Monday, June 5, 2017

#ദിനസരികള്‍ 54


നളചരിതം. എഴുതപ്പെട്ടിട്ട് രണ്ടര നൂറ്റാണ്ടോളമായെങ്കിലും മലയാള കാവ്യലോകത്ത് ഇന്നും സിംഹാസനമിട്ടിരിക്കുന്ന ഏകച്ഛത്രാധിപതി.അവാച്യമായ അനുഭൂതികളുടെ മഹാസാഗരം.നവരസഭരിതം നളചരിതം. ഉപനിഷത് ഋഷികള്‍ ബ്രഹ്മാനുഭവം വാക്കുകള്‍ക്ക് അപ്രാപ്യമാണെന്ന് അവകാശപ്പെടുന്നതുപോലെ നളചരിതം നല്കുന്ന അനുഭവം എന്താണെന്ന് വിവരിക്കുവാന്‍ വാക്കുകള്‍ അശക്തം. അതുകൊണ്ട് ചെറുപതംഗികള്‍ അഗ്നിയിലേക്ക് ചെന്നു വീണ് ഉരുകിത്തീരുന്നതുപോലെ ഞാന്‍ നളചരിതം എന്ന രസവാഹിനിയിലേക്ക് നിപതിക്കുന്നു. വര്‍ണ്ണസംഘാതങ്ങളുടെ വിലോലവീചികളില്‍ ആനന്ദം കണ്ടെത്തുന്നു. മുങ്ങിയും പൊങ്ങിയും ഒലിച്ചും കരതൊട്ടും നളചരിതത്തില്‍ നീന്തിത്തുടിക്കുന്നു. അഹം ബ്രഹ്മാസ്മി എന്നല്ല അഹം രസോസ്മി എന്നുണരുന്നു.
            അടിമുടി രസനിഷ്യന്ദിയെങ്കിലും ഈ കൃതിയിലെ ഏതേതു പദങ്ങളാണ് എന്നെ കൂടുതല്‍ കൂടുതല്‍ ഭ്രമിപ്പിക്കുന്നത് ? എന്റെ സ്വപ്നങ്ങള്‍ക്ക് പറക്കാന്‍ ആകാശമാകുന്നത് ? അത്തരമൊരു അന്വേഷണത്തിന് ഉത്തരം തേടുക എന്നത് നചികേതസ് മരണരഹസ്യമറിയാന്‍ ശ്രമിച്ച പോലെ അസാധ്യമെങ്കിലും ശ്രമിക്കാതിരിക്കുക എന്നത് മൌഡ്യമാകുമോ എന്നൊരു ആശങ്കയാല്‍ എന്റെ പ്രിയപ്പെട്ട നളചരിതത്തിലെ അതിപ്രിയകരങ്ങളായ പദങ്ങളേതൊക്കെ എന്ന് കണ്ടെത്താനുള്ള ഒരു ശ്രമം നടത്താന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.കസ്മിന്‍ നു ഭഗവോ വിജ്ഞാതേ സര്‍വ്വമിദം വിജ്ഞാതം ഭവതി എന്ന് ശൌനകന്‍ ചോദിച്ചതുപോലെ , ഏതു പദത്തെ അറിഞ്ഞാലാണോ നളചരിതം അറിയാന്‍ കഴിയുന്നത് എന്ന് ഞാനും ചോദിച്ചു നോക്കട്ടെ. ഭാരതീയ തത്വജ്ഞാനികളില്‍ നിര്‍ണായകസ്വാധീനമുള്ള ശ്രീകൃഷ്ണന്‍ പറഞ്ഞുപോലെ കര്‍മ്മത്തിലാണ് ശ്രദ്ധ.ഫലത്തിലല്ല. ഉത്തരം ലഭിക്കണമെന്ന നിര്‍ബന്ധമൊന്നുമില്ല എന്നര്‍ത്ഥം.
            കഥ തുടങ്ങുന്നത് നിഷധരാജാവായ നളന്റെ സമീപത്തേക്ക് നാരദന്‍ വരുന്നതോടുകൂടിയാണ്. തന്റെ കൊട്ടാരത്തിലേക്ക് വന്ന മഹാമുനിയെ ആദരിച്ചിരുത്തിയ ശേഷം അദ്ദേഹത്തോട് നളന്‍ ആഗമനോദ്ദേശം ആരായുന്നു. സംപ്രീതനായ നാരദന്‍ നളനോട് കുണ്ഡിനപുരത്ത് ദേവന്മാര്‍ പോലും കൊതിക്കുന്ന രൂപസൌന്ദര്യമുള്ള ദമയന്തി എന്നു പേരായ ഒരു തരുണീമണി ഉണ്ടെന്ന് അറിയിക്കുന്നു ഈരേഴുപകിനാലുലോകങ്ങളിലും അവളെപ്പോലൊരു  കന്യകാരത്നത്തെ കണ്ടെത്തുക അസാധ്യമാണ്. നീ രാജാവായതുകൊണ്ട് ലോകത്തുള്ള രത്നങ്ങളെല്ലാം നിനക്ക് അവകാശപ്പെട്ടതാണെന്നും അത് കൈക്കലാക്കുന്നതിന് ആവശ്യമായ യത്നങ്ങള്‍ ചെയ്യണമെന്നും നാരദന്‍ നളനെ ഉപദേശിക്കുന്നു.

            നാരദന്‍ വിടപറഞ്ഞിതിന് ശേഷം മുനി പറഞ്ഞ ദമയന്തിയില്‍ മനസ്സുടക്കിപ്പോയ നളന്‍ അസ്വസ്ഥനാകുന്നു. നാരദന്‍ പറയുന്നതിന് മുമ്പുതന്നെ ദമയന്തിയെപ്പറ്റി നളന്‍ കേട്ടിട്ടുണ്ടെങ്കിലും നാരദന്റെ ഉപദേശം കൂടിയായപ്പോള്‍ നളന്റെ ആധി ഏറുകയാണുണ്ടായത്. പ്രണയപരവശനായ നളന്‍ ഇനി അവളെ സ്വന്തമാക്കാന്‍ എന്തു വഴി എന്ന ആലോചനയില്‍ മുഴുകി.നാലാം പദമായി ഉണ്ണായി വാര്യര്‍ നളന്റെ ഈ പരവേശത്തെ അവതരിപ്പിക്കുന്നു. (അവസാനിക്കുന്നില്ല )
Post a Comment