#ദിനസരികള്‍ 101
എംടി രമേശിന്റെ വൈകാരികപ്രകടനത്തിന്റെ
ഫലമായി അഴിമതി രഹിതനെന്ന വിശേഷണത്തോടെ അദ്ദേഹം ആരോപണത്തില്‍ നിന്ന്
മുക്തനാക്കപ്പെട്ടിരിക്കുന്നു. എന്നുമാത്രവുമല്ല , ആര്‍ എസ് വിനോദിനെ ബലിയാടാക്കി
കോഴ ആക്ഷേപം ഒതുക്കിത്തീര്‍ക്കാനാണ് ബി ജെ പിയുടെ തീരുമാനം എന്നത് ഇന്നലത്തെ
സംസ്ഥാനകോര്‍ കമ്മറ്റിക്കു ശേഷം വ്യക്തവുമാകുന്നു. അഴിമതിക്കെതിരെ കര്‍ശന
നിലപാടെടുക്കുമെന്നും , അത്തരക്കാരെ വെച്ചുപൊറുപ്പിക്കില്ലെന്നുമുള്ള ബി ജെപിയുടെ
പ്രഖ്യാപിത നിലപാടുകളില്‍ നിന്ന് വ്യത്യസ്തമായി ആ പാര്‍ട്ടിയുടെ തനി സ്വഭാവം
എന്തെന്ന് വെളിപ്പെടുത്തുന്നതാണ് കോഴ
ആക്ഷേപത്തെത്തു ടര്‍ന്നുണ്ടാകുന്ന നടപടികള്‍ . എന്നാല്‍ ഒന്നിനു പുറകേ ഒന്നായി
നിരവധി ആരോപണങ്ങളെ നേരിടുന്ന ബി ജെ പിക്ക് ചതഞ്ഞുപോയ തങ്ങളുടെ മുഖം അത്ര
പെട്ടെന്ന് രക്ഷിച്ചെടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമാണ്. മാധ്യമങ്ങള്‍ക്ക് മുഖം
കൊടുക്കാനോ ചോദ്യങ്ങളെ നേരിടുവാനോ ബി ജെ പിയുടെ സംസ്ഥാന പ്രസിഡന്റായ കുമ്മനം
രാജശേഖരന്‍ തയ്യാറായിട്ടില്ല എന്നത് ആ പാര്‍ട്ടിക്ക് ആ വിഷയങ്ങളില്‍ ഒളിച്ചു
വെക്കുവാന്‍ ഒരുപാടു കാര്യങ്ങളുണ്ട് എന്നതിന്റെ തെളിവാണ്.
ദേശീയ കൌണ്‍സിലിന്റെ നടത്തിപ്പിനു വേണ്ടിയാണെന്ന ഭാവത്തില്‍
വ്യാജ രസീതുകള്‍ ഉപയോഗിച്ച് കോടിക്കണക്കിന് രൂപ ജനങ്ങളില്‍ നിന്ന് തട്ടിയെടുത്ത
സംഭവം കേവലമൊരു മെഡിക്കല്‍ കോളേജു പ്രശ്നത്തെക്കാള്‍ ഗുരുതരവും
അന്തസ്സില്ലാത്തതുമായ പ്രവര്‍ത്തിയാണ്. ആറെസെസ്സിന്റെ അനുഭാവിയുടെ പ്രസില്‍
നിന്നാണ് രസീതുകള്‍ അച്ചടിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. അതിനാവശ്യപ്പെട്ട എം
മോഹനന്‍ സംസ്ഥാന സമിതി അംഗവുമാണ്.മുന്‍ സംസ്ഥാന പ്രസിഡന്റെ വി മുരളീധരനായിരുന്നു
സാമ്പത്തികകാര്യങ്ങളുടെ ചുമതല വഹിച്ചിരുന്നത്.കേവലമൊരു പ്രാദേശികനേതാവിന്റെ
വകതിരിവില്ലാത്ത പ്രവര്‍ത്തിയായി ഈ
ഫണ്ടുശേഖരണത്തനെ വിലയിരുത്താന്‍ കഴിയാത്തതു , ബി ജെ പിയുടെ ഉന്നതരായ നേതാക്കന്മാര്‍
ഇതില്‍ ഇടപെട്ടിട്ടുണ്ട് എന്നുള്ളതുകൊണ്ടാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന
നിലയില്‍ ഇനിയും ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുവാന്‍ ബി ജെ പിക്ക് ധാര്‍മികമായ
യാതൊരു അവകാശവുമില്ല.
അതുകൊണ്ട് ഇനിയും അവകാശപ്പെടുന്ന പോലെ ധാര്‍മികതയുടെ
തുരുമ്പുകള്‍ ബി ജെ പിയില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ ആ പാര്‍ട്ടി ആദ്യം
ചെയ്യേണ്ടത് പരസ്യമായി തെറ്റുകള്‍ ഏറ്റു പറഞ്ഞ് കുറ്റവാളികളായ നേതാക്കന്മാരെ
നിയമത്തിന് വിട്ടുകൊടുക്കുന്നതിന് തയ്യാറാകണമെന്നതാണ്.സംസ്ഥാന ജനറല്‍ സെക്രട്ടറി
എം ടി രമേശടക്കമുള്ളവരുടെ വൈകാരിക പ്രകടനങ്ങളെ അടിസ്ഥാനമാക്കിയാകരുത് ഇക്കാര്യത്തില്‍
തീരുമാനമെടുക്കേണ്ടത്. മറിച്ച് നിലവിലുള്ള നിയമസംവിധാനങ്ങളെ അടിസ്ഥാനപ്പെടുത്തി
അന്വേഷണത്തെ നേരിട്ടുകൊണ്ടായിരിക്കണം. ആരോപണം
പരസ്യമായ സ്ഥിതിക്ക് കുറ്റവാളികളല്ല എങ്കില്‍ നിയമപരമായിത്തന്നെ തങ്ങളുടെ
നിരപാധിത്വം അവര്‍ തെളിയിക്കട്ടെ.
Comments