#ദിനസരികള്‍ 256

അജ്ജാതി രക്തത്തിലുണ്ടോ?-അസ്ഥി
മജ്ജ ഇതുകളിലുണ്ടോ?
ചണ്ഡാലിതന്മെയ് ദ്വിജന്റെ-ബീജ-
പിണ്ഡത്തിനൂഷരമാണോ? – നവോത്ഥാന കേരളം കേട്ട ഏറ്റവും മാനവികമായ ഈ ചോദ്യമുയരുന്നതിനും മുമ്പ് 1915 ല്‍ പഞ്ചമി എന്ന പുലയക്കുട്ടിയുടെ സ്കൂള്‍ പ്രവേശനത്തിനുവേണ്ടി അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന മുന്നേറ്റം , അധ:കൃതവര്‍ഗ്ഗത്തിന്റെ ചരിത്രത്തിലെ ജ്വലിക്കുന്ന ഒരേടാണ്.അയ്യങ്കാളിയുടെ ശ്രമഫലമായി 1910 ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് ഈഴവര്‍ പഠിക്കുന്ന വിദ്യാലയങ്ങളിലെല്ലാം പുലയര്‍ക്കും പ്രവേശനം അനുവദിക്കണമെന്ന ഉത്തരവു പുറപ്പെടുവിച്ചു.1907 ല്‍ രൂപം കൊണ്ട സാധുജനപരിപാലന സംഘത്തിന്റെ നേതൃത്വത്തിലുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ സവര്‍ണപ്രമാണിമാരെ അരിശംകൊള്ളിച്ചു.ദളിതവിഭാഗത്തിന്റെ വിദ്യാലയപ്രവേശനത്തിനെതിരെ ഒളിവിലും തെളിവിലും അവര്‍ പ്രതികൂലമായ നിലപാടെടുത്തു.തങ്ങളുടെ കുട്ടികള്‍ പഠിക്കുന്ന സ്കൂളുകളില്‍ പുലയന്റേയും പറയന്റേയും കുട്ടികള്‍ ഒപ്പമിരുന്ന് പഠിക്കുന്നത് അവര്‍ക്ക് സഹിച്ചില്ല.സര്‍ക്കാര്‍ ഉത്തരവിനെപ്പോലും തൃണവത്ഗണിച്ചുകൊണ്ട് അവരെടുത്ത നിലപാട് വ്യാപകമായ പ്രതിഷേധത്തിന് വഴിമരുന്നിട്ടു.
            ഈ സമയത്താണ് അയ്യനെന്ന ദളിതന്റെ മകളായ പഞ്ചമിയെ  തിരുവനന്തപുരത്തുള്ള ഊരൂട്ടമ്പലത്തെ സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ക്കണമെന്ന ആവശ്യവുമായി അയ്യങ്കാളി പ്രധാനാധ്യാപകനെ സമീപിക്കുന്നത്.ശ്രീമൂലം പ്രജാസഭയുടെ മെമ്പറായിരുന്ന അയ്യങ്കാളിയുടെ ആവശ്യം അധ്യാപകന്‍ അംഗീകരിച്ചില്ല.പുലയക്കുട്ടിയെ സ്കൂളില്‍ പ്രവേശിപ്പിക്കാന്‍ സാധിക്കില്ല എന്നാണ് അദ്ദേഹം പ്രതികരിച്ചത്.അയ്യങ്കാളി ഈ ആവശ്യമുന്നയിച്ച് സ്കൂളിലേക്ക് വരുന്നുണ്ടെന്നറിഞ്ഞ് അവിടെ കൂടിനിന്ന സവര്‍ണരെ പ്രധാനാധ്യാപകന്റെ മറുപടി സന്തോഷിപ്പിച്ചു. എന്നാല്‍ പഞ്ചമിയെ വിദ്യാലയത്തില്‍ ചേര്‍‌ത്തേ തീരൂവെന്ന അയ്യങ്കാളിയുടെ നിലപാട് പ്രധാനാധ്യാപകനുമായുള്ള വാക്കേറ്റത്തിലേക്കെത്തി.ഈ വിഷയത്തില്‍ അവിടെയുണ്ടായിരുന്ന സവര്‍ണപ്രമാണിമാര്‍ ഇടപെടുകയും അവര്‍ അയ്യങ്കാളിയേയും കൂട്ടരേയും ബലമായി പുറത്താക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതു സംഘര്‍ഷത്തിനു കാരണമായി.ഈ സംഭവം നടന്ന രാത്രി സവര്‍ണപക്ഷപാതികളായവര്‍ ഊരൂട്ടമ്പലം സ്കൂളിന് തീവെച്ചു.ആ കുറ്റം അവര്‍ണരുടെ തലയിലേക്കിടുക എന്നതായിരുന്നു ഉദ്ദേശം.  നിയമപരമായി ലഭിക്കേണ്ടതും ന്യായയുക്തവുമായി ഒരാവശ്യത്തിന്റെ നിരാകരണം അങ്ങനെ ഏകദേശം ഒരു കൊല്ലക്കാലം നീണ്ടു നിന്ന കലാപത്തിലേക്ക് കൂപ്പുകുത്തി.
            പാടത്തും പറമ്പിലും പണിയെടുക്കുവാന്‍ മാത്രമുള്ള ഒരു വിഭാഗമായി സവര്‍ണര്‍ കരുതിപ്പോന്നിരുന്ന അധ:കൃതരെ, അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കുകയും തങ്ങള്‍ക്ക് അര്‍ഹതപ്പെട്ടത് ചോദിച്ചു വാങ്ങുവാനുള്ള ധൈര്യമുണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്നതില്‍ , പില്ക്കാലത്ത് പുലയ ലഹള അഥവാ ഊരൂട്ടമ്പലം ലഹള എന്നൊക്കെ അറിയപ്പെടുന്ന ഈ മുന്നേറ്റത്തിന് വലിയ പങ്കുവഹിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.സത്യത്തില്‍ സവര്‍ണരാണ് ഈ കലാപമുണ്ടാക്കിയതെങ്കിലും അതിന്റെ ഫലത്തില്‍ ഗുണകരമായി വന്നത് പുലയവിഭാഗത്തിനാണ്. അനീതിക്കെതിരെ എഴുന്നേറ്റു നേരെ നില്ക്കുവാന്‍ ഈ സമരം അവരെ ഒരുപാട് സഹായിച്ചിട്ടുണ്ട്. സവര്‍ണരോടൊപ്പം , ഈഴവരും പുലയരെ അടിച്ചമര്‍ത്തുവാന്‍ രംഗത്തിറങ്ങി എന്നത് , ശ്രീനാരായണന്റെ പോലും എതിര്‍പ്പിന് കാരണമായ സംഗതിയാണ്.
           


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1