#ദിനസരികള്‍ 255
“ഈ മനുഷ്യന്‍ വായിച്ചറിഞ്ഞതിന്റെ പകുതി വായിക്കാന്‍
കഴിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ലോകം കീഴടക്കിയേനെ” എന്ന് ഇ എം എസ് , പി
ഗോവിന്ദപ്പിള്ളയെക്കുറിച്ച് പറഞ്ഞിട്ടുണ്ടത്രേ! അവാസ്തവമാകാനാണ് സാധ്യത. എങ്കിലും പി
ജിയുടെ വായനാശീലത്തെക്കുറിച്ച് അത്ഭൂതം തോന്നാത്തവര്‍ വിരളമായിരിക്കും. ആ മഹാമനീഷിയെക്കുറിച്ച്
മകന്‍ എംജി രാധാകൃഷ്ണന്‍ , എഴുതിയ പുസ്തകമാണ് വായിച്ചു തീരാത്ത അച്ഛന്‍ .കാഴ്ച
വായന എഴുത്ത് എന്ന പേരിലെഴുതിയിരിക്കുന്ന ഒന്നാമത്തെ ലേഖനത്തെക്കുറിച്ച് ഞാനൊന്നും
പറയുന്നില്ല. നിങ്ങള്‍ വായിച്ച് അനുഭവിക്കുക തന്നെ വേണം. പലപ്പോഴും ആ ലേഖനം
വായിച്ച് പൂര്‍ത്തിയാക്കാന്‍ വിഷമിച്ചിട്ടുണ്ടെന്നു മാത്രം സൂചിപ്പിക്കട്ടെ.
ദില്ലി റയില്‍വേ സ്റ്റേഷനിലെ ഒരു പുസ്തകക്കടയില്‍
അച്ഛനോടൊപ്പം പോയെ അനുഭവം രാധാകൃഷ്ണന്‍ പങ്കുവെക്കുന്നുണ്ട്.പുസ്തകക്കടയില്‍ കയറിയ
പി ജി സ്വന്തം മകന്‍ കൂടെയുണ്ടായിരുന്ന കാര്യം മറന്നു പോയി.തിരക്കിനിടയില്‍ അച്ഛനെ
കാണാതായപ്പോള്‍ ആകെ വലഞ്ഞ കുട്ടി കരയാന്‍ തുടങ്ങി. കരച്ചില്‍ കണ്ട് അടുത്തെത്തിയ
പോലീസുകാരന്‍ കൂട്ടിക്കൊണ്ടുപോയി അനൌണ്‍സ് ചെയ്യാന്‍ ശ്രമിക്കുമ്പോഴേക്കും
ഓടിക്കിതച്ച് അച്ഛനെത്തുന്ന കാഴ്ച എംജി മനോഹരമായി വിവരിക്കുന്നുണ്ട്. മറ്റൊരനുഭവം സകുടുംബം ഒരു നാടകം കാണാന്‍ പോയ
കഥയാണ്.”നാടകം
നടക്കുമ്പോള്‍ ഉറക്കെ കരയാനാരംഭിച്ച മകള്‍ പാര്‍വതിയേയും കൊണ്ട് അച്ഛന്‍
പുറത്തുപോയി.മണിക്കൂര്‍ രണ്ടു കഴിഞ്ഞ് നാടകം തീര്‍ന്നപ്പോഴും അച്ഛനേയും
കുട്ടിയേയും കാണാനില്ല.തിയ്യേറ്ററിന് പുറത്തും ഇല്ല.നാടകം കാണാനെത്തിയവര്‍
ഒന്നൊന്നായി സ്ഥലം വിട്ടു തുടങ്ങി.അമ്മയും ഞാനും ശേഷിച്ചു.ഞങ്ങള്‍ അന്തം വിട്ടു
നില്ക്കുന്നതുകണ്ട് നാടകം കാണാനെത്തിയ അച്ഛന്റെ സുഹൃത്തക്കളും സഖാക്കളും കാര്യം
തിരക്കി.മണിക്കൂറുകള്‍ക്കു ശേഷം അവസാനം ടാക്സി പിടിച്ച് ഞങ്ങള്‍
വീട്ടിലെത്തിയപ്പോള്‍ ഒന്നും സംഭവിക്കാത്ത മട്ടില്‍ അച്ഛന്‍ വായനയില്‍
മുഴികിയിരിക്കുന്നു.നാടം കഴിയുമ്പോഴേക്കും എത്തിയാല്‍മതിയല്ലോ എന്നു കരുതി പാര്‍വ്വതിയെ
വീട്ടില്‍ കൊണ്ടു വന്നു കിടത്തി പുസ്തകം എടുത്തതായിരുന്നത്രേ.വായനക്കിടയില്‍
ഞങ്ങളുടെ കാര്യം അച്ഛന്‍ മറന്നുപോയിരുന്നു”
വായനയെ,
പുസ്തകങ്ങളെ അത്രമാത്രം സ്നേഹിച്ചിരുന്ന മറ്റൊരാള്‍ നമ്മുടെ ഇടയില്‍ ജീവിച്ചിരുന്നോ? സംശയമാണ്.
വായിക്കുക മാത്രമല്ല , മലയാളത്തിലെ എക്കാലത്തേയും മികച്ച എത്രയോ പുസ്തകങ്ങള്‍ പി
ജിയുടേതായി നമുക്കു ലഭിക്കുകയും ചെയ്തു.കേരള
നവോത്ഥാനം ഒരു മാര്‍ക്സിസ്റ്റ് വീക്ഷണം (നാലു ഭാഗം ), മാര്‍ക്സിസ്റ്റു
സൌന്ദര്യശാസ്ത്രം –
ഉത്ഭവവും വളര്‍ച്ചയും, ഇസങ്ങള്‍ക്കിപ്പുറം എന്നിങ്ങനെ നിരവധി പ്രൌഢോജ്ജ്വല
ഗ്രന്ഥങ്ങള്‍ അദ്ദേഹത്തില്‍ നിന്നും നമുക്കു ലഭിച്ചു.കൂടാതെ മലയാളത്തിലെ തന്നെ
എക്കാലത്തേയും മികച്ച വൈജ്ഞാനിക വിപ്ലവം ഒരു സാംസ്കാരിക ചരിത്രം എന്ന പുസ്തകത്തെ
പ്രത്യേകം പരാമര്‍ശിക്കുക തന്നെ വേണം. പല വിധ കാരണങ്ങള്‍കൊണ്ടും നമ്മുടെ പരിഗണന
വേണ്ടത്ര അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടോ എന്ന സംശയം അസ്ഥാനത്തല്ലെങ്കിലും പുസ്തകങ്ങളെ
സ്നേഹിച്ച, ആശയങ്ങള്‍ക്കു വേണ്ടി ജീവിച്ച പി ഗോവിന്ദപ്പിള്ളയുടെ ജീവിതം
നമുക്കെന്നും മാതൃകാപരമാണ്.
Comments