#ദിനസരികള്‍ 249

ദൈവം സ്നേഹമാണ് എന്നത് അനാദിയായ കാലം മുതല്‍ക്കുതന്നെ ദൈവങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ നാം കേള്‍ക്കാറുള്ള ഒരു പ്രതികരണമാണ്. പല പേരുകളില്‍ മതങ്ങള്‍ പറയുന്നുവെന്നേയുള്ളു എല്ലാം ഒന്നുതന്നെ എന്നു കൂടി കൂട്ടിച്ചേര്‍ക്കപ്പെടും.അത് പ്രത്യക്ഷത്തില്‍ വളരെ നല്ലതും , ആളുകളെ വശീകരിക്കുന്നതുമായ ഒരു പ്രസ്ഥാവനയാണ്. മാനവികവും , അപരരില്‍ നിന്നു നാം പ്രതീക്ഷിക്കുന്നതുമായ ഒരു ഗുണത്തെ , അത് സര്‍വ്വകാലികമായതുകൊണ്ടുതന്നെ ദൈവത്തിന്റെ വൈശിഷ്ട്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായി പരിഗണിക്കുന്നതുകൊണ്ടും വ്യക്തികള്‍ക്കിടയില്‍ സ്നേഹമുണ്ടെങ്കില്‍ മറ്റു കാലുഷ്യങ്ങളില്ലാതെയാകുമെന്നതുകൊണ്ടും , സ്നേഹമാണ് ദൈവം എന്ന് അധികം അധ്വാനിക്കാതെതന്നെ സ്ഥാപിച്ചെടുക്കാവുന്നതേയുള്ളു. അതേപോലെതന്നെ ദൈവം , കരുണയാണ് , അല്ലെങ്കില്‍ മറ്റേതെങ്കിലും ലോലവികാരങ്ങളാണ് എന്നൊക്കെ പറയുമ്പോഴും മനുഷ്യന് പ്രിയപ്പെട്ടതും അവന്‍ പ്രതീക്ഷിക്കുന്നതുമായ ചില നല്ലതുകളെ ദൈവത്തിങ്കലേക്ക് ആരോപിച്ചുകൊണ്ട് സായൂജ്യമടയുന്നു എന്നേയുള്ളു. ലളിതയുക്തികളെ തൃപ്തിപ്പെടുത്തുവെന്നതില്‍ക്കവിഞ്ഞ് ഈ വാദങ്ങള്‍ക്ക് മറ്റൊരു പ്രാധാന്യവും ഇതുന്നയിക്കുന്നവര്‍ പോലും അനുവദിക്കുന്നില്ല എന്നതാണ് വസ്തുത.
            അധികം ആഴത്തിലേക്ക് പോകാതെ ദൈവം സ്നേഹമാണ് എന്ന പ്രസ്ഥാവന പരിശോധിക്കുക. ഇതുന്നയിക്കുന്നവരോട് അവര്‍ വിശ്വസിക്കുന്ന മതവുമായി ബന്ധമില്ലാത്ത ഒരാരാധന നടക്കുന്ന സ്ഥലത്തുപോയി ആ ദൈവത്തെ ഭജിക്കുവാന്‍ ആവശ്യപ്പെടുക. ദൈവം കേവലമായ സ്നേഹമാണെന്ന് വാദിക്കുന്നവര്‍ കൂടി അത് പ്രായോഗികമാക്കുവാനുള്ള ആവശ്യത്തിന്റെ മുന്നില്‍ ചുരുങ്ങുന്നതുകാണാം. അവരുടെ മതബോധം, അവര്‍ ചിന്തിച്ചുറപ്പിച്ചിരിക്കുന്ന ധാരണകള്‍ അത്രമാത്രം ഉപരിപ്ലവവും സങ്കുചിതവുമാണ് എന്നതിന്റെ നിദര്‍ശനമാണിത്.
            ഇനി വിശാലമായ അര്‍ത്ഥത്തിലാണ് ദൈവം സ്നേഹം മാത്രമാണെന്ന് വാദിക്കുന്നതെങ്കില്‍ അതും പരിശോധിക്കേണ്ടതുതന്നെ.ഇതുവരെ നിലവിലുള്ള എല്ലാ ദൈവങ്ങളുടേയും അപ്പുറം സ്നേഹം എന്ന പേരില്‍ ഒരു പുതിയ ദൈവത്തെ സ്ഥാപിക്കുകയല്ല ചെയ്യുന്നതെന്നത് പ്രത്യേകം ശ്രദ്ധിക്കണം. നിലവിലുള്ള മതങ്ങളിലെ ദൈവത്തെക്കുറിച്ചാണ് ഈ വിശേഷണങ്ങളൊക്കെത്തന്നെ. അങ്ങനെയെങ്കില്‍ നിങ്ങള്‍ ഏതു ദൈവത്തിന്റെ ഏതു സ്നേഹത്തെയാണ് പിന്തുടരുക? ഈ ചോദ്യം കേള്‍ക്കുമ്പോള്‍ സ്നേഹം ഒന്നേയുള്ളു എന്ന് നെറ്റിചുളിക്കുന്നവരെ എനിക്കു കാണാം. --------- മതത്തിലെ ----------- ദൈവം പറയുന്നതു ------------ വഴികളിലൂടെ പോയാല്‍ എനിക്കു നിന്നോട് സ്നേഹവും കരുണയുമുണ്ടാകും. അതുകൊണ്ട് നീ ആ വഴിയിലൂടെ പോകണം എന്നാണ്. അതേപോലെ ഇപ്പുറത്തുള്ള മറ്റേ ----------------- മതത്തിലെ ------------- ദൈവം പറയുന്നത് നീ ----------------- വഴികളിലൂടെ പോയാല്‍ ശിക്ഷിക്കപ്പെടും. അതുകൊണ്ട് ആ വഴികള്‍ നിനക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു എന്നാണ്.മതങ്ങളിലെ നിയമസംഹിതകള്‍  ആവശ്യപ്പെടുന്നത് ദൈവത്തിന്റെ ഇത്തരം നിര്‍‌ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനാണ്. അങ്ങനെയല്ലെങ്കില്‍ അവര്‍ അതിന് ശിക്ഷാവിധികളും കണ്ടവെച്ചിട്ടുണ്ടാകും. ഞാന്‍ മാത്രമാണ് വഴിയെന്ന് അവകാശപ്പെടുന്ന ദൈവങ്ങള്‍ ഈ വാദത്തിന് കൂടുതല്‍ ബലം നല്കുന്നുണ്ട്. അപ്പോള്‍ മതം വെടിഞ്ഞു് നിരുപാധികമായ സ്നേഹത്തെ പകരം വെക്കുവാന്‍ തയ്യാറാകാത്തിടത്തോളം കാലം സ്നേഹമാണ് ദൈവം എന്ന വാദം അസംബന്ധമാണെന്നു പറയാതെ വയ്യ. ഇനി മനുഷ്യര്‍ തമ്മിലുള്ള സ്നേഹത്തിനാണ് ദൈവം എന്നു പറയുന്നതെന്ന് വാദിക്കുന്ന ശുദ്ധാത്മാക്കളുമുണ്ടാകും. അവരോട് മതമില്ലാതെ ജീവിച്ചുകൂടേ എന്നു ചോദിച്ചാല്‍ അവിടെ തീരും ഈ വാദം.ഇനി , മതമില്ലാതെ ജീവിക്കുന്നവര്‍ക്ക് ഈ വാദങ്ങളൊന്നും ബാധിക്കുന്നില്ലെന്നു കൂടി ചൂണ്ടിക്കാണിച്ചുകൊള്ളട്ടെ.

            അവസാനിപ്പിക്കട്ടെ. ദൈവം സ്നേഹമാണെന്ന് വാദിക്കുന്നവര്‍‌ മുന്നോട്ടു വെക്കുന്ന കാപട്യത്തെ ചൂണ്ടിക്കാണിച്ചുവെന്നേയുള്ളു.എന്തിന്റെയൊക്കെ പേരിലായാലും സമൂഹത്തില്‍ പരസ്പരമുള്ള സ്നേഹവും സൌഹാര്‍ദ്ധവും എത്ര കണ്ടു വര്‍ദ്ധിക്കുന്നുവോ അത്രക്കത്രക്ക് നാം മനുഷ്യരാകുന്നു, മനുഷ്യത്വത്തോട് അടുക്കുന്നു.ദൈവം സ്നേഹമാണെന്ന വാദം അതിനു സഹായകമാകുമെങ്കില്‍ ആകട്ടെ എന്നുമാത്രം.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1