#ദിനസരികള്‍ 112
മാനന്തവാടിയിലെ
സര്‍ക്കാര്‍ മദ്യവില്പന ശാലക്കെതിരെ ആദിവാസികളെ ഉപയോഗിച്ചുകൊണ്ട് ഏകദേശം ഒന്നര വര്‍ഷത്തോളമായി
തുടരുന്ന സമരം അവസാനിപ്പിക്കുവാന്‍ പിന്നില്‍ നിന്ന് നേതൃത്വം കൊടുക്കുന്നവര്‍
തയ്യാറാകണമെന്ന് ഇതിനുമുമ്പും ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ സമരം ഏറെ
പരിതാപകരമായ അവസ്ഥയിലേക്ക് നീങ്ങിക്കഴിഞ്ഞു. ബീവറേജിന്റെ മുമ്പില്‍ നിന്ന് കൂടുതല്‍
ശ്രദ്ധ കിട്ടുന്നതിനുവേണ്ടി ആര്‍.ഡി.ഒ ഓഫീസിനു മുന്നിലേക്ക് മാറ്റിയ സമരം ,
പ്രത്യക്ഷമായിത്തന്നെ പരാജയപ്പെട്ടിരിക്കുന്നു. അധികാരികളുടെ ശ്രദ്ധക്കോ
നാട്ടുകാരുടെ അനുകമ്പക്കോ പാത്രമാകാതെയും ആവശ്യത്തിന് പങ്കാളിത്തമില്ലാതെയും ഒരു
പിടിവാശിക്കുവേണ്ടി നടത്തിക്കൊണ്ടുപോകുന്ന ഈ സമരം ആരെ തൃപ്തിപ്പെടുത്താനാണെന്ന്
സമരക്കാര്‍ വ്യക്തമാക്കണം.
ഞാന്‍
ആ സമരം അനാവശ്യമാണെന്നും അസംബന്ധമാണെന്നും വാദിക്കുന്ന ഒരാളായതുകൊണ്ട് നിത്യേന
ശ്രദ്ധയോടെ അവിടെ നടക്കുന്ന പരിപാടികളെ നിരീക്ഷിക്കാറുണ്ട്.ഏറ്റവും പ്രകടമായിത്തന്നെ
ബോധ്യപ്പെട്ട ഒരു കാര്യം ദയനീയമായ പങ്കാളിത്തമാണ്. പലപ്പോഴും സമരപ്പന്തലെന്ന്
വിളിക്കുന്ന ഇടത്ത് ഒരാളെപ്പോലും കാണാറില്ല.രണ്ടിലധികം ആളുകളെ സ്ഥിരമായി
കാണുന്നതുതന്നെ അപൂര്‍വ്വമാണ്.ആരെയെങ്കിലുമൊക്കെ ക്ഷണിച്ചുകൊണ്ടു വരുമ്പോള്‍
മാത്രം കുറച്ചാളുകള്‍ എവിടെനിന്നെങ്കിലും എത്തിച്ചേരുന്നു എന്നതൊഴിച്ചാല്‍ സമരം
എന്നതുകൊണ്ട് എന്താണോ ഉദ്ദേശിക്കുന്നത് ആ ഉദ്ദേശത്തിന്റെ നേര്‍വിപരീതമാണ് അവിടെ
നടമാടുന്നതെന്ന് വ്യക്തമാണ്.സമരത്തിന്റെ ഉദ്ദേശശുദ്ധിയാണ് പ്രധാനം ,
പങ്കാളിത്തമല്ല എന്ന വാദത്തിന് സാധ്യതയുള്ളതിനാല്‍ , ഈ പറയുന്ന ഉദ്ദേശശുദ്ധി
എന്തുകൊണ്ട് കുറച്ചാളുകള്‍ക്കെങ്കിലും ബോധ്യപ്പെടുന്നില്ല എന്ന മറുചോദ്യത്തിന്
പ്രസക്തിയുണ്ട്. ചുരുക്കത്തില്‍ ആര്‍ക്കുവേണ്ടിയാണ് ഈ സമരമെന്നും ആരുടെ അഭിമാനസംരക്ഷണത്തിന്
വേണ്ടിയാണെന്നും സമരം നടത്തുന്നവര്‍ സ്വയമൊന്ന് ചിന്തിക്കണം.
ഈ
സമരത്തെ , മദ്യം വാങ്ങുന്നവരുടെ അവകാശസംരക്ഷണത്തിനുള്ള സമരമായി പരിവര്‍ത്തിപ്പിച്ചാല്‍
അത് ഉചിതമായ മുദ്രാവാക്യമായിമാറും എന്ന കാര്യത്തില്‍ സംശയമില്ല. അതായത് ഇപ്പോള്‍
മദ്യം വാങ്ങുന്നത് നീണ്ട ക്യൂവില്‍ മണിക്കൂറോളം കാത്തുനിന്നുകൊണ്ടാണ്. മനുഷ്യന്റെ
അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിവര്‍ത്തിക്കാനുള്ള സാഹചര്യം വില്പനശാലയുടെ
സമീപത്തില്ല. എന്നുമാത്രവുമല്ല വെയിലും മഴയും സഹിച്ച് മണിക്കൂറുകളോളം കാത്തുനിന്ന്
മദ്യംവാങ്ങുന്നവര്‍ക്ക് അത് സ്വസ്ഥമായി കുടിക്കാനുള്ള സൌകര്യംകൂടി സര്‍ക്കാര്‍
തന്നെ ഒരുക്കേണ്ടതുണ്ട്.മദ്യം വാങ്ങുന്നവര്‍ക്കും മനുഷ്യാവകാശങ്ങളുണ്ടെന്നും
അവരോടും കൂടുതല്‍ ഉദാരമായി പെരുമാറണമെന്നും കോടതികളുടെ പോലും നിര്‍ദ്ദേശങ്ങളുണ്ട്.അതൊന്നും
പാലിക്കപ്പെടുന്നില്ല എന്നത് പകല്‍പോലെ വ്യക്തമാണ്. അതുകൊണ്ട് പ്രത്യക്ഷമായിത്തന്നെ
അവകാശനിഷേധം നടത്തുന്ന അധികാരികളുടെ ഇത്തരം സമീപനത്തിനെതിരെയുള്ള ഒരു
കൂട്ടായ്മയായി ഈ സമരത്തെ മാറ്റിയെടുക്കുകയാണെങ്കില്‍ ആ നീക്കം കൂടുതല്‍
ജനോപകാരപ്രദമാകുക തന്നെ ചെയ്യും. ഈ വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ ഗുണപരമായി
ചിന്തിക്കേണ്ട സമയം സമാഗതമായെന്ന് ഞാന്‍ വിശ്വസിക്കുന്നു.
Comments