#ദിനസരികള്‍ 132
ആധുനിക സമൂഹത്തിന്
യോജിക്കാത്ത തരത്തിലുള്ള ജനാധിപത്യവിരുദ്ധമായ സങ്കല്പങ്ങളെ വിശ്വാസത്തിന്റെ പേരില്‍
തങ്ങളുടെ അനുയായികളുടെ മേല്‍ അടിച്ചേല്പിക്കുന്ന മതാധിഷ്ടിത കാഴ്ചപ്പാടുകള്‍ക്ക്
ശക്തമായ തിരിച്ചടിയും വ്യക്തിസ്വാതന്ത്ര്യത്തിന്റെ വിജയപ്രഘോഷണവുമാണ് ഇന്നലെ
സുപ്രിം കോടതിയുടെ ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച ത്വലാഖ് നിരോധിച്ചു കൊണ്ടുള്ള
വിധി. ഇന്ത്യയിലെ പൊതു സമൂഹം സര്‍വ്വാത്മനാ ഈ വിധിയെ സ്വാഗതം ചെയ്യുന്നു ; പിന്തുണക്കുന്നു.മുത്വലാഖ്
ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം വളരെയേറെ വര്‍ദ്ധിക്കുകയും യാതൊരു തത്വദീക്ഷയുമില്ലാതെ
ഫോണ്‍ മെസേജുകളിലൂടെയും മറ്റും ത്വലാഖ് നടപ്പിലാക്കുകയും ചെയ്യുന്ന സാഹചര്യം വരെ
സമീപകാലത്ത് ഉടലെടുക്കുകയുണ്ടായി.ദുരുപയോഗത്തിന് വിധേയയായവരുടെ ജീവിതം ഉയര്‍ത്തിയ ചോദ്യങ്ങള്‍
പൊതുസമൂഹത്തിനും നീതിബോധത്തിനും അവഗണിക്കാന്‍ കഴിയുമായിരുന്നില്ല.അത്തരം
അനാവശ്യവും ഏകപക്ഷീയവുമായ ത്വലാഖുകളുടെ ഫലമായി കോടതിയുടെ ഇടപെടല്‍ വിളിച്ചു
വരുത്തുകയായിരുന്നു എന്നതാണ് വസ്തുത.
ത്വലാഖ് നിരോധിക്കുന്ന കാര്യത്തില്‍ പരമോന്നത കോടതിയുടെ
ഭരണഘടനാ ബഞ്ചിലെ അഞ്ചംഗങ്ങളില്‍ മൂന്നു പേര്‍ എതിരായും രണ്ടുപേര്‍ അനുകൂലമായും
നിലപാടെടുത്തു. വ്യക്തിനിയമങ്ങള്‍ക്ക് ഭരണഘടനയുടെ സംരക്ഷണമുണ്ട് എന്ന വാദമാണ് ചീഫ് ജസ്റ്റീസ് കെഹാറും ജസ്റ്റീസ്
അബ്ദുള്‍ അസീസും എടുത്തതെങ്കില്‍ അതിനു ഭരണഘടനാപരമായ യാതൊരു സംരക്ഷണവുമില്ലെന്ന്
മറ്റു മൂന്നംഗങ്ങള്‍ വിധിച്ചു.വ്യക്തിനിയമങ്ങള്‍ക്ക് മൌലികാവകാശത്തിന്റെ
പദവിയാണുള്ളത് എന്ന ന്യൂനപക്ഷവിധിയിലെ പരാമര്‍ശം പ്രത്യേകം
ശ്രദ്ധിക്കപ്പെടേണ്ടതാണ്.ആ നിലപാട് ശ്ലാഘനീയം തന്നെ. എന്നാല്‍ ഒരാളുടെ
വ്യക്തിസ്വാതന്ത്ര്യം മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാകരുത്. ത്വലാഖിന്
വിധേയയാകുന്ന സ്ത്രീയുടെ ആത്മാഭിമാനവും ജനാധിപത്യപരമായ അവകാശങ്ങളും
പരമപ്രാധാന്യത്തോടെ സംരക്ഷിക്കപ്പെടേണ്ടതുതന്നയാണെന്ന
കാഴ്ചപ്പാടിനാണ് ഇന്നത്തെ സമൂഹത്തില്‍ കൂടുതല്‍ സ്വീകാര്യത . അതു തിരിച്ചറിഞ്ഞാണ്
ജസ്റ്റീസുമാരായ നരിമാനും കുര്യന്‍ ജോസഫും യു യു ലളിതും വിഷയത്തെ സമീപിച്ചത്.
വ്യക്തി ജീവിതത്തിന്റെ വിവിധമേഖലകളില്‍ മതങ്ങളുടെ
ഇടപെടലുകളെ സാരമായി ബാധിക്കുന്ന ഈ വിധിയുടെ പ്രസക്തി നിര്‍ണായകമാണ്. ജനാധിപത്യരാജ്യത്തില്‍
നിലനില്ക്കുന്ന ഭരണഘടനയുമായി മാറ്റുരച്ചു നോക്കാതെ ഒരു മതശാസനവും ഏകപക്ഷീയമായി നടപ്പിലാക്കപ്പെടുന്ന
സാഹചര്യങ്ങള്‍ ഇനിയം ഉണ്ടാകരുത്. ആയിരത്തിനാനൂറു വര്‍ഷമായി തുടരുന്ന മതപരമായ
അവകാശമാണ് ത്വലാഖ് എന്ന വാദത്തെ ഖണ്ഡിച്ചുകൊണ്ട് ജസ്റ്റീസ് കുര്യന്‍ ജോസഫിന്റെ “ദീര്‍ഘകാലമായി
തുടരുന്നതാണ് എന്നതുകൊണ്ടു മാത്രം നിയമപരമായ പരിരക്ഷ ലഭിക്കണമെന്ന വാദം ശരിയല്ല” എന്ന
കാഴ്ചപ്പാട് ഏറ്റവും പ്രധാനമായി എനിക്കു തോന്നുന്നത്. തങ്ങളുടെ വിശ്വാസികളെ
എക്കാലത്തും അടക്കിഭരിക്കാമെന്ന മതചിന്തയുടെ മുഖത്തേറ്റ അടിയാണ് ഈ വിധി. നിലനില്ക്കുന്ന
എല്ലാ മതങ്ങളിലേയും മനുഷ്യാവകാശ ലംഘനങ്ങളെ കണ്ടെത്തി നിരോധിക്കാനുള്ള
ഒരവസരമായിട്ടു വേണം ജനാധിപത്യസമൂഹം ആ വിധിയെ സ്വാഗതം ചെയ്യേണ്ടത് ; മതവൈതാളികന്മാരുടെ
കൂത്താട്ടങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന ഇക്കാലത്ത് , പ്രത്യേകിച്ചും.
Comments