#ദിനസരികള്‍ 97


ലെനിനിസത്തിന്റെ ചരിത്രപരമായ അടിസ്ഥാനം എന്ന ലേഖനത്തില്‍ സ്റ്റാലിന്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളുടെ ഒരു നഖചിത്രമാണ് നാം കണ്ടത്.എങ്ങനെയാണ് ലെനിനിസത്തിന്റെ പ്രായോഗികരീതി (Method) എന്നതാണ് ഇനി ചര്‍ച്ച ചെയ്യുന്നത്.രണ്ടാം ഇന്‍റര്‍നാഷലിന്റെ വിപ്ലവമുന്നേറ്റങ്ങളെ പിന്നോട്ടടിക്കുന്ന അവസരവാദപരമായ നിലപാടുകളോടുള്ള ലെനിന്റെ സമീപനം നാം കണ്ടതാണല്ലോ.സമഗ്രമായ , കമ്യൂണിസ്റ്റ് ചിന്താപദ്ധതിക്ക് ഇണങ്ങുന്ന തരത്തിലുള്ള ഒരു വിപ്ലരീതിക്കുപകരം പരസ്പരം ഘടിക്കാത്ത ചില ആശയങ്ങളെ പൊടിപ്പും തൊങ്ങലും വെച്ച് അവതരിപ്പിച്ചെടുത്ത രണ്ടാം ഇന്‍റര്‍ നാഷണല്‍ , ഫലത്തില്‍ ജനങ്ങളുടെ മനസ്സിലുള്ള വിപ്ലവആശയങ്ങളെപ്പോലും പിന്നോട്ടടിപ്പിക്കാനേ സഹായിച്ചുള്ളു.അതായത് ജനങ്ങളുടെ മനസ്സില്‍ ഉള്ളത്ര കമ്യൂണിസ്റ്റ് ധാരണ പോലും നേതൃത്വത്തിന് ഇല്ലായിരുന്നു എന്നതാണ് വസ്തുത. For the sake of appearances, Marx's theory was mentioned, of course, but only to rob it of its living, revolutionary spirit എന്നാണ് സ്റ്റാലിന്‍ ഇത്തരം നിലപാടുകളപ്പറ്റി വിലയിരുത്തുന്നത്.തെറ്റുകളെ കുലങ്കഷമായി പഠിക്കുകയും വിലയിരുത്തുകയും ചെയ്തുകൊണ്ട് ശരിയായ ഒരു വിപ്ലവരീതി കണ്ടെത്തുന്നതിന് പകരം ഉയര്‍ന്നു വരുന്ന പ്രശ്നങ്ങളെ മറച്ചു വെക്കുവാനും ഒഴിഞ്ഞുമാറാനും ശ്രമിക്കുന്ന സമീപനം ഉണ്ടായി.
സാമ്പത്തിക മൂലധനത്തോട് പോരാടുന്നതിന് പുതിയ പുതിയ സാധ്യതകള്‍ തേടേണ്ട ഒരു സാഹചര്യം കൂടി സംജാതമാകുന്ന അവസ്ഥാവിശേഷമുണ്ടായി. പുലര്‍ത്തിപ്പോന്നിരുന്ന സമരമുറകള്‍ അപര്യാപ്തമാണ് എന്ന് തെളിയുകയായിരുന്നു.ആയുധങ്ങളെ മാറ്റിപ്പണിയേണ്ടതും ചിലതിനെയൊക്കെ അപ്പാടെ ഉപേക്ഷിക്കേണ്ടതുമുണ്ടായിരുന്നു.വരാനിരിക്കുന്ന മുന്നേറ്റങ്ങള്‍ക്ക് ഇണങ്ങുന്ന തരത്തിലുള്ള ആയുധങ്ങള്‍ അണിയുവാന്‍ തൊഴിലാളിവര്‍ഗ്ഗത്തിന് കഴിഞ്ഞില്ലെങ്കില്‍ പരാജയമായിരിക്കും ഫലമെന്ന കാര്യത്തില്‍ സംശയമില്ല.അതുകൊണ്ടാണ് രണ്ടാം ഇന്‍റര്‍നാഷലുണ്ടാക്കിയ ആശയക്കുഴപ്പത്തില്‍നിന്ന് തൊഴിലാളി വര്‍ഗ്ഗത്തെ മോചിപ്പിക്കുകയും പുതിയ ആയുധമണിയിക്കുകയും ചെയ്യുക എന്ന ഉത്തരവാദിത്തം ലെനിനിസത്തിന് ഏറ്റെടുക്കേണ്ടിവന്നത്.
അപ്പോള്‍ ലെനിനിസ്റ്റ് രീതി എന്നു പറഞ്ഞാലെന്താണ് ? വളരെ ചുരുക്കി പറഞ്ഞാല്‍ അവയെ നാലായി നമുക്കു വിഭജിക്കാം. ആദ്യമായി , ശരിയായ ലോകവീക്ഷണമുള്ള സിദ്ധാന്തത്തെ ആവിഷ്കരിക്കുക, രണ്ടാമതായി പ്രവര്‍ത്തി കൊണ്ട് വിലയിരുത്തുക , മൂന്നാമതായി ഒരു വിപ്ലവ മുന്നേറ്റത്തിന് ഉതകുന്ന തരത്തില്‍ എല്ലാ പ്രവര്‍ത്തനത്തേയും പുനസംഘടിപ്പിക്കുക , നാലാമതായി , സ്വയംവിമര്‍ശനത്തില്‍ ഊന്നിയ ഒരു സംഘടനാരീതി കെട്ടിപ്പടുക്കുക. അടിസ്ഥാനപരമായി ശരിയായ ലോകവീക്ഷണവും വര്‍ഗ്ഗതാല്പര്യവും പുലര്‍ത്തുന്ന സിദ്ധാന്തത്തിന്റെ അടിത്തറയില്‍ മാത്രമേ ഒരു തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനത്തെ പടുത്തുയര്‍ത്തുവാന്‍ കഴിയുകയുള്ളു. ആ സിദ്ധാന്തത്തിന്റെ വെളിച്ചത്തിലാണ് തൊഴിലാളിവര്‍ഗ്ഗ മുന്നേറ്റത്തിന് ആവശ്യമായ പ്രവര്‍ത്തനങ്ങളെ സംഘടിപ്പിക്കുവാന്‍ കഴിയുകയുള്ളു. സിദ്ധാന്തവും പ്രവര്‍ത്തനങ്ങളും ഐക്യപ്പെട്ടു പോയെങ്കില്‍ മാത്രമേ വിപ്ലവത്തിന് ആവശ്യമായ മുന്നേറ്റമുണ്ടാകുകയുള്ളു. അതോടൊപ്പം തന്നെ ഓരോ പാളിച്ചകളേയും കുലങ്കഷമായി നിരീക്ഷിക്കുകയും സ്വയംവിമര്‍ശനപരമായി വിലയിരുത്തുകയും വേണം.സര്‍‌വ്വോപരി , സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള ഐക്യപ്പെടല്‍ ഏറ്റവും പ്രാധാന്യമുള്ളതാണ്.ലെനിനിസ്റ്റ് രീതി ഈ തരത്തിലുള്ള പ്രവര്‍ത്തനങ്ങളെയാണ് ആവശ്യപ്പെടുന്നത്.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1