#ദിനസരികള്‍ 253
സന്ധ്യ.കുട്ടികള്‍വന്നു
ചൊല്ലുന്നു
“മണമച്ഛാ”
“എന്തൊന്നിന്‍
മണം?” മാറി
മാറിയെന്‍
മക്കള്‍ മണം
വര്‍ണ്ണിക്കയായ്
“തീവണ്ടി
സ്റ്റേഷനോടടുക്കുംപോല്‍”
“അല്ല,യാശുപത്രിതന്‍
മുറ്റത്തു
നില്ക്കുംപോലെ”
“അല്ല
പൂരത്തിന്‍ പിറ്റേ
ദിവസം
തേക്കിന്‍ കാട്ടിന്‍
ചെന്ന പോല്‍” ഇങ്ങനെ
തങ്ങളെ ചൂഴ്ന്നു നില്ക്കുന്ന മണങ്ങളുടെ നിരവധി വര്‍ണനകള്‍ കുട്ടികള്‍ അച്ഛന്
മനസ്സിലാകാന്‍ വേണ്ടി വിവരിച്ചുകൊടുക്കുന്നു.എത്രയോ മണങ്ങള്‍.തിരിച്ചറിയാതെയും
അറിഞ്ഞും ചുറ്റും പടരുന്ന മണങ്ങളുടെ ആധിക്യം അച്ഛനെ ഒരു
തീരുമാനത്തിലേക്കെത്തിക്കുന്നു.
“മതി,
ചൊല്ലി ,ഞാ “നിത്ര
മണങ്ങളൊന്നിച്ചേറ്റാന്‍
പിറന്നോനൊരാള്‍ മാത്രം
ജോണ്‍ മാത്രം , പടി കട
ന്നവനിങ്ങെത്തി ; ഈസ്റ്റര്‍
ഇന്ന്, നാല്പതു നാളായ്
മുഴുപ്പട്ടിണിയവന്‍;
ഒരുക്കൂ
തീന്‍മേശമേല്‍
വീഞ്ഞു,മപ്പവു,മവ
നിഷ്ടമാം
ബിഥോവന്റെ
സിംഫണികളും
സോള
മന്റെ
കീര്‍ത്തനങ്ങളും “ ജോണ്‍
മണം എന്ന പേരില്‍ സച്ചിദാനന്ദന്‍ എഴുതിയ കവിതയാണ് , നിര്‍വചനങ്ങളുടെ
ഇത്തിരിവട്ടത്തിലേക്ക് നിന്നുതരാത്ത ജോണ്‍ എബ്രഹാം എന്ന സംവിധായകനെ ശരിയായി
അടയാളപ്പെടുത്തുന്നത് എന്നു തോന്നുന്നു. അസാമാന്യനായിരുന്ന ജോണ്‍ , അനേകം
ഗന്ധങ്ങളെ തനിക്കുചുറ്റും ആവാഹിച്ചു കൊണ്ടുനടന്നിരുന്നു.ഏതെന്ന്
തിരിച്ചറിയാനാകാത്ത ആ മണങ്ങളുടെ ആകെത്തുകയെ നമുക്ക് ജോണ്‍ എബ്രഹാം എന്നു
വിളിക്കാം.
സനല്‍
കുമാര്‍ ശശിധരനേയും ജോണ്‍ എബ്രഹാമിനേയും താരതമ്യപ്പെടുത്തി ചലച്ചിത്ര
സംവിധാനരംഗത്തെ മലയാളത്തിന്റെ അഭിമാനസ്തംഭങ്ങളായി അവതരിപ്പിച്ചുകൊണ്ടിരുന്ന ഒരു
സുഹൃത്തിന്റെ പ്രഭാഷണത്തിലേക്ക് യദൃശ്ചയാ കയറിച്ചെന്ന എനിക്കുണ്ടായ ദിഗ്ഭ്രമം
ജോണിനെപ്പറ്റി ചിന്തിക്കുവാന്‍ എന്നെ പ്രേരിപ്പിച്ചു.താരതമ്യത്തിന്റെ പ്രസക്തിയോ
പ്രാധാന്യമോ എനിക്കു ബോധ്യമായില്ലെന്നതുമാത്രമല്ല ബാലിശമായ വാദങ്ങളുടെ അസ്ഥിരത
എന്നെ ആവോളം അലോസരപ്പെടുത്തുകയും ചെയ്തു.തിരുവനന്തപുരത്തെ ഫിലിം ഫെസ്റ്റൊക്കെ
കണ്ടു വന്ന പണ്ഡിതനായ സുഹൃത്താണ് പേച്ചുകാരന്‍. ഒ.എം.കെ.വി എന്ന് മനസ്സില്‍
പറഞ്ഞുകൊണ്ട് രംഗത്തുനിന്നും നിഷ്ക്രമിച്ച ഞാന്‍ എന്റെ അരിശം തീര്‍ത്തത് ,
അരുമകളായ എന്റെ നാലുകുഞ്ഞിപ്പൂച്ചകള്‍ക്ക് ആവോളം കോഴിയിറച്ചി
വാങ്ങിക്കൊടുത്തുകൊണ്ടായിരുന്നു.ജോണേ , ഇങ്ങനെയല്ലാതെ നിന്നെപ്പോലെ ചില ആഭാസത്തരങ്ങള്‍ക്ക് പത്തലുകൊണ്ടു മറുപടി
പറയാനുള്ള ധൈര്യമൊക്കെ ഞങ്ങള്‍ക്ക് കൈമോശം വന്നുപോയല്ലോ.
ബോധാവസ്ഥയില്‍
ലോകം കള്ളം പറഞ്ഞു ;
അബോധാവസ്ഥയില്‍ ജോണ്‍ സത്യവും.നാം ജോണിനെ മദ്യപാനിയെന്ന് ആക്ഷേപിച്ചു അവന്‍ പറഞ്ഞ
സത്യങ്ങളുടെ തിളക്കങ്ങളില്‍ ക്ലാവുപിടിപ്പിച്ചു.ഇപ്പോള്‍ നമ്മുടെ ചിന്തകളുടെ
കുടുസുമുറികളില്‍ സത്യങ്ങള്‍ വിചാരണ
ചെയ്യപ്പെടുകയും അസത്യം വിധിപറയുകയും ചെയ്യുന്നു.നല്ലത്. നമുക്കിനിയും ഇക്കളികള്‍
തുടരാം. പൂച്ചകളെങ്കിലും വയറു നിറച്ചുണ്ടുറങ്ങട്ടെ !
Comments