#ദിനസരികള്‍ 262

സംഭാഷണങ്ങള്‍ എന്ന പേരില്‍ കെ എന്‍ പണിക്കരുമായി നടത്തിയ അഭിമുഖങ്ങള്‍ മാതൃഭൂമി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ അഭിമുഖങ്ങള്‍ സമാഹരിച്ചിരിക്കുന്നത് പി എസ് മനോജ് കുമാറാണ്. വര്‍ഗ്ഗീയതയും ഫാസിസവും എന്ന വിഷയത്തിലുള്ള  പ്രസ്തുത സംഭാഷണത്തില്‍ നിന്നും പ്രസക്തമായ ചില ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും പകര്‍ത്തട്ടെ.
ചോദ്യം :- വര്‍ഗ്ഗീയത ഒരു പ്രത്യയശാസ്ത്രമാണോ? ആണെങ്കില്‍ പ്രതിരോധ സാധ്യതകളെന്താണ് ?
ഉത്തരം : അതെ.അതുകൊണ്ടാണത് മനസ്സുകളെ സ്വാധീനിക്കുന്നത്.ഇതിനെതിരെ നിരന്തരമായ അവബോധ രൂപവത്കരണമുണ്ടാകണം.ഇതില്‍ പങ്കെടുക്കുന്നവരുടെ ജീവിതവുമായി ബന്ധപ്പെട്ടുവേണം ബോധവത്കരണം നടത്താന്‍.എല്ലാ ജനവിഭാഗങ്ങളില്‍ നിന്നുള്ളവരും കലാപകാരികളുടെ ഇടയിലുണ്ടാകാം.എന്നാല്‍ കലാപങ്ങളില്‍ പങ്കാളികളാകുന്നത് മിക്കവാറും തൊഴിലില്ലാത്ത ചെറുപ്പക്കാരും ചേരിനിവാസികളുമാണ്.ഇത് മനസ്സിലാക്കിയുള്ള നിരന്തരമായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ വര്‍ഗ്ഗീയതയെ ചെറുക്കാനാകൂ.സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങളാണ് വര്‍ഗ്ഗീയതയുടെ ശക്തി.രാഷ്ട്രീയ പ്രവര്‍ത്തനം അതിന്റെ പ്രകടമായ രൂപം മാത്രമാണ്.
ചോദ്യം :- ഇന്ത്യന്‍ മണ്ണില്‍ ഫാസിസത്തിന് വേരുറപ്പിക്കാന്‍ സഹായകമായ ചരിത്രപരമായ എന്തെങ്കിലും അംശമുണ്ടോ?
ഉത്തരം :- വളരെ സങ്കീര്‍ണമായ ഒരു ചോദ്യമാണ് ഇത്.നേരിട്ട് ബന്ധം സ്ഥാപിക്കുക എന്നത് വളരെ വിഷമമുള്ള കാര്യമാണ്.പക്ഷേ ഫാസിസത്തെക്കുറിച്ചുള്ള അത്തരം പഠനങ്ങളുണ്ട് പ്രത്യേകിച്ചും മനശാസ്ത്രത്തില്‍.
            ഇന്ത്യന്‍ സമൂഹം പുരുഷ മേധാവിത്വത്തിലൂന്നുന്ന ഒരു സമൂഹമാണ്.പുരഷ മേധാവിത്വം ഒരു അധികാരപ്രവണതയാണ്.സമൂഹത്തിലെ പുരുഷമേധാവിത്വ പ്രവണത ഫാഷിസത്തിന്റെ അടിസ്ഥാപരമായ അക്രമാസക്തിയുമായി ബന്ധപ്പെടാന്‍ സാധ്യതയുള്ളതാണ്.അതുമായി ബന്ധപ്പെടുന്നുമുണ്ട്.
            ചരിത്രപരമായി നോക്കിയാല്‍ ഇന്ത്യയില്‍ പുറമേനിന്നുള്ള ആക്രമണങ്ങള്‍ നിരവധിയുണ്ടായിട്ടുണ്ട്.അതേപോലെ പുറമേനിന്ന് നിരവധി ജനവിഭാഗങ്ങള്‍ ഇന്ത്യയിലേക്ക് വന്നിട്ടുമുണ്ട്.അത് ഇന്ത്യയിലെ ചരിത്രപ്രക്രിയയാണ്.ഈ പ്രക്രീയയെ വികലമായ വിശദീകരണങ്ങള്‍ നല്കി വര്‍ഗ്ഗീയതക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞേക്കും.ഉദാഹരണത്തിന് ഇന്ത്യന്‍ മതങ്ങള്‍ എന്ന സങ്കല്പം, പുറമേ നിന്നു വന്നവരെയാകെ അന്യരെന്നു മുദ്രകുത്തുന്നു.ഈ അന്യര്‍ രാഷ്ട്രത്തിന്റെ ശത്രുക്കളായി മുദ്രകുത്തപ്പെടുന്നു.ഇന്ത്യയുടെ എല്ല ദുരന്തത്തിനും അന്യരില്‍ പഴിചാരുന്നു.ഈ ചരിത്രാഖ്യാനം ഫാസിസത്തെ സഹായിക്കാന്‍ സാധ്യതയുണ്ട്.
            ഫാസിസം വരുന്ന വഴികളെ വളരെ കൃത്യമായി കെ എന്‍ പണിക്കര്‍ അടയാളപ്പെടുത്തുന്നു.പ്രത്യേകിച്ചും ഇതരമതവിഭാഗങ്ങളെയാകമാനം അന്യരായി പരിഗണിച്ചുകൊണ്ട് , അവര്‍ നാടിന്റെ ശത്രുക്കളാണെന്നു പ്രഖ്യാപിക്കുന്ന വര്‍ഗ്ഗീയ താല്പര്യങ്ങളെ നാം നേരിട്ടു കണ്ടിട്ടുമുണ്ടല്ലോ.അന്യവത്കരിച്ചും അതിര്‍ത്തികള്‍ പുന ക്രമീകരിച്ചും ചരിത്ര സംഭവങ്ങള്‍ക്ക് പുതിയ അര്‍ത്ഥങ്ങള്‍  വ്യാഖ്യാനിച്ചെടുക്കുന്ന ഫാസിസത്തിന്റെ സമകാലിക മുഖങ്ങള്‍ക്ക് ധാരാളം  ഉദാഹരണങ്ങള്‍ ലഭ്യമാണല്ലോ. താജ്മഹലല്ല നിന്നും തേജോമഹാലയയാണ് എന്ന വാദം അത്തരം  നടപ്പുരീതികളിലേക്കുള്ള ചൂണ്ടു പലകയാണ്.കെ എന്‍ പണിക്കര്‍ വര്‍ഗ്ഗിയത . സംസ്കാരം , ചരിത്രം എന്നീ വിഷയങ്ങളില്‍ കനത്ത ഉള്‍ക്കാഴ്ച നല്കുന്നുണ്ട് , ആ അഭിമുഖങ്ങളിലൂടെ.

            

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1