#ദിനസരികള്‍ 250
“പകല്‍ പഴത്തൊലിയും രാത്രി പോലീസുകാരുടെ
ശുക്ലവും ഭക്ഷിച്ചിരുന്നു.”
എന്ന ഒരൊറ്റ
വരി, സമകാലിക ഭാരതത്തിന്റെ നേര്‍ച്ചിത്രമാകുന്നു.പഴത്തൊലി തിന്നുന്നവന്റെ വിശപ്പും
, ആ വിശപ്പുണ്ടാക്കുന്ന കാരണങ്ങളും അധികാരത്തിന്റെ കോണിപ്പടിച്ചൂവട്ടിലെ ഇരുള്‍മറ
പിന്‍പറ്റി കൊണ്ടാടപ്പെടുന്ന അനാശാസ്യങ്ങളുമായി സമരസപ്പെട്ട് ജീവിച്ചു
മരിക്കേണ്ടിവരുന്ന ശരാശരി ഭാരതീയന്റെ വര്‍ത്തമാനകാലജീവിതത്തിന്റെ ഗതികേടുകളും
അടയാളപ്പെടുത്തുകയാണ്, ഈ വരികളെന്ന് നിസ്സംശയം പറയാം.എന്നാല്‍ സ്വപ്നത്തില്‍
ഈച്ചകളേയും എന്ന് ഈ വരിയുടെ തുടര്‍ച്ചയായി കവി എഴുതുന്നതിനോട്
അഭിപ്രായവ്യത്യാസമുണ്ട്. കാരണം സ്വപ്നം ഉറക്കത്തിന്റെ സൃഷ്ടിയാണ്.നിസ്തേജനായി
ജീവിച്ചു മണ്ണടിയുന്ന ഈ ഇരുകാലി മൃഗത്തിന് ഉറങ്ങുവാനുള്ള സ്വാസ്ഥ്യമെവിടെ? അവന്റെ
ഉറക്കത്തേയും ഉണര്‍വ്വിനേയും ഒരുപോലെ അപഹരിച്ച , അമാനവികതകളുടെ പേക്കൂത്തുകളാല്‍
അലംകൃതമായ ഒരു രംഗമണ്ഡപത്തില്‍ , ശുക്ലവും പഴത്തൊലിയും ഭക്ഷിച്ച് എത്രനേരം
എത്രനാള്‍ അവന്‍ അല്ലെങ്കില്‍ അവള്‍ ഉറങ്ങും ? ഉറക്കം , ആയതുകൊണ്ടുതന്നെ അവനില്‍
നിന്ന് വിപ്രലുപ്തമാക്കപ്പെട്ടിരിക്കുന്നു.
ഭരിക്കുക എന്നു പറഞ്ഞാല്‍ ഭയപ്പെടുത്തുക എന്നാണ് അര്‍ത്ഥമെന്ന്
ധരിച്ചുവശായിരിക്കുന്ന അധികാരികളുടെ കൈകളിലാണ് , ആളും ആയുധവും അകമ്പടി
സന്നാഹങ്ങളുമെന്നതുകൊണ്ടുതന്നെ , അവയെല്ലാം ജനങ്ങളെ ഭീഷണിപ്പെടുത്തുന്നതിനും
അനുസരിപ്പിക്കുന്നതിനുമുള്ള ഉപാധികളായി ഭവിക്കുന്നു.നിയമസംഹിതകളെകാണിച്ച് ,
കോടതികളെ കാണിച്ച് , അരുതുകളുടെ കൊത്തളങ്ങളെക്കാണിച്ച് ജനതതികളെ അവര്‍
മെരുക്കിയെടുക്കുന്നു. വരേണ്യവര്‍ഗ്ഗത്തിന്റെ ഭാവനകള്‍ക്ക് അനുസൃതമായ
രചിക്കപ്പെട്ടിരിക്കുന്ന ധര്‍മ്മസംഹിതകളുടെ പിന്‍ബലത്താല്‍ അടിയാളന്റെ
ആത്മാവിനെക്കൂടി അവര്‍ ദണ്ഡനക്ക് വിധേയമാക്കുന്നു.
കോടതി :
(നീരസം) മറ്റെന്തെങ്കിലും പറയാനുണ്ടോ?
പ്രതി
: ഓര്‍മകള്‍
തുടങ്ങുമ്പോള്‍ ...
കോടതി :
(ഇടക്കുകയറി) ആത്മകഥയാണോ?
പ്രതി
: ആത്മാവില്ലാത്ത
കഥ –
തന്റെ കഥ ആത്മാവില്ലാത്തതായി മാറുവാനുള്ള കാരണം നന്നായി അറിയാമായിരുന്നിട്ടുപോലും
ആ അറിവിനെ അതിലംഘിക്കുവാനല്ല , മറിച്ച് അതിനോട് ഇണങ്ങിപ്പോകുവാനാണ് “പ്രതി” ശ്രമിക്കുന്നത്? ആരാണ്
നമ്മുടെ ആത്മാവുകളെ തടവിലാക്കിയിരിക്കുന്നത്? തൊലിപ്പുറത്തു വടുകെട്ടിക്കിടക്കുന്ന
തഴമ്പുകളുടെ ആധിക്യത്താല്‍ നമുക്ക് പലതും തിരിച്ചറിയാനും പലതിനോടും
പ്രതികരിക്കാനും കഴിയാതെ വരുന്നു.അതുനന്നായി അറിയാവുന്നവര്‍ നമ്മെ ജീവപര്യന്തം
തടവിനു വിധിക്കുകയും മാനസികരോഗാശുപത്രിയില്‍ ചികിത്സക്കു വിടുകയും ചെയ്യുന്നു.അതാകുന്നു
ശരാശരി ഭാരതീയന്റെ വിധി.
മുറിവുകളെ ഉണക്കാനുള്ള മരുന്നായി മാറേണ്ട വിശ്വാസസംഹിതകളെ
ഉപയോഗിച്ചുകൊണ്ട് മുറിവുകളെ ഉണ്ടാക്കുവാനും വെറുപ്പുകളെ പ്രചരിപ്പിക്കുവാനും
ശ്രമിക്കുന്നവര്‍ക്ക് ജനത ഉപകരണം മാത്രമാകുന്നു.തങ്ങളുടെ നിരാധാരത്വത്തിന് തങ്ങള്‍തന്നെയാണ്
കാരണമെന്ന് സ്വയംസമാശ്വസിക്കുന്നവര്‍ എങ്ങനെ സൃഷ്ടിക്കപ്പെട്ടു എന്നറിയണമെങ്കില്‍
ജനതയിലേക്ക് അഹിംസ ഒരു ആശയമായി അടിച്ചേല്പിക്കപ്പെട്ടതിന്റെ ചരിത്രംകൂടി തേടണം.അല്ലെങ്കില്‍
മലം തിന്നുകൊണ്ടു തുടങ്ങുകയും മലം തിന്നുകൊണ്ടു് അവസാനിക്കുകയും ചെയ്യുന്ന ഒരു
വിഭാഗം ഇവിടെ ജീവിച്ചിരുന്നുവെന്ന് നാളത്തെ ചരിത്രകാരന്മാര്‍ എഴുതും.
ഇന്ത്യന്‍ എന്ന കവിത മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയത്
ബാലചന്ദ്രന്‍ ചുള്ളിക്കാടാണ്.
Comments