#ദിനസരികള്‍ 254

ഇടശ്ശേരിയുടെ കുറ്റിപ്പുറം പാലം എന്ന കവിത , പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ട് മുന്നോട്ട് കുതികുതിക്കുന്ന മനുഷ്യവംശത്തിന്റെ മുഖത്തേക്ക് ഒരു ചോദ്യം തുപ്പുന്നുണ്ട്.ഏതുകാലത്തും പ്രസക്തമാകുന്ന അച്ചോദ്യത്തിന്റെ ഉള്ളുറപ്പില്‍ വായനക്കാരനെ ഉലയ്ക്കുക എന്ന കര്‍ത്തവ്യം ഈ കവിത ഭംഗിയായി നിറവേറ്റുന്നുമുണ്ട്.മനുഷ്യന്‍ മനുഷ്യനല്ലാതാകുകയും വികസനമെന്ന മഹാമന്ത്രത്തിന്റെ പതാകാവാഹകരായി മാത്രം മാറുകയും ചെയ്യുന്ന ഒരു കാലഘട്ടത്തില്‍ മൂല്യങ്ങളൊക്കെയും തച്ചു തകര്‍ക്കപ്പെടുകയും ഘനമാനങ്ങളില്‍ കെട്ടിയുയര്‍ത്തപ്പെട്ടിരിക്കുന്ന മണിമന്ദിരങ്ങളുടെ ശീതീകരിച്ച ഉള്‍ത്തടങ്ങളില്‍ അരുളിമരുവുന്ന മഹാപ്രഭൂക്കന്മാരുടെ അമാനവികമായ ഇച്ഛകള്‍ മാത്രം നടപ്പിലാക്കപ്പെടുകയും ചെയ്യുന്ന ഇക്കാലങ്ങളില്‍ ഈ ചോദ്യത്തിന്റെ പ്രാധാന്യം എടുത്തു പറയേണ്ടതുതന്നെയാണ്.
                        കളിയും ചിരിയും കരച്ചിലുമായി
                        ക്കഴിയും നരനൊരു യന്ത്രമായാല്‍
                        അംബ , പേരാറേ നീ മാറിപ്പോമോ?
                        ആകുലയാമൊരഴുക്കു ചാലായ് ? ഈ നാലുവരികളില്‍ ഉപയോഗിച്ചിരുന്ന പദങ്ങളില്‍ കളി , ചിരി , കരച്ചില്‍  എന്നിവ മനുഷ്യന്റെ അടിസ്ഥാന വികാരങ്ങളോടു ചേര്‍ന്നു നില്ക്കുന്നവയാണ്.അവയില്‍ത്തന്നെ ചിരിയും കരച്ചിലുമാണ് മനുഷ്യനെ മനുഷ്യനായി വേറിട്ടു നിലനിറുത്തുന്ന രണ്ടു പ്രധാന ഘടകങ്ങള്‍. യാന്ത്രികമായ സംസ്കൃതിയുടെ കടന്നു കയറ്റം ജൈവികമായ നമ്മുടെ അടിസ്ഥാനഭാവങ്ങളെ മരവിപ്പിക്കുയും ചിരിയുടേയും കരച്ചിലിന്റേയും അവയുടെ സ്വാഭാവികമായ വന്നുപോകലുകളെ തടയുകയും ചെയ്യും.ഇത് മനുഷ്യനെ മനുഷ്യനല്ലാതെയാക്കും എന്ന കാര്യം അവിതര്‍ക്കിതവും നാം സമകാലികമായ അനുഭവിച്ചുകൊണ്ടിരിക്കുയും ചെയ്യുന്ന വസ്തുതയാണ്.
            നഗരം ഗ്രാമങ്ങളിലേക്ക് ചെന്നു കയറുകയും ഗ്രാമങ്ങളുടെ ഉമ്മറത്ത് ഇളംവെറ്റിലയുടെ ഞരമ്പുകള്‍ നുള്ളി മാറ്റി ചവച്ചു തുപ്പി രസംകൊണ്ടിരുന്ന പച്ചമനുഷ്യരെ വലിച്ചു പുറത്തെറിയുകയും യന്ത്രവത്കൃതമായ ഒരു നഗരജീവിതത്തെ സ്ഥാപിച്ചെടുക്കുകയും ചെയ്തപ്പോള്‍ നമുക്ക് ഇല്ലാതായത് എന്തെല്ലാമാണെന്നുള്ള കണക്കെടുപ്പിന് ഒരു പ്രസക്തിയുണ്ടോ? ഉണ്ടെന്നാണ് ഇടശ്ശേരിയുടെ പക്ഷം ; എന്റേയും. തടംകുത്തിത്തകര്‍ത്തു പാഞ്ഞൊഴുകുന്ന പേരാറിന് കുറുകെ പാലമുണ്ടാകേണ്ടതുതന്നെ. പക്ഷേ അതുവഴി കടന്നു വരുന്ന അവസാനമില്ലാത്ത മറ്റു വിപത്തുകളെ നാം നേരിടേണ്ടതെങ്ങനെ?അമ്പരപ്പോടെ ആ വരവിനെ കണ്ടു നില്ക്കുക എന്ന ദയനീയതയാണ് കവി വരച്ചിടുന്നത്.
            അലരിന്മേല്‍ വാഴ്ച തുടങ്ങുകയായ്
            ശിലയും കരിയും സിമന്റുരുക്കും
            അലറിക്കുതിച്ചിങ്ങു പായുകയായി
            ടയറും പെട്രോളും പകലിരവും
            ഇവിടെച്ചമരുകളുയരുകയാ
            യിടയറ്റിവും വലവും ,മെങ്ങും
            കടുതരം പകലെങ്ങും ശബ്ദുപൂരം
            കടുതരമിരവിലും ശബ്ദപൂരം
            മുറുകിടും ശബ്ദങ്ങളെങ്ങുമിങ്ങും
            മുറുകിടും ചലനങ്ങളങ്ങുമെങ്ങും
            അറിയാത്തോര്‍ തമ്മിലടിപിടികള്‍
            അറിയാത്തോര്‍ തമ്മില്‍ പിടിച്ചു പൂട്ടല്‍
അറിയാത്തോര്‍ തമ്മിലയല്‍പക്കക്കാര്‍
            അറിയുന്നോരെല്ലാരുമന്യനാട്ടാര്‍ - എല്ലാമെല്ലാം കണക്കില്‍‌പ്പെടുത്തി മെഴുക്കിട്ട് ചലിക്കുന്ന യാന്ത്രികമായ ഒരന്തരീക്ഷത്തില്‍ നിങ്ങളുടെ മൃദുവില്‍ മൃദുവായ ലോലവികാരങ്ങളെ താലോലിക്കാന്‍ ആര്‍ക്കാണു നേരം? മനുഷ്യനെ മാനവികതെ കേന്ദ്രസ്ഥാനത്തുനിറുത്തുന്ന വികസനചിന്തകളെ സ്വീകരിക്കുവാന്‍ നമുക്കെന്നാണ് കഴിയുക?
            ആടപത്തോടിവള്‍ പേമഴയി
            ലാകെത്തടം കുത്തിപ്പാഞ്ഞു നിന്നു
            ഒരു തോണി പോലും വിലങ്ങിടാതെ
            ഗരുഡനും മേലില്‍ പറന്നിടാതെ
            ഇനിയും നീളേ നീയിരച്ചുപൊന്തും
            ഇനിയും തടംതല്ലിപ്പാഞ്ഞണയും
            ചിരി വരുന്നുണ്ടതു ചിന്തിക്കുമ്പോ
            ളിനി നീയ്യിപ്പാലത്തില്‍ നാട്ടനൂഴും -  സ്വന്തം വിധിയോട് ഏറ്റുമുട്ടി നാട്ട നൂഴാന്‍ വിധിക്കപ്പെട്ടത് കേവലമൊരു നദിയല്ല മനുഷ്യകുലമാകെത്തന്നെയുമാണ് എന്ന തിരിച്ചറിവ് എന്നുണ്ടാകുന്നോ അന്നേ കവി ഉന്നയിക്കുന്ന ചോദ്യങ്ങളെ അഭിമുഖീകരിക്കുവാനുള്ള ധൈര്യം നാം കൈവരിക്കൂ. അതുകൊണ്ട് മനുഷ്യനായിരിക്കുക എന്ന വലിയ വെല്ലുവിളി ഏറ്റെടുക്കുന്നതിന് ആരൊക്കെയാണ് മുന്നിട്ടിറങ്ങുക എന്നതാണ് ചോദ്യം.


Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍