#ദിനസരികള്‍ 252
നാരായണഗുരുവിനെ
വ്യത്യസ്തനാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം , അദ്ദേഹം മനുഷ്യനെ സര്‍വ്വപ്രാധാന്യത്തോടെ
കേന്ദ്രസ്ഥാനത്തേക്ക് മാറ്റി നിറുത്തി എന്നതാണ്.ജാതി മതാദികള്‍ക്കും
സങ്കുചിതത്വങ്ങളാല്‍ നിര്‍മിക്കപ്പെട്ടിരിക്കുന്ന ഇതര വേലിക്കെട്ടുകള്‍ക്കും
അപ്പുറം , മനുഷ്യനാണ് പ്രസക്തി എന്ന പ്രഖ്യാപനമാണ് ഗുരു നടത്തിയത്. ആ
പ്രാധാന്യത്തെ പരിപോഷിപ്പിക്കുന്ന വിധത്തിലായിരുന്നു ഓരോ ഇടപെടലും അദ്ദേഹത്തില്‍
നിന്നും ഉണ്ടായത്. ഹൈന്ദവമായ വിശ്വാസധാരകളെ പിന്‍പറ്റി ആരംഭിച്ച അദ്ദേഹത്തിന്റെ
സന്യാസജീവിതം, അതിന്റെ മാമൂലുകളില്‍ നിന്ന് വഴുതിമാറിക്കൊണ്ട് മനുഷ്യന്റേതായ
ദൈനന്ദിനവ്യവഹാരങ്ങളില്‍ മാനവികമായ ഒരു സമീപനത്തെ സ്ഥാപിച്ചെടുക്കാന്‍
ശ്രമിക്കുകയും, ഒരു പീഢയെറുമ്പിനും വരുത്തരുതെന്നുള്ള കരുണ ഉള്ളിലുളവാകുമ്പോഴാണ്
നാം മനുഷ്യനെന്ന പദത്തിന് അര്‍ഹനാകുന്നതെന്ന് സംശയലേശമെന്യേ പ്രഖ്യാപിക്കുകയും
ചെയ്തുകൊണ്ട് മനുഷ്യന്‍ മധ്യസ്ഥനായിരിക്കുന്ന , കരുണ കുട പിടിക്കുന്ന, ഒരു
ലോകത്തിന് സ്വാഗതമോതുകയാണ് ഗുരു ചെയ്തത്
അംബേദ്ക്കര്‍
, ജാതിയെ തുരത്താന്‍ മതത്തെ പകരം വെക്കുവാനും , ഗാന്ധി, മതത്തെ അതായിത്തന്നെ
നിലനിറുത്തിക്കൊണ്ട് പരിഷ്കരിച്ചെടുക്കുവാനുമുള്ള ശ്രമങ്ങള്‍ നടത്തിയപ്പോള്‍
മനുഷ്യന് ജാതിയോ മതമോ വേണ്ട എന്ന പ്രഖ്യാപനം നടത്തിയ ഗുരു , ആദരിച്ചാനയിച്ചത്
മനുഷ്യനെന്ന മൂല്യത്തെയായിരുന്നു.എത്രയൊക്കെ പുരോഗമനോന്മുഖമായാലും ജാതിയോ മതമോ
നിലനില്ക്കുന്ന ഒരു സമൂഹത്തിന് ഒരു പരിധിക്കപ്പുറം കടന്നേറുവാന്‍ കഴിയില്ല എന്ന്
ഗുരു മനസ്സിലാക്കിയിരുന്നു.അതുകൊണ്ടാണ് മതത്തില്‍ നിന്ന് പുറത്തുകടന്നു
നിന്നുകൊണ്ട് നമുക്കിന് ജാതിയോ മതമോ ആയി ബന്ധമില്ല എന്ന് ഗുരു
പ്രഖ്യാപിച്ചത്.പ്രത്യേകിച്ച് എടുത്തു പറയേണ്ട കാര്യം , മതനവീകരണങ്ങളായിരുന്നില്ല
ഗുരുവിന്റെ ആദര്‍ശം മറിച്ച് മതനിരാകരണമായിരുന്നു എന്നതാണ്. ആദ്യകാലങ്ങളില്‍
മതത്തോടൊട്ടി നിന്നുകൊണ്ട് ചെയ്തിരുന്ന പലകാര്യങ്ങളും ഈ വെളിച്ചത്തില്‍ ഒരു
മതാതീതമനോഭാവത്തിന്റെ സംസ്ഥാപനം ലക്ഷ്യം വെച്ചുകൊണ്ടുള്ളവയായിരുന്നു എന്നു കാണാം.
പുണര്‍ന്നുപെറുമെല്ലാം
ഒരിനമാണെന്ന പ്രഖ്യാപനത്തിന് രൂഢിയായിരിക്കുന്ന ചിന്ത , മനുഷ്യകേന്ദ്രിതമാണ്. നവോത്ഥാനമുന്നേറ്റങ്ങള്‍
കണ്ടെടുത്ത മൂല്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് , ജീവകാരുണ്യപഞ്ചകത്തില്‍
പറയുന്നതുപോലെ എല്ലാവരും ആത്മസഹോദരന്മാരാണ് എന്ന ബോധമാണ് , ഭിന്നിപ്പിക്കുന്ന ,
മുറിവുകളുണ്ടാക്കുന്ന ചിന്തകള്‍ക്ക് ഇവിടെ
പ്രസക്തിയില്ല.ഇത് കേവലമായ ഒരു നാടിന്റെയോ ദേശത്തിന്റെയോ രാജ്യത്തിന്റെ പോലുമോ കാര്യമല്ല , മറിച്ച് ലോകത്തെമ്പാടുമുള്ള
മനുഷ്യനെ ഒരൊറ്റ യൂണിറ്റായി പരിഗണിച്ചുകൊണ്ട് വിശ്വമാനവന്‍ എന്ന തലത്തിലാണ്.
Comments