്പെട്ടു എന്ന സര്‍ക്കാറിന്റെ വാദം അംഗീകരിച്ച കേരള
ഹൈക്കോടതിയുടേയും , സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റേയും വിധികളെ ഈ
അവസരത്തില്‍ ഓര്‍മിക്കുക. ഉദ്യോഗസ്ഥരെ നിയന്ത്രിക്കുവാനുള്ള അധികാരം സര്‍ക്കാറില്‍
നിക്ഷിപ്തമല്ലെങ്കിലുണ്ടാവുന്ന അരാജകത്വത്തിന് ആരാണ് ഉത്തരവാദിയാകുക? ഈ
പറഞ്ഞ ഉദ്യോഗസ്ഥന് ആരോടാണ് ഉത്തരവാദിത്തമുണ്ടാവുക? മാത്രവുമല്ല സ്വന്തം കീഴുദ്യോഗസ്ഥന്റെ
കുപ്പായത്തില്‍ കുത്തിപ്പിടിച്ച് സസ്പെന്റ് ചെയ്യാന്‍ ഓര്‍ഡറിട്ട ഒരാള്‍ക്ക് നീതിബോധം എത്രക്കുണ്ടാവും ? വിധിയെത്തുടര്‍ന്നുണ്ടാകുന്ന
സങ്കീര്‍ണമായ സാഹചര്യം ഉദ്യോഗസഥമേല്‍ക്കോയ്മക്ക് നേട്ടവും , സര്‍ക്കാറിന്റെ
ജനാധിപത്യ അവകാശങ്ങള്‍ ക്ക് കോട്ടവുമാകും.
ഈ കേസില്‍ നിക്ഷിപ്തതാല്പര്യങ്ങളുണ്ട് എന്ന്
സൂചിപ്പിക്കുകയല്ല മറിച്ച് കോടതിയുടെ ചില പരാമര്‍ശങ്ങള്‍ സര്‍ക്കാറിന്റെ ദൈനന്ദിന
പ്രവര്‍ത്തനങ്ങളെപ്പോലും ബാധിക്കുന്നവയായിരുന്നില്ലേ എന്ന് സന്ദേഹിക്കുകയാണ്.
ഉദാഹരണത്തിന് കേസിന്റെ വിധി എന്താവും എന്ന വ്യക്തമായ സൂചനയായിരുന്നു സെന്‍കുമാറിനെ
മാറ്റിയപോലെയാണെങ്കില്‍ ലോക് നാഥ് ബെഹ്റയേയും സര്‍ക്കാറിന് മാറ്റേണ്ടി വരുമെന്ന
കോടതിയുടെ പരാമര്‍ശം.
ഈ പരാമര്‍ശത്തോടു കൂടി ഒരു സംസ്ഥാനത്തിന്റെ ആഭ്യന്തരഭരണത്തിന്
ചുക്കാന്‍ പിടിക്കുന്ന സേനയുടെ തലവനെ ദുര്‍ബലപ്പെടുത്തുകയായിരുന്നില്ലേ ?
അവസാനമായി , ഈ ജനാധിപത്യഭരണത്തില്‍ സംരക്ഷിക്കപ്പെടേണ്ടത് തിരഞ്ഞെടുക്കപ്പെടുന്ന
സര്‍ക്കാറിനെയാണ്. അതേതു രാഷ്ട്രീയ പാര്‍ട്ടി നേതൃത്വം കൊടുക്കുന്നതുമാകട്ടെ സര്‍ക്കാര്‍
എന്ന സംവിധാനം ഒരു തുടര്‍ച്ചയാണ് എന്ന ധാരണയോടെ വേണം ഏതു വിഷയത്തേയും സമീപിക്കേണ്ടത്. ആ ധാരണയിലാണ്
ജനാധിപത്യത്തിന്റെ അന്തസ്സ് കുടികൊള്ളുന്നത്.ആ അന്തസ്സിനെ സംരക്ഷിക്കുവാന്‍ ഈ വിധിക്കെതിരെ ആവശ്യമായ മുഴുവന്‍ നടപടികളും
സ്വീകരിക്കുക എന്നത് ജനാധിപത്യം തങ്ങളിലര്‍പ്പിച്ച ചുമതലയാണ് എന്ന് കേരളസര്‍ക്കാര്‍
തിരിച്ചറിയണം
Comments