#ദിനസരികള്‍ 44
നൃശംസതക്ക് പേരുകേട്ടവര്‍
പശുപരിപാലനത്തില്‍ ബദ്ധശ്രദ്ധരാണെന്ന് വന്നാല്‍ അതല്ലേ ശരിക്കും മൃഗീയമായ തമാശ? മൃഗങ്ങളോടുള്ള
ക്രൂരത തടയല്‍ എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ ഇറക്കിയിട്ടുള്ള നിയമത്തിലൂടെ
മഹാഭാരതത്തിലെ ജനസഹസ്രങ്ങള്‍ ആ തമാശ നേരിട്ട് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. പശുസംരക്ഷണത്തിനുള്ള ജാഗ്രതയാണ് നിയമനിര്‍മാണത്തിന്
പിന്നില്‍ എന്ന് തെറ്റിദ്ധരിക്കുന്നവരുണ്ട്.ബാബറി മസ്ജിദ് പള്ളിയെ
വിവാദത്തിലാക്കുകയും പൊളിച്ചു മാറ്റുകയും ചെയ്തതോടെ സംഘപരിവാരം ഉണ്ടാക്കിയെടുത്തത്
രാഷ്ടീയമായ മുന്നേറ്റമായിരുന്നങ്കില്‍ , കന്നുകാലി സംരക്ഷണനിയമം 2017 ലൂടെ ഉന്നം
വെക്കുന്നത് ആറെസ്സെസ്സ് മുന്നോട്ടു വക്കുന്ന ഹിന്ദു രാഷ്ട്രത്തിന്റെ സ്ഥാപനം എന്ന
ലക്ഷ്യമാണ്.അതിവേഗം ഹൈന്ദവവല്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ
അന്തരീക്ഷത്തിന് ഗതിവേഗം കൂട്ടുന്നതിന് കേന്ദ്രനിയമം സഹായകമാകും എന്ന കാര്യത്തില്‍
സംശയമില്ല.
ഈ നിയമം നിലവില്‍ വന്നത് തന്നെ കേന്ദ്രസര്‍ക്കാറും
സംഘപരിവാരസംഘടനകളും തമ്മില്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായിട്ടാണ്. കഴിഞ്ഞ കുറച്ചു
കാലമായി പശുസംരക്ഷണത്തിന്റേ പേരില്‍ ഇന്ത്യയുടെ നാനാഭാഗത്തും അക്രമസംഭവങ്ങള്‍
റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കു കയാണല്ലോ. ഗോക്കളുടെ പേരില്‍ നടത്തിയ ഈ
അഴിഞ്ഞാട്ടങ്ങള്‍ക്ക് നേരെ കേന്ദ്രസര്‍ക്കാറും അനുബന്ധസ്ഥാപനങ്ങളും
കണ്ണടച്ചിരിക്കുകയായിരുന്നു. മൃഗങ്ങള്‍ക്കെതിരെ വ്യാപകമായ അക്രമങ്ങള്‍ നടക്കുന്നുവെന്നും
അതിന് തടയിടാന്‍ ഒരു പുതിയ നിയമസംവിധാനം ആവശ്യമുണ്ടെന്നും വരുത്തിത്തീര്‍ക്കുന്നതിനുള്ള
ശ്രമമായിരുന്നു അത്തരം നീക്കങ്ങള്‍ക്ക് പിന്നിലുണ്ടായിരുന്നത്. അതിന്റെ ഫലപ്രദമായ
പരിസമാപ്തി കുറിക്കുന്നതാണ് പ്രസ്തുത നിയമം.
ഗോസംരക്ഷണത്തിന്റെ പേരില്‍ അടിച്ചു കൊല്ലപ്പെടുകയും , ഓടിച്ചിട്ട്
പിടിച്ച് കെട്ടിത്തൂക്കപ്പെടുകയും , ജീവനോടെ ചുട്ടുകരിക്കുകയും ചെയ്യപ്പെട്ട
നിരപരാധികളുടെ ചോരയില്‍ ചവിട്ടി നിന്നുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ജനവിരുദ്ധമായ
ഇത്തരമൊരു നിയമത്തിന് രൂപം കൊടുത്തത്.മനുഷ്യനെ സംരക്ഷിക്കാനും അവന്റെ അവകാശങ്ങള്‍ക്ക്
കോട്ടം തട്ടാതിരിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ട സര്‍ക്കാര്‍
മനുഷ്യത്വത്തിന് പകരം മതത്ത്വത്തെ സ്ഥാപിച്ചെടുക്കാന്‍ പ്രയത്നിക്കുന്നത് അപകടകരമാണ്.സ്വന്തം
ജനതയെ നായാടി ചുട്ടുതിന്നുന്ന ഒരു ഫാസിസ്റ്റ് ഭരണക്രമത്തിനല്ലാതെ ഇങ്ങനെയൊക്കെ
ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ കഴിയില്ല.വിഭിന്നങ്ങളും വിശാലങ്ങളുമായ
സാംസ്കാരികധാരകളുടെ സര്‍ഗ്ഗാത്മകമായ മേളനമാണ് രാജ്യത്തിന്റെ പുരോഗമനത്തിന്
നിദാനമായിരിക്കുന്നത് എന്ന ആശയമാണ് നമ്മുടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നത്.
ജനാധിപത്യത്തിലെ
ഭരണാധികാരികളുടേയും അവര്‍ നിര്‍മിക്കുന്ന നിയമങ്ങളുടേയും മാറ്റുരക്കേണ്ടത്
നിലനില്ക്കുന്ന ഭരണഘടനയുമായി തട്ടിച്ചുനോക്കിയാണ്. ആ ഉരച്ചു നോക്കലുകള്‍ക്ക്
നമ്മുടെ കോടതികള്‍ തയ്യാറാകും എന്നൊരു പ്രതീക്ഷ മാത്രമാണ് ഇനി ആശ്രയം
Comments