#ദിനസരികള്‍ 95
സാമ്രാജ്യത്വത്തെ ജീര്‍ണിച്ച മുതലാളിത്തം എന്ന് ലെനിന്‍ വിശേഷിപ്പിക്കുന്ന സാഹചര്യത്തിന് കാരണമായിത്തീര്‍ന്നത് , സാമ്രാജ്യത്വത്തിനകത്ത് മുതലാളിത്തത്തിന്റെ വൈരുദ്ധ്യങ്ങള്‍ പരമാവധിയിലേക്ക് അതായത് അടുത്ത ഘട്ടം വിപ്ലവമാണ് എന്ന തലത്തിലേക്ക് എത്തിക്കഴിഞ്ഞിരിക്കുന്നു എന്നുള്ളതുകൊണ്ടാണ്. സാമ്രാജ്യത്വത്തിനകത്തു നടക്കുന്ന മുതലാളിത്തത്തിലെ വൈരുദ്ധ്യങ്ങളുടെ പ്രവര്‍ത്തനഫലമായിട്ടാണ് ഈ ജീര്‍ണത ഉടലെടുക്കുന്നത്. സാമ്രാജ്യത്വത്തിന്റെ പരമാവധിയില്‍ ഈ ജീര്‍ണത ഉടലെടുക്കാതെ തരമില്ല. മൂന്നു പ്രധാന വൈരുധ്യങ്ങളിലൂടെയാണ് ഇത് ഉണ്ടാകുന്നതെന്ന് ലെനിന്‍ പറയുന്നു.പ്രസ്തുത വൈരുധ്യങ്ങളില്‍ ഒന്നാമത്തേത് , തൊഴിലും മൂലധനവും (Labour and Capital ) തമ്മിലുളള സംഘര്‍ഷത്തില്‍ നിന്നുടലെടുക്കുന്നു. ഈ സംഘര്‍ഷത്തിലേക്ക് എത്തുന്നത് , ചൂഷണത്തിന്റെ പരമാവധിയിലേക്ക് സാമ്രാജ്യത്വം ചെന്നെത്തുകയും തൊഴിലാളികളുടേതായ ശക്തികള്‍ക്ക് , അതായത് ട്രേഡ് യൂണിയനുകള്‍ , കോ ഓപ്പറേറ്റീവുകള്‍ എന്നിവക്ക് , ഒന്നും ചെയ്യാനില്ലാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്യുന്നതോടെ മുതലാളിത്ത മൂലധന ശക്തികള്‍ക്കെതിരെ ആയുധമെടുക്കുവാനും സമൂലമായ ഒരു പരിവര്‍ത്തനത്തിലൂടെ അവരെ തുടച്ചുമാറ്റുവാനും തൊഴിലാളി വര്‍ഗ്ഗം നിര്‍ബന്ധിതമായിത്തീരുന്നു. മൂലധനശക്തികളുടെ കാരുണ്യത്തിനായി പറ്റിക്കൂടുകയും അതിന്റെ ദയാവായ്പിന് കാത്തുനില്ക്കുകയും ചെയ്യുക എന്ന ഒരവസ്ഥയില്‍ നിന്ന് ആയുധമെടുക്കുക എന്ന സാധ്യതയിലേക്ക് തൊഴിലാളികളെ എത്തിക്കുകയും അതുവഴി വിപ്ലവത്തിന് കളമൊരുക്കുകയും ചെയ്യുക എന്നുള്ളതിലേക്ക് തൊഴിലാളികള്‍ എത്താനുള്ള കാരണം സാമ്രാജ്യത്വത്തിലെ ജീര്‍ണിച്ച മുതലാളിത്തത്തിന്റെ പ്രവര്‍ത്തനമാണ്. ഇതാണ് ലെനിന്‍ ചൂണ്ടിക്കാണിക്കുന്ന ഒന്നാമത്തെ വൈരുധ്യം.
രണ്ടാമത്തെ വൈരുധ്യം , വ്യത്യസ്തങ്ങളായ സാമ്പത്തികസംവിധാനങ്ങളും സാമ്രാജ്യത്വ ശക്തികളും തമ്മില്‍ അസംസ്കൃത സാധനങ്ങള്‍ക്കും വിദേശങ്ങളിലെ അധികാരത്തിനും വേണ്ടി നടത്തുന്ന കിടമത്സരത്തിന്റെ ഫലമായി ഉണ്ടാകുന്നതാണ്. ആ കിടമത്സരമാകട്ടെ യുദ്ധത്തിലേക്കു നയിക്കുന്ന സാഹചര്യങ്ങളുണ്ടാക്കുന്നു. വെട്ടിപ്പിടിക്കാനും കൈയ്യേറി മുന്നേറാനുമുള്ള ത്വര മൂലധനശക്തികളുടെ മാര്‍ഗ്ഗമായതിനാല്‍ സംഘര്‍ഷമുണ്ടാകുക എന്നത് സ്വാഭാവികമാണ്.അങ്ങനെ പരസ്പരം പോരടിക്കുകയും അതുവഴി ദുര്‍ബലപ്പെടുകയും ചെയ്യുന്ന സാമ്രാജ്യത്വശക്തികള്‍ തൊഴിലാളി വര്‍ഗ്ഗ വിപ്ലവത്തെ അനിവാര്യമാക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.( This frenzied struggle among the various groups of
capitalists is notable in that it includes as an inevitable element imperialist wars, wars for the annexation of foreign territory. This circumstance, in its turn, is notable
in that it leads to the mutual weakening of the imperialists, to the weakening of the position of capitalism in general, to the acceleration of the advent of the proletarian revolution and to the practical necessity of this revolution.)
(തുടരും )
Comments