#ദിനസരികള്‍ 257
വടക്കന്‍ പാട്ടിന്റെ സ്വാഭാവികമായ പശ്ചാത്തലത്തില്‍നിന്നടര്‍ത്തിമാറ്റി
ചതിയന്‍ ചന്തുവിനെ വീരനായകനായി പുന:സൃഷ്ടിച്ചപ്പോള്‍ എം ടി
ചിന്തിച്ചിരുന്നതെന്തു തന്നെയായിരുന്നാലും വീരഗാഥയിലെ ചന്തു , ദുര്‍ബലനായ ഒരു
കഥാപാത്രമാണ്.എംടി എഴുതിവെച്ചുകൊടുത്തിരിക്കുന്ന വീര്യം തുളുമ്പുന്ന വാങ്മയങ്ങളുടെ
സഹായത്താല്‍ ചന്തു പേറുന്ന നായകപരിവേഷമാകട്ടെ , ഉള്ളുറപ്പില്ലാത്തവന്റെ
പിത്തലാട്ടം മാത്രവുമാണ്. എന്തൊക്കെ തരത്തിലും തലത്തിലുമുള്ള ന്യായീകരണങ്ങള്‍
വീരഗാഥയിലെ ചന്തുവിനു വേണ്ടി നിരത്തപ്പെട്ടാലും ചന്തുവിന്റെ ആത്മഹത്യയോടെ അതെല്ലാം
അസ്ഥാനത്താകുകയും വടക്കന്‍ പാട്ടിലെ പ്രതിനായകനായ കഥാപാത്രം, ഒരു കഥാപാത്രം എന്ന
നിലയില്‍ നേടിയെടുത്തിരിക്കുന്ന വിജയംപോലും വീരഗാഥയിലെ ചന്തുവിന് ലഭിക്കാതെ
പോകുകയും ചെയ്യുന്നു.പറഞ്ഞുവരുന്നത് , ചന്തുവിനെ ആത്മഹത്യ ചെയ്യിച്ചത് , എംടി
ചെയ്ത വലിയ പിഴവായിരുന്നു എന്നുതന്നെയാണ്.
ചന്തുവിനെ
കൊല്ലാന്‍ എം ടി ഉന്നയിക്കുന്ന ന്യായങ്ങള്‍ പരിശോധിക്കുക.വടക്കന്‍ വീരഗാഥ എന്ന
തിരക്കഥയുടെ ആമുഖലേഖനത്തില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു “ ചന്തുവിന്റെ തലവെട്ടി വന്ന് നാടുവാഴിയില്‍ നിന്നും
ദേശവാഴിയില്‍ നിന്നുമൊക്കെ സമ്മാനം വാങ്ങി ചെറുപ്പക്കാര്‍ എന്ന്
പാട്ടിലുണ്ട്.അമ്മമാരും മുത്തശ്ശനും നാടുവാഴി ദേശവാഴികളുമൊക്കെ അവരെ
വാഴ്ത്തിയിരിക്കും.ചന്തു അവര്‍ക്കതിനുള്ള അവസരം ഉണ്ടാക്കിക്കൊടുത്തതായി
സങ്കല്പിക്കാനാണ് എനിക്ക് താല്പര്യം തോന്നിയത്.ഒരുപാടു കയ്പുകള്‍ ചവച്ചിറക്കി
എല്ലാവരില്‍ നിന്നും അകന്നു കഴിയുന്ന അയാള്‍ക്ക് അസ്തിത്വം ദാരുണമായ ഒരു
പീഢനമാണ്.അതവസാനിപ്പിക്കാന്‍ പറ്റിയ ഒരു മുഹൂര്‍ത്തമാണ് മുമ്പിലെത്തിയത്.തനിക്ക്
പിറക്കാതെ പോയ മക്കളാണ് മുന്നില്‍.അവരെ തോല്പിച്ചതുകൊണ്ടോ കൊന്നതുകൊണ്ടോ തനിക്കിനി
ഒന്നും നേടാനില്ല.വെട്ടിയെടുത്ത തന്റെ തല കണ്ട് ഉണ്ണിയാര്‍ച്ചയടക്കം
പുളകംകൊള്ളുന്ന നിമിഷം അയാള്‍ രോഷത്തോടെ പകയോടെ മനസ്സില്‍ കണ്ടിരിക്കും.ശരി, അവര്‍
സന്തോഷിക്കട്ടെ ആഘോഷിക്കട്ടെ എന്ന് ചിന്തിച്ചുപോയാല്‍ അത്ഭുതപ്പെടേണ്ടതില്ല. “ ചന്തുവിനെ ആത്മഹത്യക്ക് എം ടി കളമൊരുക്കുന്നത്
ഇങ്ങനെയാണ്.ആത്മനാശം വരുത്തിക്കൊണ്ട് എതിരാളികള്‍ക്ക് മറുപടി
കൊടുക്കുന്നവരുണ്ടാകാം.അതും മാനുഷികമാണ്. പക്ഷേ വടക്കന്‍ പാട്ടുകളിലെ ചന്തു
അത്രത്തോളം ദുര്‍ബലനോ , അല്ലെങ്കില്‍ നിരാശ ബാധിച്ചവനോ അല്ല.കരുതിക്കൂട്ടി
ആരോമലിനെ ചതിക്കുകയും അതിനുവേണ്ടി തട്ടാനെ സ്വാധീനിക്കുകയും ചെയ്തവനാണ്. നിറകൊണ്ട
പാതിരാനേരത്ത് പരസ്ത്രീയുടെ അറയില്‍ ഒളിച്ചു കടന്നവനുമാണ്.പ്രതിനായകന്റെ മുഴുവന്‍
വൈകൃതങ്ങളേയും ആവാഹിച്ചെടുത്തിരിക്കുന്ന ചതിയന്‍ ചന്തുവിനെ ന്യായീകരിക്കാന്‍
എംടിക്ക് ആയുധങ്ങളുടെ അപര്യാപ്തത ഉണ്ട് എന്നുതന്നെയാണ് എന്റെ പക്ഷം.
ആരോമല്‍
ജയിക്കേണ്ടത് ചന്തുവിന്റെ തന്നെ ആവശ്യമായിരുന്നുവെന്ന് എംടി വാദിക്കുന്നത് ,
ആങ്ങള
അങ്കം ജയിച്ചു വന്നാല്‍
നിങ്ങള്‍ക്ക്
പെണ്ണായി ഇരിയ്ക്കാം ഞാനും
കളരി
പരമ്പര അച്ഛനാണേ
എന്റേയും
വാക്കതു സത്യമാണേ – എന്ന ഉണ്ണിയാര്‍ച്ചയുടെ സത്യത്തെ
പിന്‍പറ്റിയാണ്.ആര്‍ച്ചയുടെ വാക്കുകള്‍ ചന്തു മുഖവിലക്കെടുക്കും എന്നു കരുതുക വയ്യ.
കാരണം തനിക്ക് വിധിച്ച പെണ്ണെന്ന് വിശ്വസിച്ച് ചന്തു കൊണ്ടുനടന്നിരുന്ന ഉണ്ണിയാര്‍ച്ച
, ആറ്റുംമണമ്മേലില്‍ കുഞ്ഞിരാമന്റെ പണം കണ്ടപ്പോള്‍ ചന്തുവിനെ മറന്നതാണല്ലോ.ആ
ദേഷ്യം ജീവിതകാലം മുഴുവന്‍തന്നെ ചന്തുവില്‍ നിലനില്ക്കുന്നതുമാണ്.അപ്പോള്‍പ്പിന്നെ
കാര്യം കാണാന്‍ തരാതരം പോലെ വാക്കുപറയുന്ന ആര്‍ച്ചയെ ചന്തു വിശ്വസിച്ചുവെന്നും
അക്കാരണത്താല്‍ ആരോമല്‍ ജയിച്ചു വരുന്നതു മറ്റാരേയുംകാള്‍ ചന്തുവിന്റെ
ആവശ്യമായിരുന്നുവെന്നും എംടി വാദിക്കുന്നതിന്റെ യുക്തിയെന്ത് ? എന്നുമാത്രവുമല്ല , ആര്‍ച്ചക്ക് ഇത്രയും
പ്രിയപ്പെട്ടവനായ , തനിക്ക് ആര്‍ച്ചയെ കിട്ടാതിരിക്കാന്‍ കാരണക്കാരനായ
ആരോമലിനെതിരെ പ്രതികാരം ചെയ്യാന്‍ കിട്ടിയ ഒരവസരം ചന്തു വേണ്ടെന്നു വയ്ക്കുമോ? അതുവഴി ആര്‍ച്ചക്കും മറുപടി കൊടുക്കാനുള്ള ഒരവസരമാണല്ലോ
ചന്തുവിന്റെ മുമ്പില്‍ തെളിഞ്ഞു നില്ക്കുന്നത് . ആ
അവസരം ഉപയോഗിച്ചുകൊണ്ട് ചന്തുതന്നെയാണ് ആരോമലിനെ അപായപ്പെടുത്തിയത് എന്നു
ചിന്തിക്കുന്നതല്ലേ മാനുഷികമായ യുക്തി ?
ചന്തുവിനെ ഒരിക്കലും ആരോമലും
വിശ്വസിച്ചിരുന്നില്ലല്ലോ. ആര്‍ച്ചയെ ചന്തുവിനു കൊടുക്കാത്തിന് താനും
കാരണമാണെന്നും അക്കാരണംകൊണ്ടുതന്നെ ചന്തു തന്നെ ചതിക്കുമെന്നും അദ്ദേഹം വ്യക്തമായി
പറയുന്നുമുണ്ട്. അത് കേവലമായ ഒരു ധാരണയില്‍ നിന്നുമുണ്ടാകുന്ന തിരിച്ചറിവല്ല ,
മറിച്ച് അനുഭവങ്ങളുടെ വെളിച്ചതിലുണ്ടാകുന്നതാണ്.തനിക്ക് ഭാര്യയായി വരേണ്ട
തുമ്പോലാര്‍ച്ചയെ ആരോമലുണ്ണി വശത്താക്കിയത് , ചന്തുവിന് ആരോമലോടുള്ള വൈരത്തിന്റെ
തീവ്രത വര്‍ദ്ധിപ്പിച്ചിരിക്കാവുന്ന സംഗതിയാണ്.ഇങ്ങനെ ചന്തുവിനെ ബോധപൂര്‍വ്വംതന്നെ
ആരോമലും സംഘവും പരാജയപ്പെടുത്താന്‍ പരിശ്രമിച്ചിട്ടും ചന്തു അതെല്ലാം മറന്നുകൊണ്ട്
ആര്‍ച്ചയുടെ വിളികേട്ടു മയങ്ങി പാതിരാപ്പുഴ താണ്ടി അറയില്‍ ഒളിച്ചു കടന്നു എന്നു എംടി പറയുന്നത് വിശ്വസിക്കുന്നതിനെക്കാള്‍ , ആര്‍ച്ചയോടുള്ള
പ്രതികാരം ഏതുവിധേനയും നടപ്പിലാക്കണം എന്ന് നിശ്ചയിച്ചുറപ്പിച്ച് അവളെ
കളങ്കപ്പെടുത്തുവാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നു എന്ന് പാട്ടുപറയുന്നതിലല്ലേ
കൂടുതല്‍ സത്യസന്ധമായിട്ടുള്ളത് ? ഇക്കാര്യത്തിലും എംടിയുടെ വാദഗതികള്‍ക്ക് തക്കതായ അടിസ്ഥാനമുണ്ടെന്ന്
കരുതുന്നില്ല.
അരിങ്ങോടരുടെ
ശിഷ്യത്വം എം ടി ഉണ്ടാക്കിയെടുക്കുന്നത് പാട്ടിലെ ഒറ്റവരിയില്‍ നിന്നാണെന്ന്
അദ്ദേഹം തന്നെ പറയുന്നുണ്ട്. ചന്തുവിനോട് പകരം വീട്ടാനിറങ്ങിയ ആരോമുണ്ണിയോട്
കണ്ണപ്പച്ചേകവരുടെ ഉപദേശം നോക്കുക.
“വെറുതെ മരിപ്പിനു പോണ്ട നിങ്ങള്‍
അമ്മാവന്‍
ശരിയൊത്തെ അടവുണ്ടല്ലോ
അരിങ്ങോടര്‍
തന്റെ ചതിയുണ്ടല്ലോ “
ഈ വരികളിലെ
അരിങ്ങോടര്‍ തന്റെ ചതിയുണ്ടല്ലോ എന്നതില്‍ നിന്നാണ് ചന്തു അരിങ്ങോടരുടെ ശിഷ്യത്വം
സ്വീകരിച്ചു എന്ന നിഗമനത്തിലേക്ക് എം ടി എത്തുന്നത്.പക്ഷേ ഈ വരികളുടെ അര്‍ത്ഥം ,
അന്നത്തെക്കാലത്തെ കള്ളക്കോലിന് പ്രസിദ്ധനായ അരിങ്ങോടരെപ്പോലെതന്നെ , ചന്തുവും
ചതിക്കുമെന്നു മാത്രമാണ്.അങ്ങനെയല്ലയെങ്കില്‍ അമ്മാവന് ശരിയൊത്ത അടവുണ്ടല്ലോ എന്ന
വരികളില്‍ നിന്ന് ചന്തു ആരോമലിന്റെ ശിഷ്യനാണെന്നും വ്യാഖ്യാനിക്കാമല്ലോ? പാട്ടിലെവിടേയും ചന്തു അരിങ്ങോടരുടെ ശിഷ്യനാണെന്ന്
പറയുന്നുമില്ല.
ജീവിതത്തോടുള്ള
ആസക്തി കൈമോശം വരാതെയാണ് ചന്തു ജീവിച്ചു പോന്നത്. പതിനെട്ടു കളരിയുടെ നാഥനായി
തെളിഞ്ഞു വിളങ്ങുന്ന ചന്തുവിന് അത്തരമൊരു വ്യസനം അസ്ഥാനത്തുമായിരിക്കും.
എന്നിട്ടും ചിരവൈരികളായ , തന്റെ ജീവിതത്തിന്റെ സ്വപ്നങ്ങളെയെല്ലാം ചവിട്ടി മെതിച്ച
ഒരു വംശത്തിന്റെ പ്രതിനിധികളായ രണ്ടുപേര്‍ പടവെട്ടാനൊരുങ്ങി വന്നപ്പോള്‍ ചന്തു
തളര്‍ന്നുപോയി എന്നു എം ടി വാദിക്കുന്നത് , ന്യായമല്ല.എന്നുമാത്രവുമല്ല , എംടി
ഇക്കഥയിലെഴുതിയ ഏറ്റവും മോശം സംഭാഷണങ്ങളിലൊന്ന് , എനിക്ക് പിറക്കാതെ പോയ മകനാണ് നീ
എന്ന് ആരോമുണ്ണിയോട് ചന്തു പറയുന്നതാണ്.അതിതീവ്രവും വൈകാരികവുമായ ഒരന്തരീക്ഷം
സൃഷ്ടിച്ചെടുക്കാന്‍ ഈ വാക്കുകള്‍ ഉപകരിക്കപ്പെടുമെങ്കിലും കഥാതന്തുവിനോടും
കഥാപാത്രത്തിന്റെ സ്വാഭാവസവിശേഷതകളോടും നീതിപുലര്‍ത്തുന്നില്ല.
പ്രതിനായകന്റെ
സര്‍വ്വലക്ഷണങ്ങളും തികഞ്ഞ ഒരു കഥാപാത്രത്തോട് , ആ കഥാപാത്രത്തിന്റെ പൂര്‍ണതയില്‍
അവമതിപ്പുണ്ടാക്കിക്കൊണ്ട് എംടി ചെയ്തത് അഭിനന്ദനീയമല്ലെന്നു മാത്രമല്ല ,
ആശാസ്യവുമല്ല. കൂടെയുണ്ടെന്ന് കരുതിയവരൊക്കെ വഞ്ചിച്ചിട്ടും കാലിടറാതെ പിടിച്ചു
നിന്ന ചന്തുവിന്റെ തിളക്കം അയാളുടെ പ്രതികാരബുദ്ധി തന്നെയായിരുന്നു. ഒരു
സാഹിത്യകൃതി എന്ന നിലയില്‍ വടക്കന്‍ പാട്ടുകളുടെ പ്രസക്തിയെക്കൂടി ഈ വ്യതിചലനം
മലിനപ്പെടുത്തുമെന്ന് പറയാതെ വയ്യ.ചുരുക്കത്തില്‍ പ്രതിനായകനായി തിളങ്ങി നിന്ന
ചന്തുവിനെ നായകസ്ഥാനത്തേക്ക് മാറ്റി പ്രതിഷ്ഠിക്കുക വഴി , ചതിയന്‍ ചന്തുവിന്റെ
ആത്മാവിന് ക്ഷതം സംഭവിക്കുകതന്നെയാണുണ്ടായത്.
Comments