#ദിനസരികള് 661

ചോദ്യം :- എന്തുകൊണ്ടാണ് ഇത്രയധികം നവോത്ഥാനസമരങ്ങള്‍ നടന്നിട്ടും സ്ത്രീപുരുഷ തുല്യത എന്നൊരാശയം നമ്മുടെ സമൂഹത്തില്‍ വേരു പിടിക്കാത്തത്?
ഉത്തരം :- കേരളത്തിന്റെ നവോത്ഥാനമുന്നേറ്റങ്ങള്‍ അവഗണിക്കാനാകാത്ത നിരവധി സംഭവങ്ങളുടെ ഒരു പ്രവാഹമായിരുന്നു. 1800 കളില്‍ ആദ്യപാദങ്ങളില്‍ അയ്യാ വൈകുണ്ഠരില്‍ നിന്ന് ആരംഭിച്ചതും ഇക്കാലത്തും അവസാനിക്കാതെ തുടര്‍ന്നു കൊണ്ടേയിരിക്കുന്നതുമായ ആ മുന്നേറ്റങ്ങളില്‍ എക്കാലത്തും പ്രതിസ്ഥാനത്ത് നിലകൊണ്ടിരുന്നത് പ്രധാനമായും ശ്രേണിബദ്ധമയ ജാതിയായിരുന്നു. അതായത് കേരളത്തിന്റെ നവോത്ഥാന ചരിത്രം ജാതിയെ ചുറ്റിപ്പറ്റിയാണ് രൂപപ്പെട്ടുപോന്നത്.
അത്രമാത്രം സ്വാധീനമുണ്ടായിരുന്ന ജാതികളുടെ കെട്ടുപാടുകളില്‍ നിന്നും നാം ഏറെയൊന്നും അകന്നുമാറിയിട്ടില്ല. നമ്മുടെ സര്‍വ്വശ്രദ്ധയും ജാതീയതയേയും അതുണ്ടാക്കുന്ന കെടുതികളേയും എതിര്‍ത്തു പരജയപ്പെടുത്തുന്നതില്‍ കേന്ദ്രീകരിക്കപ്പെട്ടു. അതുകൊണ്ടുതന്നെ ആധുനിക ജനാധിപത്യ സമൂഹങ്ങളുടെ സവിശേഷമായ സ്വഭാവങ്ങളില്‍ പലതും നമുക്ക് നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതുകൊണ്ടാണ് സ്ത്രീ പുരുഷ സമത്വം അഥവാ തുല്യത എന്ന ആശയത്തോടു ഇനിയും പൊരുത്തപ്പെട്ടു പോകാന്‍ ജാതീയതയ്ക്കെതിരെ പോരാടുന്നവര്‍ക്കുപോലും കഴിയാതെ പോകുന്നത്.
പുരുഷാധിപത്യപരമായ ഒരു സാമൂഹിക ക്രമങ്ങള്‍ക്ക് അപ്പുറമുള്ള ആശയങ്ങള്‍ നമ്മുടെ സമൂഹത്തിന് ഇന്നും അപരിചിതം തന്നെയാണ്. സ്തീയെ സംരക്ഷിച്ചു പിടിക്കപ്പെടേണ്ടവളാണെന്ന ധാരണ ഇനിയും നമ്മുടെ സമൂഹത്തില്‍ നിന്നും മാറിയിട്ടില്ല. അവളുടെ സ്വാതന്ത്ര്യങ്ങള്‍ പുരുഷമനസ്സുകളെ അലോസരപ്പെടുത്തുന്നു. അതോടൊപ്പം തന്നെ തങ്ങള്‍ പുരുഷനു കീഴടങ്ങി ജീവിക്കേണ്ടവളാണെന്നും ഒരു നല്ല സ്ത്രീയുടെ ലക്ഷണം ആ കീഴടങ്ങലാണെന്നും ചിന്തിക്കുവാനാണ് ചെറുപ്പകാലം തൊട്ടേ നാം നമ്മുടെ പെണ്‍കുട്ടികളെ പരിശീലിപ്പിച്ചെടുക്കുന്നത്.
ജാതീയതയോട് പോരാടിക്കൊണ്ടിരുന്ന/രിക്കുന്ന പോലെ ഇനി നാം നിരന്തരമായ പോരാട്ടം നടത്തേണ്ടത് സ്ത്രീപുരുഷ തുല്യത എന്ന ആശയത്തിനു വേണ്ടിയാണ്. എനിക്കു തോന്നുന്നത്, ജാതീയതയുടെ പ്രത്യക്ഷമായ ഉച്ചനീചത്വങ്ങളെ (ജാതി ഒരു മാനസികാവസ്ഥകൂടിയാണ് എന്ന കാര്യം മറക്കുന്നില്ല) എതിര്‍ക്കുന്നതിനെക്കാള്‍ വിഷമകരമാണ് തുല്യത എന്ന അവസ്ഥ നേടിയെടുക്കാനുള്ള സമരങ്ങള്‍ക്കു നേരിടേണ്ടിവരിക എന്നാണ്.
അതോടൊപ്പം ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ. ഇപ്പോള്‍ നമ്മുടെ സ്ത്രീകള്‍ ചിന്തിക്കുന്ന പലതും പുരുഷ ചിന്തയുടെ പ്രതിഫലനം മാത്രമാണ്. അതായത് സ്ത്രീയുടെ ശരീരവും പുരുഷന്‍ പഠിപ്പിച്ച് പാകപ്പെടുത്തിയെടുത്ത മനസ്സുമായി ജീവിക്കുന്ന വിചിത്രത. ഫെമിനിസ്റ്റുകളെന്ന് പേര്‍‌കൊണ്ട മുന്നേറ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പോലും പലപ്പോഴും യാന്ത്രികമായ പുരുഷ വിദ്വേഷം പ്രകടിപ്പിക്കുന്നുവെന്നല്ലാതെ ശരിയായ സ്ത്രീപക്ഷത്തെ പ്രതിഫലിപ്പിക്കുന്നില്ല.
എന്നു മാത്രവുമല്ല കണ്ണുമടച്ച് പുരുഷനെ എതിര്‍ക്കുന്നതാണ് സ്ത്രീമുന്നേറ്റമെന്ന് ഇവരില്‍ പലരും ധരിച്ചിരിക്കുന്നു. അത് തെറ്റാണ്. അപകടകരമായ അത്തരം ധാരണകളില്‍ നിന്നുകൂടി സ്ത്രീ മോചിപ്പിക്കപ്പെടണം. ഇതൊക്കെ സംഭവിക്കുന്നത് ഒരാശയം സ്ഥാപിക്കപ്പെട്ടു വരുന്നതിന്റെ മുന്നോടിയായി നടക്കുന്ന വൈഷമ്യങ്ങളാണ്. പതിയെപ്പതിയെ വ്യത്യാസങ്ങളില്ലാതെ തുല്യതയെ മനസ്സിലാക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു സമൂഹമായി നാം മാറുക തന്നെ ചെയ്യും.
ചോദ്യം :- നവോത്ഥാന സമരങ്ങളുടെ തുടര്‍ച്ച ഇനി എന്താണ്?
ഉത്തരം :- നേടിയെടുത്ത മൂല്യങ്ങളെ ആധുനിക ജനാധിപത്യ സങ്കല്പുങ്ങളുമായി തട്ടിച്ചുനോക്കുകയും വിലയിരുത്തി കൊള്ളാവുന്നവയെ കൊള്ളുകയും തള്ളേണ്ടവയെ തള്ളുകയും ചെയ്തുകൊണ്ട് നിരന്തരവും നിതാന്തവുമായ ജാഗ്രത പുലര്‍ത്തുക എന്നതാണ് പ്രഥമമായും പ്രധാനമായും നമുക്ക് ചെയ്യാനുള്ളത്. യാഥാസ്ഥിതികമായ സങ്കല്പങ്ങളെ ശാസ്ത്രീയമായ യുക്തിചിന്തയുടെ മൂശയിലിട്ട് ഉരുക്കിയെടുത്തുകൊണ്ടാണ് ഇക്കാലങ്ങളില്‍ മനുഷ്യ സമൂഹങ്ങള്‍ മുന്നോട്ടു പോകുന്നത്.
അത്തരമൊരു നീക്കത്തില്‍ നിന്ന് നമുക്കു മാത്രമായി മാറി നില്ക്കുവാന്‍ കഴിയില്ല. അതുകൊണ്ട് മനുഷ്യന്‍ നിലനില്ക്കുന്ന കാലത്തോളം അയാളെ ചുറ്റിപ്പറ്റി നിലനില്ക്കുന്ന ആശയങ്ങളും നവീകരിക്കപ്പെട്ടുകൊണ്ടേയിരിക്കുമെന്നതിനാല്‍ നവോത്ഥാനമെന്ന പ്രക്രിയ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കും.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം