#ദിനസരികള്‍ 98


മെഡിക്കല്‍ കോളേജിന് അനുമതി വാങ്ങി നല്കാമെന്ന ഉറപ്പിന്മേല്‍ ബി ജെ പി നേതാക്കന്മാര്‍ കോടികള്‍ തട്ടിയെടുത്തു എന്ന ആക്ഷേപം വിശദമായി അന്വേഷിക്കേണ്ടതാണ്. ആരോപണം അന്വേഷിക്കുവാന്‍ ബി ജെ പി തന്നെ നിയോഗിച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ശ്രീശന്‍ സംസ്ഥാന സെക്രട്ടറി എം കെ നസീര്‍ എന്നിവരടങ്ങിയ അന്വേഷണ കമ്മീഷനാണ് എം ടി രമേശ് അടക്കമുള്ളവരുടെ പേരുകള്‍ പരാമര്‍ശിക്കപ്പെട്ട റിപ്പോര്‍ട്ട് ബി ജെ പി യുടെ സംസ്ഥാന നേതൃത്വത്തിന് നല്കിയത്. ആ റിപ്പോര്‍ട്ടാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളത്. ബി ജെ പി തന്നെ നടത്തിയ അന്വേഷണത്തില്‍ കോഴ ആരോപണം തെളിഞ്ഞ സ്ഥിതിക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രസ്തുത അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്നും കുറ്റക്കാര്‍‌ക്കെതിരെ നടപടി എടുക്കണമെന്നുമുള്ള ആവശ്യം ന്യായമാണ്.
            വര്‍ക്കലയിലെ എസ് ആര്‍ കോളേജ് ഉടമയായ ആര്‍ ഷാജി , ബി ജെ പിയുടെ സഹകരണസെല്ലിന്റെ കണ്‍വീനറായ വിനോദിലൂടെ 5.06 കോടിരൂപ വിവിധ നേതാക്കന്മാര്‍ക്ക് നല്കി. പ്രസ്തുത പണം കൈപ്പറ്റിയതായി വിനോദ് സമ്മതിച്ചിട്ടുണ്ട്.ഇതിനുമുമ്പും കേരളത്തില്‍ കോളേജുകള്‍ക്ക് തങ്ങള്‍ വഴി അംഗീകാരം ലഭിച്ചിട്ടുണ്ട് എന്ന് വിശ്വസിപ്പിച്ചാണ് ബി ജെ പി നേതാക്കള്‍ക്കു വേണ്ടി വിനോദ് തുക കൈപ്പറ്റിയതെന്ന് കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. ചെര്‍പ്പുളശ്ശേരിയിലെ മെഡിക്കല്‍ കോളേജിന് അംഗീകാരം വാങ്ങി നല്കാന്‍ എം ടി രമേഷിന് അഞ്ചുകോടി രൂപ നല്കിയതായി കമ്മീഷന്‍ പറയുന്നു. രമേഷ് ഈ ആരോപണം നിഷേധിക്കുന്നുവെങ്കിലും റിപ്പോര്‍ട്ടില്‍ ഉള്‍‌പ്പെടുത്തുക വഴി , കമ്മീഷന്‍ അതു വിശ്വാസത്തിലെടുത്തിട്ടില്ല എന്നു വേണം അനുമാനിക്കാന്‍ .
            പ്രധാനമന്ത്രിയുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന സതീഷ് നായര്‍ എന്ന ഇടനിലക്കാരനാണ് തുക കൈമാറിയത് എന്നാണ് വിനോദ് പറയുന്നത്.സതീഷ് നായരെ വിനോദിന് പരിചയപ്പെടുത്തിയത് കുമ്മനം രാജശേഖരന്റെ പ്രൈവറ്റ് സെക്രട്ടറിയെന്ന് അവകാശപ്പെടുന്ന രാകേഷ് ശിവരാമനാണെന്നും വിനോദ് പറയുന്നു.റിച്ചാര്‍ഡ് ഹേയുടെ സെക്രട്ടറി കണ്ണദാസടക്കമുള്ളവര്‍ പ്രസ്തുത അഴിമതിക്കേസിലെ കക്ഷികളാണെന്ന് ശ്രീശന്‍ കമ്മറ്റി കണ്ടെത്തുന്നുണ്ട്.
            ബി ജെ പിയുടെ അഖിലേന്ത്യാ പ്രസിഡന്റുമാര്‍ പോലും (ബംഗാരു ലക്ഷ്മണിനെ മറക്കാതിരിക്കുക ) അഴിമതിക്ക് കൂട്ടുനിന്ന ചരിത്രമുള്ളപ്പോള്‍ പ്രാദേശിക നേതാക്കന്മാര്‍ അത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത് ആ പാര്‍ട്ടി തെറ്റായി കാണുന്നില്ലായിരിക്കാം. എന്നാല്‍ അഴിമതിയിലൂടെ അര്‍ഹതയില്ലാത്തവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുമ്പോള്‍ ഉണ്ടാകുന്ന വിപത്തിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് പൊതുസമൂഹമാണ്. അതുകൊണ്ട് പ്രസ്തുത അഴിമതിയെക്കുറിച്ച് സര്‍ക്കാര്‍ ഏജന്‍സികള്‍ അന്വേഷിക്കുകയും കുറ്റക്കാരെ പുറത്തുകൊണ്ടുവരികയും ചെയ്യണം.
           


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം