#ദിനസരികള്‍ 261
അസാധാരണമായ
ഭാഷാപ്രയോഗം കൊണ്ട്
നിങ്ങളെ അത്ഭുതപ്പെടുത്തിയ മലയാളത്തിലെ എഴുത്തുകാര്‍
ആരൊക്കെയാണ്? ചോദ്യത്തിനു
മുന്നില്‍ ഒരു നിമിഷം ആലോചിക്കേണ്ടിവന്നു. എഴുത്തച്ഛനില്‍ തുടങ്ങി കുമാരനാശാനിലൂടെ
ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ വന്നുതൊട്ടു നില്ക്കുന്ന ഒരു സംഘം എഴുത്തുകാര്‍ ആ ഒരു
നിമിഷത്തിനുള്ളില്‍ എന്റെ മനസ്സിലേക്ക് തിക്കിക്കയറി. അവരിലാരൊക്കെയാണ് എന്നെ ഭാഷ
കൊണ്ട് വിസ്മയിപ്പിച്ചത്?
അന്ധാളിപ്പിച്ചത്? ഭാവനയുടെ ദിവ്യപ്രപഞ്ചത്തിലേക്കുള്ള
രഹസ്യമാര്‍ഗ്ഗങ്ങള്‍ തുറന്നിടുകയും പുതുലോകങ്ങളുടെ ആശ്ചര്യപ്പെടുത്തുന്ന അധിത്യകകളിലേക്ക്
ആനയിക്കുകയും ചെയ്ത രസമര്‍മ്മജ്ഞരായ സാഹിത്യകുലപതികളില്‍ എത്രപേരുടെ ഭാഷ എന്നെ
സ്വാധീനിച്ചിട്ടുണ്ട് ?
എഴുത്തച്ഛന്‍? തീര്‍ച്ചയായും
എഴുത്തച്ഛന്‍ ഒരത്ഭുത പ്രകാശഗോപുരം തന്നെയാണ്. അധ്യാത്മരാമായണവും പ്രത്യേകിച്ച്
സുന്ദരകാണ്ഡവും ഭാഷാപ്രയോഗസാമര്‍ത്ഥ്യത്തിന്റെ ഉദാത്തമായ ഉദാഹരണവുമാണ്.
ജീവിതഗന്ധികളായ നിരവധി സന്ദര്‍ഭങ്ങളെ ആവിഷ്കരിച്ച് അനുഭവിപ്പിക്കുവാന്‍
അദ്ദേഹത്തിന് സവിശേഷമായ സാമര്‍ത്ഥ്യമുണ്ട്. എങ്കിലും പ്രചോദിപ്പിക്കുന്നു
എന്നതിനപ്പുറത്തേക്ക് ആത്മാവിനെ ചെന്നുതൊടുന്നുവെന്ന് എഴുത്തച്ഛനെക്കുറിച്ച് പറയുക
വയ്യ.ഭാഷാപിതാവില്‍ നിന്ന് കുമാരനാശാന്റെ തിരുസന്നിധിയിലേക്കാണ് പിന്നീടെത്തുക.
ആശാന്‍ ആനന്ദിപ്പിച്ചിട്ടുണ്ട്. പ്രചോദിപ്പിച്ചിട്ടുണ്ട്.
ആഹ്ലാദിപ്പിച്ചിട്ടുണ്ട്.ആത്മാവിനൊപ്പം നിന്നുകൊണ്ട് അനുഭവിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട്
ആശാന്‍ എന്റെ ആത്മാവിന്റെ അയല്‍ക്കാരനാകുന്നു. തട്ടിവീണു
മുട്ടുപൊട്ടിക്കരയുമ്പോള്‍ ഉപ്പുകെട്ടിത്തരുന്ന നല്ല ശമരിയക്കാരനാകുന്നു!
ആശാനില്‍
അവസാനിച്ചുവോ?
ഭാവനയുടെ സൂക്ഷ്മസ്ഥലികളെ തൊട്ടുണര്‍ത്താനുള്ള എംടി വാസുദേവന്‍ നായരുട പാടവം
വിസ്മരിക്കുന്നതെങ്ങനെ? മഞ്ഞിനെ
മറന്നാലും രണ്ടാമൂഴത്തെ മറക്കുന്നതെങ്ങനെ? അഭിമന്യൂ മരിച്ചതറിഞ്ഞ് കരുവാളിച്ച
മുഖവുമായിരിക്കുന്ന കൃഷ്ണനെ കണ്ടപ്പോള്‍ ഭീമന്‍ , ജീര്‍ണ്ണവസ്ത്രങ്ങളുടെ ഉപമ
സ്വന്തം ചോരയാകുമ്പോള്‍ മറന്നുകളയുന്നു ( പുസ്തകം കൈയ്യിലില്ല. ഓര്‍മയില്‍ നിന്നു
കുറിക്കുന്നു. തെറ്റാകാം.തിരുത്തുക ) എന്ന പ്രയോഗത്തിന്റെ അര്‍ത്ഥതലങ്ങള്‍ ഏറെ
ഘോഷിക്കപ്പെടുന്ന ഭഗവത് ഗീതയുടെ കടക്കല്‍ പോലും കത്തിവെക്കുന്നതാണല്ലോ.എംടി
അസാധാരണന്‍ തന്നെ.
ബാലചന്ദ്രന്‍
ചുള്ളിക്കാടിനെക്കുറിച്ച് പ്രത്യേകിച്ച് പരാമര്‍ശിക്കേണ്ടതില്ലല്ലോ. സ്വന്തം
ഭാഷാരീതിയില്‍ സ്വയം കുരുങ്ങിപ്പോയ ഒരാളാണ് അദ്ദേഹം. ആ ഭാഷയുടെ സവിശേഷമായ സ്വഭാവം
അധികകാലം അതേപോലെ കൊണ്ടുനടക്കാന്‍ കഴിയാത്തതുകൊണ്ടുതന്നെയാകണം എഴുത്തിനെപ്പോലും ആ
ഭാഷ പ്രതികൂലമായി ബാധിച്ചത്. ഇപ്പോള്‍
ബോധപൂര്‍വ്വം ആ ഭാഷയില്‍ നിന്ന് മുക്തനാകാനുള്ള ശ്രമമാണ് അദ്ദേഹം
നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഞാന്‍ വിചാരിക്കുന്നു.
ഇനിയും എത്ര പേര്‍ ? സുകുമാര്‍
അഴീക്കോട് , ജി എന്‍ പിള്ള , ഡോക്ടര്‍ കെ ഭാസ്കരന്‍ നായര്‍ , പി കുഞ്ഞിരാമന്‍
നായര്‍ തുടങ്ങി എത്രയോ പേര്‍ ഇനിയും ഈ പട്ടികയിലേക്ക്
വന്നുചേരാനുണ്ട്.വൈദ്യുതാലിംഗനംപോല്‍ നിമിഷനേരത്തിനുള്ളില്‍ നാഡികളെ തൊട്ടുണര്‍ത്തുന്ന
, അതിസൂക്ഷ്മമായ വികാരങ്ങളെ പ്രോജ്ജ്വലിപ്പിക്കുന്ന , അസാമാന്യരായ അത്തരക്കാരുടെ
പട്ടികയിലേക്ക് ഞാന്‍ പക്ഷേ അവസാനമായി ചേര്‍ക്കുന്നത് ഒ.വി വിജയന്‍ എന്ന പേരായിരിക്കും.
Comments