#ദിനസരികള്‍ 99

ഇന്ത്യയുടെ പതിന്നാലാമത്തെ പ്രഥമപൌരനായി എത്തുന്ന രാംനാഥ് കോവിന്ദിനെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യേണ്ടത് ഏതൊരു പൌരന്റേയും കടമയാണ് എന്ന കാര്യത്തില്‍ സംശയത്തിന് സ്ഥാനമില്ല. 1952 മുതല്‍ നാളിതുവരെ ഇന്ത്യയുടെ പ്രസിഡന്റുപദം അലങ്കരിച്ചവരെ സ്നേഹാദരങ്ങളോടെ മാത്രമേ ഇന്ത്യന്‍ മനസ്സ് അഭിവാദ്യം ചെയ്തിട്ടുള്ളു. ഭരണഘടനാ വിചക്ഷണന്മാരും തത്വചിന്തകന്മാരും ശാസ്ത്രജ്ഞരും കടുത്ത രാഷ്ട്രീയവിശ്വാസികളുമടക്കം നിരവധി പ്രമുഖര്‍ ഈ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്.ഇന്ത്യയില്‍ അടിയന്തിരാവസ്ഥ എന്ന ഇരുണ്ട കാലത്തെ തുല്യം ചാര്‍ത്തി നടപ്പിലാക്കിയ , ഇന്ത്യന്‍ ഭരണഘടനയെത്തന്നെ അസാധുവാക്കിയ ഫക്രൂദ്ദീന്‍ അലി അഹമ്മദും ഇക്കൂട്ടത്തില്‍‌പ്പെടുന്നു എന്ന കാര്യം വിസ്മരിക്കുന്നില്ല. വ്യത്യസ്ഥങ്ങളായ താല്പര്യങ്ങളും വ്യത്യസ്ഥങ്ങളായ രാഷ്ട്രീയവിശ്വാസങ്ങളു മുണ്ടായിരുന്ന ഇവരുടെയൊക്കെ പിന്‍ഗാമിയായി രാം നാഥ് കോവിന്ദ് എന്ന സംഘപരിവാറുകാരന്‍ രാഷ്ട്രപതിപദത്തിലേക്ക് ചുവടുവെച്ചു കയറുമ്പോള്‍ , പക്ഷേ കാര്യങ്ങള്‍ നാം ഇതുവരെ പരിചയിച്ചു പോന്നിരുന്ന പോലെയല്ല ഇനി സംഭവിക്കാന്‍ പോകുന്നത് എന്ന ആശങ്ക അസ്ഥാനത്തല്ലതന്നെ. കാരണം , രാംനാഥ് കോവിന്ദിന് പിന്നില്‍ ജാതിയുടേയും മതത്തിന്റേയും പേരില്‍ സ്വന്തം പൌരന്മാരെ വിഭജിക്കുകയും വര്‍ഗ്ഗീയമായി പരസ്പരം പോരാടാന്‍ പ്രേരിപ്പിക്കുയും ചെയ്യുന്ന ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പ്രയോക്താക്കളാണ് എന്ന കാര്യം നിസ്സാരമായി എടുക്കണ്ടതല്ല. ആ ഒരൊറ്റക്കാരണം കൊണ്ടുതന്നെ ഒരു മതേതര ജനാധിപത്യ വിശ്വാസിക്ക് കോവിന്ദിനെ സംശയത്തോടെയല്ലാതെ വീക്ഷിക്കുവാനോ സ്വാഗതം ചെയ്യുവാനോ കഴിയില്ല എന്നത് വസ്തുതയാണ്.
            കോവിന്ദിലേക്ക് രാഷ്ട്രപതി സ്ഥാനം എത്തുന്നത് ബി ജെ പി  സവര്‍ണരുടെ പാര്‍ട്ടിയാണ് എന്ന പേരുദോഷം മാറ്റിയെടുക്കുന്നതിന് വേണ്ടി കുശാഗ്രബുദ്ധികളായ മോഡി ഷാ കൂട്ടുകെട്ടിന്റെ  നിര്‍‌ദ്ദേശപ്രകാരമാണ്.ഇത് രാഷ്ട്രീയമായി പ്രതിപക്ഷത്തെ കവച്ചു വെക്കുന്ന നീക്കമായെങ്കിലും , ഫലത്തില്‍ ഇന്ത്യയിലെ ദളിതുകള്‍ക്ക് , അടിസ്ഥാനജനവിഭാഗങ്ങള്‍ക്ക് ഗുണമാകുമോയെന്ന് കണ്ടറിയേണ്ടതുതന്നെയാണ്.ദളിതില്‍ നിന്ന് ഒരാള്‍ രാഷ്ട്രപതിയായി എന്നതുകൊണ്ട് ആറെസ്സെസ്സിന്റേയും ബി ജെ പിയുടേയും സവര്‍ണസ്വഭാവം അവസാനിക്കും എന്നു വിചാരിക്കുന്നത് മൌഢ്യമാണ്. അപ്പോള്‍ ദളിതുസംരംക്ഷണം എന്നതിലുപരി , സംഘപരിവാരത്തോടുള്ള കോവിന്ദിന്റെ വിധേയത്വമാണ് രാഷ്ട്രപതി സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ യോഗ്യതയായി വിലയിരുത്തപ്പെട്ടത്. അങ്ങനെയൊരു വിധേയനെ , 2018 ട്ടോടെ ലോക്സഭയിലെന്നപോലെ രാജ്യസഭയിലും എന്‍ ഡി എക്ക് ഭൂരിപക്ഷം ലഭിക്കുന്ന സാഹചര്യത്തില്‍ , പ്രസിഡന്റായി അവരോധിക്കേണ്ടത് ഹിന്ദുത്വശക്തികളുടെ അനുപേക്ഷണീയമായ ആവശ്യം കൂടിയാണ്.

            രാം നാഥ് കോവിന്ദ് എന്ന പ്രസിഡന്റ് , താനിരിക്കുന്ന സ്ഥാനത്തിന്റെ മഹിമ വിസ്മരിച്ചുകൊണ്ട് കേവലമൊരു വിധേയനായി മാറുകയാണെങ്കില്‍  , ആ വിധേയത്വത്തിന് കൊടുക്കേണ്ടിവരുന്ന വിലയെക്കുറിച്ചോര്‍ത്ത്  ഇന്ത്യ അസ്വസ്ഥമാകുന്നില്ലെങ്കില്‍ , നമ്മുടെ ജനാധിപത്യത്തിന് , നമ്മുടെ മതേതര സങ്കല്പങ്ങള്‍ക്ക് സങ്കല്പിക്കാനാകാത്ത വിധത്തിലുള്ള കോട്ടം സംഭവിച്ചിരിക്കുന്നു എന്നു വേണം കരുതാന്‍. ഭരണഘടനയേയും നിയമത്തേയും സംരക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യും എന്ന സത്യം ചെയ്തുകൊണ്ട് രാഷ്ട്രപതിയായി അധികാരമേറ്റെടുക്കുന്ന രാംനാഥ് കോവിന്ദിന് ജനാധിപത്യത്തിന്റെ കാവലാളാകാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം