#ദിനസരികള്‍ 114
മാക്സിംഗോര്‍ക്കിയുടെ
ഒരു ചെറുകഥയെ ഉപജീവിച്ചെഴുതിയ മലതുരക്കല്‍ എന്ന കവിതയില്‍ വൈലോപ്പിള്ളിയുടെ
ജീവിതദര്‍ശനം അടക്കം ചെയ്തിരിക്കുന്നു. മല തുരന്നു പാത നിര്‍മിക്കുക എന്ന കേവലമായ
കര്‍മ്മത്തിനപ്പുറം മാമൂലുകളെ വെല്ലുവിളിക്കുകയും കടന്നുകയറുകയും ചെയ്യാനുള്ള
പുതുതലമുറയുടെ വാസനകളെ ശ്ലാഘിക്കുക എന്ന കര്‍ത്തവ്യമാണ് ഈ കവിതയിലൂടെ വൈലോപ്പിള്ളി
സാധിച്ചെടുക്കുന്നത്.മല ഭീമാകാരമാണ്.എത്രയോ യുഗങ്ങളായി സ്വസ്ഥാനത്ത്
കോട്ടമേതുമില്ലാതെ മല നിലനില്ക്കുന്നു.എന്നുമാത്രവുമല്ല കാലംപോകെപോകെ കാടുംപടലും
പിണഞ്ഞ് കൂടുതല്‍ സങ്കീര്‍ണമാകുന്ന ഉപരിഘടനയാണ് മലക്കുള്ളത്. ആര്‍ക്കും
കടന്നേറുവാന്‍ കഴിയാത്ത ഈ പെരുംമല തുരന്നു വേണം പാത നിര്‍മിക്കുവാന്‍.ആ പണിക്കു
നേതൃത്വം കൊടുക്കുന്ന മകന്റെ പിതാവ് മകനോട് ഈ പണി പൂര്‍ത്തീകരിക്കുവാന്‍ നിനക്കോ
എനിക്കോ കഴിയില്ലെന്ന് പല തവണ പറയുന്നുണ്ട്. പക്ഷേ മകനാകട്ടെ തന്റെ അധ്വാനശേഷിയാല്‍
പ്രതീക്ഷയുടെ പൊന്‍പിടിയിട്ട ആയുധങ്ങളെ അവിശ്വസിക്കുന്നില്ല.മാത്രവുമല്ല ,
പിതാവിനെ വെല്ലുന്ന ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുയും ചെയ്യുന്നു. പുത്രന്റെ
വാക്കുകള്‍ കേള്‍ക്കുക :-
“
............. ഞാന്‍ വിശ്വസിക്കുന്നു
മര്‍ത്ത്യവീര്യമീയദ്രിയെ
വെല്ലും
എത്ര
കാലമായീമല നാട്ടിന്‍
രക്തനാഡിയെ
ബന്ധിച്ചു നില്പൂ
രണ്ടു
ഭാഗവും നിന്നു നാം കല്ലു
തുണ്ടു
തുണ്ടായ്ത്തുരന്നെടുത്തീടില്‍
ഏറെ
നാള്‍ക്കകമീ മഹാശെലം
ദ്വാരമാര്‍ഗ്ഗം
തുറന്നൊരു സൌധം “ എന്ന
വാക്കുകളില്‍ തിളങ്ങുന്ന പ്രതീക്ഷ, പിതാവിന് വ്യക്തമായ മറുപടി നല്കുന്നു.ആ മറുപടിയാകട്ടെ
പിന്തിരിയുകയും മടുത്തുപേക്ഷിക്കുയും ചെയ്യുന്നവര്‍ക്കു കൂടിയുള്ള മറുപടിയാണ്.
മലയുടെ വലിപ്പമോ അത് ആര്‍ജ്ജിച്ചിരിക്കുന്ന സങ്കീര്‍ണമായ ഘടനകളോ
നിശ്ചയിച്ചുറപ്പിച്ചവന്റെ മുമ്പില്‍ ഒന്നുമല്ലെന്ന പ്രത്യാശ വിളംബരം
ചെയ്യുന്നുണ്ട് , മകന്റെ വാക്കുകള്‍ . മകന്‍ ഈ മലതുരക്കലിനെ ഒരു യുദ്ധമായാണ്
കാണുന്നത്. ആ മലയാകട്ടെ ജാതിയും മതവുമടങ്ങുന്ന സമൂഹത്തിലെ പ്രതിലോമകരങ്ങളായ
മാമൂലുകളുടെ സഞ്ചയമാണെന്നും അതു തകരേണ്ടതും തകര്‍ക്കേണ്ടതുമാണെന്ന ബോധം മകനുണ്ട്.
മര്‍ത്യകുലത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ തടയുന്ന തടസ്സപ്പെടുത്തുന്ന അത്തരത്തിലുള്ള
വന്മലകളെ കേറിമറിയാതെ വികസനത്തിന്റെ വെള്ളിവെളിച്ചം കടന്നുവരില്ലെന്ന തിരിച്ചറിവ്
സമകാലികം മാത്രമല്ല , സര്‍വ്വകാലികം കൂടിയാണ്.
അവസാനം,അസാധ്യമെന്ന്
കരുതിയ മലതുരക്കല്‍ വിജയക്കൊടി പാറിക്കവേ അച്ഛന്‍ മകനോടു പറയുന്നത് പറയുന്നത് ,
എന്‍മകനേ ഞാന്‍ വിശ്വസിക്കുന്നു എന്നു മാത്രമാണ്. ആ വിശ്വാസം ഭാവിയോടുള്ള പ്രതികരണമാണ്.
മനുഷ്യകുലത്തെ നയിക്കാന്‍ ഇനി വരുന്ന തലമുറക്ക് സാധ്യമാകും എന്ന ധാരണയെ
പങ്കുവെക്കലാണ്. പകച്ചുപോകാത്ത യുവതലമുറകളുടെ ധാരണാശക്തിയാല്‍ , അധ്വാനശേഷിയാല്‍
നാളെയെ നന്നായി കെട്ടിപ്പടുക്കുവാന്‍ കഴിയും എന്ന പ്രതീക്ഷ , ഏറ്റെടുക്കുവാനും
മുന്നില്‍ നിന്നും നയിക്കാനും പുതുതുകളെ തേടുകയാണ് ഈ കവിതയിലെ പിതാവും കവിയും.
Comments