Saturday, August 5, 2017

#ദിനസരികള്‍ 115


കേരളത്തിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രിക്ക് ,
കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ അതുല്‍ ശ്രീവ എന്ന യുവകലാകാരനെ പോലീസ് അറസ്റ്റു ചെയ്യുകയും പതിമൂന്നു ദിവസം ജയിലടക്കുകയും ചെയ്ത സംഭവം അങ്ങയുടെ ശ്രദ്ധയില്‍ പെടുത്താന്‍ ഈ അവസരം ഉപയോഗിക്കട്ടെ.മിനി സ്ക്രീനിലൂടെ ശ്രദ്ധിക്കപ്പെട്ട അതുല്‍ ശ്രീവ , മറ്റു വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച് പണം തട്ടാന്‍ ശ്രമിച്ചു എന്നും , ഗുണ്ടാ പ്രവര്‍ത്തനം നടത്തി എന്നുമാണ് പോലീസിന്റെ ആരോപണങ്ങള്‍ . കൊലപാതകശ്രമം അടക്കമുള്ള കേസുകള്‍ ചുമത്തപ്പെട്ടിട്ടുണ്ട്.കോഴിക്കോട് കസബ പോലീസാണ് അതുലിനെ അറസ്റ്റു ചെയ്ത് ജയിലിലടച്ചത്. അതുലിന്റെ അറസ്റ്റിനു ശേഷം  പഠിക്കുന്ന സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ അയാള്‍ നിരപരാധിയാണെന്നും പോലീസ് ബോധപൂര്‍വ്വം അതുലിനെ കുടുക്കുകയായിരുന്നെന്നും ആക്ഷേപമുന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. നാട്ടുകാരും അയാളെ അറിയുന്നവരുമൊക്കെ അതുല്‍ നിരപരാധിയാണെന്ന് വിശ്വസിക്കുകയും അനുതാപം പ്രകടിപ്പിച്ച് രംഗത്തു വരികയും ചെയ്തിട്ടുണ്ട്.
            അതുല്‍ ജയില്‍ വിമോചിതനായ ശേഷം ഫേസ് ബുക്കില്‍ കുറിച്ചതുകൂടി അങ്ങയുടെ ശ്രദ്ധയില്‍ പെടുത്തട്ടെ അതുല്‍ എഴതുന്നു :- പ്രിയപ്പെട്ടവരേ.. 
കുറച്ചു ദിവസങ്ങൾക് മുൻപ് ഒരു 13 ദിവസം കോഴിക്കോട് ജില്ലാ ജയിലിൽ ആയിരുന്നു... അതിനിടയാക്കിയ സംഭവം എല്ലാവരും അറിഞ്ഞു കാണും.. കോളേജിൽ ഞാൻ എന്റെ ജൂനിയർ വിദ്യാർഥിയെ തല്ലി പണം കവർന്നു (100 രൂപയ്ക്ക് വേണ്ടി ) എന്നതായിരുന്നു കേസ്..
പ്രിയ മാധ്യമ സുഹൃത്തുക്കളോട് ഒരു ചോദ്യം... ഈ സംഭവത്തെ കുറിച്ച് നിങ്ങൾ കോളേജിൽ അന്വേഷണം നടത്തിയിരുന്നു എങ്കിൽ എന്റെ സ്ഥിതി ഇത്ര ദയനീയം അവയില്ലായിരുന്നു. നിങ്ങൾ കള്ളനെന്നും പിടിച്ചുപറിക്കാരൻ, ഗുണ്ടാ തലവൻ എന്നൊക്കെ പറയുമ്പോൾ ഇതേകുറിച്ച് കൃത്യമായി അന്വേഷിക്കാമായിരുന്നു. ഇതാണോ നിങ്ങളുടെ മാധ്യമ ധർമം.....
1.
ഒരു പോലീസുകാരന്റെ മകൻ ഒരു കുട്ടിയെ മർദിച്ചാൽ കേസ് തിരിയുന്ന 308,341,392 എന്നുള്ള വകുപ്പുകൾ ചേർക്കുന്ന രീതി.... ആ സുഹൃത്തിന് പരിക്കുകൾ ഇല്ല പക്ഷേ പരിക്കുകൾ ഉണ്ടാക്കി എന്നെ ജയിലിൽ അടയ്ക്കാൻ മാത്രം എന്ത് തെറ്റ് ഞാൻ ചെയ്തു എന്നുള്ളത് നിങ്ങൾ പോലീസുകാർ വ്യക്തമാക്കണം... 
 2.
സംഭവം നടന്നയിടത് അതായത് (ഗുരുവായൂരപ്പൻ കോളേജിൽ ) തെളിവെടുപ്പിനായി പോലും പോലീസ് എന്നെ കൊണ്ട് പോയില്ല... 
3.
ഞാൻ ഡ്രഗ്സ് യൂസ് ചെയ്യുന്ന ഒരാളായി പോലും പോലീസ് ചിത്റരീകരിച്ചു 
മുടി നീട്ടിയാൽ കഞ്ചാവുവലിക്കാരൻ എന്ന് പറഞ്ഞ പോലീസുകാരാ... RCC അഥവാ റീജിണൽ ക്യാൻസർ സെന്ററിൽ കഴിയുന്ന രോഗികൾക്കാണ് മുടി എന്നുള്ളത് നിങ്ങൾ അറിഞ്ഞിരുന്നില്ല ചോദിച്ചതുമില്ല..... സന്തോഷം നിങ്ങൾ എന്നെ സമൂഹത്തിൽ അങ്ങനെ ആക്കിയതിൽ... 
 3.
പ്രശ്നത്തിൽ ഇടതു കൈക്കു പരിക്ക് പറ്റിയതൊന്നും ആരും അറിഞ്ഞതുമില്ല... 
4.
കൂടെ നിന്നും എന്റെ പതനം ആസ്വദിച്ചവർ... ക്രിമിനൽ ആക്കി മാറ്റിയ സുഹൃത്തുക്കൾ.....പക്ഷെ തിരിച്ചു വരും ഇതിലും ശക്തിയോടെ...... എന്റെ നിരപരാധിത്തം തെളിയിക്കാൻ... കൂടെ കൈപിടിക്കാൻ എന്റെ പ്രിയപ്പെട്ടവരും ഉണ്ട്.... സഹപാഠികളുംഎന്തായാലും വളരെ നന്ദി എല്ലാവരോടും ഒരു സാധാരണക്കാരന്റെ ജീവിതം ഇങ്ങനെ ആക്കി തന്നതിൽ കൃതജ്ഞത..... (മാധ്യമ സുഹൃത്തുക്കൾ, കസബ പോലീസ്.... )
            കേരള പോലീസിനെക്കാള്‍ ഞാന്‍ അതുലിന്റെ വാക്കുകളില്‍ വിശ്വസിക്കുന്നു. അത് കേവലമായ മുന്‍ധാരണകളുടെ ഫലമായിട്ടല്ല , മറിച്ച് അനുഭവത്തിലെ പോലീസ് അങ്ങനെയായതുകൊണ്ടാണ്. അതുകൊണ്ട് പ്രസ്തുത വിഷയത്തില്‍ സത്യസന്ധമായ ഒരന്വേഷണം നടത്താന്‍ കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയില്‍ അങ്ങ് തയ്യാറാകണം.ഭരണസംവിധാനങ്ങളുടെ ദുഷ്പ്രവര്‍ത്തി കൊണ്ട് നമ്മുടെ നാട്ടിലെ ഒരു പൌരനും വേദനിക്കുവാനുള്ള സാഹചര്യം ഈ ഇടതുപക്ഷസര്‍ക്കാറിന്റെ കാലത്ത് ഉണ്ടാകരുത്. ആ യുവകലാകാരനോട് നാം നീതികേട് കാണിച്ചിട്ടുണ്ടെങ്കില്‍ അത് കേരളത്തിന് തീരാകളങ്കമായിരിക്കും. പോലീസിനെ നിയമപരമായി സംഘടിച്ച കുറ്റവാളികളുടെ കൂട്ടായ്മയായി മാറുവാന്‍ അനുവദിച്ചു കൂട. ജനങ്ങളെ സേവിക്കുന്നതിനും സഹായിക്കുന്നതിനുമാണ് പോലീസ് എന്ന് അവരെ ബോധ്യപ്പെടുത്താനുള്ള ബാധ്യത ഇടതുപക്ഷം എന്ന നിലയില്‍ നമുക്കുണ്ട്. അതുകൊണ്ട് അതുല്‍ ശ്രീവ നിരപരാധിയാണെങ്കില്‍ ആ കണ്ണുനീര്‍ തുടക്കുവാന്‍ ഒരു ഭരണാധികാരി എന്ന നിലയിലും ഒരു കമ്യണിസ്റ്റുകാരന്‍ എന്ന നിലയിലും അങ്ങ് തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട്

അഭിവാദനങ്ങളോടെ 

Friday, August 4, 2017

#ദിനസരികള്‍ 114


            മാക്സിംഗോര്‍ക്കിയുടെ ഒരു ചെറുകഥയെ ഉപജീവിച്ചെഴുതിയ മലതുരക്കല്‍ എന്ന കവിതയില്‍ വൈലോപ്പിള്ളിയുടെ ജീവിതദര്‍ശനം അടക്കം ചെയ്തിരിക്കുന്നു. മല തുരന്നു പാത നിര്‍മിക്കുക എന്ന കേവലമായ കര്‍മ്മത്തിനപ്പുറം മാമൂലുകളെ വെല്ലുവിളിക്കുകയും കടന്നുകയറുകയും ചെയ്യാനുള്ള പുതുതലമുറയുടെ വാസനകളെ ശ്ലാഘിക്കുക എന്ന കര്‍ത്തവ്യമാണ് ഈ കവിതയിലൂടെ വൈലോപ്പിള്ളി സാധിച്ചെടുക്കുന്നത്.മല ഭീമാകാരമാണ്.എത്രയോ യുഗങ്ങളായി സ്വസ്ഥാനത്ത് കോട്ടമേതുമില്ലാതെ മല നിലനില്ക്കുന്നു.എന്നുമാത്രവുമല്ല കാലംപോകെപോകെ കാടുംപടലും പിണഞ്ഞ് കൂടുതല്‍ സങ്കീര്‍ണമാകുന്ന ഉപരിഘടനയാണ് മലക്കുള്ളത്. ആര്‍ക്കും കടന്നേറുവാന്‍ കഴിയാത്ത ഈ പെരുംമല തുരന്നു വേണം പാത നിര്‍മിക്കുവാന്‍.ആ പണിക്കു നേതൃത്വം കൊടുക്കുന്ന മകന്റെ പിതാവ് മകനോട് ഈ പണി പൂര്‍ത്തീകരിക്കുവാന്‍ നിനക്കോ എനിക്കോ കഴിയില്ലെന്ന് പല തവണ പറയുന്നുണ്ട്. പക്ഷേ മകനാകട്ടെ തന്റെ അധ്വാനശേഷിയാല്‍ പ്രതീക്ഷയുടെ പൊന്‍പിടിയിട്ട ആയുധങ്ങളെ അവിശ്വസിക്കുന്നില്ല.മാത്രവുമല്ല , പിതാവിനെ വെല്ലുന്ന ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുയും ചെയ്യുന്നു. പുത്രന്റെ വാക്കുകള്‍ കേള്‍ക്കുക :-
............. ഞാന്‍ വിശ്വസിക്കുന്നു
മര്‍ത്ത്യവീര്യമീയദ്രിയെ വെല്ലും
എത്ര കാലമായീമല നാട്ടിന്‍
രക്തനാഡിയെ ബന്ധിച്ചു നില്പൂ
രണ്ടു ഭാഗവും നിന്നു നാം കല്ലു
തുണ്ടു തുണ്ടായ്ത്തുരന്നെടുത്തീടില്‍
ഏറെ നാള്‍ക്കകമീ മഹാശെലം
ദ്വാരമാര്‍ഗ്ഗം തുറന്നൊരു സൌധം എന്ന വാക്കുകളില്‍ തിളങ്ങുന്ന പ്രതീക്ഷ, പിതാവിന് വ്യക്തമായ മറുപടി നല്കുന്നു.ആ മറുപടിയാകട്ടെ പിന്തിരിയുകയും മടുത്തുപേക്ഷിക്കുയും ചെയ്യുന്നവര്‍ക്കു കൂടിയുള്ള മറുപടിയാണ്. മലയുടെ വലിപ്പമോ അത് ആര്‍ജ്ജിച്ചിരിക്കുന്ന സങ്കീര്‍ണമായ ഘടനകളോ നിശ്ചയിച്ചുറപ്പിച്ചവന്റെ മുമ്പില്‍ ഒന്നുമല്ലെന്ന പ്രത്യാശ വിളംബരം ചെയ്യുന്നുണ്ട് , മകന്റെ വാക്കുകള്‍ . മകന്‍ ഈ മലതുരക്കലിനെ ഒരു യുദ്ധമായാണ് കാണുന്നത്. ആ മലയാകട്ടെ ജാതിയും മതവുമടങ്ങുന്ന സമൂഹത്തിലെ പ്രതിലോമകരങ്ങളായ മാമൂലുകളുടെ സഞ്ചയമാണെന്നും അതു തകരേണ്ടതും തകര്‍‌ക്കേണ്ടതുമാണെന്ന ബോധം മകനുണ്ട്. മര്‍ത്യകുലത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ തടയുന്ന തടസ്സപ്പെടുത്തുന്ന അത്തരത്തിലുള്ള വന്മലകളെ കേറിമറിയാതെ വികസനത്തിന്റെ വെള്ളിവെളിച്ചം കടന്നുവരില്ലെന്ന തിരിച്ചറിവ് സമകാലികം മാത്രമല്ല , സര്‍വ്വകാലികം കൂടിയാണ്.
അവസാനം,അസാധ്യമെന്ന് കരുതിയ മലതുരക്കല്‍ വിജയക്കൊടി പാറിക്കവേ അച്ഛന്‍ മകനോടു പറയുന്നത് പറയുന്നത് , എന്‍മകനേ ഞാന്‍ വിശ്വസിക്കുന്നു എന്നു മാത്രമാണ്. ആ വിശ്വാസം ഭാവിയോടുള്ള പ്രതികരണമാണ്. മനുഷ്യകുലത്തെ നയിക്കാന്‍ ഇനി വരുന്ന തലമുറക്ക് സാധ്യമാകും എന്ന ധാരണയെ പങ്കുവെക്കലാണ്. പകച്ചുപോകാത്ത യുവതലമുറകളുടെ ധാരണാശക്തിയാല്‍ , അധ്വാനശേഷിയാല്‍ നാളെയെ നന്നായി കെട്ടിപ്പടുക്കുവാന്‍ കഴിയും എന്ന പ്രതീക്ഷ , ഏറ്റെടുക്കുവാനും മുന്നില്‍ നിന്നും നയിക്കാനും പുതുതുകളെ തേടുകയാണ് ഈ കവിതയിലെ പിതാവും കവിയും.


Thursday, August 3, 2017

#ദിനസരികള്‍ 113


പ്രൊഫസര്‍ രവിചന്ദ്രന്‍‌ സി എങ്ങനെയാണ് കൊല്ലപ്പെടുക? പ്രത്യക്ഷത്തില്‍ത്തനെ ഈ ചോദ്യം പുരോഗമന മനസ്സുകളെ വേദനിപ്പിക്കുകയും അസ്വസ്ഥപ്പെടുത്തുകയും ചെയ്യുമെങ്കിലും ഒരായുധം രവിചന്ദ്രന്റേയും തലക്കു നേരെ ഉയരില്ലെന്ന് നമുക്ക് ഉറപ്പിക്കാനാവുമോ? ഗോവിന്ദ് പന്‍സാരെയെപ്പോലെ , ധബോല്‍ക്കറെപ്പോലെ , കല്‍ബുര്‍ഗിയെപ്പോലെ ഒരു നാള്‍ ഒരു തീയുണ്ട രവിചന്ദ്രനേയും തേടിവരില്ല എന്ന് നിസ്സംശയം പറയാനാകുന്ന ഒരന്തരീക്ഷത്തിലല്ല നാം ജീവിച്ചുപോകുന്നത്.കാലം വല്ലാതെ കലങ്ങിയിരിക്കുന്നു. സത്യം വിളിച്ചു പറയുന്നവനെയല്ല , സത്യത്തെ തങ്ങളുടെ ചിന്തകള്‍ക്കും സ്വഭാവങ്ങള്‍ക്കും അനുരൂപമാകുന്ന വിധത്തില്‍ തേച്ചുരച്ച് വ്യാഖ്യാനിച്ചുകൊടുക്കുന്നവരെയാണ് ഇന്നത്തെ സമൂഹത്തിന് കൂടുതലിഷ്ടം. രവിചന്ദ്രനാണെങ്കില്‍ നാം ഇതുവരെ പരിചയിച്ചു പോന്നിരുന്ന യുക്തിവാദികളുടേയോ, പരിഷ്കര്‍ത്താക്കളുടേയോ ശാസ്ത്രചിന്തകരുടേയോ സ്വരവും സ്വഭാവവുമല്ല ഉള്ളത്. നിലപാടുകളുടെ തീക്ഷ്ണത കാരണം, ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലാത്ത കര്‍ക്കശക്കാരനായ പടനായകനെയാണ് നമുക്ക് അദ്ദേഹത്തില്‍ ദര്‍ശിക്കാനാവുക.ആ തീക്ഷ്ണത തന്നെയാണ്  അസ്വാഭാവികവും ഭയപ്പെടുത്തുന്നതുമായ ചോദ്യത്തിലേക്ക് എന്നെ നയിച്ചതും.
ലളിതമായി ചിന്തിക്കുകയും ലളിതയുക്തികളെ മുറുകെപ്പിടിക്കുകയും ചെയ്യുക എന്ന നമ്മുടെ ശീലങ്ങളെ മാറ്റി മറിക്കാനും മറിച്ച്  ചിന്തിപ്പിക്കാനും അദ്ദേഹത്തിന്റെ ഇടപെടലുകള്‍ക്ക് കഴിയുന്നുണ്ട്. രവിചന്ദ്രന്റെ സംവാദങ്ങള്‍ എന്ന പുസ്തകം നോക്കുക. നമ്മുടെ എന്തെന്ത് ധാരണകളെയാണ് ആ പുസ്തകം തകര്‍ത്തു കളയുന്നത്. ചോദ്യങ്ങളുടെ നിശിതമായ സൂക്ഷ്മത അനുഭവിച്ചറിയണമെങ്കില്‍ പ്രസ്തുത പുസ്തകം നിങ്ങള്‍ക്ക് സഹായകമാകും.ജൈവകൃഷി ഒരു ഫാഷനായി കൊണ്ടുനടക്കുന്നവര്‍ക്ക് നല്ലൊരു താക്കീതാണ് കാര്‍ട്ടറുടെ കഴുകന്‍ എന്ന പുസ്തകം. പ്രസ്തുത കൃഷിവാദികള്‍ ഉന്നയിക്കുന്ന ആരോപണങ്ങളുടെ നിജസ്ഥിതി പരിശോധിക്കുന്ന പ്രസ്തുത പുസ്തകം അവരുടെ അശാസ്ത്രീയമായ വാദമുഖങ്ങളെ തുറന്നു കാട്ടുന്നു. അതുപോലെ വി എസ് രാമചന്ദ്രന്റെ ടെല്‍ ടെയില്‍ ബ്രെയിന്‍ , ഡോക്കിന്‍സിന്റെ The Greatest Show On Earth എന്നീ പുസ്തകങ്ങളുടെ പരിഭാഷ തുടങ്ങി ഗണ്യമായ നിരവധി ഗ്രന്ഥങ്ങള്‍ നമുക്ക് അദ്ദേഹത്തില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നമ്മുടെ സമൂഹത്തില്‍ ഗണ്യമായ സ്വാധീനംചെലുത്തിയ കാള്‍ മാര്‍ക്സ് , സിഗ്മണ്ട് ഫ്രോയിഡ് , ചാള്‍സ് ഡാര്‍വിന്‍ എന്നീ മൂന്നു ചിന്തകരില്‍ ഡാര്‍വിനേയും അദ്ദേഹത്തിന്റെ പരിണാമസിദ്ധാന്തത്തേയും പിന്‍പറ്റിയാണ് രവിചന്ദ്രന്‍ തന്റെ ധൈഷണികലോകത്തിന് വേരുപിടിപ്പിക്കുന്നത്. മറ്റു രണ്ടു ചിന്തകരേയും തള്ളിക്കളയാന്‍ പോലും ഒരു ഘട്ടത്തില്‍ തയ്യാറാകുന്നുമുണ്ട്. നാം ശാസ്ത്രീയമായി കരുതി കൈവശം വെച്ച് അനുഭവിച്ചു പോരുന്ന ധാരണകളില്‍ പലതും അശാസ്ത്രീയമാണെന്നും അത് സമൂഹത്തെ പിന്നോട്ടടിക്കാനേ ഉപകരിക്കു എന്നും നമ്മെ നിരന്തരം രവിചന്ദ്രന്‍ ഉദ്‌ബോധിപ്പിക്കുന്നുണ്ട്.
            രവിചന്ദ്രനെ എത്രമാത്രം നമുക്ക് ഉള്‍‌ക്കൊള്ളാന്‍ കഴിയുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം , നമുക്ക് എത്രമാത്രം ശാസ്ത്രീയതയെ ഉള്‍‌ക്കൊള്ളാന്‍ കഴിയും എന്ന ചോദ്യത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ലഭിക്കുക.ശാസ്ത്രത്തിന്റെ എല്ലാ നേട്ടങ്ങളേയും അനുഭവിക്കുകയും ദൈവത്തിന് നന്ദി പറയുകയും ചെയ്യുന്ന നമ്മുടെ പൊതുബോധത്തിന് രവിചന്ദ്രന്‍ ഒരു വെല്ലുവിളിയായിരിക്കും. ഒരു പക്ഷേ നാളേക്ക് ആവശ്യമുള്ള ഒരേയൊരു മലയാളി രവിചന്ദ്രനാണെന്നു പോലും വന്നേക്കാം.

അപ്പോള്‍ അവസാനമായി വീണ്ടും ചോദിക്കട്ടെ , രവിചന്ദ്രന്‍ കൊല്ലപ്പെടുന്നത് എങ്ങനെയായിരിക്കും ?

Wednesday, August 2, 2017

#ദിനസരികള്‍ 112


മാനന്തവാടിയിലെ സര്‍ക്കാര്‍ മദ്യവില്പന ശാലക്കെതിരെ ആദിവാസികളെ ഉപയോഗിച്ചുകൊണ്ട് ഏകദേശം ഒന്നര വര്‍ഷത്തോളമായി തുടരുന്ന സമരം അവസാനിപ്പിക്കുവാന്‍ പിന്നില്‍ നിന്ന് നേതൃത്വം കൊടുക്കുന്നവര്‍ തയ്യാറാകണമെന്ന് ഇതിനുമുമ്പും ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ സമരം ഏറെ പരിതാപകരമായ അവസ്ഥയിലേക്ക് നീങ്ങിക്കഴിഞ്ഞു. ബീവറേജിന്റെ മുമ്പില്‍ നിന്ന് കൂടുതല്‍ ശ്രദ്ധ കിട്ടുന്നതിനുവേണ്ടി ആര്‍.ഡി.ഒ ഓഫീസിനു മുന്നിലേക്ക് മാറ്റിയ സമരം , പ്രത്യക്ഷമായിത്തന്നെ പരാജയപ്പെട്ടിരിക്കുന്നു. അധികാരികളുടെ ശ്രദ്ധക്കോ നാട്ടുകാരുടെ അനുകമ്പക്കോ പാത്രമാകാതെയും ആവശ്യത്തിന് പങ്കാളിത്തമില്ലാതെയും ഒരു പിടിവാശിക്കുവേണ്ടി നടത്തിക്കൊണ്ടുപോകുന്ന ഈ സമരം ആരെ തൃപ്തിപ്പെടുത്താനാണെന്ന് സമരക്കാര്‍ വ്യക്തമാക്കണം.
ഞാന്‍ ആ സമരം അനാവശ്യമാണെന്നും അസംബന്ധമാണെന്നും വാദിക്കുന്ന ഒരാളായതുകൊണ്ട് നിത്യേന ശ്രദ്ധയോടെ അവിടെ നടക്കുന്ന പരിപാടികളെ നിരീക്ഷിക്കാറുണ്ട്.ഏറ്റവും പ്രകടമായിത്തന്നെ ബോധ്യപ്പെട്ട ഒരു കാര്യം ദയനീയമായ പങ്കാളിത്തമാണ്. പലപ്പോഴും സമരപ്പന്തലെന്ന് വിളിക്കുന്ന ഇടത്ത് ഒരാളെപ്പോലും കാണാറില്ല.രണ്ടിലധികം ആളുകളെ സ്ഥിരമായി കാണുന്നതുതന്നെ അപൂര്‍വ്വമാണ്.ആരെയെങ്കിലുമൊക്കെ ക്ഷണിച്ചുകൊണ്ടു വരുമ്പോള്‍ മാത്രം കുറച്ചാളുകള്‍ എവിടെനിന്നെങ്കിലും എത്തിച്ചേരുന്നു എന്നതൊഴിച്ചാല്‍ സമരം എന്നതുകൊണ്ട് എന്താണോ ഉദ്ദേശിക്കുന്നത് ആ ഉദ്ദേശത്തിന്റെ നേര്‍വിപരീതമാണ് അവിടെ നടമാടുന്നതെന്ന് വ്യക്തമാണ്.സമരത്തിന്റെ ഉദ്ദേശശുദ്ധിയാണ് പ്രധാനം , പങ്കാളിത്തമല്ല എന്ന വാദത്തിന് സാധ്യതയുള്ളതിനാല്‍ , ഈ പറയുന്ന ഉദ്ദേശശുദ്ധി എന്തുകൊണ്ട് കുറച്ചാളുകള്‍‌ക്കെങ്കിലും ബോധ്യപ്പെടുന്നില്ല എന്ന മറുചോദ്യത്തിന് പ്രസക്തിയുണ്ട്. ചുരുക്കത്തില്‍ ആര്‍ക്കുവേണ്ടിയാണ് ഈ സമരമെന്നും ആരുടെ അഭിമാനസംരക്ഷണത്തിന് വേണ്ടിയാണെന്നും സമരം നടത്തുന്നവര്‍ സ്വയമൊന്ന് ചിന്തിക്കണം.
ഈ സമരത്തെ , മദ്യം വാങ്ങുന്നവരുടെ അവകാശസംരക്ഷണത്തിനുള്ള സമരമായി പരിവര്‍ത്തിപ്പിച്ചാല്‍ അത് ഉചിതമായ മുദ്രാവാക്യമായിമാറും എന്ന കാര്യത്തില്‍ സംശയമില്ല. അതായത് ഇപ്പോള്‍ മദ്യം വാങ്ങുന്നത് നീണ്ട ക്യൂവില്‍ മണിക്കൂറോളം കാത്തുനിന്നുകൊണ്ടാണ്. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിവര്‍ത്തിക്കാനുള്ള സാഹചര്യം വില്പനശാലയുടെ സമീപത്തില്ല. എന്നുമാത്രവുമല്ല വെയിലും മഴയും സഹിച്ച് മണിക്കൂറുകളോളം കാത്തുനിന്ന് മദ്യംവാങ്ങുന്നവര്‍ക്ക് അത് സ്വസ്ഥമായി കുടിക്കാനുള്ള സൌകര്യംകൂടി സര്‍ക്കാര്‍ തന്നെ ഒരുക്കേണ്ടതുണ്ട്.മദ്യം വാങ്ങുന്നവര്‍ക്കും മനുഷ്യാവകാശങ്ങളുണ്ടെന്നും അവരോടും കൂടുതല്‍ ഉദാരമായി പെരുമാറണമെന്നും കോടതികളുടെ പോലും നിര്‍‌ദ്ദേശങ്ങളുണ്ട്.അതൊന്നും പാലിക്കപ്പെടുന്നില്ല എന്നത് പകല്‍‌പോലെ വ്യക്തമാണ്. അതുകൊണ്ട് പ്രത്യക്ഷമായിത്തന്നെ അവകാശനിഷേധം നടത്തുന്ന അധികാരികളുടെ ഇത്തരം സമീപനത്തിനെതിരെയുള്ള ഒരു കൂട്ടായ്മയായി ഈ സമരത്തെ മാറ്റിയെടുക്കുകയാണെങ്കില്‍ ആ നീക്കം കൂടുതല്‍ ജനോപകാരപ്രദമാകുക തന്നെ ചെയ്യും. ഈ വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ ഗുണപരമായി ചിന്തിക്കേണ്ട സമയം സമാഗതമായെന്ന് ഞാന്‍ വിശ്വസിക്കുന്നു.


Tuesday, August 1, 2017

#ദിനസരികള്‍ 111


ബാലചന്ദ്രന്‍ ചുള്ളിക്കാട് അറുപതിലേക്കെത്തിയിരിക്കുന്നു.മലയാളിയുടെ ഭാവുകത്വപരിസരങ്ങളെ പുതുക്കിപ്പണിയുകയും അതുവരെ അവന് അപരിചിതമായിരുന്ന മേഖലകളിലേക്ക് ആനയിക്കുകയും ചെയ്ത ചുളളിക്കാടിന് വയസ്സ് അറുപതായി എന്നത് അവിശ്വസനീയമായിത്തോന്നുന്നത് സ്വാഭാവികമാണ്. ചുള്ളിക്കാടിന്റെ കവിതകള്‍ , ഭാസുരമായ ഒരു പ്രണയകാലത്തിന്റെ നേര്‍‌രേഖകളാകുന്നതുകൊണ്ട് , മലയാളികളുടെ മനസ്സില്‍ നിത്യയൌവനത്തോടെ നിറഞ്ഞു പ്രസരിക്കുന്ന സജീവതയാണ് . കാരണം ,
മാപ്പു ചോദിപ്പൂ വിഷം കുടിച്ചിന്നലെ
രാത്രിയില്‍ ഞാന്‍ നിന്നരികിലിരുന്നുവോ ?
നിന്റെ ഗന്ധര്‍വ്വന്റെ സന്തൂരിതന്‍ ശതതന്ത്രികള്‍
നിന്‍ ജീവ തന്തുക്കളായ് വിറകൊണ്ട്
സഹസ്രസ്വരോല്‍ക്കരം ചിന്തുന്ന
സംഗീത ശാലതന്‍ വാതിലിലിന്നലെ
എന്റെ തിരസ്കൃതമാം ഹൃദയത്തിന്റെ
അന്ധശബ്ദം തലതല്ലി വിളിച്ചുവോ ? എന്ന് പ്രണയിനിയോട് മാപ്പപേക്ഷിച്ചത് ഈ കഴിഞ്ഞ ദിനാന്ത്യത്തിലാണല്ലോ ? കാരണം , ചൂടാതെ പോയ് നീ നിനക്കായി ഞാന്‍‌ ചോര ചാറിച്ചുവപ്പിച്ചൊരെന്‍ പനീര്‍പ്പൂവുകള്‍ എന്ന് പരിതപിച്ചത് ഇന്നലെയല്ലേ ? ദുഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഖമെന്താനന്ദമാണെനിക്കോമനേ , എന്നെന്നുമെന്‍ പാനപാത്രം നിറക്കട്ടെ നിന്നസാന്നിധ്യം പകരുന്ന വേദന എന്ന് പാടിയവസാനിപ്പിച്ചത് ഇന്നലെയല്ലേ ? അരുതു ചൊല്ലുവാന്‍ നന്ദി കരച്ചിലിന്‍ അഴിമുഖം നമ്മള്‍ കാണാതിരിക്കുക.സമയമാകന്നു പോകുവാന്‍ രാത്രി തന്‍ നിഴലുകള്‍ നമ്മള്‍ പണ്ടേ പിരിഞ്ഞവര്‍ എന്ന് പരസ്പരം ഊര്‍ന്നു പോയത് ഇന്നലെയല്ലേ ? പിന്നെ എങ്ങനെയാണ് ഈ കവിക്കും കവിതക്കും വയസ്സാവുക ?
എന്നേ മനസ്സു നരച്ചു ,
ഇന്നു ശിരസ്സും നരച്ചു.
എല്ലാ മുറിവുമുണങ്ങി
എല്ലാം വടുക്കളായി മാറി
എന്തൊക്കെയോ കെട്ടടങ്ങി

എന്തൊക്കെയോ ചത്തൊതുങ്ങി എന്ന് ബാലചന്ദ്രന്‍ എഴുതുമ്പോഴും നാം വായിച്ചെടുക്കുന്നത് വാര്‍ദ്ധക്യം എന്ന ജീവിതാവസ്ഥയെയല്ല , മറിച്ച്  വിജയശ്രീലാളിതനായ സിംഹാസനസ്ഥന്റെ വീര്യമുറുന്ന ഗതകാലസ്മരണകളെയാണ് എന്നത് കവിയുടേയും കവിതയുടേയും വിജയമാകുന്നു.അതുകൊണ്ട് ബാലചന്ദ്രന് നിത്യയൌവനമാണെന്ന് വിശ്വസിക്കുവാനാണ് എനിക്കിഷ്ടം.

Monday, July 31, 2017

#ദിനസരികള്‍ 110


ഇര എന്ന പ്രയോഗത്തിന് നമ്മുടെ സമൂഹം കല്പിച്ചുകൊടുത്തിരിക്കുന്ന അര്‍ത്ഥം കീഴടക്കപ്പടലിനെ അതിജീവിച്ചവള്‍ക്ക് യോജിക്കുന്നതല്ല എന്നും ആ പ്രയോഗം നിസ്സഹായയും ദുര്‍ബലയുമായ ഒരുവളെ സൂചിപ്പിക്കുന്നുവെന്നതുകൊണ്ടുതന്നെ നിഷേധാത്മകമാണെന്നും പി എസ് ശ്രീകല ദേശാഭിമാനി ദിനപത്രത്തിലെ ഇരയല്ല അതിജീവിച്ചവള്‍ എന്ന ലേഖനത്തില്‍ വാദിക്കുന്നു.വിക്ടിം (Victim ) എന്ന ഇംഗ്ലീഷ് പദത്തിന് തത്തുല്യമായ മലയാളമെന്ന രീതിയിലാണ് നാം ഇര എന്ന പറയുന്നതെങ്കിലും ഈ പ്രയോഗമുണ്ടാക്കുന്ന അര്‍ത്ഥപരിസരങ്ങള്‍ ആധുനികസമൂഹത്തിന് യോജിച്ചവയല്ലതന്നെ.ശ്രീകല എഴുതുന്നു ഒരു സ്ത്രീയുടെ സമ്മതത്തോടെ നടക്കുന്ന ഒന്നല്ല അതിക്രമം. അതിക്രമം നേരിടുമ്പോള്‍ സാധാരണനിലയില്‍ ഒരു സ്ത്രീ പ്രതിരോധിക്കാന്‍ നടത്തുന്ന ശ്രമങ്ങളെക്കൂടി കണക്കിലെടുത്തുവേണം അവളെ സൂചിപ്പിക്കുന്നൊരു പ്രയോഗം രൂപപ്പെടുത്തേണ്ടത്. ഇവിടെ 'വിക്ടിം' എന്ന ഇംഗ്ളീഷ് പ്രയോഗത്തിനുപകരം ഇംഗ്ളീഷില്‍ത്തന്നെ നിലവിലുള്ള സര്‍വൈവര്‍ (Survivor) എന്ന പ്രയോഗമാണ് താരതമ്യേന സ്വീകാര്യം. 'അതിജീവിച്ചയാള്‍' എന്നാണ് വാക്കിന്റെയര്‍ഥം. ലൈംഗികാതിക്രമങ്ങളില്‍ പ്രതിരോധിക്കുന്ന ഓരോ സ്ത്രീയും അതിജീവിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അതിക്രമത്തില്‍ കൊല്ലപ്പെടുമ്പോഴും പൊരുതിയശേഷമാണ് അവള്‍ മരണത്തിലേക്ക് തള്ളിയിടപ്പെടുന്നത്. ലൈംഗികപീഡനത്തെതുടര്‍ന്ന് ആത്മഹത്യചെയ്യുന്ന വ്യക്തിയും മരണത്തെ സ്വയം സ്വീകരിക്കുകയല്ല ചെയ്യുന്നത്. അവളെ മരണത്തിലേക്ക് തള്ളിവിടുകയാണ്. അത്തരം ആത്മഹത്യകള്‍ക്ക് ഇടയാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതിലും യഥാര്‍ഥത്തില്‍ 'ഇര' എന്ന പ്രയോഗത്തിന് പങ്കുണ്ട്. 'അതിജീവിച്ചവള്‍' എന്ന പ്രയോഗം ആത്മഹത്യക്കല്ല, ജീവിക്കാനാണ് പ്രേരിപ്പിക്കുക. കാരണം, ആ പ്രയോഗം നല്‍കുന്നത് ആത്മവിശ്വാസമാണ്. എക്കാലവും അതിക്രമത്തിന്റെ, പീഡനത്തിന്റെ, ബലാത്സംഗത്തിന്റെ 'ഇര'യായി മരണതുല്യം ജീവിക്കുന്നതിനേക്കാള്‍ 'അതിജീവിച്ചവള്‍' എന്ന അഭിമാനത്തോടെ ജീവിക്കാന്‍ സ്ത്രീയെ സജ്ജയാക്കേണ്ടതുണ്ട്.

            ആധുനികസമൂഹത്തിന് യോജിച്ച രീതിയിലുള്ള ഒരിടപെടലിന് വേണ്ടിയാണ് ശ്രീകല വാദിക്കുന്നത്. കീഴടക്കപ്പെട്ടവളെ എക്കാലത്തും ഇര എന്ന കള്ളിയില്‍‌പ്പെടുത്തി കുടുക്കിയിടുന്ന സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ മാറണം. അതിക്രമത്തിന് വിധേയമായി എന്നുള്ളതുകൊണ്ട് ജീവിതാവസാനംവരെ ആ ലേബലില്‍ കഴിഞ്ഞുകൂടണം എന്ന അവസ്ഥ മാറി ജീവിക്കാനും സമൂഹത്തിലിടപെടാനും കഴിയുന്ന സ്ഥിതിയിലേക്ക് അവരെ എത്തിക്കണം. അത് ഉത്തരവാദിത്തമുള്ള ഒരു സമൂഹത്തിന്റെ കടമയാണ് എന്നുള്ളതുകൊണ്ടു നിഷേധാര്‍ത്ഥങ്ങളെ ധ്വനിപ്പിക്കുന്ന ഇര എന്ന വിശേഷണത്തില്‍ നിന്നു തന്നെ മാറ്റങ്ങള്‍ക്കു തുടക്കമാകണം. അതുകൊണ്ടാണ് ഇര എന്നതിനെക്കാള്‍ അതിജീവിച്ചവള്‍ എന്ന വിശേഷണം യോജിച്ചതാകുന്നതെന്ന ലേഖികയുടെ വാദത്തിന് പിന്തുണ പ്രഖ്യാപിക്കുന്നു.

Sunday, July 30, 2017

#ദിനസരികള്‍ 109


ഇന്നത്തെ പ്രമുഖ മലയാളപത്രങ്ങളെല്ലാം തന്നെ ഗവര്‍ണര്‍ കേരളത്തിന്റെ മുഖ്യമന്ത്രിയെ ( കേരളത്തിന്റെ മുഖ്യമന്ത്രി ആരുമാകട്ടെ ) വിളിച്ചു വരുത്തി എന്ന വാര്‍ത്ത പ്രാധാന്യത്തോടെ ഒന്നാം പേജില്‍ത്തന്നെ കൊടുത്തിരിക്കുന്നു. 19 ജൂലൈ 2. 40 പിഎമ്മിന് കേരള ഗവര്‍ണറുടേതായി വന്ന ട്വിറ്റര്‍ കുറിപ്പാണ് ഇത്തരമൊരു വാര്‍ത്തക്ക് കാരണമായിരിക്കുന്നത്. ആ കുറിപ്പ് ഇങ്ങനെയാണ്. “Summoned Chief minister @CMOKerala and State Police Chief to know about action taken by State govt on law and order issues in Trivandrum. Summon എന്ന വാക്കിന് ഓക്സ്‌ഫോര്‍ഡ് ഡിക്ഷണറി നല്കുന്ന അര്‍ത്ഥം ഹാജരാകാന്‍ കല്പിക്കുക എന്നാണ് (Order (someone) to be present.) കേംബ്രിഡ്ജ് ഡിക്ഷ്ണറിയും മറ്റൊരര്‍ത്ഥമല്ല കൊടുത്തിരിക്കുന്നത്.ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയോട് ഇങ്ങനെ ഹാജരാകുവാന്‍ കല്പിക്കുവാനുള്ള അധികാരം എവിടെ നിന്നു കിട്ടി എന്നത് ആലോചിക്കേണ്ട വിഷയം തന്നെയാണ്. തങ്ങളുടെ മാധ്യമങ്ങളില്‍ ഈ വാര്‍ത്തക്ക് വലിയ പ്രാധാന്യം കൊടുത്തു പ്രസിദ്ധീകരിച്ചപ്പോള്‍ ഇത്തരമൊരു സംശയം ഉന്നയിക്കാനുള്ള സാവകാശംപോലും ജനാധിപത്യത്തിന്റെ ശക്തിസ്തംഭങ്ങളില്‍ ഒന്നായി സങ്കല്പിക്കപ്പെട്ടിട്ടുള്ള ഫോര്‍ത്ത് എസ്റ്റേറ്റിന് ഉണ്ടായില്ല എന്നത് വെറുമൊരു ജാഗ്രതക്കുറവിന്റെ മാത്രം പ്രശ്നമല്ല , തങ്ങള്‍ മനസ്സിലാക്കിവെച്ചിരിക്കുന്ന ജനാധിപത്യത്തിന്റെ കൂടി പ്രശ്നമാണ്.
            ഭരണഘടനാശില്പികള്‍ ജനാധിപത്യത്തിന് കേടുപാടുകള്‍ സംഭവിക്കുന്ന തരത്തിലുള്ള ഒരിടപെടലും ഒരധികാരസ്ഥാനത്തുനിന്നും ഉണ്ടാവാതിരിക്കാനുള്ള ജാഗ്രത പുലര്‍ത്തിയവരായിരുന്നു.അതുകൊണ്ടാണ് ഗവര്‍ണറെ ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന രീതി മാറ്റി നിയമിക്കുന്ന രീതി കൊണ്ടുവന്നത്. തിരഞ്ഞെടുക്കുന്ന രീതിയില്‍ സംസ്ഥാനത്ത് രണ്ട് അധികാരകേന്ദ്രങ്ങള്‍ ഉണ്ടാകുമെന്നും അതുവഴി ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടുന്ന മന്ത്രിസഭയെക്കാള്‍ മുകളില്‍ ഗവര്‍ണര്‍ യഥാര്‍ത്ഥ തലവനായി മാറുന്ന സ്ഥിതി സംജാതമാകുമെന്നും ഇത് അധികാരവടംവലിക്കും തര്‍ക്കങ്ങള്‍ക്കും വഴിതുറക്കുമെന്നും ഭരണഘടനാശില്പികള്‍ വിലയിരുത്തി.അതുകൊണ്ടാണ് ജനാധിപത്യത്തിന്റെ അന്തസത്ത നിലനിറുത്തുന്നതിന് വേണ്ടി ഭരണഘടനാതലവനായി മാത്രം ഗവര്‍ണര്‍ നിയമിക്കപ്പെടുന്നത്.സംസ്ഥാനത്ത് രാഷ്ട്രീയ അസ്ഥിരത നിലനില്ക്കുന്ന സമയങ്ങളിലൊഴിച്ച് ഗവര്‍ണര്‍ പദവി കേവലമൊരു അലങ്കാരമെന്നതിനപ്പുറത്ത് മറ്റൊരു പ്രാധാന്യവുമില്ലാത്തതാണ്.മാത്രവുമല്ല , കക്ഷിരാഷ്ട്രീയത്തിന്റെ ഇത്തിരിവട്ടങ്ങള്‍ക്കകത്ത് ഗവര്‍ണര്‍ കുടുങ്ങിപ്പോകരുതെന്ന് നമ്മുടെ ഭരണഘടന നിഷ്കര്‍ഷിക്കുന്നത് തികഞ്ഞ ഉത്തരവാദിത്തബോധത്തോടെ നാം മനസ്സിലാക്കേണ്ടതുണ്ട്.

            ഇവിടെ തന്നില്‍ നിക്ഷിപ്തമായ അധികാരത്തിനപ്പുറം നിന്നുകൊണ്ട് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ സമണ്‍ ചെയ്യാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല എന്നത് വസ്തുതയാണ്. സംസ്ഥാനത്തെ രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വശപ്പെടരുത് എന്നുള്ളതുകൊണ്ടാണ് ഗവര്‍ണര്‍ മറ്റൊരു സംസ്ഥാനത്തു നിന്നുള്ള ആളായിരിക്കണം എന്ന കീഴ്വഴക്കം ഗവര്‍ണറുടെ നിയമനകാര്യത്തിലുണ്ടായത്. നിയമപരവും ഭരണപരവുമായ കാര്യങ്ങളില്‍ മുഖ്യമന്ത്രിയോട് വിവരങ്ങള്‍ തേടുവാന്‍ ഗവര്‍ണര്‍ക്കുള്ള അധികാരത്തെ അംഗീകരിക്കുമ്പോള്‍ത്തന്നെ മുഖ്യമന്ത്രിയെ നേരിട്ടു വിളിച്ചുവരുത്തിയത് അമിതാധികാരപ്രയോഗമാണ്. ഭരണഘടനാസ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ക്ക് സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ , ഭരണഘടനയെ സംരക്ഷിക്കുന്നതിന് വേണ്ടി തന്റെ സ്ഥാനം ത്യജിക്കുന്നതുതന്നെയാണ് നല്ലത് എന്ന കാര്യത്തില്‍ ജനാധിപത്യഭരണക്രമത്തില്‍ സംശയമുണ്ടാകാന്‍ പാടില്ലാത്തതാണ്. ആശാവഹമല്ലാത്തെ തെറ്റായ കീഴ്വഴക്കങ്ങള്‍ സൃഷ്ടിക്കുന്ന ഇത്തരം നടപടികള്‍ ഭരണഘടനയുടെ ജനാധിപത്യപരമായ അന്തസ്സത്തക്ക് ചേരുന്നതാണോയെന്ന് പരിശോധിക്കപ്പെടുകയും തിരുത്തപ്പെടുകയും വേണം.