#ദിനസരികള് 592 - ബുദ്ധചരിതം ||അംബേദ്കര്‍
ബുദ്ധചരിതം ||അംബേദ്കര്
§ 7 ബാല്യകാല വിശേഷങ്ങള് (തുടര്ച്ച)
15. സിദ്ധാര്ത്ഥന്റെ ഇത്തരത്തിലുള്ള പെരുമാറ്റങ്ങള് പ്രജാപതി ഗൌതമിയെ ആശങ്കപ്പെടുത്തി
16. “നീ ഒരു ക്ഷത്രിയനാണെന്നും യുദ്ധം നിന്റെ കടമയാണെന്നും മറക്കരുത്.യുദ്ധമെന്ന കല പരിശീലിക്കേണ്ടത് വേട്ടയിലൂടെയാണ്. ലക്ഷ്യങ്ങളിലേക്ക് എങ്ങനെ ആയുധം പ്രയോഗിക്കാന് കഴിയുമെന്ന് വേട്ടയാടല് പഠിപ്പിക്കുന്നു.യോദ്ധാക്കളുടെ അടിസ്ഥാനപരിശീലനമാണ് വേട്ട” സിദ്ധാര്ത്ഥനോട് അവര് തര്ക്കിക്കും.
17.ഇതുകേള്ക്കുമ്പോള് സിദ്ധാര്ത്ഥന് ചോദിക്കും:- “അമ്മേ എന്തിനാണ് ക്ഷത്രിയന് യുദ്ധം ചെയ്യുന്നത്.?” ആ ചോദ്യത്തിന് അതു അവന്റെ ധര്മ്മമാണ് എന്നായിരിക്കും ഗൌതമിയുടെ മറുപടി
18.ആ ഉത്തരം സിദ്ധാര്ത്ഥനെ തൃപ്തിപ്പെടുത്താറില്ലാത്തതുകൊണ്ട് വീണ്ടും ചോദിക്കും ”ഒരു മനുഷ്യന് മറ്റൊരാളെ കൊല്ലുന്നത് എങ്ങനെയാണ് കടമായാകുക?” “സന്യാസിമാര്ക്കു ചേര്ന്ന ഈ നിലപാട് നിനക്കു യോഗ്യമല്ല.ക്ഷത്രിയര് യുദ്ധം ചെയ്യണം.അവരതിനു തയ്യാറാകുന്നില്ലെങ്കില് ആരാണ് രാജ്യം സംരക്ഷിക്കുക?” എന്നായിരിക്കും ഗൌതമിയുടെ മറുപടി.
19.”അമ്മേ, ക്ഷത്രിയര് പരസ്പരം കലഹം കൂടാതെ സ്നേഹിക്കുവാന് തുടങ്ങിയാല് അവരുടെ രാജ്യം കൊല കൂടാതെ സംരക്ഷിക്കാമല്ലോ?” ആ ചോദ്യത്തിന് ഗൌതമി ഉത്തരം പറയാറില്ല.
20. ധ്യാനം പഠിക്കുന്നതിന് തന്നോടൊപ്പം പങ്കാളികളാകാന് ഗൌതമന് കൂട്ടുകാരെ പരിശീലിപ്പിച്ചു.അവന് അവരെ ഏകാഗ്രമായി ഒരേ വസ്തുവിനു മുകളില് മനസ്സുറപ്പിക്കാന് പഠിപ്പിച്ചു.എനിക്കും എന്റെ പ്രിയപ്പെട്ടവര്ക്കും ഈ ലോകത്തിന് ആകെയും സന്തോഷമുണ്ടാകണമെന്ന ചിന്തയാണ് വേണ്ടതെന്ന് അവന് അവരെ ഉദ്ബോധിപ്പിച്ചു.
21. എന്നാല് കൂട്ടുകാര് ഇതത്ര ഗൌരവമായി എടുത്തില്ല.അവര് അവനെ കളിയാക്കി.
22. ധ്യാനത്തിനു വേണ്ടി കണ്ണുകളടയ്ക്കുമ്പോള് അവര്ക്കു വേട്ടയാടേണ്ട മൃഗങ്ങളെയോ രുചിയുള്ള ഭക്ഷണങ്ങളേയോ ആണ് കണ്മുന്നില് തെളിയുക
23. ധ്യാനത്തോടുള്ള അവന്റെ ഇഷ്ടത്തിനോട് മാതാവിനോ പിതാവിനോ താല്പര്യമുണ്ടായിരുന്നില്ല.ഇത് ക്ഷത്രിയസ്വഭാവത്തിന് വിരുദ്ധമാണെന്നാണ് അവര് ചിന്തിച്ചത്.
24.ശരിയായ ധ്യാനം ലോകത്തെയാകെ സ്നേഹിക്കാന് സഹായിക്കുമെന്ന് സിദ്ധാര്ത്ഥന് വിശ്വസിച്ചു. ”ജീവജാലങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് വിവേകവും വേര്തിരിച്ചറിയാനുള്ള ശേഷിയുമുണ്ടാക്കും.മിത്രങ്ങളേയും ശത്രുക്കളേയും തിരിച്ചറിയാനുള്ള കഴിവു നല്കും.അതുവഴി നമുക്കു സുഹൃത്തുക്കളേയും വളര്ത്തുമൃഗങ്ങളേയും സ്നേഹിക്കാനും ശത്രുക്കളേയും കാട്ടുജീവികളേയും അകറ്റി നിറുത്തുവാനും കഴിയും.”എന്നായിരുന്നു ഗൌതമന് ചിന്തിച്ചത്
25.ഈ വേര്തിരിവുകളെ നാം കടന്നുപോകണം.പ്രയോഗിക ജീവിതത്തിന്റെ പരിമിതികളില് നിന്നുമുയരാന് ഇതു നമ്മെ സഹായിക്കുമെന്നായിരുന്നു ഗൌതമന് ചിന്തിച്ചു പോന്നിരുന്നത്.
Comments