#ദിനസരികള്‍ 258

തുപ്പാനോ ഇറക്കാനോ ആകാതെ
വേവാത്ത ഒരു മാംസക്കഷണം
വായില്‍ വിലങ്ങനെ കിടക്കുന്നു വീരാന്‍ കുട്ടിയുടെ നാവടക്കം എന്ന കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്.നാവ് , രസക്കൂട്ടുകളുടെ രുചിഭേദങ്ങളെ അറിയുന്ന കവാടം എന്ന പ്രാഥമിക ധര്‍മ്മത്തില്‍ നിന്നും അകന്നുമാറി , നീതിനിഷേധങ്ങള്‍‌ക്കെതിരെ പ്രതിഷേധിക്കുമ്പോള്‍ മാത്രമാണ് അതിന്റെ  സാമൂഹികധര്‍മ്മം നിര്‍വഹിക്കുക എന്ന ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്.സമൂഹത്തില്‍ ഇത്തരത്തിലുള്ള സ്വതന്ത്രനാവുകളുടെ വിളയാട്ടങ്ങളെ അധീശത്വങ്ങള്‍ അംഗീകരിക്കുന്നില്ല.അരുതുകളുടെ വേലിക്കെട്ടുകളില്‍ കൊരുത്തിട്ട ഒരു കഷണം മാംസമായി മാത്രം പരുവപ്പെട്ടു കിടക്കുന്ന നാവുകളെയാണ് അവര്‍ ഇഷ്ടപ്പെടുന്നത്.അതുകൊണ്ട് പാടുന്ന , അലറുന്ന , തെറി പറയുന്ന നാവുകളെ അവര്‍ മെരുക്കിയെടുക്കാന്‍ പ്രയത്നിക്കുന്നു.
            ക്ലാസ്സില്‍ മിണ്ടുന്നവരുടെ പേരെഴുതി വച്ച്
            തല്ലുകൊള്ളിച്ചു
            നിശ്ശബ്ദത പാലിക്കുക എന്ന് എവിടെക്കണ്ടാലും
            വാ പൊത്തിനിന്നു
            ഒച്ചവെക്കരുത് എന്ന താക്കീതില്‍
            അച്ചടക്കമുള്ളവനായി നിസ്സാരമായ നിയന്ത്രണങ്ങളായിട്ടാണ് ആദ്യമാദ്യം നിര്‍‌ദ്ദേശങ്ങള്‍ കടന്നുവരുന്നത്.പോകെപ്പോകെ അവ ജീവിതത്തിന്റെ സമസ്തമണ്ഡലങ്ങളിലേക്കും അച്ചടക്കത്തിന്റെ വാളുവീശുന്നു.അപ്പോഴേക്കും വഴങ്ങിക്കൊടുക്കുക എന്നത് നമുക്ക് ശീലമായി മാറുന്നു.
            നാവടക്കൂ പണിയെടുക്കു എന്ന് കല്പിച്ചവരുടെ
            പടം ചുവരില്‍ തൂക്കി
            നാവുവഴക്കത്തിനുള്ള പ്രത്യേക യോഗ
            പതിവാക്കി , മൌനവ്രതം ശീലിച്ചു
            ഇപ്പോള്‍ എന്തു കണ്ടാലും കേട്ടാലും
            കമാന്നൊരക്ഷരം മിണ്ടാതിരിക്കുവാനുള്ള
            ക്ഷമ നാവിനു സ്വന്തം ഈ മിനുസ്സപ്പെടുത്തലുകളെ നാം ദേശസ്നേഹമെന്നും പൌരബോധമെന്നുമൊക്കെയുള്ള ഓമനപ്പേരുകളില്‍ പെടുത്തി സ്വയം കബളിപ്പിക്കുന്നു.അച്ചടക്കമുള്ളവന്‍ എന്നു കേള്‍ക്കുമ്പോള്‍ നാം അതെടുത്ത് അലങ്കാരമായി തലയില്‍ ചൂടുന്നു.
            ഇനിയെങ്കിലും നാം തെറി പറയാന്‍ പരിശീലിക്കണം.മിനുസ്സങ്ങളെ ഉരച്ച് പരുക്കനാക്കിയെടുക്കാന്‍ പഠിക്കണം.ഏകതാനമായ സംഗീതങ്ങളെ കൂവി താളം തെറ്റിക്കണം.അടങ്ങലല്ല ആളിക്കത്തേണ്ടതാണ് ജീവിതമെന്ന് ഉച്ചത്തില്‍ പ്രഖ്യാപിക്കണം.ഏറ്റുവിളിക്കുന്നവനെയല്ല , തിരുത്തുന്നവനെയാണ് നമുക്കിനി വേണ്ടതെന്ന തിരിച്ചറിവുണ്ടാകണം.സമൂഹത്തെ സര്‍ഗ്ഗാത്മകമായി തച്ചുടക്കുന്ന തെമ്മാടികളേയും വഴിപിഴച്ചവരേയുമാണ് ഇനി നമുക്ക് വേണ്ടത്.
                        ഒരു കുടം താറുമായ് ഒരു കുറ്റിച്ചൂലുമായ്
                        ഉണരും വെറുപ്പിന്റെ ശീലുമായി
                        ഓടയിലോടുമഴുക്കിന്റെ ചാലില്‍ നി
                        ന്നീ മണിമേട ഞാന്‍‌ താറടിക്കും
                        നഗ്നചിത്രങ്ങള്‍ കരിയിലെഴുതിയീ
                        മുഗ്ദഭാവങ്ങളെ മായ്ചുവെക്കും
                        വര്‍ണപ്പകിട്ടുകള്‍ കണ്ണാടിയിട്ടൊരീ
                        ചില്ലുശില്പങ്ങള്‍ ഞാന്‍ തച്ചുടക്കും
                        വെണ്‍കളി പൂശിയ വെണ്മുകില്‍ ഭിത്തിമേല്‍

                        കാര്‍മഷികൊണ്ടു കളം വരയ്ക്കും (കടമ്മനിട്ട) എന്നു പ്രഖ്യാപനത്തിന് നാം പിന്തുണ നല്കുക.അല്ലെങ്കില്‍ മനുഷ്യനായി ഇവിടെ ജീവിക്കുവാനുള്ള അവസാന അവസരമായിരിക്കും നാം നഷ്ടപ്പെടുത്തുന്നത്.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1