Saturday, July 22, 2017

#ദിനസരികള്‍ 101


എംടി രമേശിന്റെ വൈകാരികപ്രകടനത്തിന്റെ ഫലമായി അഴിമതി രഹിതനെന്ന വിശേഷണത്തോടെ അദ്ദേഹം ആരോപണത്തില്‍ നിന്ന് മുക്തനാക്കപ്പെട്ടിരിക്കുന്നു. എന്നുമാത്രവുമല്ല , ആര്‍ എസ് വിനോദിനെ ബലിയാടാക്കി കോഴ ആക്ഷേപം ഒതുക്കിത്തീര്‍ക്കാനാണ് ബി ജെ പിയുടെ തീരുമാനം എന്നത് ഇന്നലത്തെ സംസ്ഥാനകോര്‍ കമ്മറ്റിക്കു ശേഷം വ്യക്തവുമാകുന്നു. അഴിമതിക്കെതിരെ കര്‍ശന നിലപാടെടുക്കുമെന്നും , അത്തരക്കാരെ വെച്ചുപൊറുപ്പിക്കില്ലെന്നുമുള്ള ബി ജെപിയുടെ പ്രഖ്യാപിത നിലപാടുകളില്‍ നിന്ന് വ്യത്യസ്തമായി ആ പാര്‍ട്ടിയുടെ തനി സ്വഭാവം എന്തെന്ന്  വെളിപ്പെടുത്തുന്നതാണ് കോഴ ആക്ഷേപത്തെത്തു ടര്‍ന്നുണ്ടാകുന്ന നടപടികള്‍ . എന്നാല്‍ ഒന്നിനു പുറകേ ഒന്നായി നിരവധി ആരോപണങ്ങളെ നേരിടുന്ന ബി ജെ പിക്ക് ചതഞ്ഞുപോയ തങ്ങളുടെ മുഖം അത്ര പെട്ടെന്ന് രക്ഷിച്ചെടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമാണ്. മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാനോ ചോദ്യങ്ങളെ നേരിടുവാനോ ബി ജെ പിയുടെ സംസ്ഥാന പ്രസിഡന്റായ കുമ്മനം രാജശേഖരന്‍ തയ്യാറായിട്ടില്ല എന്നത് ആ പാര്‍ട്ടിക്ക് ആ വിഷയങ്ങളില്‍ ഒളിച്ചു വെക്കുവാന്‍ ഒരുപാടു കാര്യങ്ങളുണ്ട് എന്നതിന്റെ തെളിവാണ്.
            ദേശീയ കൌണ്‍സിലിന്റെ നടത്തിപ്പിനു വേണ്ടിയാണെന്ന ഭാവത്തില്‍ വ്യാജ രസീതുകള്‍ ഉപയോഗിച്ച് കോടിക്കണക്കിന് രൂപ ജനങ്ങളില്‍ നിന്ന് തട്ടിയെടുത്ത സംഭവം കേവലമൊരു മെഡിക്കല്‍ കോളേജു പ്രശ്നത്തെക്കാള്‍ ഗുരുതരവും അന്തസ്സില്ലാത്തതുമായ പ്രവര്‍ത്തിയാണ്. ആറെസെസ്സിന്റെ അനുഭാവിയുടെ പ്രസില്‍ നിന്നാണ് രസീതുകള്‍ അച്ചടിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. അതിനാവശ്യപ്പെട്ട എം മോഹനന്‍ സംസ്ഥാന സമിതി അംഗവുമാണ്.മുന്‍ സംസ്ഥാന പ്രസിഡന്റെ വി മുരളീധരനായിരുന്നു സാമ്പത്തികകാര്യങ്ങളുടെ ചുമതല വഹിച്ചിരുന്നത്.കേവലമൊരു പ്രാദേശികനേതാവിന്റെ വകതിരിവില്ലാത്ത പ്രവര്‍ത്തിയായി  ഈ ഫണ്ടുശേഖരണത്തനെ വിലയിരുത്താന്‍ കഴിയാത്തതു , ബി ജെ പിയുടെ ഉന്നതരായ നേതാക്കന്മാര്‍ ഇതില്‍ ഇടപെട്ടിട്ടുണ്ട് എന്നുള്ളതുകൊണ്ടാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ഇനിയും ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുവാന്‍ ബി ജെ പിക്ക് ധാര്‍മികമായ യാതൊരു അവകാശവുമില്ല.

            അതുകൊണ്ട് ഇനിയും അവകാശപ്പെടുന്ന പോലെ ധാര്‍മികതയുടെ തുരുമ്പുകള്‍ ബി ജെ പിയില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ ആ പാര്‍ട്ടി ആദ്യം ചെയ്യേണ്ടത് പരസ്യമായി തെറ്റുകള്‍ ഏറ്റു പറഞ്ഞ് കുറ്റവാളികളായ നേതാക്കന്മാരെ നിയമത്തിന് വിട്ടുകൊടുക്കുന്നതിന് തയ്യാറാകണമെന്നതാണ്.സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശടക്കമുള്ളവരുടെ വൈകാരിക പ്രകടനങ്ങളെ അടിസ്ഥാനമാക്കിയാകരുത് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. മറിച്ച് നിലവിലുള്ള നിയമസംവിധാനങ്ങളെ അടിസ്ഥാനപ്പെടുത്തി അന്വേഷണത്തെ നേരിട്ടുകൊണ്ടായിരിക്കണം.     ആരോപണം പരസ്യമായ സ്ഥിതിക്ക് കുറ്റവാളികളല്ല എങ്കില്‍ നിയമപരമായിത്തന്നെ തങ്ങളുടെ നിരപാധിത്വം അവര്‍ തെളിയിക്കട്ടെ.

Friday, July 21, 2017

#ദിനസരികള്‍ 100


പെരുവഴിയെ നടന്നാല്‍ അടിച്ചോടിക്കുന്ന ഒരു കാലമുണ്ടായിരുന്നു.നീ വിശ്വസിക്കുമോ ?ഭരണകൂടത്തിന് ഭരണീയരോട് ഉത്തരവാദിത്തം വേണമെന്ന് പറഞ്ഞാല്‍ തുറുങ്കിലടക്കുമായിരുന്ന ഒരു കാലമുണ്ടായിരുന്നു. നീ വിശ്വസിക്കുമോ? മോഷണം തൊഴിലാക്കിയവര്‍ , പൊതുസ്വത്തു കൈയ്യടക്കുന്നവര്‍ , അഭിമാനം വിറ്റു കാശാക്കുന്നവര്‍ , സൌന്ദര്യം കമ്പോളവത്കരിക്കുന്നവര്‍ , അവര്‍ രാജ്യത്തെ കീഴടക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. നീ വിശ്വസിക്കുമോ?”
            സര്‍വ്വമതങ്ങളും ശ്രേഷ്ഠമവയില്‍ വച്ചെന്റെ മതമേറെ ശ്രേഷ്ഠമല്ലോ.ജാതിയൊന്നേയുള്ളതുകൊണ്ടു നിങ്ങളെന്‍ ജാതിയില്‍‌ച്ചേരാന്‍ ശ്രമിക്കവേണം.സത്യം ജയിക്കുമെന്നുള്ളോരസത്യം നിത്യം ജയിക്കുന്നതാണ് സത്യം. ഇന്നലെച്ചൊന്നതുമിന്നു ചൊല്ലുന്നതും ഒന്നുപോലാവാതെ നോക്കണം.ചൊന്നതുപോലൊന്നും ചെയ്യരുതല്ലോ ചെയ്യുന്നതൊന്നുമേ ചൊല്ലിക്കൂടല്ലോ.നിങ്ങള്‍ നന്നാകണമെന്നെന്റെയാശ , ഞാന്‍ നന്നായില്ലെങ്കിലും സാരമില്ല , നിങ്ങളെ നന്നാക്കിയേ ഞാനടങ്ങുള്ളു നിങ്ങള്‍ക്കു നന്നാകേണ്ടെന്നാകിലും
            തലയറുത്തുകൊടുത്തു ഞാനൊരു തൊപ്പി വാങ്ങിച്ചു.ചെവി ചെത്തിക്കൊടുത്തു ഞാനൊരു റേഡിയോ വാങ്ങിച്ചു.കണ്ണൂ ചൂഴ്ന്നു കൊടുത്തു ഞാനൊരു വിളക്കു വാങ്ങിച്ചു.കാല്‍ മുറിച്ചു കൊടുത്തു ഞാനൊരു ചെരുപ്പ് വാങ്ങിച്ചു.എന്നെത്തന്നെ കൊടുത്തു ഞാനൊരു വീടുവാങ്ങിച്ചു.തൊപ്പിയുമിട്ട്  റേഡിയോ വെച്ച് വിളക്കുകൊളുത്തു വാച്ചും കെട്ടി ചെരുപ്പുമിട്ടു. ഇന്നാ വീട്ടിലിരുന്നു ഞാനൊരു ചെറുകഥ വായിച്ചു.വായനയില്ലാതായില്ലെന്നതിലെഴുതിയിരിക്കുന്നു.
            അയോധ്യയിലെ പത്രങ്ങളില്‍ മുത്തങ്ങ.കാന്‍പൂരിനടുത്ത് ഗംഗയിലെ ബ്രഹ്മാവാര്‍ത്തത്തിന് സമീപം ആശ്രമത്തില്‍ ആ വാര്‍ത്ത ലവകുശന്മാര്‍ ദൂരദര്‍ശനിലൂടെ അറിഞ്ഞു.അവര്‍ ആര്‍ത്തലച്ചു.ഭാവഭേദങ്ങള്‍ സ്ഫുരിക്കാത്ത സീതാദേവിയുടെ മുഖത്ത് കുസൃതിക്കുട്ടികള്‍ പുഞ്ചിരി എയ്തുപിടിപ്പിക്കാന്‍ നോക്കി.ധ്യാനത്തില്‍ നിന്നുമുണര്‍ന്ന മഹര്‍ഷി ബഹളം കേട്ടു.വാര്‍ത്ത കേട്ടു. ക്രൌഞ്ചവിലാപം കേട്ടു.ഇതുവരെ എഴുതിയതൊക്കെ വെറുതെ ആയി.ഇനി രാമായണകഥ ഓരോരുത്തരും അവരവരുടെ ഇഷ്ടത്തിനൊത്തു പുനരാഖ്യാനം നടത്തട്ടെ.ഞാന്‍ വിട്ടിരിക്കുന്നു.അന്ന് എറിഞ്ഞു കളഞ്ഞ നാരായം ഗംഗാഹൃദയത്തിന് ഇന്നും മുറിവേല്പിക്കുന്നു.ബ്രഹ്മാവര്‍ത്തത്തില്‍ ഗംഗ ചുഴിയില്‍ കറങ്ങുന്നു.

അയ്യപ്പപ്പണിക്കരാണ്. അദ്ദേഹത്തിന്റെ കവിതകളാണ്. എന്താണ് അദ്ദേഹം പറയുന്നതെന്ന് എനിക്ക് മനസ്സിലായിട്ടില്ല.നിങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ടോ? ആര്‍ക്കും മനസ്സിലായിട്ടില്ലെങ്കിലും അദ്ദേഹം പറഞ്ഞുകൊണ്ടേയിരിക്കുന്നുണ്ട്. എന്തൊക്കെയോ വിഷയങ്ങളെപ്പറ്റി , എന്തൊക്കെയോ സന്ദേഹങ്ങളെപ്പറ്റി , എന്തൊക്കെയോ സ്വപ്നങ്ങളെപ്പറ്റി , എന്തൊക്കെയോ വ്യാകുലതകളെപ്പറ്റി , എന്തൊക്കെയോ പ്രതിസന്ധികളെപ്പറ്റി. ആര്‍ക്കും മനസ്സിലാകുന്നില്ലെങ്കിലും ആരും ശ്രദ്ധിക്കുന്നില്ലെങ്കിലും അയാള്‍ പറഞ്ഞുകൊണ്ടേയിരിക്കുകയാണല്ലോ ? കേള്‍ക്കാനാരുമില്ലെങ്കിലും ഇങ്ങനെ ചിലച്ചുകൊണ്ടിരിക്കുക എന്നത് ശീലമായിപ്പോയതിന്റെ കുഴപ്പമാണ്. കുറച്ചു കഴിയുമ്പോള്‍ മാറിക്കോളുമായിരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Thursday, July 20, 2017

#ദിനസരികള്‍ 99

ഇന്ത്യയുടെ പതിന്നാലാമത്തെ പ്രഥമപൌരനായി എത്തുന്ന രാംനാഥ് കോവിന്ദിനെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യേണ്ടത് ഏതൊരു പൌരന്റേയും കടമയാണ് എന്ന കാര്യത്തില്‍ സംശയത്തിന് സ്ഥാനമില്ല. 1952 മുതല്‍ നാളിതുവരെ ഇന്ത്യയുടെ പ്രസിഡന്റുപദം അലങ്കരിച്ചവരെ സ്നേഹാദരങ്ങളോടെ മാത്രമേ ഇന്ത്യന്‍ മനസ്സ് അഭിവാദ്യം ചെയ്തിട്ടുള്ളു. ഭരണഘടനാ വിചക്ഷണന്മാരും തത്വചിന്തകന്മാരും ശാസ്ത്രജ്ഞരും കടുത്ത രാഷ്ട്രീയവിശ്വാസികളുമടക്കം നിരവധി പ്രമുഖര്‍ ഈ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്.ഇന്ത്യയില്‍ അടിയന്തിരാവസ്ഥ എന്ന ഇരുണ്ട കാലത്തെ തുല്യം ചാര്‍ത്തി നടപ്പിലാക്കിയ , ഇന്ത്യന്‍ ഭരണഘടനയെത്തന്നെ അസാധുവാക്കിയ ഫക്രൂദ്ദീന്‍ അലി അഹമ്മദും ഇക്കൂട്ടത്തില്‍‌പ്പെടുന്നു എന്ന കാര്യം വിസ്മരിക്കുന്നില്ല. വ്യത്യസ്ഥങ്ങളായ താല്പര്യങ്ങളും വ്യത്യസ്ഥങ്ങളായ രാഷ്ട്രീയവിശ്വാസങ്ങളു മുണ്ടായിരുന്ന ഇവരുടെയൊക്കെ പിന്‍ഗാമിയായി രാം നാഥ് കോവിന്ദ് എന്ന സംഘപരിവാറുകാരന്‍ രാഷ്ട്രപതിപദത്തിലേക്ക് ചുവടുവെച്ചു കയറുമ്പോള്‍ , പക്ഷേ കാര്യങ്ങള്‍ നാം ഇതുവരെ പരിചയിച്ചു പോന്നിരുന്ന പോലെയല്ല ഇനി സംഭവിക്കാന്‍ പോകുന്നത് എന്ന ആശങ്ക അസ്ഥാനത്തല്ലതന്നെ. കാരണം , രാംനാഥ് കോവിന്ദിന് പിന്നില്‍ ജാതിയുടേയും മതത്തിന്റേയും പേരില്‍ സ്വന്തം പൌരന്മാരെ വിഭജിക്കുകയും വര്‍ഗ്ഗീയമായി പരസ്പരം പോരാടാന്‍ പ്രേരിപ്പിക്കുയും ചെയ്യുന്ന ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പ്രയോക്താക്കളാണ് എന്ന കാര്യം നിസ്സാരമായി എടുക്കണ്ടതല്ല. ആ ഒരൊറ്റക്കാരണം കൊണ്ടുതന്നെ ഒരു മതേതര ജനാധിപത്യ വിശ്വാസിക്ക് കോവിന്ദിനെ സംശയത്തോടെയല്ലാതെ വീക്ഷിക്കുവാനോ സ്വാഗതം ചെയ്യുവാനോ കഴിയില്ല എന്നത് വസ്തുതയാണ്.
            കോവിന്ദിലേക്ക് രാഷ്ട്രപതി സ്ഥാനം എത്തുന്നത് ബി ജെ പി  സവര്‍ണരുടെ പാര്‍ട്ടിയാണ് എന്ന പേരുദോഷം മാറ്റിയെടുക്കുന്നതിന് വേണ്ടി കുശാഗ്രബുദ്ധികളായ മോഡി ഷാ കൂട്ടുകെട്ടിന്റെ  നിര്‍‌ദ്ദേശപ്രകാരമാണ്.ഇത് രാഷ്ട്രീയമായി പ്രതിപക്ഷത്തെ കവച്ചു വെക്കുന്ന നീക്കമായെങ്കിലും , ഫലത്തില്‍ ഇന്ത്യയിലെ ദളിതുകള്‍ക്ക് , അടിസ്ഥാനജനവിഭാഗങ്ങള്‍ക്ക് ഗുണമാകുമോയെന്ന് കണ്ടറിയേണ്ടതുതന്നെയാണ്.ദളിതില്‍ നിന്ന് ഒരാള്‍ രാഷ്ട്രപതിയായി എന്നതുകൊണ്ട് ആറെസ്സെസ്സിന്റേയും ബി ജെ പിയുടേയും സവര്‍ണസ്വഭാവം അവസാനിക്കും എന്നു വിചാരിക്കുന്നത് മൌഢ്യമാണ്. അപ്പോള്‍ ദളിതുസംരംക്ഷണം എന്നതിലുപരി , സംഘപരിവാരത്തോടുള്ള കോവിന്ദിന്റെ വിധേയത്വമാണ് രാഷ്ട്രപതി സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ യോഗ്യതയായി വിലയിരുത്തപ്പെട്ടത്. അങ്ങനെയൊരു വിധേയനെ , 2018 ട്ടോടെ ലോക്സഭയിലെന്നപോലെ രാജ്യസഭയിലും എന്‍ ഡി എക്ക് ഭൂരിപക്ഷം ലഭിക്കുന്ന സാഹചര്യത്തില്‍ , പ്രസിഡന്റായി അവരോധിക്കേണ്ടത് ഹിന്ദുത്വശക്തികളുടെ അനുപേക്ഷണീയമായ ആവശ്യം കൂടിയാണ്.

            രാം നാഥ് കോവിന്ദ് എന്ന പ്രസിഡന്റ് , താനിരിക്കുന്ന സ്ഥാനത്തിന്റെ മഹിമ വിസ്മരിച്ചുകൊണ്ട് കേവലമൊരു വിധേയനായി മാറുകയാണെങ്കില്‍  , ആ വിധേയത്വത്തിന് കൊടുക്കേണ്ടിവരുന്ന വിലയെക്കുറിച്ചോര്‍ത്ത്  ഇന്ത്യ അസ്വസ്ഥമാകുന്നില്ലെങ്കില്‍ , നമ്മുടെ ജനാധിപത്യത്തിന് , നമ്മുടെ മതേതര സങ്കല്പങ്ങള്‍ക്ക് സങ്കല്പിക്കാനാകാത്ത വിധത്തിലുള്ള കോട്ടം സംഭവിച്ചിരിക്കുന്നു എന്നു വേണം കരുതാന്‍. ഭരണഘടനയേയും നിയമത്തേയും സംരക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യും എന്ന സത്യം ചെയ്തുകൊണ്ട് രാഷ്ട്രപതിയായി അധികാരമേറ്റെടുക്കുന്ന രാംനാഥ് കോവിന്ദിന് ജനാധിപത്യത്തിന്റെ കാവലാളാകാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Wednesday, July 19, 2017

#ദിനസരികള്‍ 98


മെഡിക്കല്‍ കോളേജിന് അനുമതി വാങ്ങി നല്കാമെന്ന ഉറപ്പിന്മേല്‍ ബി ജെ പി നേതാക്കന്മാര്‍ കോടികള്‍ തട്ടിയെടുത്തു എന്ന ആക്ഷേപം വിശദമായി അന്വേഷിക്കേണ്ടതാണ്. ആരോപണം അന്വേഷിക്കുവാന്‍ ബി ജെ പി തന്നെ നിയോഗിച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ശ്രീശന്‍ സംസ്ഥാന സെക്രട്ടറി എം കെ നസീര്‍ എന്നിവരടങ്ങിയ അന്വേഷണ കമ്മീഷനാണ് എം ടി രമേശ് അടക്കമുള്ളവരുടെ പേരുകള്‍ പരാമര്‍ശിക്കപ്പെട്ട റിപ്പോര്‍ട്ട് ബി ജെ പി യുടെ സംസ്ഥാന നേതൃത്വത്തിന് നല്കിയത്. ആ റിപ്പോര്‍ട്ടാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളത്. ബി ജെ പി തന്നെ നടത്തിയ അന്വേഷണത്തില്‍ കോഴ ആരോപണം തെളിഞ്ഞ സ്ഥിതിക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രസ്തുത അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്നും കുറ്റക്കാര്‍‌ക്കെതിരെ നടപടി എടുക്കണമെന്നുമുള്ള ആവശ്യം ന്യായമാണ്.
            വര്‍ക്കലയിലെ എസ് ആര്‍ കോളേജ് ഉടമയായ ആര്‍ ഷാജി , ബി ജെ പിയുടെ സഹകരണസെല്ലിന്റെ കണ്‍വീനറായ വിനോദിലൂടെ 5.06 കോടിരൂപ വിവിധ നേതാക്കന്മാര്‍ക്ക് നല്കി. പ്രസ്തുത പണം കൈപ്പറ്റിയതായി വിനോദ് സമ്മതിച്ചിട്ടുണ്ട്.ഇതിനുമുമ്പും കേരളത്തില്‍ കോളേജുകള്‍ക്ക് തങ്ങള്‍ വഴി അംഗീകാരം ലഭിച്ചിട്ടുണ്ട് എന്ന് വിശ്വസിപ്പിച്ചാണ് ബി ജെ പി നേതാക്കള്‍ക്കു വേണ്ടി വിനോദ് തുക കൈപ്പറ്റിയതെന്ന് കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. ചെര്‍പ്പുളശ്ശേരിയിലെ മെഡിക്കല്‍ കോളേജിന് അംഗീകാരം വാങ്ങി നല്കാന്‍ എം ടി രമേഷിന് അഞ്ചുകോടി രൂപ നല്കിയതായി കമ്മീഷന്‍ പറയുന്നു. രമേഷ് ഈ ആരോപണം നിഷേധിക്കുന്നുവെങ്കിലും റിപ്പോര്‍ട്ടില്‍ ഉള്‍‌പ്പെടുത്തുക വഴി , കമ്മീഷന്‍ അതു വിശ്വാസത്തിലെടുത്തിട്ടില്ല എന്നു വേണം അനുമാനിക്കാന്‍ .
            പ്രധാനമന്ത്രിയുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന സതീഷ് നായര്‍ എന്ന ഇടനിലക്കാരനാണ് തുക കൈമാറിയത് എന്നാണ് വിനോദ് പറയുന്നത്.സതീഷ് നായരെ വിനോദിന് പരിചയപ്പെടുത്തിയത് കുമ്മനം രാജശേഖരന്റെ പ്രൈവറ്റ് സെക്രട്ടറിയെന്ന് അവകാശപ്പെടുന്ന രാകേഷ് ശിവരാമനാണെന്നും വിനോദ് പറയുന്നു.റിച്ചാര്‍ഡ് ഹേയുടെ സെക്രട്ടറി കണ്ണദാസടക്കമുള്ളവര്‍ പ്രസ്തുത അഴിമതിക്കേസിലെ കക്ഷികളാണെന്ന് ശ്രീശന്‍ കമ്മറ്റി കണ്ടെത്തുന്നുണ്ട്.
            ബി ജെ പിയുടെ അഖിലേന്ത്യാ പ്രസിഡന്റുമാര്‍ പോലും (ബംഗാരു ലക്ഷ്മണിനെ മറക്കാതിരിക്കുക ) അഴിമതിക്ക് കൂട്ടുനിന്ന ചരിത്രമുള്ളപ്പോള്‍ പ്രാദേശിക നേതാക്കന്മാര്‍ അത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത് ആ പാര്‍ട്ടി തെറ്റായി കാണുന്നില്ലായിരിക്കാം. എന്നാല്‍ അഴിമതിയിലൂടെ അര്‍ഹതയില്ലാത്തവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുമ്പോള്‍ ഉണ്ടാകുന്ന വിപത്തിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് പൊതുസമൂഹമാണ്. അതുകൊണ്ട് പ്രസ്തുത അഴിമതിയെക്കുറിച്ച് സര്‍ക്കാര്‍ ഏജന്‍സികള്‍ അന്വേഷിക്കുകയും കുറ്റക്കാരെ പുറത്തുകൊണ്ടുവരികയും ചെയ്യണം.
           


Tuesday, July 18, 2017

#ദിനസരികള്‍ 97


ലെനിനിസത്തിന്റെ ചരിത്രപരമായ അടിസ്ഥാനം എന്ന ലേഖനത്തില്‍ സ്റ്റാലിന്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളുടെ ഒരു നഖചിത്രമാണ് നാം കണ്ടത്.എങ്ങനെയാണ് ലെനിനിസത്തിന്റെ പ്രായോഗികരീതി (Method) എന്നതാണ് ഇനി ചര്‍ച്ച ചെയ്യുന്നത്.രണ്ടാം ഇന്‍റര്‍നാഷലിന്റെ വിപ്ലവമുന്നേറ്റങ്ങളെ പിന്നോട്ടടിക്കുന്ന അവസരവാദപരമായ നിലപാടുകളോടുള്ള ലെനിന്റെ സമീപനം നാം കണ്ടതാണല്ലോ.സമഗ്രമായ , കമ്യൂണിസ്റ്റ് ചിന്താപദ്ധതിക്ക് ഇണങ്ങുന്ന തരത്തിലുള്ള ഒരു വിപ്ലരീതിക്കുപകരം പരസ്പരം ഘടിക്കാത്ത ചില ആശയങ്ങളെ പൊടിപ്പും തൊങ്ങലും വെച്ച് അവതരിപ്പിച്ചെടുത്ത രണ്ടാം ഇന്‍റര്‍ നാഷണല്‍ , ഫലത്തില്‍ ജനങ്ങളുടെ മനസ്സിലുള്ള വിപ്ലവആശയങ്ങളെപ്പോലും പിന്നോട്ടടിപ്പിക്കാനേ സഹായിച്ചുള്ളു.അതായത് ജനങ്ങളുടെ മനസ്സില്‍ ഉള്ളത്ര കമ്യൂണിസ്റ്റ് ധാരണ പോലും നേതൃത്വത്തിന് ഇല്ലായിരുന്നു എന്നതാണ് വസ്തുത. For the sake of appearances, Marx's theory was mentioned, of course, but only to rob it of its living, revolutionary spirit എന്നാണ് സ്റ്റാലിന്‍ ഇത്തരം നിലപാടുകളപ്പറ്റി വിലയിരുത്തുന്നത്.തെറ്റുകളെ കുലങ്കഷമായി പഠിക്കുകയും വിലയിരുത്തുകയും ചെയ്തുകൊണ്ട് ശരിയായ ഒരു വിപ്ലവരീതി കണ്ടെത്തുന്നതിന് പകരം ഉയര്‍ന്നു വരുന്ന പ്രശ്നങ്ങളെ മറച്ചു വെക്കുവാനും ഒഴിഞ്ഞുമാറാനും ശ്രമിക്കുന്ന സമീപനം ഉണ്ടായി.
സാമ്പത്തിക മൂലധനത്തോട് പോരാടുന്നതിന് പുതിയ പുതിയ സാധ്യതകള്‍ തേടേണ്ട ഒരു സാഹചര്യം കൂടി സംജാതമാകുന്ന അവസ്ഥാവിശേഷമുണ്ടായി. പുലര്‍ത്തിപ്പോന്നിരുന്ന സമരമുറകള്‍ അപര്യാപ്തമാണ് എന്ന് തെളിയുകയായിരുന്നു.ആയുധങ്ങളെ മാറ്റിപ്പണിയേണ്ടതും ചിലതിനെയൊക്കെ അപ്പാടെ ഉപേക്ഷിക്കേണ്ടതുമുണ്ടായിരുന്നു.വരാനിരിക്കുന്ന മുന്നേറ്റങ്ങള്‍ക്ക് ഇണങ്ങുന്ന തരത്തിലുള്ള ആയുധങ്ങള്‍ അണിയുവാന്‍ തൊഴിലാളിവര്‍ഗ്ഗത്തിന് കഴിഞ്ഞില്ലെങ്കില്‍ പരാജയമായിരിക്കും ഫലമെന്ന കാര്യത്തില്‍ സംശയമില്ല.അതുകൊണ്ടാണ് രണ്ടാം ഇന്‍റര്‍നാഷലുണ്ടാക്കിയ ആശയക്കുഴപ്പത്തില്‍നിന്ന് തൊഴിലാളി വര്‍ഗ്ഗത്തെ മോചിപ്പിക്കുകയും പുതിയ ആയുധമണിയിക്കുകയും ചെയ്യുക എന്ന ഉത്തരവാദിത്തം ലെനിനിസത്തിന് ഏറ്റെടുക്കേണ്ടിവന്നത്.
അപ്പോള്‍ ലെനിനിസ്റ്റ് രീതി എന്നു പറഞ്ഞാലെന്താണ് ? വളരെ ചുരുക്കി പറഞ്ഞാല്‍ അവയെ നാലായി നമുക്കു വിഭജിക്കാം. ആദ്യമായി , ശരിയായ ലോകവീക്ഷണമുള്ള സിദ്ധാന്തത്തെ ആവിഷ്കരിക്കുക, രണ്ടാമതായി പ്രവര്‍ത്തി കൊണ്ട് വിലയിരുത്തുക , മൂന്നാമതായി ഒരു വിപ്ലവ മുന്നേറ്റത്തിന് ഉതകുന്ന തരത്തില്‍ എല്ലാ പ്രവര്‍ത്തനത്തേയും പുനസംഘടിപ്പിക്കുക , നാലാമതായി , സ്വയംവിമര്‍ശനത്തില്‍ ഊന്നിയ ഒരു സംഘടനാരീതി കെട്ടിപ്പടുക്കുക. അടിസ്ഥാനപരമായി ശരിയായ ലോകവീക്ഷണവും വര്‍ഗ്ഗതാല്പര്യവും പുലര്‍ത്തുന്ന സിദ്ധാന്തത്തിന്റെ അടിത്തറയില്‍ മാത്രമേ ഒരു തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനത്തെ പടുത്തുയര്‍ത്തുവാന്‍ കഴിയുകയുള്ളു. ആ സിദ്ധാന്തത്തിന്റെ വെളിച്ചത്തിലാണ് തൊഴിലാളിവര്‍ഗ്ഗ മുന്നേറ്റത്തിന് ആവശ്യമായ പ്രവര്‍ത്തനങ്ങളെ സംഘടിപ്പിക്കുവാന്‍ കഴിയുകയുള്ളു. സിദ്ധാന്തവും പ്രവര്‍ത്തനങ്ങളും ഐക്യപ്പെട്ടു പോയെങ്കില്‍ മാത്രമേ വിപ്ലവത്തിന് ആവശ്യമായ മുന്നേറ്റമുണ്ടാകുകയുള്ളു. അതോടൊപ്പം തന്നെ ഓരോ പാളിച്ചകളേയും കുലങ്കഷമായി നിരീക്ഷിക്കുകയും സ്വയംവിമര്‍ശനപരമായി വിലയിരുത്തുകയും വേണം.സര്‍‌വ്വോപരി , സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള ഐക്യപ്പെടല്‍ ഏറ്റവും പ്രാധാന്യമുള്ളതാണ്.ലെനിനിസ്റ്റ് രീതി ഈ തരത്തിലുള്ള പ്രവര്‍ത്തനങ്ങളെയാണ് ആവശ്യപ്പെടുന്നത്.

Monday, July 17, 2017

#ദിനസരികള്‍ 96


മൂന്നാമത്തെ വൈരുധ്യം , പരിഷ്കൃതരെന്ന് കരുതുന്ന അധീശരാഷ്ട്രങ്ങളും ശതകോടികള്‍ വരുന്ന കോളനി രാജ്യങ്ങളിലെ ജനങ്ങളും തമ്മിലുള്ള സംഘര്‍ഷാത്മകവൈരുധ്യമാണ്. ആശ്രിതരാജ്യങ്ങളിലെ ജനതതികളേയും പ്രകൃതിവിഭവങ്ങളേയും പരമാവധി ചൂഷണം ചെയ്യുക എന്ന നയമാണ് എക്കാലത്തും സാമ്രാജ്യത്വം സ്വീകരിച്ചു പോന്നിട്ടുള്ളത്. ആ ചൂഷണത്തിന് സഹായകമായ വിധത്തിലും സൌകര്യത്തിലും ആശ്രിതരാജ്യങ്ങളെ അവര്‍ പുതുക്കിപ്പണിയുന്നു. ചരക്കു നീക്കങ്ങളും അധ്വാനശേഷിയെ എളുപ്പത്തില്‍ വിന്യസിക്കുന്നതിനും വേണ്ടി റെയിലുകളും പാളങ്ങളും മറ്റു വാണിജ്യ കേന്ദ്രങ്ങളും അവര്‍ സൃഷ്ടിക്കുന്നു.എന്നാല്‍ ഒരു ഘട്ടമെത്തുമ്പോള്‍ തൊഴിലാളികളിലുണ്ടാകുന്ന ഉണര്‍വ്വ് , ദേശീയ ബോധത്തിന്റെ ഉദയം , സ്വാതന്ത്ര്യഭിവാഞ്ഛ എന്നിവ സാമ്രാജ്യത്വമുന്നേറ്റത്തിന് നേര്‍ക്കുനേര്‍ എതിരാളിയാകുന്നു.സാമ്രാജ്യത്വം അതിന്റെ നിലനില്പിന് ഉപയോഗിച്ചവയൊക്കെ , അവര്‍‌ക്കെതിരെയുള്ള മുന്നേറ്റത്തിന് സഹായകമാകുന്നു.അങ്ങനെ അനഭിലഷണീയമായ ചൂഷണരീതികള്‍ സാമ്രാജ്യത്വത്തിന്റെ തന്റെ വിനാശത്തിന് കാരണമാകുന്നു.
            സാമ്രാജ്യത്വവും അതിലെ വൈരുധ്യങ്ങളും ഏറ്റവും ഉച്ചസ്ഥായിയില്‍ നിന്നിരുന്നത് സാറിസം നടമാടിയിരുന്ന റഷ്യയിലായിരുന്നു എന്നതിനാല്‍ സ്വാഭാവികമായും അവിടെ വിപ്ലവമുന്നേറ്റത്തിന് വിത്തുപാകി.ലോകരാജ്യങ്ങളില്‍ ബ്രിട്ടനടക്കമുള്ള വര്‍ഗ്ഗവിരുദ്ധശക്തികള്‍ ഉണ്ടായിരുന്നെങ്കിലും എന്തുകൊണ്ട് റഷ്യ എന്ന ചോദ്യത്തിന് “Tsarism  was  the concentration of the worst features of imperialism, raised to a high pitch.” എന്നാണ് ലെനിന്‍ കണ്ടെത്തുന്നത്. സാറിസത്തിനെതിരെ വാളോങ്ങുക എന്നു പറഞ്ഞാല്‍ സാമ്രാജ്യത്വത്തിനെക്കൂടി എതിര്‍ക്കുക എന്നതായിരുന്നതിന്റെ കാരണം , അത്രമാത്രം അവ കൂടിക്കുഴഞ്ഞിരുന്നു എന്നുള്ളതാണ്. 1902 ല്‍ ലെനിന്‍ എഴുതിയ What  Is  To  Be Done? എന്ന ഗ്രന്ഥത്തില്‍ റഷ്യയില്‍ അനിവാര്യമയായും സംഭവിക്കേണ്ട വിപ്ലവത്തെക്കുറിച്ച് പ്രവചനാത്മക സ്വഭാവത്തോടെ ഇങ്ങനെ എഴുതി "History  has  now  confronted  us  (i.e.,  the Russian  Marxists )  with  an immediate  task  which  is  the most revolutionary of  all  the immediate tasks that  confront  the  proletariat  of  any country," and that … "the fulfilment of this task, the destruction of the most powerful bulwark, not only of European, but also (it may  now  be  said)  of  Asiatic  reaction, would  make  the  Russian  proletariat  the vanguard  of  the  international revolutionary  proletariat"  (see  Vol.  IV,  p. 382).റഷ്യയിലെ മുന്നേറ്റവും ആ മുന്നേറ്റത്തിന്റെ വിജയവും കമ്യൂണിസത്തിന് കൂടുതല്‍ ഉത്തരവാദിത്തം നല്കി. ഒറ്റപ്പെട്ട ഒരു കമ്യൂണിസ്റ്റ് തുരുത്തായി സോവിയറ്റുനാട് മാറുന്നതിന് പകരം ലോകമാകെയുള്ള കമ്യൂണിസ്റ്റ് മുന്നേറ്റങ്ങള്‍ക്കും അതുവഴി അവശത അനുഭവിക്കുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്ന തൊഴിലാളിവര്‍ഗ്ഗത്തിനും  മോചനത്തിന് അവസരമുണ്ടാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം കൂടി റഷ്യന്‍ സഖാക്കളിലുണ്ടായി. അത് സ്വാഭാവികവുമായിരുന്നു.ആ സ്വാഭാവികതയുടെ സാക്ഷാത്കാരമായാണ് ലെനിനിസം ഉടലെടുത്തത്.അഥവാ ലെനിനിസത്തിന്റെ ചരിത്രപരമായ ദൌത്യം അതായിരുന്നു എന്നു പറയാം. 

Sunday, July 16, 2017

#ദിനസരികള്‍ 95


സാമ്രാജ്യത്വത്തെ ജീര്‍ണിച്ച മുതലാളിത്തം എന്ന് ലെനിന്‍ വിശേഷിപ്പിക്കുന്ന സാഹചര്യത്തിന് കാരണമായിത്തീര്‍ന്നത് , സാമ്രാജ്യത്വത്തിനകത്ത് മുതലാളിത്തത്തിന്റെ വൈരുദ്ധ്യങ്ങള്‍ പരമാവധിയിലേക്ക് അതായത് അടുത്ത ഘട്ടം വിപ്ലവമാണ് എന്ന തലത്തിലേക്ക് എത്തിക്കഴിഞ്ഞിരിക്കുന്നു എന്നുള്ളതുകൊണ്ടാണ്. സാമ്രാജ്യത്വത്തിനകത്തു നടക്കുന്ന മുതലാളിത്തത്തിലെ വൈരുദ്ധ്യങ്ങളുടെ പ്രവര്‍ത്തനഫലമായിട്ടാണ് ഈ ജീര്‍ണത ഉടലെടുക്കുന്നത്. സാമ്രാജ്യത്വത്തിന്റെ പരമാവധിയില്‍ ഈ ജീര്‍ണത ഉടലെടുക്കാതെ തരമില്ല. മൂന്നു പ്രധാന വൈരുധ്യങ്ങളിലൂടെയാണ് ഇത് ഉണ്ടാകുന്നതെന്ന് ലെനിന്‍ പറയുന്നു.പ്രസ്തുത വൈരുധ്യങ്ങളില്‍ ഒന്നാമത്തേത് , തൊഴിലും മൂലധനവും (Labour and Capital ) തമ്മിലുളള സംഘര്‍ഷത്തില്‍ നിന്നുടലെടുക്കുന്നു. ഈ സംഘര്‍ഷത്തിലേക്ക് എത്തുന്നത് , ചൂഷണത്തിന്റെ പരമാവധിയിലേക്ക് സാമ്രാജ്യത്വം ചെന്നെത്തുകയും തൊഴിലാളികളുടേതായ ശക്തികള്‍ക്ക് , അതായത് ട്രേഡ് യൂണിയനുകള്‍ , കോ ഓപ്പറേറ്റീവുകള്‍ എന്നിവക്ക് , ഒന്നും ചെയ്യാനില്ലാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്യുന്നതോടെ മുതലാളിത്ത മൂലധന ശക്തികള്‍‌ക്കെതിരെ ആയുധമെടുക്കുവാനും സമൂലമായ ഒരു പരിവര്‍ത്തനത്തിലൂടെ അവരെ തുടച്ചുമാറ്റുവാനും തൊഴിലാളി വര്‍ഗ്ഗം നിര്‍ബന്ധിതമായിത്തീരുന്നു. മൂലധനശക്തികളുടെ കാരുണ്യത്തിനായി പറ്റിക്കൂടുകയും അതിന്റെ ദയാവായ്പിന് കാത്തുനില്ക്കുകയും ചെയ്യുക എന്ന ഒരവസ്ഥയില്‍ നിന്ന് ആയുധമെടുക്കുക എന്ന സാധ്യതയിലേക്ക് തൊഴിലാളികളെ എത്തിക്കുകയും അതുവഴി വിപ്ലവത്തിന് കളമൊരുക്കുകയും ചെയ്യുക എന്നുള്ളതിലേക്ക് തൊഴിലാളികള്‍ എത്താനുള്ള കാരണം സാമ്രാജ്യത്വത്തിലെ ജീര്‍ണിച്ച മുതലാളിത്തത്തിന്റെ പ്രവര്‍ത്തനമാണ്. ഇതാണ് ലെനിന്‍ ചൂണ്ടിക്കാണിക്കുന്ന ഒന്നാമത്തെ വൈരുധ്യം.
രണ്ടാമത്തെ വൈരുധ്യം , വ്യത്യസ്തങ്ങളായ സാമ്പത്തികസംവിധാനങ്ങളും സാമ്രാജ്യത്വ ശക്തികളും തമ്മില്‍ അസംസ്കൃത സാധനങ്ങള്‍ക്കും വിദേശങ്ങളിലെ അധികാരത്തിനും വേണ്ടി നടത്തുന്ന കിടമത്സരത്തിന്റെ ഫലമായി ഉണ്ടാകുന്നതാണ്. ആ കിടമത്സരമാകട്ടെ യുദ്ധത്തിലേക്കു നയിക്കുന്ന സാഹചര്യങ്ങളുണ്ടാക്കുന്നു. വെട്ടിപ്പിടിക്കാനും കൈയ്യേറി മുന്നേറാനുമുള്ള ത്വര മൂലധനശക്തികളുടെ മാര്‍ഗ്ഗമായതിനാല്‍ സംഘര്‍ഷമുണ്ടാകുക എന്നത് സ്വാഭാവികമാണ്.അങ്ങനെ പരസ്പരം പോരടിക്കുകയും അതുവഴി ദുര്‍ബലപ്പെടുകയും ചെയ്യുന്ന സാമ്രാജ്യത്വശക്തികള്‍ തൊഴിലാളി വര്‍ഗ്ഗ വിപ്ലവത്തെ അനിവാര്യമാക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.( This frenzied struggle among the various groups of
capitalists is notable in that it includes as an inevitable element imperialist wars, wars for the annexation of foreign territory. This circumstance, in its turn, is notable
in that it leads to the mutual weakening of the imperialists, to the weakening of the position of capitalism in general, to the acceleration of the advent of the proletarian revolution and to the practical necessity of this revolution.)
(തുടരും )