#ദിനസരികള് 612
എന്തിനാണ് വനിതാമതിലെന്നും ഒരു നൂറ്റാണ്ടുമുമ്പു നടന്ന നവോത്ഥാന മുന്നേറ്റങ്ങളിലെ എന്തു മൂല്യമാണ് ഇനിയും വീണ്ടെടുക്കാനുള്ളതെന്നുമുള്ള ചോദ്യങ്ങള്‍ ജനുവരി ഒന്നിന് കേരളം പ്രഖ്യാപിച്ച വനിതാമതിലിനെ ചുറ്റിപ്പറ്റി ഉയരുന്നു. അനുബന്ധമായി ലിംഗനീതിയെപ്പറ്റി നവോത്ഥാനം ചിന്തിച്ചിട്ടേയില്ലെന്നും അതുകൊണ്ടുതന്നെ നവോത്ഥാനമൂല്യങ്ങളിലേക്ക് മടങ്ങുകയെന്നു പറയുന്നത് സ്ത്രീയെ പരിമിതിപ്പെടുത്തുന്ന ഒന്നായി മാറുമെന്നുമുള്ള അഭിപ്രായം കൂടി ഉന്നയിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ വനിതാ മതിലിനെക്കുറിച്ചും അതു മുന്നോട്ടു വെയ്ക്കുന്ന മുദ്രാവാക്യങ്ങളെക്കുറിച്ചും കേരളം ചര്ച്ച ചെയ്യുക തന്നെ വേണം.
എന്താണ്
നവോത്ഥാനം ? കേരള നവോത്ഥാനത്തിന്റെ ചരിത്രമെഴുതിയ പി ഗോവിന്ദപ്പിള്ള ഒന്നാം
സഞ്ചയികയില്‍ അഞ്ച് സിദ്ധാന്തങ്ങളെ നവോത്ഥാനത്തിന്റെ മുഖമായി
അവതരിപ്പിക്കുന്നുണ്ട്. ഒന്ന് മാനവികത, രണ്ട് ജനാധിപത്യം , മൂന്ന് മതനിരപേക്ഷത ,
നാല് യുക്തിവാദം , അഞ്ച് സോഷ്യലിസം.ഈ മൂല്യങ്ങളെ നവോത്ഥാനം വിലയിരുത്തിയത്
ആകെയുള്ള മാനവസത്തയെ മുന്‍നിറുത്തിയാണ് അല്ലാതെ സ്ത്രീ എന്നോ പുരുഷനെന്നോ വേര്‍തിരിച്ചു
കണ്ടുകൊണ്ടല്ല.ലിംഗനീതിയോ തുല്യതയോ ആ അഞ്ചെണ്ണത്തില്‍ നിന്നും വേറിട്ടു
നില്ക്കുന്ന മൂല്യങ്ങളാണ് എന്ന ധാരണയില്‍ നിന്നാണ് നവോത്ഥാനമൂല്യങ്ങളില്‍ ലിംഗനീതി
ഉള്‍പ്പെടുന്നില്ല എന്ന ആക്ഷേപം ഉന്നയിക്കപ്പെടുന്നത്. ജനാധിപത്യവും മാനവികതയും
വേരോടിക്കഴിഞ്ഞ ഒരു സമൂഹത്തില്‍ ലിംഗനീതിയും തുല്യതയും സ്വഭാവികമായും
നടപ്പിലാകേണ്ട ഉള്‍പ്പിരിവുകളാണ്. അല്ലെങ്കില്‍ ഇതുരണ്ടും അതാതിന്റെ ഉള്‍ബലത്തില്‍
ജനാധിപത്യത്തേയോ മാനവികതയോ ശക്തിപ്പെടുത്തുന്നില്ലെങ്കില്‍ ആ രണ്ടുമൂല്യങ്ങളും
സ്വയം അസാധുവാക്കപ്പെടുന്നതാണ്. പറഞ്ഞു വരുന്നത് ലിംഗനീതിയും തുല്യതയും
സ്വാഭാവികമായും ജനാധിപത്യത്തിലും മാനവികതയും ഉള്‍ച്ചേര്‍ന്നിരിക്കുന്ന ശക്തമായ
ഘടകങ്ങളാണെന്നും അതുകൊണ്ടുതന്നെ അതിനെ വേറിട്ട മുദ്രാവാക്യമായി ഉന്നയിക്കേണ്ടതില്ലെന്നുമാണ്.എന്നാല്‍
ഇക്കാലത്ത് എന്തുകൊണ്ട് ലിംഗനീതിയും തുല്യതയും വേറിട്ട വിഷയങ്ങളായി ചര്‍ച്ചകളിലേക്ക്
കടന്നുവരുന്നുവെന്ന ചോദ്യത്തിന് ജനാധിപത്യവും മാനവികതയും അതിന്റെ സ്വാഭാവികമായ
അടിസ്ഥാന ആശയങ്ങളിലൂന്നിനിന്ന് ഇനിയും നമുക്ക് നടപ്പിലാക്കാന്‍ കഴിയാത്തതുകൊണ്ടുതന്നെയാണ്
എന്നാണുത്തരം. ജനാധിപത്യം വ്യക്തമായും നടപ്പിലായ ഒരു സമൂഹത്തില്‍ മാത്രമേ ലിംഗനീതി
സ്വാഭാവിക മൂല്യമായി ചേര്‍ന്നിരിക്കുകയുള്ളു. അങ്ങനെയല്ലെങ്കില്‍ അതു
നടപ്പിലാക്കിക്കിട്ടുന്നതിനു വേണ്ടി സമരങ്ങള്‍ ചെയ്യുകയും കോടതികള്‍ ഇടപെടുകയും
ചെയ്യേണ്ടിവരും.അത്തരമൊരു ഇടപെടലിന്റെ ഭാഗം തന്നെയാണ് വനിതാമതില്‍.
മറ്റൊരു
ചോദ്യം വീണ്ടെടുക്കാനുള്ള എന്തു മൂല്യങ്ങളാണ് ഇനിയുമുള്ളത് എന്നതാണ്.മേല്‍ഖണ്ഡികയില്‍
പ്രസ്തുത ചോദ്യത്തേയും അഭിവാദ്യം ചെയ്യുന്നുണ്ടെങ്കിലും ഈ ചോദ്യത്തെ പിന്‍പറ്റി
ചില കാര്യങ്ങള്‍ കൂടി വിശദീകരിക്കാനുണ്ട്.നവോത്ഥാനം കൃത്യമായ ഒരു കാലഘട്ടത്തില്‍
ഉദിച്ച് മറ്റൊരു കാലഘട്ടത്തില്‍ അസ്തമിച്ചുപോകുന്ന ഒന്നല്ല. അതൊരു തുടര്‍ച്ചയാണ്.
ആയിരത്തി എണ്ണൂറുകളുടെ ആദ്യപാദങ്ങളില്‍ ആരംഭിച്ചുവെന്ന് പറയുമ്പോള്‍ അയ്യാ
വൈകുണ്ഠര്‍ പ്രകടമായിത്തന്നെ മുന്നിട്ടിറങ്ങി നടത്തിയ പന്തിഭോജനം, കണ്ണാടി
പ്രതിഷ്ട എന്നീ പ്രവര്‍ത്തനങ്ങളുടെയൊക്കെ
മൂല്യബോധം പ്രത്യക്ഷമായിത്തന്നെ നവോത്ഥാനത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളുമായി
ഇണങ്ങിപ്പോകുന്നതാണെന്നതുകൊണ്ട് അക്കാലഘട്ടത്തിന് പ്രാധാന്യം
കൈവരുന്നുവെന്നേയുള്ളു.അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പിന്നീടങ്ങോട്ടു വന്ന ചട്ടമ്പിസ്വാമികളുടേയും
ശ്രീനാരായണന്റെയുമൊക്കെ ഊര്‍ജ്ജമായി ഭവിക്കുകയും സമൂഹത്തിന്റെ
പലതലങ്ങളിലേക്കുമുള്ള ഇടപെടലുകളായി വ്യാപിക്കുകയും ചെയ്തു. ഈ ഇടപെടലുകളില്‍ നിന്ന്
വനിതാ മതിലിലൂടെ ഇക്കാലത്തെ സ്ത്ലീകള്‍ക്ക് എന്താണ് പഠിക്കുവാനുള്ളതെന്ന
ചോദ്യത്തിന്റെ ഉത്തരം ഇവിടെ നിന്നുകൊണ്ടാണ് നാം നേരിടുക.
നവോത്ഥാനകാലത്തെ
സ്ത്രീ എങ്ങനെയായിരുന്നു?
അവള്‍ മാറുമറയ്ക്കാനുള്ള അവകാശത്തിനു വേണ്ടി പോരാടി.
മുലക്കരത്തിനെതിരെ മുല തന്നെ മുറിച്ചു നല്കിക്കൊണ്ട് പ്രതിരോധത്തിന്റെ മതില്‍ തീര്‍ത്തു.
വിധവകള്‍ അകത്തളങ്ങളിലെ ഇരുട്ടുമുറിയില്‍ നിന്ന് ഉമ്മറക്കോലായിലെ ചാരുകസേരയോളം
വളര്‍ന്നു.പുലയന്റെ കുഞ്ഞിനെ പ്രസവിക്കുന്ന സാവിത്രിമാരുണ്ടായി. ന സ്ത്രീ
സ്വാതന്ത്ര്യമര്‍ഹതി എന്ന മുദ്രാവാക്യത്തെ ആവുംവിധം അവഗണിച്ചുകൊണ്ട് മറക്കുടകള്‍ക്കുള്ളില്‍
നിന്നും അരങ്ങത്തേക്കുള്ള എഴുന്നള്ളത്തുകളുണ്ടായി.അങ്ങനെയങ്ങനെ സ്ത്രീ ഉണര്‍ന്നെഴുന്നേറ്റുവന്നത്
നിലവിലുണ്ടായിരുന്ന പുരുഷമേല്‍ക്കോയ്മകളെ വെല്ലുവിളിച്ചുകൊണ്ടും
തട്ടിത്തെറിപ്പിച്ചുകൊണ്ടും തന്നെയാണ്.അവന്‍ തീര്‍ത്ത കളങ്ങള്‍ക്കുള്ളില്‍
നിറഞ്ഞാടിയൊടുങ്ങാന്‍ മാത്രം വിധിക്കപ്പെട്ടവളായി മാറാന്‍ അവള്‍
തയ്യാറായിരുന്നില്ല.അവന്‍ പ്രഖ്യാപിച്ച അരുതുകളെ തട്ടിമാറ്റി അവള്‍
മുന്നോട്ടുകുതിച്ചു.അവളെ അടക്കിപ്പിടിക്കാന്‍ പരിശ്രമിച്ചവരൊക്കെ അകലേക്കു
തെറിച്ചൊടുങ്ങി.അത്തരത്തില്‍ നെടുനാളത്തെ സമരപ്രതിരോധങ്ങളുടെ ഫലമായി അവള്‍
നേടിയെടുത്ത സ്ത്രീ അടിമയല്ലെന്ന നവോത്ഥാന ബോധ്യത്തെയാണ് സമകാലികമായി ചിലര്‍ അട്ടിമറിക്കാന്‍
ശ്രമിക്കുന്നത്. ഒരിക്കല്‍ സ്ത്രീതന്നെ പൊട്ടിച്ചെറിഞ്ഞ ചങ്ങലകളാല്‍ അവളെ വീണ്ടും
ബന്ധിച്ചിടുവാന്‍ ശ്രമിക്കുന്നത്. ജാതിയേയും മതത്തേയും ചുറ്റിപ്പറ്റി
നിലനില്ക്കുന്ന വിശ്വാസങ്ങളെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് സ്ത്രീ നേടിയെടുത്ത
മുന്നേറ്റങ്ങള്‍ക്കെതിരെ സ്ത്രീയെത്തന്നെ അശുദ്ധയാണെന്നും ദുര്‍ബലയാണെന്നുമൊക്കെ
ചിന്തിപ്പിച്ച് സങ്കുചിതചിന്താഗതിക്കാര്‍ രംഗത്തിറക്കുന്നു. ഏതാണു
ശരിയെന്നുറപ്പിക്കാനാകാത്ത വിധത്തില്‍ പ്രചണ്ഡമായ പ്രചാരണങ്ങള്‍ തീര്‍ത്തുകൊണ്ട്
നവോത്ഥാനമൂല്യങ്ങളുടെ പക്ഷം ചേര്‍ന്നു നില്ക്കുന്നവരില്‍പ്പോലും
അങ്കലാപ്പുണ്ടാക്കിയെടുക്കാന്‍ ഇത്തരം പ്രതിലോമ ശക്തികള്‍ക്ക് കഴിയുന്നു. സ്ത്രീ
നിരന്തരമായ സമരത്തിലൂടെ നേടിയെടുത്ത ആത്മബലത്തിന് ക്ഷതം സംഭവിക്കുന്നു. ഈ
സാഹചര്യത്തില്‍ നടന്നു വന്ന വഴികളെ ഓര്‍മപ്പെടുത്തിക്കൊണ്ട് ചിതറി നില്ക്കുന്നവരെ
ഒന്നിച്ചു നിറുത്തി പ്രതിരോധത്തിന്റെ വന്മതില്‍ തീര്‍ക്കുക എന്ന ദൌത്യമാണ് കേരളം
ഏറ്റെടുത്തിരിക്കുന്നത്.പുതിയ ഒരുണര്‍വ്വിന്റെ ആത്മബലം പകരുക എന്ന ചരിത്രപരമായ
കടമയാണ് വനിതാമതിലിലൂടെ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നത്.
അതുകൊണ്ട് സ്ത്രീ ഒരിക്കല്‍ക്കൂടി
ഇരുണ്ട കാലത്തിന്റെ അടിമത്തത്തിലേക്ക് മടങ്ങിപ്പോകരുതെന്ന് ആഗ്രഹിക്കുന്ന ഏതൊരാളും
വനിതാമതിലിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കേണ്ടതുണ്ട്.
Comments