#ദിനസരികള്‍ 259
സരതുഷ്ട്രയുടെ വചനങ്ങള്‍
- 2
മലയിറങ്ങിക്കഴിയുന്നതുവരെ
സരതുഷ്ട്രക്ക് ആരേയും കണ്ടെത്താന്‍ കഴിഞ്ഞില്ല.എന്നാല്‍ കാട്ടിലേക്ക് കടന്നതോടെ
തന്റെ ആശ്രമത്തിലേക്ക് കനികള്‍ ശേഖരിക്കാന്‍ ഇറങ്ങിയ ഒരു വൃദ്ധനെ കണ്ടു. അദ്ദേഹം
സരതുഷ്ട്രയോട് പറഞ്ഞു :-
വര്‍ഷങ്ങള്‍ക്കുമുമ്പ്
ഇതിലേ കടന്നുപോയ ഈ സഞ്ചാരിയെ എനിക്കറിയാം.സരതുഷ്ട്ര എന്ന് വിളിക്കപ്പെടുന്ന
ഇവനില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നുവല്ലോ.
ആ
യാത്രയില്‍ നീ ചാരമായിരുന്നു കൊണ്ടുപോയിരുന്നത്. ഇപ്പോള്‍ താഴ്‌വാരങ്ങളിലേക്ക് നീ
തീയാണോ കൊണ്ടുവരുന്നത് ?
വീടുകത്തിക്കുന്നവന് ലഭിക്കുന്ന ശിക്ഷയെ നീ ഭയപ്പെടുന്നില്ലയോ?
എനിക്കു
സരതുഷ്ട്രയെ മനസ്സിലാകുന്നു.തെളിഞ്ഞ കണ്ണുകള്‍. കാലുഷ്യത്തിന്റെ ലാഞ്ചനയില്ലാത്ത ചുണ്ടുകള്‍.ഒരു
നര്‍ത്തകനെപ്പോലെയോ അവന്റെ സഞ്ചാരം ?
സരതുഷ്ട്ര
മാറിയിരിക്കുന്നു . സരതഷ്ട്ര ഒരു കുഞ്ഞിനെപ്പോലെ നിഷ്കളങ്കനായിരിക്കുന്നു.സരതുഷ്ട്ര
സത്യം അറിഞ്ഞിരിക്കുന്നു.ഇപ്പോള്‍ എന്തിനാണ് നീ ഉറങ്ങുന്നവരെ തേടി വന്നത്?
അപാരമായ ഏകാന്തതയുടെ കടലിലാണ് നീ ജീവിച്ചത്.ആ കടല്‍ നിന്നെ ആവോളം മൂടിയിരുന്നു.
ഇപ്പോള്‍ എന്തിനാണ് നീ തീരങ്ങള്‍ തേടുന്നത്?ഇനിയും നിന്റെ ശരീരത്തെ വലിച്ചിഴച്ച്
പീഢിപ്പിക്കുന്നത് ?
സരതുഷ്ട്ര
പ്രതിവചിച്ചു :- ഞാന്‍
മനുഷ്യകുലത്തെ സ്നേഹിക്കുന്നു.
“എന്തിന്
“ വിശുദ്ധന്‍
ചോദിച്ചു.”ഞാന്‍
കാടുകളിലേക്കും ഏകാന്തതകളിലേക്കും ഊളിയിടാതെ മനുഷ്യനൊപ്പം നിന്നു. കാരണം അവനെ ഞാന്‍
നന്നായി സ്നേഹിച്ചിരുന്നു.എന്നാല്‍ ഇപ്പോള്‍ ഞാന്‍ മനുഷ്യനെക്കാള്‍ ദൈവത്തെ
സ്നേഹിക്കുന്നു.ഏറ്റവും അപൂര്‍ണനായ മനുഷ്യനെ സ്നേഹിക്കുകയെന്നാല്‍ മരണത്തെ പുല്കുക
എന്നാണര്‍ത്ഥം.
സരതുഷ്ട്ര പറഞ്ഞു “ മഹാനുഭാവാ , ഞാന്‍ സ്നേഹത്തെപ്പറ്റി
സംസാരിച്ചുകൊള്ളട്ടെയോ ? ഞാന്‍ മനുഷ്യവംശത്തിനാകെയും ഒരു സമ്മാനം കൊണ്ടുവന്നിരിക്കുന്നു.
“അവര്‍ക്കൊന്നും കൊടുക്കേണ്ടതില്ല” വൃദ്ധന് പറഞ്ഞു.”നിനക്കു അനുയോജ്യമാകുമെങ്കില്‍ അവരില്‍
നിന്നും എന്തെങ്കിലുമൊക്കെ നീ എടുക്കുന്നതാണ് ഉത്തമം.അതാണ് അവര്‍ക്കു
നല്കേണ്ടത്.ഇനിയും എന്തെങ്കിലും കൊടുത്തേ തീരൂ എന്നുണ്ടെങ്കില്‍ അവര്‍ക്കത്
ഭിക്ഷയായി കൊടുക്കൂ, അതിനുവേണ്ടി യാചിക്കാനായി പഠിപ്പിക്കൂ”
സരതുഷ്ട്ര പറഞ്ഞു :- “ഇല്ല , ഞാന്‍ ഭിക്ഷ കൊടുക്കാറില്ല.ഞാന്‍
അത്രക്കും ദരിദ്രനല്ല”
വിശുദ്ധന്‍ ചിരിച്ചുകൊണ്ട് ഇങ്ങനെ
പറഞ്ഞു :- “നിന്റെ
കനികളെ അവര്‍ സ്വീകരിക്കുന്നതുകാണാന്‍ എനിക്കും കൌതുകമുണ്ട്. കാരണം അവര്‍
വിശുദ്ധന്മാരേയും അവര്‍ വരുന്ന വഴികളേയും അവിശ്വസിക്കുന്നു.
നാം ഈ തെരുവീഥികളില്‍ കൂടുതല്‍
ഏകാന്തരാകുന്നു. സൂര്യനുദിക്കുന്നതിനുമുമ്പേ ഏതെങ്കിലും മനുഷ്യന്‍ നടക്കുന്ന ശബ്ദം കേട്ടാല്‍ ഈ
കള്ളനെവിടെയാണ് പോകുന്നതെന്നാണ് സാധാരണയായി ഇവര്‍ ചോദിക്കുക.
കാടുകളില്‍ തന്നെ
തുടരുക.മനുഷ്യരിലേക്കുള്ള സഞ്ചാരം അവസാനിപ്പിക്കുക.മനുഷ്യരെക്കാള്‍ നമുക്ക്
മൃഗങ്ങളെപ്പോലും വിശ്വസിക്കുവാന്‍ കഴിയും
എന്തുകൊണ്ട് നീ എന്നെ
അനുകരിക്കുന്നില്ല. എന്നെ നോക്കൂ. ഞാന്‍ കരടികളുടെയിടയില്‍ കരടിയായി
ജീവിക്കുന്നു.പക്ഷികള്‍ക്കിടയില്‍ പക്ഷിയായും.”
“വിശുദ്ധന് വനാന്തരങ്ങളെന്തിന് ?” സരതുഷ്ട്ര ചോദിച്ചു
വിശുദ്ധന്‍ പറഞ്ഞു “ ഞാന്‍ പാട്ടുകള്‍ പാടുന്നു,
ആരചിക്കുന്നു. ആ സമയത്ത് ഞാന്‍ ചിരിക്കുകയും, കരയുകയും, മൂളിപ്പാട്ടുപാടുകയും
ചെയ്തുകൊണ്ട് ഈശ്വരനെ സ്തുതിക്കുന്നു”
എന്റെ ദൈവത്തെ സ്തുതിക്കുന്നതിന് വേണ്ടി
ഞാന്‍ ചിരിക്കുകയും കരയുകയും മൂളുകയുമൊക്കെ ചെയ്യുന്നു.താങ്കള്‍ ഞങ്ങള്‍ക്കായി
എന്തുസമ്മാനമാണ്
കൊണ്ടുവന്നത് ?”
സരതുഷ്ട്ര , വിശുദ്ധന്റെ വാക്കുകളോട്
പ്രതികരിച്ചു :- “ഞാന്‍
അങ്ങേക്ക് എന്തു നല്കുവാനാണ് ? മാത്രവുമല്ല , ഇവിടെ നിന്നും എത്രയും പെട്ടെന്ന് താങ്കളെന്നെ
പറഞ്ഞയച്ചിട്ടില്ലയെങ്കില്‍ താങ്കള്‍ എനിക്കെന്തെങ്കിലും സമ്മാനം തരേണ്ടിവരും”
രണ്ടു കുട്ടികളെപ്പോലെ ചിരിച്ചു കൊണ്ട്
അവര്‍ പിരിഞ്ഞു.
വീണ്ടും തന്നെ ചൂഴ്ന്ന ഏകാന്തതയില്‍
സരതുഷ്ട്ര സ്വയം പറഞ്ഞു :- “ ദൈവം മരിച്ചുവെന്ന് കാട്ടില്‍ ജീവിക്കുന്ന ഈ വയോവൃദ്ധന്‍
കേട്ടിട്ടില്ല എന്നത് അവിശ്വസനീയമാണ് . അസംഭവ്യവുമാണ്”
Comments