Thursday, August 3, 2017

#ദിനസരികള്‍ 113


പ്രൊഫസര്‍ രവിചന്ദ്രന്‍‌ സി എങ്ങനെയാണ് കൊല്ലപ്പെടുക? പ്രത്യക്ഷത്തില്‍ത്തനെ ഈ ചോദ്യം പുരോഗമന മനസ്സുകളെ വേദനിപ്പിക്കുകയും അസ്വസ്ഥപ്പെടുത്തുകയും ചെയ്യുമെങ്കിലും ഒരായുധം രവിചന്ദ്രന്റേയും തലക്കു നേരെ ഉയരില്ലെന്ന് നമുക്ക് ഉറപ്പിക്കാനാവുമോ? ഗോവിന്ദ് പന്‍സാരെയെപ്പോലെ , ധബോല്‍ക്കറെപ്പോലെ , കല്‍ബുര്‍ഗിയെപ്പോലെ ഒരു നാള്‍ ഒരു തീയുണ്ട രവിചന്ദ്രനേയും തേടിവരില്ല എന്ന് നിസ്സംശയം പറയാനാകുന്ന ഒരന്തരീക്ഷത്തിലല്ല നാം ജീവിച്ചുപോകുന്നത്.കാലം വല്ലാതെ കലങ്ങിയിരിക്കുന്നു. സത്യം വിളിച്ചു പറയുന്നവനെയല്ല , സത്യത്തെ തങ്ങളുടെ ചിന്തകള്‍ക്കും സ്വഭാവങ്ങള്‍ക്കും അനുരൂപമാകുന്ന വിധത്തില്‍ തേച്ചുരച്ച് വ്യാഖ്യാനിച്ചുകൊടുക്കുന്നവരെയാണ് ഇന്നത്തെ സമൂഹത്തിന് കൂടുതലിഷ്ടം. രവിചന്ദ്രനാണെങ്കില്‍ നാം ഇതുവരെ പരിചയിച്ചു പോന്നിരുന്ന യുക്തിവാദികളുടേയോ, പരിഷ്കര്‍ത്താക്കളുടേയോ ശാസ്ത്രചിന്തകരുടേയോ സ്വരവും സ്വഭാവവുമല്ല ഉള്ളത്. നിലപാടുകളുടെ തീക്ഷ്ണത കാരണം, ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലാത്ത കര്‍ക്കശക്കാരനായ പടനായകനെയാണ് നമുക്ക് അദ്ദേഹത്തില്‍ ദര്‍ശിക്കാനാവുക.ആ തീക്ഷ്ണത തന്നെയാണ്  അസ്വാഭാവികവും ഭയപ്പെടുത്തുന്നതുമായ ചോദ്യത്തിലേക്ക് എന്നെ നയിച്ചതും.
ലളിതമായി ചിന്തിക്കുകയും ലളിതയുക്തികളെ മുറുകെപ്പിടിക്കുകയും ചെയ്യുക എന്ന നമ്മുടെ ശീലങ്ങളെ മാറ്റി മറിക്കാനും മറിച്ച്  ചിന്തിപ്പിക്കാനും അദ്ദേഹത്തിന്റെ ഇടപെടലുകള്‍ക്ക് കഴിയുന്നുണ്ട്. രവിചന്ദ്രന്റെ സംവാദങ്ങള്‍ എന്ന പുസ്തകം നോക്കുക. നമ്മുടെ എന്തെന്ത് ധാരണകളെയാണ് ആ പുസ്തകം തകര്‍ത്തു കളയുന്നത്. ചോദ്യങ്ങളുടെ നിശിതമായ സൂക്ഷ്മത അനുഭവിച്ചറിയണമെങ്കില്‍ പ്രസ്തുത പുസ്തകം നിങ്ങള്‍ക്ക് സഹായകമാകും.ജൈവകൃഷി ഒരു ഫാഷനായി കൊണ്ടുനടക്കുന്നവര്‍ക്ക് നല്ലൊരു താക്കീതാണ് കാര്‍ട്ടറുടെ കഴുകന്‍ എന്ന പുസ്തകം. പ്രസ്തുത കൃഷിവാദികള്‍ ഉന്നയിക്കുന്ന ആരോപണങ്ങളുടെ നിജസ്ഥിതി പരിശോധിക്കുന്ന പ്രസ്തുത പുസ്തകം അവരുടെ അശാസ്ത്രീയമായ വാദമുഖങ്ങളെ തുറന്നു കാട്ടുന്നു. അതുപോലെ വി എസ് രാമചന്ദ്രന്റെ ടെല്‍ ടെയില്‍ ബ്രെയിന്‍ , ഡോക്കിന്‍സിന്റെ The Greatest Show On Earth എന്നീ പുസ്തകങ്ങളുടെ പരിഭാഷ തുടങ്ങി ഗണ്യമായ നിരവധി ഗ്രന്ഥങ്ങള്‍ നമുക്ക് അദ്ദേഹത്തില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നമ്മുടെ സമൂഹത്തില്‍ ഗണ്യമായ സ്വാധീനംചെലുത്തിയ കാള്‍ മാര്‍ക്സ് , സിഗ്മണ്ട് ഫ്രോയിഡ് , ചാള്‍സ് ഡാര്‍വിന്‍ എന്നീ മൂന്നു ചിന്തകരില്‍ ഡാര്‍വിനേയും അദ്ദേഹത്തിന്റെ പരിണാമസിദ്ധാന്തത്തേയും പിന്‍പറ്റിയാണ് രവിചന്ദ്രന്‍ തന്റെ ധൈഷണികലോകത്തിന് വേരുപിടിപ്പിക്കുന്നത്. മറ്റു രണ്ടു ചിന്തകരേയും തള്ളിക്കളയാന്‍ പോലും ഒരു ഘട്ടത്തില്‍ തയ്യാറാകുന്നുമുണ്ട്. നാം ശാസ്ത്രീയമായി കരുതി കൈവശം വെച്ച് അനുഭവിച്ചു പോരുന്ന ധാരണകളില്‍ പലതും അശാസ്ത്രീയമാണെന്നും അത് സമൂഹത്തെ പിന്നോട്ടടിക്കാനേ ഉപകരിക്കു എന്നും നമ്മെ നിരന്തരം രവിചന്ദ്രന്‍ ഉദ്‌ബോധിപ്പിക്കുന്നുണ്ട്.
            രവിചന്ദ്രനെ എത്രമാത്രം നമുക്ക് ഉള്‍‌ക്കൊള്ളാന്‍ കഴിയുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം , നമുക്ക് എത്രമാത്രം ശാസ്ത്രീയതയെ ഉള്‍‌ക്കൊള്ളാന്‍ കഴിയും എന്ന ചോദ്യത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ലഭിക്കുക.ശാസ്ത്രത്തിന്റെ എല്ലാ നേട്ടങ്ങളേയും അനുഭവിക്കുകയും ദൈവത്തിന് നന്ദി പറയുകയും ചെയ്യുന്ന നമ്മുടെ പൊതുബോധത്തിന് രവിചന്ദ്രന്‍ ഒരു വെല്ലുവിളിയായിരിക്കും. ഒരു പക്ഷേ നാളേക്ക് ആവശ്യമുള്ള ഒരേയൊരു മലയാളി രവിചന്ദ്രനാണെന്നു പോലും വന്നേക്കാം.

അപ്പോള്‍ അവസാനമായി വീണ്ടും ചോദിക്കട്ടെ , രവിചന്ദ്രന്‍ കൊല്ലപ്പെടുന്നത് എങ്ങനെയായിരിക്കും ?
Post a Comment