#ദിനസരികള്‍ 593
Sunshine Through The Rain, The Peach Orchard, The Blizzard, The Tunnel,Crows, Mount Fuji in Red, The Weeping Demon, Village of the Watermills എന്നീ എട്ടു ഹ്രസ്വചിത്രങ്ങളെയാണ് വിഖ്യാത സംവിധായകനായ കുറസോവ ഡ്രീംസ് എന്ന പേരില് സമാഹരിച്ചിരിക്കുന്നത്.1990ല് എണ്പതു വയസ്സുള്ളപ്പോഴാണ് ഇരുപത്തിയെട്ടാമത്തെ ചിത്രമായി ഡ്രീംസ് പുറത്തുവരുന്നത്.1985 ലെ Ran എന്ന ചിത്രത്തോടുകൂടി തന്റെ സംവിധാനജീവിതം അവസാനിക്കുകയാണെന്ന് കുറസോവ തന്നെ ചിന്തിച്ചിരുന്നു.എന്നാല് പിന്നീട് മൂന്നു ചിത്രങ്ങള് കൂടി അദ്ദേഹത്തില് നിന്നുമുണ്ടായി.അവയിലൊന്നാണ് മാജികല് റിയലിസത്തിന്റെ മാസ്മരികത അനുഭവിപ്പിക്കുന്ന ചിത്രപരമ്പരയായ Dreams.
ഡ്രീംസിലെ എട്ടു ചിത്രങ്ങളില് നിന്ന് ഒരെണ്ണം തിരഞ്ഞെടുക്കാനാവശ്യപ്പെട്ടാല് ഏതിനു വേണ്ടിയായിരിക്കും ഞാന് കൈയ്യുയര്ത്തുക എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുന്നത് വിഷമിപ്പിക്കുന്നതാണ്.വാന്‌ഗോഘിന്റെ സങ്കീര്ണമായ ജീവിതത്തെ അതിലും സങ്കീര്ണമായി ആവിഷ്കരിക്കാന് ഉദ്യമിക്കുന്ന Crows, മുറിവില് വീണ്ടും സൂചി താഴ്ത്തുന്ന അനുഭവം സമ്മാനിക്കുന്ന The Tunnel , ഒരു സ്വപ്നത്തിന്റെ മാസ്മരികത സമ്മാനിക്കുന്ന The Peach Orchard അങ്ങനെ ഓരോന്നായി എടുത്തു പരിശോധിച്ചാല് ഓരോരോ കാരണങ്ങളാല് ഒന്നിനേയും മാറ്റിനിറുത്താനാകാത്ത സന്ദിഗ്ദാവസ്ഥ സംജാതമാകുമെങ്കിലും Village of the Watermills എന്ന ചിത്രത്തിനു വേണ്ടി ഞാനിപ്പോള് ഒപ്പുവെയ്ക്കട്ടെ.
മനുഷ്യന് പ്രകൃതിയെ അടക്കിഭരിക്കാനുള്ളവനാണെന്ന മൌഢ്യത്തെ മനോഹരമായി തിരസ്കരിക്കുകയാണ് കുറസോവ ഈ ചിത്രത്തില് ചെയ്യുന്നത്. യാന്ത്രികമായ ആധുനിക ലോകത്തിന്റെ മദമാത്സര്യങ്ങളേയും പരസ്പരം കീഴടക്കിക്കൊണ്ട് അതിജീവിക്കാനുള്ള ത്വരയേയും അദ്ദേഹം അതിവിനയത്തോടെയാണ് നേരിടുന്നത്.ആക്രമണോത്സുകത പേറുന്ന ഒരു വാക്കും ഒരു ദൃശ്യവും അദ്ദേഹം ഉപയോഗിക്കുന്നില്ല. അന്യവത്കരണത്തിന്റേതായ ഒന്നിനേയും നമുക്ക് ആ ഗ്രാമത്തില് കണ്ടെത്താന് കഴിയുന്നില്ല. എവിടെനിന്നോ വന്ന് ആ ഗ്രാമത്തില് മരിച്ചു വീണ ഒരജ്ഞാതനേയും തങ്ങളിലൊരാളായി സ്വീകരിക്കുകയാണ് ഗ്രാമീണര് ചെയ്തത്.അയാള്ക്കുവേണ്ടി അവരിപ്പോഴും പുഷ്പങ്ങള് കാത്തുവെയ്ക്കുന്നു.സര്വ്വതിനേയും സമാശ്ലേഷിക്കുന്ന ഒരു ദര്ശനത്തെയാണ് നാം ഇവിടെ വായിച്ചെടുക്കുക.
നാഗരികതയുടെ സര്വ്വഭാവങ്ങളും പേറുന്ന ഒരു യുവാവ് ഗ്രാമത്തിലേക്ക് കടന്നുവരുന്നതോടെയാണ് Village of the Waterm ആരംഭിക്കുന്നത്. കൂട്ടിവെക്കാനുള്ള നാഗരികതയുടെ വ്യഗ്രത സൂചിപ്പിക്കുന്ന ഒരു ഭാണ്ഡം അയാള് പുറത്തു പേറുന്നുണ്ട്.വലിയ ജലയന്ത്രങ്ങളും ശാന്തവും സൌമ്യവുമായ അന്തരീക്ഷവും മനോഹരമായ പ്രവാഹങ്ങളും അയാളെ കൌതുകം കൊള്ളിക്കുന്നു.ഗ്രാമത്തില് അയാള് കണ്ടെത്തുന്ന നൂറ്റിമൂന്നു വയസ്സുള്ള വൃദ്ധനാണ് ജീവിതം യാന്ത്രികമായ ഒരു കുതികൊള്ളലല്ലെന്നും ഒരു നീരൊഴുക്കിന്റെ സ്വാഭാവികതപോലെയാണെന്നും യുവാവിനെ പഠിപ്പിച്ചുകൊടുക്കുന്നത്.യുവാവും വൃദ്ധനുമായുള്ള സംഭാഷണം അനന്യമാണ്.ആ സംഭാഷണം മനുഷ്യനെന്ന ജീവി പ്രകൃതിയുടെ ഭാഗമാണെന്നും മറിച്ചെന്തെങ്കിലുമാണെന്ന് നാം ഭാവിക്കുന്നുണ്ടെങ്കില് അതു നമ്മുടെ അഹംഭാവംമാത്രമാണെന്നും പ്രഖ്യാപിക്കുന്നു.ഇവിടെ വെച്ച് നാം സംസ്കരിക്കപ്പെട്ട ജീവി എന്ന നിലയില് പ്രകൃതിയുമായി ഇടപെടേണ്ടതെങ്ങനെയെന്ന കാതലായ ചോദ്യത്തെ അഭിമൂഖീകരിക്കുന്നു.പ്രകൃതിയുമായുള്ള കൊടുക്കല് വാങ്ങലുകള് കൊള്ളകളാകരുതെന്ന കരുതല് നാമിവിടെ കണ്ടെത്തുന്നു.വൈദ്യുതിയില്ലാത്ത ആ ഗ്രാമത്തില് രാത്രിയുടെ കടുത്ത ഇരുട്ടിനെ എങ്ങനെയാണ് അവര് അതിജീവിക്കുന്നതെന്ന യുവാവിന്റെ ചോദ്യത്തിനുള്ള ഉത്തരം, രാത്രിയെ രാത്രിയായി കാണുക എന്നതാണ് സ്വാഭാവികതയെന്ന് വൃദ്ധന് പറയുന്നുണ്ട്.
ആസക്തികളല്ല നമ്മെ നയിക്കേണ്ടതെന്ന് നൂറ്റിമൂന്നു വയസ്സായ ഗ്രാമീണനെ മുന്നിറുത്തി കുറസോവ നമ്മെ ഓര്മ്മിപ്പിക്കുന്നു.
Comments