#ദിനസരികള്‍ 251
ഏതോ ഒരുള്‍വിളിയാല്‍ ,
മുപ്പതാമത്തെ വയസ്സില്‍ സരതുസ്ത്ര തന്റെ വീട് ഉപേക്ഷിക്കുകയും വനാന്തരങ്ങളിലേക്ക് പോകുകയും
ചെയ്തു. ഏകദേശം പത്തു വര്‍ഷക്കാലം തന്റെ ആത്മാവിനോടും ഏകാന്തതയോടും മാത്രം
സംവദിച്ചുകൊണ്ട്
ഉണര്‍വ്വിന്റെ പുതുവഴികള്‍ ആസ്വദിച്ചുകൊണ്ട് അദ്ദേഹം ജീവിച്ചു.മനംമാറ്റത്തിന്റേതായ
ഒരു ദിനത്തില്‍ , ഉദയസൂര്യനോട് മുഖമുഖമായി നിന്നുകൊണ്ട് അദ്ദേഹം പറഞ്ഞു
“എന്റെ
പ്രിയപ്പെട്ട സവിതാവേ,
മഹാപ്രഭോ , നിനക്കു പ്രകാശിപ്പിക്കുവാന്‍ ഇക്കാണായതൊന്നുമില്ലായെങ്കില്‍ നീ
അനുഭവിക്കുന്ന സന്തോഷം ഏതു തരത്തിലുള്ളതായിരിക്കും ?
കഴിഞ്ഞ പത്തുകൊല്ലങ്ങളായി
നിരന്തരം എന്റെ ഗുഹയിലേക്ക് നീ എന്നെ തേടി വന്നു.എനിക്കറിയാം, എനിക്കും എന്റെ സര്‍പ്പത്തിനും
എന്റെ പരുന്തിനും വേണ്ടിയായിരുന്നു നീ വന്നതെന്ന് എനിക്കറിയാം.അല്ലായിരുന്നെങ്കില്‍
നിന്റെ മൌഡ്യമിയലാത്ത ഈ ആഗമനങ്ങള്‍ക്ക് മറ്റെന്താണ് കാരണം പറയുക ?
ഞങ്ങള്‍ എല്ലാ ദിവസവും കാത്തുനിന്നു.നീ കനിഞ്ഞരുളുന്നതിനെ
കൈകളുയര്‍ത്തി സ്വകരിച്ചു.
നോക്കൂ , ഇപ്പോള്‍ ഞാന്‍ അറിവുകളുടെ ഭാരത്താല്‍
ക്ഷീണിതനായിരിക്കുന്നു. അമിതമായി തേന്‍ ശേഖരിച്ചു വെച്ചിരിക്കുന്ന ഒരീച്ചയെപ്പോലെ
എനിക്കു മടുത്തിരിക്കുന്നു.എന്റെ അറിവുകളെ സ്വാംശീകരിക്കുവാന്‍ എന്നെത്തേടുന്ന
കൈകള്‍ക്ക് ഞാന്‍ കാത്തിരിക്കുന്നു
ജ്ഞാനികള്‍ അവിവേകങ്ങളിലും ദരിദ്രര്‍ ധനികരാകുന്നതിലും
ആനന്ദം കണ്ടെത്തുന്നതുവരെ ഞാനെന്റെ ജ്ഞാനങ്ങളെ ലോകത്തിലേക്ക് പ്രക്ഷേപണം
ചെയ്തുകൊണ്ടിരിക്കും
അതുകൊണ്ടാണ് നീ സായംകാലങ്ങളില്‍ പ്രകാശം പരത്തുന്നതിന്
വേണ്ടി അധോലോകങ്ങളിലേക്ക് പോയിമറയുന്നതുപോലെ ഞാനും അധോഗമനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്.
ഉന്നതികളെ ത്യജിച്ചുകൊണ്ട് നീ സഞ്ചരിക്കുന്നതുപോലെ ഞാനും
താഴ്‌വാരങ്ങളിലെ ജനങ്ങളിലേക്ക് ഇറങ്ങട്ടെ
തുല്യതയോടെ സര്‍വ്വതിനും മുകളില്‍ സാക്ഷിയായി നില്ക്കുന്ന നിശാന്തനായ
ഗഗനചാരി , എന്നെ അനുഗ്രഹിക്കുക.
ഈ നിര്‍ഗമനങ്ങളെ അനുഗ്രഹിക്കുക.ആ അനുഗ്രഹങ്ങളാല്‍
വഴിഞ്ഞൊഴുകുന്ന ജ്ഞാനാനന്ദങ്ങള്‍ സൌവര്‍ണമാകട്ടെ.
മഹാപ്രഭോ , ഈ മധുചഷകം വീണ്ടും ശൂന്യമാകണം. സരതുഷ്ട്ര വീണ്ടും
മനുഷ്യനാകണം.”
സരതുഷ്ട്ര , അങ്ങനെ തന്റെ
അധോയാനങ്ങള്‍ ആരംഭിച്ചു.
( ഫ്രെഡറിക് നീഷേയുടെ
സരതുഷ്ട്രയുടെ വചനങ്ങള്‍ എന്ന വിഖ്യാതഗ്രന്ഥത്തിന്റെ സ്വതന്ത്രാവിഷ്കാരമാണ്
ഇത്.അസാമാന്യസാഹചര്യങ്ങളെ സ്വാംശീകരിക്കുവാനും ആവിഷ്കരിക്കുവാനുമുള്ള ധിഷണയുടെ
അഭാവം മലയാളീകരണത്തെ വികൃതമാക്കിയിട്ടുണ്ട്. ക്ഷമിക്കുക)
Comments