#ദിനസരികള്‍ 888 ഇടതിന് എന്തുപറ്റി ? – ഒരു ചോദ്യവും പല ഉത്തരങ്ങളും ! – 9


            പ്രഭാത് പട്നായിക് എഴുതിയ ഇടതുപക്ഷം എന്തു ചെയ്യണം എന്ന ലേഖനത്തില്‍ നിന്നും ദീര്‍ഘമായി ഉദ്ധരിക്കേണ്ടി വരുന്നു - “ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയുടെ കാരണങ്ങള്‍ വിശകലനം ചെയ്യാനും അവര്‍ക്ക് തിരിച്ചു വരാന്‍ വേണ്ട ഉപദേശങ്ങള്‍ നല്കാനും ധാരാളം സമയവും സ്ഥലവും ചെലവഴിക്കുന്നുണ്ട്.പക്ഷേ ഇതെല്ലാം കേന്ദ്രീകരിക്കുന്ന ഒരു ബിന്ദുവിലാണെന്ന് പറയാത വയ്യ.ഇടതുപക്ഷം സാമ്രാജ്യത്തെക്കുറിച്ചുള്ള അകാരണമായ ഭീതി ഉപേക്ഷിക്കണമെന്നാണ് അവരെല്ലാം ആവശ്യപ്പെടുന്നത്.ഇതു പലപ്പോഴും നേരിട്ടും മറ്റു ചിലപ്പോള്‍ വ്യംഗ്യമായുമാണ് സൂചിപ്പിക്കപ്പെടുന്നത്.ഇടതുപക്ഷം യു പി എ സര്‍ക്കാറിനുള്ള പിന്തുണ പിന്‍ വലിക്കരുതായിരുന്നുവെന്ന് ചിലര്‍ പറയുന്നു.അമേരിക്കന്‍ സാമ്രാജ്യത്വവുമായി ഇന്ത്യ ഏര്‍പ്പെടാന്‍ സാധ്യതയുള്ള തന്ത്രപരമായ സഖ്യത്തെക്കുറിച്ചുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്നാണ് ഇടതുപക്ഷം യുപിഎ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചത് എന്നതിനാല്‍ ഈ വാദം ഉയര്‍ത്തുന്നവര്‍ പറയാതെ പറയുന്നത്, ഇടതുപക്ഷം സാമ്രാജ്യത്വ ഭീഷണിയെ പെരുപ്പിച്ച് കാണിക്കുന്നുവെന്നു തന്നെയാണ്.മറ്റു ചിലരുടെ വാദമാകട്ടെ ഈ ജനവിധി വികസനത്തിനു വേണ്ടിയുള്ള ജനവിധി ആണെന്നാണ്.അവര്‍ അര്‍ത്ഥമാക്കുന്നത് ഇടതുപക്ഷത്തിനേറ്റ തിരിച്ചടി വികസനം ( നവലിബറല്‍ മാതൃകകള്‍ക്കകത്ത് നിന്നുകൊണ്ട് ബഹുരാഷ്ട്ര കുത്തകകളുടെ നിക്ഷേരപത്തിനായി സംസ്ഥാനങ്ങള്‍ തങ്ങളില്‍ തങ്ങളില്‍ മത്സരിച്ച് ) കൊണ്ടുവരുന്നതില്‍ അവര്‍ പരാജയപ്പെട്ടതുമൂലമാണെന്നാണ്.നവലിബറല്‍ മാതൃകകളെ ഇടതുപക്ഷം എതിര്‍ക്കുന്നത് ( ഈ എതിര്‍പ്പിന് സാമ്ര്യാജ്യത്വ വിരുദ്ധതയുമായി അഭേദ്യമായ ബന്ധമുണ്ട് ) കാലഹരണപ്പെട്ട ആശയങ്ങളുടെ തടവറയിലായതിനാലാണെന്നും അതിനാലാണ് അവര്‍ക്ക് തിരിച്ചടിയുണ്ടായതെന്നുമാണ് ഈ വാദത്തിലൂടെ ചിലര്‍ പറയുവാന്‍ ശ്രമിക്കുന്നത്. മറ്റു ചിലര്‍ ഉയര്‍ത്തുന്ന വാദം കേന്ദ്രത്തില്‍ മതേതരവും സുസ്ഥിരവുമായ ഒരു ഭരണം ഉണ്ടാകണമെന്ന ആഗ്രഹം മൂലം യു പി എയ്ക്ക് അനുകൂലമായ ഒരു തരംഗം ഉണ്ടായി എന്നും ബി ജെ പിയുമായി മുമ്പ് സഖ്യമുണ്ടാക്കിയിട്ടുള്ള ചില കക്ഷികളുമായി ചേര്‍ന്ന് മൂന്നാംമുന്നണി കെട്ടിപ്പടുക്കാന്‍ ശ്രമിച്ചതിനാല്‍ അത് ഇടതുപക്ഷത്തെ വളരെ പ്രതികൂലമായി ബാധിച്ചു എന്നുമാണ്.ഇടതുപക്ഷം മൂന്നാം മുന്നണിയിലെ സഖ്യകക്ഷികളുമായി യാതൊരു തിരഞ്ഞെടുപ്പ് ധാരണയുമുണ്ടാക്കാതെ ഒറ്റയ്ക്കു മത്സരിക്കണമെന്നായിരുന്നുവെന്നാണോ നാം ഇതില്‍ നിന്നും എത്തിച്ചേരേണ്ട നിഗമനം? ചിലര്‍ പറയുന്നത് അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ഇടതുപക്ഷത്തിന് അതിന്റെ പ്രത്യയശാസ്ത്ര ധാരണകളിലെങ്കിലും ഉറച്ചു നില്ക്കമായിരുന്നുവെന്നാണ്.( എന്നാല്‍ അങ്ങനെ ചെയ്തിരുന്നുവെങ്കിലും ഇടതുപക്ഷത്തിനേറ്റ പരാജയം ഒഴിവാക്കാനാകുമായിരുന്നില്ല) അവര്‍ വാദിക്കുന്നത് യു പി എയുടെ സ്ഥിരം സഖ്യകക്ഷിയാകുന്നതിന് വേണ്ടി ഇടതുപക്ഷം തങ്ങളുടെ സാമ്രാജ്യത്വ വിരുദ്ധ സ്വഭാവം ഉപേക്ഷിക്കണം എന്നാണ്. ചുരുക്കത്തില്‍ ഇടതുപക്ഷത്തിന് ലഭിക്കുന്ന ഏറ്റവും സാധാരണമായ ഉപദേശം സാമ്ര്യാജ്യത്വത്തെച്ചൊല്ലിയുള്ള അര്‍ത്ഥ ശൂന്യമായ ബഹളം വെയ്ക്കല്‍ നിര്‍ത്തണം എന്നാണ് ( പുസ്തകം പുതിയ സാമ്ര്യാജ്യത്വം )
             ചുരുക്കത്തില്‍ അടിത്തറയായി ഇടതുപക്ഷം സ്വീകരിച്ചിരിക്കുന്നത് ഏതേത് ആശയങ്ങളെയാണ് അതേ ആശയങ്ങളെത്തന്നെ ഇല്ലായ്മ ചെയ്തുകൊണ്ട് ( ഉചിതമായ വാക്ക് കുരുതികൊടുക്കുക എന്നായിരിക്കുമെന്ന് തോന്നുന്നു ) വിട്ടു വീഴ്ചകള്‍ക്ക് തയ്യാറായാല്‍ അതിജീവിക്കാന്‍ കഴിയും എന്ന വാദത്തോട് അദ്ദേഹം യോജിക്കുന്നില്ല. മറിച്ച് വര്‍ഗ്ഗാടിത്തറയെ ശക്തിപ്പെടുത്തിക്കൊണ്ട് പ്രതിരോധങ്ങള്‍ തീര്‍ക്കുക എന്നതിലായിരിക്കണം ഇടതുപക്ഷത്തിന്റെ ലക്ഷ്യമെന്ന് പ്രഭാത് പട്നായിക് സൂചിപ്പിക്കുന്നുണ്ട്. രണ്ടായിരത്തി ഒമ്പതിലെ പൊതു തിരഞ്ഞെടുപ്പിനെ മുന്നില്‍ നിറുത്തിയാണ് അദ്ദേഹം ഇതുപറയുന്നതെങ്കിലും സാമ്രാജ്യത്വത്തെ സംബന്ധിച്ച വിഷയങ്ങളില്‍ ഇടതുപക്ഷ കാഴ്ചപ്പാടുകളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടില്ല.
          2019 ലേക്ക് എത്തുമ്പോഴേക്കുമാകട്ടെ അധികാരം അതേ സാമ്രാജ്യത്വത്തിന്റെ മുന്നണിപ്പോരാളികളായി മാറിയ വര്‍ഗ്ഗീയ ഫാസിസ്റ്റ് കക്ഷികളുടെ കൈകളിലേക്ക് തിരഞ്ഞെടുപ്പു നടന്ന രണ്ടുതവണയും എത്തിയിരിക്കുന്നു. അതായത് 2008 ല്‍ യു പി എ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചതിനു ശേഷം നടന്ന മൂന്നു തിരഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തിന് നിര്‍ണായകമായ തരത്തില്‍ തങ്ങളുടെ സാന്നിധ്യം അറിയിക്കാന്‍ കഴിയാതെ പോയി. എന്നു മാത്രവുമല്ല, 2019 ലേക്ക് എത്തുമ്പോഴേക്കും ഇടതുപക്ഷം അതിന്റെ ചരിത്രത്തില്‍ നാളിതുവരെ സംഭവിച്ചിട്ടില്ലാത്ത വിധത്തില് ദുര്‍ബലവുമായിത്തീര്‍ന്നിരിക്കുന്നു.
          ഓരോ പരാജയത്തിനും അതിന് കാരണമായി വിദഗ്ദര്‍ കണ്ടെത്തിയവയൊക്കെ ഇന്നും അതേപടി നിലനിന്നു പോകുന്നുവെന്നതാണ് വസ്തുത. അതായത് സാമ്രാജ്യത്വം ഇന്ത്യയുടെ തുറന്ന സഖ്യശക്തിയായി മാറി, മധ്യവര്‍ഗ്ഗം ഇടതുപക്ഷത്തെ കൈവിട്ടു, കൂടെ നില്ക്കുമെന്ന് കരുതിയ അടിസ്ഥാന വര്‍ഗ്ഗവും കൂറുമാറി എന്ന ആക്ഷേപം വിലയിരുത്തപ്പെടണം. ഈ സാഹചര്യത്തില്‍ വിവിധ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ വിദഗ്ദര്‍ നടത്തിയ ചര്‍ച്ചയെ വളരെ വിശദമായും തുറന്ന മനസ്സോടെയും ഇടതുപക്ഷം ചര്‍‌ച്ചക്കെടുക്കേണ്ടതുണ്ട്.സൈദ്ധാന്തിക ശാഠ്യങ്ങളെന്ന് പലരും അധിക്ഷേപിച്ച ആശയങ്ങളെല്ലാംതന്നെ പുനപരിശോധിക്കപ്പെടണം.  ഇടതുപക്ഷം സ്വീകരിച്ച ഓരോ നിലപാടുകളും പിന്നീടുള്ള തങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഗുണമായിട്ടാണോ പ്രതികൂലമായിട്ടാണോ  ബാധിച്ചതെന്നും പരിശോധിക്കപ്പെടണം.എല്ലാവരേയും കേള്‍ക്കാന്‍ നാം തയ്യാറാകണം.ഇന്ത്യന്‍ സാഹചര്യത്തില്‍ ഇടതിന്റെ പ്രസക്തി ഏറ്റവും വര്‍ദ്ധിച്ചിരിക്കുന്ന ഇക്കാലത്ത് സമൂഹത്തെ മാറ്റിത്തീര്‍ക്കാനുള്ള ഭൌതിക ശക്തിയായിട്ട് ഇടത് ഇവിടെ വേണമെന്ന കാര്യത്തില്‍ ആരും സംശയിക്കുമെന്നു കരുതുന്നില്ല. പക്ഷേ അങ്ങനെയൊരു ആഗ്രഹം കൊണ്ട് പ്രത്യേകിച്ചും കാര്യമൊന്നുമില്ല, മറിച്ച് ആ ആഗ്രഹത്തെ സാധിപ്പിച്ചെടുക്കാന്‍ കഴിയുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളെയാണ് ജനം പ്രതീക്ഷിക്കുക. ആ പ്രതീക്ഷയെ അഭിവാദ്യം ചെയ്യാന്‍ എത്ര മാത്രം ആത്മാര്‍ത്ഥമായി കഴിയുന്നുവെന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ഇടതിന്റെ ഭാവി നിശ്ചയിക്കപ്പെടുക എന്ന കാര്യത്തില്‍ സംശയമില്ല.
                                      (അവസാനിച്ചു )

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം